എം. ജീവേഷ്
1
ആകാശമുണ്ടെന്ന
തോന്നലില്ലേ
അതു തന്നെയല്ലേ
പ്രണയം;
ചിറകില്ലാതിരുന്നിട്ടും
പറക്കാനാവുന്നത്.
2
ഏകാന്തത
കൊത്തിയില്ലാതാക്കുന്ന
ഒരു കിളിയുണ്ടായിരുന്നെങ്കിൽ
എത്ര നന്നാകുമായിരുന്നു.
എന്റെ ശിഖരങ്ങൾ
അതിന്റെ കൊക്കുകൊണ്ട്
ഉരഞ്ഞു പൊട്ടട്ടെ
മുറിഞ്ഞു കൊള്ളട്ടെ
ചാറൊലിക്കട്ടെ.
സാരമില്ല,
എന്തുപറഞ്ഞാലും
ഒറ്റമരത്തിന്
ഒരു കിളി
വസന്തം തന്നെയാണ്.
3
കാറ്റു വന്ന്
തൊട്ടെന്നെ.
എന്നേക്കാൾ
മുറിവുണ്ടായിരുന്നു
അതിനും.
ചില്ലകളിൽ തട്ടിയ
പാടുകൾ,
മുള്ളിലുരഞ്ഞ
കോറലുകൾ.
എങ്കിലും
ഉമ്മവച്ചുമ്മവച്ചു
പറന്നുപോയ്.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in