ബിജു ടി.ആര്‍.പുത്തഞ്ചേരി
2019-ലെ ആര്‍.കെ. രവിവര്‍മ്മമാസ്റ്റര്‍ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ച കവിതാസമാഹാരമാണ് രാമകൃഷ്ണന്‍ സരയു രചിച്ച ‘മഴമേഘങ്ങളുടെ താഴ്വര’. മനോഹരമായ മഴപെയ്ത്തില്‍ ഭൂമി പച്ചയണിയുന്ന അവസ്ഥപോലെ, കവി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കവിതകള്‍ വായനക്കാരനെ കുളിരണിയിപ്പിച്ചുകൊണ്ട് പെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമാഹാരത്തില്‍ 61 കവിതകള്‍ വായിക്കാം. അക്ഷരത്തില്‍ തുടങ്ങി വിഷുക്കണിയില്‍ പൂര്‍ണ്ണമാവുന്ന കവിതകള്‍ നമ്മെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ ജീവിതത്തിലെ കാഴ്ചകളും സത്യവും മതമൈത്രിയും സ്മൃതികളും കവി വരച്ചുവെച്ചിരിക്കുന്നു.
‘അറിവിന്‍ സാഗരവീഥിയിലെല്ലാം
നിറവായ് തെളിയും ദീപജ്വാലകള്‍
അക്ഷരമക്ഷയഖനികളില്‍ നിന്നും
വാരിയെടുക്കും അറിവിന്‍മുത്തുകള്‍’ അക്ഷരത്തിന്റെ മഹാവെളിച്ചം പ്രകടമാവുന്ന കവിത വായനസുഖം നല്‍കുന്നു. അറിവിന്‍ മുത്തുകള്‍ ഭൂമിയൊട്ടാകെ നിറയട്ടെയെന്നും കവി ആഗ്രഹിക്കുന്നു.
‘നെഞ്ചിലെ പാല്‍ക്കുടം അമൃതകമാക്കിയ
പൂര്‍ണ്ണിമയായിരുന്നെന്റെ അമ്മ.
സ്‌നേഹസൗഭാഗ്യങ്ങളെപ്പോഴും നല്‍കിയ
പൂര്‍ണ്ണതയായിരുന്നെന്‍റ അമ്മ’ – അമ്മയെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളാണിത്. സ്നേഹത്തിന്റെ മധുരം പകര്‍ന്നുതന്ന അമ്മ പിന്നീട് ഓര്‍മ്മ മാത്രമാവുന്നു. സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാണിത്. മഴമേഘങ്ങളുടെ താഴ്വരയെന്ന കവിത ഒറ്റ വായനയില്‍ മഴവര്‍ണ്ണനയായി തോന്നാം. ഹൃദയനൊമ്പരങ്ങളും സുഖങ്ങളും നിറഞ്ഞ ജീവിതമേഘങ്ങളുടെ ഒഴുക്കാണിത്.
‘വിദ്യയാണ് വേദനം
വിദ്യയാണ് വേശനം.
വിദ്യാദാന ജീവിതം
വിശ്വവ്യാപിയാകണം.’ – വിദ്യയുടെയും കര്‍മ്മത്തിന്‍റെയും മറ്റൊരു ചിത്രമാണിത്. വായിക്കുക മാത്രമല്ല, മനസ്സില്‍ സൂക്ഷിച്ചുവെക്കേണ്ടുന്ന വരികളാണിത്.
മതമൈത്രിയുടെ സന്ദേശങ്ങള്‍ നിറഞ്ഞ ബലിപെരുന്നാള്‍, നിസ്തുലപ്രേമം, ഈദ്-ഉല്‍- ഫിത്ര്‍. ഹിന്ദുഭക്തിഗാനം. പാലോറയിലെ അധ്യാപകനായിരുന്ന അരവിന്ദന്‍ മാസ്റ്ററുടെ ഓര്‍മ്മകള്‍ നിറഞ്ഞ അരവിന്ദസ്മൃതി.
‘ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുന്ന സൗഹിത്യമേ
പൊന്നുഷസന്ധ്യയില്‍ തരളിതമാവട്ടെ
കാവ്യങ്ങള്‍,നിന്‍ പ്രേമവാങ്മയങ്ങള്‍’ -മലയാളത്തിന് മധുരമേറിയ കവിതകളും, ഗാനങ്ങളും സമ്മാനിച്ച പ്രിയകവി ഓ. എന്‍. വിയെ ഈ വരികളില്‍ കാണാം.
അകാലത്തില്‍ പൊലിഞ്ഞ ഗിരീഷ് പുത്തഞ്ചേരിയേയും, കലാഭവന്‍ മണിയേയും സ്മരിക്കുന്നുണ്ട്.
എ.പി.ജെ അബ്ദുള്‍കലാം, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ മഹദ് വ്യക്തികളെ കവിതയിലൂടെ പ്രതിപാദിക്കുന്നു. അവരുടെ ജീവിതത്തിലൂടെ യാത്ര ചെയ്യുകയാണ് കവി. വരികളില്‍ കണ്ണീര്‍ ചാലിച്ച്, അവരുടെ വിയോഗം വലിയ നഷ്ടങ്ങളാണെന്ന് വ്യക്തമാക്കുന്നു. വാര്‍ദ്ധക്യകാലത്ത് ശരണാലയത്തില്‍ തള്ളുന്ന അച്ഛനമ്മമാരുടെ ജീവിതമാണ് ‘വ്യഥിത ‘ യെന്ന കവിത. കവി അവസാനം ഒരു താക്കീത് മക്കള്‍ക്ക് നല്‍കുന്നുണ്ട്.
‘ശ്രീലജന്മമേകിയ പുണ്യമനസ്സിനെ
ദുഃഖക്കയങ്ങളിലാഴ്ത്തുവോരെ
ഓര്‍ക്കുക, നിങ്ങളുമീ വഴിത്താരയില്‍
നാളെയൊഴുകിയണഞ്ഞിടെണ്ടോര്‍…’
ആനുകാലികജീവിതത്തിലെ യാത്രകളും ഹര്‍ത്താലും പീഡനവും മലീമസമായ ചിന്തകളും കവിതകളില്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ജീവിതത്തിന്റെ മധുരമാണ് കവിത. പുറംകാഴ്ചകളും ഭാവനയും ഒത്തുചേരുമ്പോള്‍ നല്ല കവിതകള്‍ പിറക്കുന്നു. നിത്യനിര്‍മ്മലമായ ഗൃഹാതുരത്വവും, സ്നേഹവായ്പിന്റെ മധുരസംഗീതവും കവിതകളില്‍ വര്‍ണം നിറയ്ക്കുന്നു. ആത്മവിഹ്വലതകള്‍ പകര്‍ത്തിയാടേണ്ടുന്ന വര്‍ത്തമാനകാലത്തിന്റെ സഞ്ചാരവഴികളില്‍ രാമകൃഷ്ണന്‍ സരയു എഴുതിയ ‘മഴമേഘങ്ങളുടെ താഴ്വരയിലെ’ കവിതകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.