ബോഗൺ വില്ല

0
395

മീര ധന്യ

പടർന്നു പടർന്നൊരു തണലായിട്ടും
വരണ്ടുപോയൊരു പൂവ്
മഷി പടരാതെയെത്ര കവിതകളായ
കടലാസുതോട്ടം
പ്രിയനേ…
എനിക്കൊരാഗ്രഹമുണ്ട്
ഈ പിറന്നാളിന്
അടുത്ത വിവാഹ വാർഷികത്തിന്
പിന്നെയെന്റെ രോഗശയ്യയിൽ
ഒടുവിലെന്റെ ഖബറിടത്തിൽ
ബോഗൺവില്ലപ്പൂക്കളാൽ
മാല തുന്നണം
കൂട നിറയെ ഭാരമില്ലാത്ത
മണമില്ലാത്ത
ഏറ്റവും സുന്ദരിയായ പൂവേ,
നിന്നെമൂടി നിറയണം
അടുത്ത വരവിന് തല നിറയെ
ചൂടി നടക്കണം
ഏറ്റവും അപേക്ഷയായി പറയുന്നു
എന്നെയറിയുന്നവനേ,
മുല്ലകളാൽ നീയെന്നെ
മറന്നു പോയ മരണവീടിന്റെ നിഴലിലെത്തിക്കരുത്
പനിനീർപൂവ്,
എന്നെ ചവിട്ടിയരച്ചു പോയ
അതേ പഴയ പ്രണയത്തിന്റെ
കൊടും വിങ്ങലിലാക്കും
അരളികൾ,
എത്ര പ്രാർത്ഥിച്ചിട്ടും
കൊട്ടിയടക്കപ്പെട്ട നടകളിലെത്തിയ്ക്കും
പിച്ചിയും തെച്ചിയും
ബന്ദിയും മന്ദാരവും
മതിഭ്രമത്തിന്റെ
ഉഷ്ണ രാത്രികളേറ്റും

കൂടെ നടക്കുന്നവനേ…..
നിലവിൽ സ്വർഗ്ഗത്തിലായിരിക്കുന്നവൾക്ക്
വയലറ്റോ ഐവറിയോ നിറത്തിൽ
ഒരു കൂടാരം തീർത്തു തരൂ……

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here