ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

1
1448
Rahul Manappat,

രാഹുൽ മണപ്പാട്ട്

1

ഒരു യാത്രയിൽ
കണ്ടുമുട്ടിയവന്
എന്നോട് ഒരിത്!!
ഒറ്റ ഷേയ്ക് ഹാന്റിൽ
ദൈവമാണെന്റെ പേരെന്ന്
പറഞ്ഞ്
ഒരു ചായ കടയിലേക്ക്
എന്നെ ക്ഷണിച്ചു..
അവൻ രണ്ട്
കട്ടൻ പറഞ്ഞു.
ദൈവമെന്ന പേരിനുടമയായ
അവന്റെ മുന്നിൽ
ഞാൻ ഭക്തിയോടെ
ചായ ഊതിയൂതി കുടിച്ചു.

2

ഞങ്ങൾ പെട്ടെന്ന്
ഒരു മുറി സംഘടിപ്പിച്ചു…
ജനവാതിലുകളില്ലാത്ത
ആ ഇടുങ്ങിയ മുറിയിൽ
വിളക്കുകളും, മെഴുകുതിരികളും
കത്തിച്ചു…..
പിന്നെ
ഞാനും ദൈവവും
രതിയിലേർപ്പെട്ടു.,,
ഓരോ ഭോഗങ്ങൾക്ക് ശേഷവും
ദൈവത്തിന്റെ കണ്ണുകളിലൂടെ
ഭക്തരുടെ ഉൾവിളികൾ കേട്ടു..
പിന്നെയും കേട്ടു….
ഞാൻ ദൈവത്തോട് ചോദിച്ചു.
നിന്റെ ദേശം….?
നിന്റെ ഭാഷ…?
നിന്റെ മതം…?
നിന്റെ …..???
മറുപടിയ്ക്കു പകരം
എന്നോട് കണ്ണടയ്ക്കാൻ പറഞ്ഞു.
ഞാൻ പരകോടി ദൈവങ്ങൾക്കായി
കണ്ണുകളടച്ചു..
ഇരുട്ടിന്റെ കോമ്പല്ലുകളിൽ കുടുങ്ങിയ ഒരു ദൈവം
എന്നെ തട്ടി വിളിച്ചു…..
ഞാൻ കണ്ണുകൾ തുറന്നപ്പോൾ
എന്റെ
ലിംഗത്തെ നോക്കി
പൊട്ടിച്ചിരിക്കുകയായിരുന്നു അവൾ….

3

അവൾ എന്റെ നെഞ്ചിൽ
കവിതയെഴുതി തുടങ്ങി…

എന്റെ
മുലകൾ രണ്ട് രാജ്യങ്ങളുടെ
തുപ്പൽ പറ്റിക്കിടക്കുന്ന തെരുവുകളാണ്…
ആ തെരുവിന്റെ
തുറസായ ഭാഗങ്ങളിൽ
മുഴച്ചുനിൽക്കുന്ന
മരങ്ങളുടെ ചുവട്ടിൽ കിടന്ന്
സ്വയംഭോഗം
ചെയ്തു പഠിക്കുന്ന
രോമം മുളയ്‌ക്കാത്ത
ദൈവങ്ങൾ..

എന്റെ യോനി
ആൾക്കൂട്ടത്തിലേക്കുള്ള
നഗര വാതിലാണ്..
ആ വാതിൽ വിടവിലൂടെ
കയറിയും
ഇറങ്ങിയും ചെയ്യുന്ന
തിരക്കുള്ള രാത്രിവണ്ടികൾ….

എന്റെ വിളിപ്പുറത്തെത്തുന്ന
ദൈവത്തിന് നിന്റെ
കക്ഷത്തിലെ മറുകറിയാം..
തുടയിലെ പച്ചകുത്തിയ
പേരറിയാം…
തൊണ്ടക്കുഴിയുടെ
ആഴമറിയാം…

നിന്നെയറിയാം
എന്റെ ദൈവത്തിന്…
എന്റെ ജാരന്…

4

ഞാൻ
അവളുടെ ഗർഭപാത്രത്തിൽ –
നിന്നും തുടങ്ങുന്ന
വഴിയിലൂടെ ഓടാൻ തുടങ്ങി…
ഓടിയോടി ഞാൻ
കാമിച്ച ദൈവത്തിന്റെ
ദേശത്തെത്തി…
ആ ദേശത്ത് എന്റെ പേരുള്ള
വീട്ടിൽ ഒരുവൾ
ഗർഭിണിയാവാൻ മുറിയിലേക്ക്
കയറുകയായിരുന്നു.
ഞാനപ്പോൾ
വയലറ്റ് പൂവിരിഞ്ഞ
ഉടൽ വിരിപ്പിൽ
ചാഞ്ഞിരുന്ന് അവളെ കാത്തിരിയ്ക്കുകയായിരുന്നു….

അപ്പുറത്ത് ദൈവം കിടന്നുറങ്ങിയോയെന്ന്
പലതവണ നോക്കിയ ശേഷം
ആദ്യ രാത്രിയിലേക്ക്
ആദ്യ രതിയിലേക്ക്
ഞാനും അവളും
കണ്ണുകളടച്ച്
ധ്യാനിക്കാൻ തുടങ്ങി….

അപ്പോഴും അവൾ
പറഞ്ഞു തുടങ്ങുകയായിരുന്നു..

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

1 COMMENT

Leave a Reply to Arun sankar Cancel reply

Please enter your comment!
Please enter your name here