ഫലാലു റഹ്മാൻ പുന്നപ്പാല
വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.
ഇളം തെന്നൽ വീശുന്നുണ്ട്
കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധം
നിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു
മിഴികളടഞ്ഞിരിക്കുന്നു
നെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി
ഗ്രാമഫോണിൽ റഫി പതിഞ്ഞ ശബ്ദത്തിൽ പാടുന്നുണ്ട്
കവിതയുടെ ശരീരമുറങ്ങുന്ന തൂലികയിൽ നിശാശലഭം വിശ്രമിക്കുന്നു
അതിഥിയുടെ
കാൽപെരുമാറ്റം ചുണ്ടിൽ
പുഞ്ചിരി കോറിയിട്ടു
മിഴികൾ ഒന്നനങ്ങി
തന്റെ കവിതകളെ
തോൾസഞ്ചിയിൽ വിശ്രമിക്കാൻ വിട്ട്
അയാൾ
അതിഥിയോടൊപ്പം നടന്നകന്നു
പാതി തീർന്ന കവിത
വ്യസന സമേതം യാത്രയാക്കി
അപ്പോൾ
അലമാരയിൽ കുറ്റവും ശിക്ഷയുടെ പുറംചട്ടയിലൊരു ഗൗളി ചിലച്ചു
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in