പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

1
276

ആദി

ഞങ്ങൾ
ഞങ്ങളുടെ പെൺകുട്ടികളെ
വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി,
പെറ്റികോട്ടുകളിൽ
നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.

ഞങ്ങളുടെ
പെൺകുട്ടികൾ
നക്ഷത്രങ്ങൾ കാണാതെ,
നിലാവറിയാതെ,
യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു…
ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ തീണ്ടാപ്പാടകലങ്ങളിലേക്ക് മാറ്റിനിർത്തി.

ഞങ്ങളുടെ പെൺകുട്ടികൾ
കോമ്പസ് കൊണ്ടല്ല, അപ്പംവിരലു കൊണ്ട് വട്ടം വരക്കണമെന്ന് ഞങ്ങടെ കണക്ക് ക്ലാസ്സ്കൾ ശഠിച്ചു…
“നല്ല മാർക്ക് വാങ്ങണം”
എന്നതിന് പകരം,
“നല്ല മകളും ഭാര്യയും ആകണമെന്ന്”
ഞങ്ങളവരെ പഠിപ്പിച്ചു.
ആൺകുട്ടികളോട് മിണ്ടരുതെന്നും മരം കേറരുതെന്നും
ചൂളം വിളിക്കരുതെന്നും
ഞങ്ങൾ
ഞങ്ങളുടെ പെൺകുട്ടികളോട് പറഞ്ഞോണ്ടിരുന്നു….
ഉമ്മ വെച്ചാൽ കുട്ടികളുണ്ടാകും
എന്ന വിധം
പൊട്ടികളാക്കി,
ചെറുപ്പത്തിലേ പുര നിറയും വിധം ഞങ്ങളവരെ വളർത്തി…
ഞങ്ങൾ ഞങ്ങളുടെ പെണ്മക്കളെ
ചെറുപ്പത്തിലേ നെറ്റിയിൽ ചോപ്പ് തേച്ച്,
കഴുത്തിൽ ചരട് കെട്ടി
എങ്ങോട്ടോ പറഞ്ഞു വിട്ടു.
ഞങ്ങളുടെ പെൺകുട്ടികളെ കുട്ടികളായിരിക്കെ തന്നെ
ഭാര്യമാരും അമ്മമാരുമൊക്കെയാക്കി പണ്ടാരമടക്കിക്കളഞ്ഞു ഞങ്ങൾ…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here