ജിനിൽ മലയാറ്റിൽ
അപ്പോഴും മ്യാന്മറിൽ
മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം
നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ
ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം.
ആ സമയം
ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ
ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്.
തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ
ഭീതിയുടെ കടൽച്ചുഴി.
വെള്ളിവാളിന്റെ മിന്നൽ.
ചോരമിനുപ്പുള്ള മണൽത്തിട്ട.
ബോധസ്തമയത്തിന്റെ നടുക്കടൽ.
ഉപ്പുകാറ്റിന്റെ നീറ്റൽ.
പ്രതീക്ഷ വറ്റിയ കരവെളിച്ചം.
ഉറുമ്പുവരികൾ പോലെ
തിരയോടൊപ്പം ബോട്ടുകൾ.
അഭയം എന്ന വാക്ക് ഭോഗിക്കപ്പെട്ട,
നിലവിളിമാത്രം തിന്നുകൊണ്ടു
ഒഴുകിക്കൊണ്ടിരിക്കുന്ന
പെണ്കുട്ടി…
ഉപ്പുകാറ്റിൽ ആണിയിളകിയ നിന്റെ ആഞ്ഞലി ബോട്ട്
ഇപ്പോൾ ആരുടെ അതിർത്തിയിൽ
നിഷേധിക്കപ്പെട്ടു പൊള്ളുകയാണ്?
കുലവും ഗോത്രവും ദേശവും പരിശോധിക്കപ്പെടുന്ന
തണുത്തമുറിയിൽ,
അവളുടെ കയ്യിലെ പാവക്കുട്ടി
ഉതിർന്നു വീഴുകയാണ്.
ഉടമസ്ഥരില്ലാത്ത പാവക്കുട്ടികളുടെ കൂട്ടത്തിൽ
അതിന്റെ പേര് എഴുതിചേർക്കുമ്പോഴും
റങ്കൂണിലെ തെരുവുകളിൽ
ബുദ്ധം ശരണം ഗച്ഛാമി ‘മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.