മണ്‍സൂണ്‍ 2018

0
332
Akhil S Muraleedharan

അഖിൽ എസ് മുരളീധരൻ

അവള്‍ പോയി..
നിമിഷ എന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു .അവള്‍ ഒന്നും മിണ്ടിയില്ല. കേരളത്തില്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് നീളുന്ന ഇന്ത്യന്‍ റെയില്‍വേ ലൈനിലൂടെ നീലത്തീവണ്ടി കിതച്ചോടി….. വെള്ളം പൊങ്ങിക്കിടക്കുന്നു. നിറഞ്ഞ പച്ചപ്പ്‌. ഭൂമി ജലം വിഴുങ്ങും പോലെ. ആ രാത്രി മറ്റെന്തൊക്കെയോ നിമിഷ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ പുസ്തകം വായിച്ചുകൊണ്ടിരുന്നു. രാവിലെയും മഴയായിരുന്നു രാത്രിയും മഴ. പതുക്കെ പതുക്കെ കേരളം വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ തുരുത്താകുന്നു. ഞാന്‍ അവളെ വിളിക്കാന്‍ ശ്രമിച്ചു. അവള്‍ കോളുകള്‍ ബാര്‍ ചെയ്തു…. വാട്ട്സ് ആപ്പും ബ്ലോക്ക് ചെയ്തു. മറ്റെന്തു ചെയ്യാന്‍.

എപ്പോഴോ ഇടുക്കി തുറന്നെന്നു കേട്ടു.തിരുവനന്തപുരത്തും ശക്തമായ മഴ. ഞാന്‍ നിമിഷയെ തട്ടി വിളിച്ചു. അവള്‍ ഉണര്‍ന്നു. സ്റ്റേഷനെത്തി. ഞങ്ങള്‍ പുറത്തിറങ്ങി… ”താന്‍ മൂഡ്‌ ഓഫ്‌ ആകണ്ട സമാധാനമായിരിക്ക്”. ഞാന്‍ ചിരിച്ചു.
”ഏയ്‌ ഞാന്‍ ഓഫ് ഒന്നുമല്ല”
”നമുക്കൊരു ചായ കുടിക്കാം”. മഴയില്‍ തണുപ്പില്‍ ഞങ്ങള്‍ ആ ചായ ഊതിയാറ്റി ആ തെരുവില്‍ നിന്നു. ”ശരിക്കും നമ്മളൊക്കെ എന്തൊരു വിഡ്ഢികളാണെഡോ”.. ആത്മഗതം കേട്ട് നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു ”താന്‍ അതൊക്കെ മറക്ക്.. അല്ല പുതിയ പുസ്തകം എന്തായി ”? ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.

Akhil S Muraleedharan

ടൈഗര്‍ എന്ന പൂച്ച അടച്ചിട്ട ഒരു മുറിയുടെ മുന്നില്‍ അങ്ങനെ ഇരിക്കുകയാണ്. (ഞങ്ങള്‍ക്കിടയില്‍ ഒരു പൂച്ചയുണ്ടായിരുന്നു )മറ്റൊന്ന് സുല്‍ത്താന്‍ ദാരഷിക്കൊവിന്റെ ഒരു പഴയ ലൈബ്രറി. ഒരു ഗേറ്റ് കീപ്പര്‍..ഒന്നുരണ്ടു തീവണ്ടികള്‍.

അതുപോട്ടെ മുറിക്കുള്ളില്‍ അവള്‍ പാടുന്നു . അനങ്ങാതെ പൂച്ച ഭൂത കാലത്തെയും വര്‍ത്തമാന കാലത്തെയും വിശകലനം ചെയ്യുന്നു. അവള്‍ സുറുമ എഴുതിയ മിഴികളേയെന്നു പറയുന്നു.. പൂച്ച കണ്ണുകള്‍ അടച്ചു പിടിക്കുന്നു.

അപ്പോള്‍ പെരിയാര്‍ നിറയുന്നു. അവള്‍ എന്നിട്ടും പാടുന്നു… പുഴ കര കയറുന്നു. പ്രളയത്തില്‍ ജലം മാത്രമാകുന്നു .കര കാണാനില്ല. ഭൂതകാലം ഒഴുകുന്നു. വഞ്ചികള്‍ ആളുകളെ കൊണ്ടുപോകുന്നു.
അവിടം നിശ്ചലമായി നില്‍ക്കുമ്പോള്‍
”എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാത്മ നയനങ്ങള്‍ തുടച്ചീലല്ലോ…എന്നാത്മ വിപഞ്ചിക തന്ത്രികള്‍ മീട്ടിയ സ്പന്ദന ഗാനമൊന്നും കേട്ടീലല്ലോ” എന്നുഞാന്‍ പാടി. അവള്‍ക്ക് ദേഷ്യം വന്നു. നോക്ക് മീനുകള്‍ അതേ മീനുകള്‍. ഞാനും നിമിഷയും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ്. നീലത്തീവണ്ടി യെവിടെ?അവള്‍ക്ക് ദേഷ്യം വരുന്നു. ഒരു ഹെലികോപ്ടര്‍ ഉയര്‍ന്നു പറക്കുന്നു. ഞാന്‍ നിമിഷയെ ചേര്‍ത്തു പിടിക്കുന്നു.

മറ്റൊരു നഗരത്തില്‍ ആ പൂച്ച കെട്ടിടത്തിന്‍റെ വിശാലമായ കെട്ടിടത്തിന്‍റെ ടെറസ്സില്‍ വന്നിരിക്കുന്നു. അത് ആകാശത്തിലേക്ക് നോക്കുന്നു… നക്ഷത്രങ്ങളുടെ നേരെ കോമ്പല്ല് കാട്ടി ചിരിക്കുന്നു.

Akhil S Muraleedharan

നിമിഷ എന്നെ ചേര്‍ത്തു പിടിച്ചിരിക്കുന്നു . നിനക്ക് എന്തു തോന്നുന്നു?
കണ്ണുനിറയുന്നു.. കവിളിലൂടെ ജലം ഒഴുകുന്നു..
വാത്സല്യം …..
നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?
ഞാന്‍ തല കുനിക്കുന്നു.
പറ്റുന്നില്ല..
അവള്‍ ഒന്നും പറഞ്ഞില്ല..
ഞാന്‍ അപ്പോഴും ആ മുറിയുടെ പുറത്ത് ഒരുമഹാനഗരത്തില്‍ അങ്ങനെയിരിക്കുകയായിരുന്നു .
ചുറ്റും ജലം മഹാകാരമായി വളരുന്നു… തെങ്ങുകള്‍ക്ക് മുകളില്‍ ജലം .നഗരത്തില്‍ ആ പൂച്ച ആകാശത്തേക്ക് നോക്കി ഇപ്പോള്‍ കരയുകയാണ്…
നീ പാടുമോ?
അവള്‍ തലകുലുക്കി?
ഈ മഴയിലോ?
ഈ വെള്ളപ്പൊക്കത്തിലോ?
അതേ ഞാന്‍ പറഞ്ഞു ,,,,
ഞങ്ങള്‍ ഒരുപാട് മുനുഷ്യരുടെ ഇടയില്‍ ഒരു വലിയ കടല്‍ വഞ്ചിയിലായിരുന്നു. മീന്‍ മണക്കുന്നു… ചുറ്റും ജലം മനുഷ്യര്‍..
നിങ്ങള്‍ക്ക് അറിയാമോ? അവള്‍ പാടി
ജലത്തെപ്പോലും തോല്‍പ്പിക്കുമാറ്………
അപ്പോള്‍ മാത്രം അവളുടെ ചെറിയ ചൂടുള്ള കൈപ്പത്തി എന്‍റെ രണ്ടു കൈപ്പത്തികള്‍ക്കിടയില്‍ ഒതുക്കി വച്ചു…
മറ്റെന്തു വേണം… നീലത്തീവണ്ടി, കോട്ടയം, മഴ, പച്ചപ്പ്‌ മണ്‍സൂണ്‍ കാലവും.. ഒരു ചെറിയ കയ്യുടെ ഇളം ചൂടും.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here