ആത്മഹത്യാ കുറിപ്പ്

1
767

സാലിം സാലി

ഇപ്പോൾ മനസ്സിലാകുന്നു
കെട്ടിടത്തിനു
മുകളിൽ നിന്ന്
താഴേക്കു ചാടുന്നൊരാൾക്ക്
താൻ
പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.

ഇപ്പോൾ മനസ്സിലാകുന്നു
കഴുത്തിൽ കയറു
കുരുക്കുമ്പോൾ
ചിന്തകളെല്ലാം
എവിടേക്ക് പാറിപ്പോകുന്നുവെന്ന്.

ഇപ്പോൾ മനസ്സിലാകുന്നു
കുതിച്ചു വരുന്ന
ഒരു തീവണ്ടിയുടെ
ശബ്ദത്തെ
അയാളുടെ കാതുകൾക്ക്
നിർവികാരമാക്കി
നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്.
ട്രാക്കിൽ നിന്ന് തല പിൻവലിക്കാത്തതെന്തു
കൊണ്ടാണെന്ന്.

ഇപ്പോൾ മനസ്സിലാകുന്നു
രാവിലെ തൊട്ട്
പാലത്തിന് മുകളിലൂടെ
മുഖം കുനിച്ച്
പല്ലു കടിച്ച്
നടന്നിരുന്ന അയാൾക്ക്
ഭ്രാന്തായിരുന്നില്ലെന്ന്.

ഇപ്പോൾ മനസ്സിലാകുന്നു
ഞരമ്പറുത്ത് സ്വന്തം ചോര റൂമാകെ ഒഴുകിപ്പരന്നിട്ടും
അയാൾ ഉറക്കെ നിലവിളിക്കാതിരുന്നതെന്തുകൊണ്ടായിരുന്നുവെന്ന്

ഇപ്പോൾ മനസ്സിലാകുന്നു
ചെറിയ മുറിവ് പോലും
താലോലിച്ച് ഊതി
ഉണക്കിയിരുന്ന
ഒരാൾക്ക് അതേ
ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ
കൊളുത്താനുള്ള
ധൈര്യം എവിടുന്ന്
കിട്ടുന്നുവെന്ന്

ഇപ്പോൾ തോന്നുന്നു
രക്ഷപ്പെടണമെന്ന്
അവഗണനയിൽ നിന്ന്.
ഒറ്റപ്പെടലിൽ നിന്ന്.
നനഞ്ഞു കുതിർന്ന
എന്റെ മെത്തയിൽ നിന്ന്.
ഇരിപ്പുറക്കാത്ത
കസേരയിൽ നിന്ന്.
തീർച്ചയായും
നമ്മുടെ സ്വപ്നങ്ങൾ
നിറവേറ്റിത്തരാനല്ല
ഈ ലോകം
സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്…!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here