സഹകരണ വകുപ്പിന്റെ കൃതി 2018 പുസ്തകമേളയുടെ ഭാഗമായി നടപ്പാക്കിയ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി ഈ വർഷം വിപുലമായി നടപ്പാക്കും. ഈ വർഷം 1.25 കോടി രൂപ മതിക്കുന്ന കൂപ്പണുകൾ നൽകി 80,000 ത്തിലേറെ കുട്ടികളെ ‘കൃതി പുസ്തകമേള’യിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃതി ജനറൽ കൺവീനർ എസ്. രമേശൻ അറിയിച്ചു. www.krithibookfest.com ൽ വിദ്യാലയങ്ങൾക്ക് സന്ദർശിക്കുന്നതിനുള്ള സ്ലോട്ടുകളുടെ തിയതിയും സമയവും തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കുട്ടികൾക്കു കൂടുതൽ പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന ട്രഷർ ഹണ്ട് ഗെയിമുകൾ സംഘടിപ്പിക്കും. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വേദിയും ഒരുക്കും. നവകേരള നിർമാണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുട്ടികളുടെ പാർലമെന്റ് നടത്തും.