രാജേഷ് ചിത്തിര
1.
കരയ്ക്കടിഞ്ഞ
മത്സ്യത്തിൽ നിന്നും
നീയടർത്തുന്നു പ്രണയക്കൊളുത്ത്
ആഴക്കടലിലപ്പോൾ
മലർന്നു പൊന്തുന്നു
നിന്നിൽ കൊളുത്തപ്പെട്ട
ഞാനാം മത്സ്യം
2.
പേരുകളെഴുതി തിരിഞ്ഞോടുന്നു
മടങ്ങിപ്പോകും തിര
നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു
3.
പച്ച കുത്തുന്നു
കരിക്കട്ടയാൽ
മറവിയുടെ മായ്ക്കലുകൾക്കിപ്പുറം
ബാക്കി നിൽക്കുന്നു
നിന്നെയടക്കിയ പ്രണയചിഹ്നം
അതിലുള്ളിലെ
അമ്പിൻ തുമ്പിൽ
എന്റെ ഹൃദയരക്തം
ചൂടാറാതെ നിൽക്കുന്നു
4.
മഞ്ഞിൻ പുലരിയിൽ
വേരിനെ ചുംബിക്കുന്നു പുൽനാമ്പ്
ഞാനോ,
നിന്റെ ഓർമ്മയിൽ
വേരറ്റ് വീഴുന്നു
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in