ബഷീറെ, നാരായണിയാണെടോ…

0
604

അൻസിഫ് അബു

ബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..

ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്‌
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ ഒരു
വാക്കിന്റെ പിന്നാലെ
അവരിപ്പോഴും
നാരായണിയെ
തേടി നടക്കുന്നുണ്ടെടോ

ബഷീറെ,
കറ പിടിച്ച മതിലുകളിലിപ്പോഴും
കല്ലിച്ചു കിടക്കുന്നുണ്ട്
ഞാനോ
നീയോ
ആദ്യം
വെടിയേറ്റ് മരിക്കുക
എന്ന ചോദ്യങ്ങൾ
ഞാനായിരിക്കും
അല്ല
ഞാനായിരിക്കും
എന്ന ഉത്തരങ്ങളും.

ബഷീറേ
വിളിക്കുമ്പോൾ
ഒന്ന് വിളി കേട്ടേക്കണെ
കൂവുമ്പോൾ
പതുക്കെയെങ്കിലും
ഒന്ന്
തിരിച്ചു കൂവിയേക്കണെ
അല്ലെങ്കിൽ
മതിലുകൾക്കപ്പുറെ
നമുക്കത്ര പോലും
സുപരിചിതമല്ലാത്ത
മറ്റൊരു
രാജ്യമായിരുന്നു
ബഷീർ
എന്ന് വിധിച്ചു
കളഞ്ഞാലോ


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here