ആത്മഹത്യ രഹസ്യം

0
373

സാറാ ജെസിൻ വര്‍ഗീസ്

ഞാൻ നിങ്ങളോടൊക്കെ-
യൊരു രഹസ്യം പറയാം..
ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.

നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി,
പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്,
വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച് കിടക്കയിലിരിക്കും..

ഒരിറക്ക് വെള്ളത്തിൽ പതിവ് മരുന്നുകളും
ഒരല്പം ഓർമകളുടെ വിഷവും കഴിക്കും.
പിന്നെ തലയിണ ജനാലയിൽ ചാരി
കൈയിൽ പുസ്‌തകമെടുക്കും.
തിരിച്ചും മറിച്ചും വായിക്കാൻ ശ്രമിക്കും
ഒടുവിൽ കണ്ണടച്ചിരിക്കും..

അപ്പോഴേക്കും ഉള്ളിൽ ചെന്ന
ഓർമകളുടെ വിഷം
പ്രവർത്തിക്കാൻ തുടങ്ങും.
ഉപേക്ഷിച്ച ആദ്യ കാമുകനിലാവും തുടക്കം.
പിന്നെ ജയിക്കാതെ പോയ പരീക്ഷകൾ,
കിട്ടാതെ പോയ ജോലികൾ,
നിരസ്സിക്കപ്പെട്ട പ്രണയങ്ങൾ,
ഒഴിവാക്കപ്പെട്ട സൗഹൃദങ്ങൾ.

ജനിക്കാതെ പോയ കുഞ്ഞുങ്ങൾ,
അലസി പോയ ഗർഭങ്ങൾ,
ഉപയോഗശൂന്യമായ ഗർഭപാത്രം,
വരണ്ടുണങ്ങിയ മുല ഞെട്ടുകൾ.

അങ്ങനെയങ്ങനെ,
തിരിച്ചു കിട്ടാത്ത പുഞ്ചിരികൾ വരെ
വിഷത്തിന്റെ ഫലമായി,
നുരയായും പതയായും വായിലൂടെ പുറത്തേക്ക് വരും..

പിന്നെ കഴുത്തിലെ ഞരമ്പുകൾ
വലിഞ്ഞു മുറുകി,
തൊണ്ട പൊട്ടി,
ഒറ്റ അലർച്ചയിൽ ഞാൻ മരിച്ചു വീഴും..

കാലത്തുണരും,
നുരയും പതയും കണ്ണീരും
കഴുകി കളഞ്ഞു കുളിക്കും
വെള്ളയിൽ വയലറ്റ് ബോര്ഡറുള്ള സാരിയുടുക്കും,
ഓറഞ്ചു ലിപ്സ്റ്റിക്കിടും,
പള്ളിയിൽ പോകും.

എല്ലാവരാലും തള്ളി പറഞ്ഞവളെങ്കിലും,
ചരിത്രം മറന്നവളെങ്കിലും
നിന്റെ മറിയ,
മഗ്ദലനക്കാരത്തി,
ഇവിടെ ഇപ്പോഴും
കല്ലറവാതിൽക്കലെന്ന് പറഞ്ഞു
കുരിശു വരയ്ക്കും.
ആമേൻ പറയും.

 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here