ശരീര സാധ്യതകളുടെ നാല് കവിതകൾ

0
426

രഗില സജി

അവളും ഇരുട്ടും

അവൾ പാകമില്ലാത്ത
ഒരു കുപ്പായത്തിന്നകത്ത്
ഉഴലുന്നു.
വലിയ കുടുക്കുകളുള്ള
മുറി വാതിലോടാമ്പലക്കകത്ത്.

ഇരുട്ടിന്റെ നീളൻ കൈകളിലേക്ക്
വാതിൽച്ചോട്ടിലെ
ചെറു വിടവിലൂടെ
പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾ

അവൾക്ക്
ശ്വാസം മുട്ടുകയും
ശരീരം വിറച്ച് വിയർക്കുകയും ചെയ്തു.
മിന്നുന്ന കുപ്പായക്കൈ
വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.

തുറന്ന വാതിൽ,
പൊട്ടിയ താഴ്.
വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ്
നഗ്നയായി
അവൾ നടന്നു.
മറ്റൊരാളവളെ കാണുകയുണ്ടായില്ല.

മുറിക്കകത്ത്
അഴിഞ്ഞ് കിടന്ന കീറക്കുപ്പായത്തിൽ നിന്ന്
ഇരുട്ടും
പുറത്തേക്കിറങ്ങി നടന്നു.
മറ്റു പലരുമതിനെ
മറ്റൊരു നേരത്ത് കണ്ടേക്കാം.

അനക്കം

ഉറങ്ങിക്കഴിയുമ്പോൾ
പറന്ന് പോവാൻ അനുവാദം കൊടുത്തതാണ്.
തിരികെ വന്നിട്ടും ഉണർന്ന് കാണാത്തതിനാൽ
തൊട്ടു നോക്കി.
നെഞ്ചിൽ കടലിരമ്പം .
നാഡികളിൽ മാൻപേടക്കുതിപ്പ്.
ഒട്ടു നേരം കാണാഞ്ഞ്
പറയാൻ സ്വരുക്കൂട്ടിയ വാക്കിൽ
കമ്പനപ്പെട്ട ചുണ്ട്.
ധ്രുവങ്ങളിലെയാകെത്തണുപ്പു കൊണ്ട്
ചിറക് പൂട്ടി കൂമ്പിയിരിക്കുന്ന കിളിയെ
ഓർപ്പിക്കുന്ന കണ്ണ്.
മേലാസകലം കണ്ടു മടുത്ത സ്വപ്നത്തിന്റെ
കാക്കാപ്പുള്ളി വട്ടങ്ങൾ.
കറുത്തും, അരണ്ടും
മാഞ്ഞു പോയാലോ എന്ന ആലോചനയിൽ
നിൽക്കും അധമദേശങ്ങൾ പോലെ .
തൊട്ട് തൊട്ട് നോക്കുന്തോറും
വഴുതി നീങ്ങുന്ന മീൻ ,ശരീരം.

മരിച്ച് മണിക്കൂറുകൾ കഴിഞ്ഞും
അവസാനത്തെ അനക്കം
എന്നെ കാത്തിരുന്നു.

തിരിച്ചു വന്ന ഞാൻ പറന്നു പോയ ഞാനല്ലെന്ന് തോന്നുന്നു.

ദിവസത്തിലേക്ക് ശരീരം നിവർത്തിയിട്ട്

കിടക്കയിൽ
വെറുതെ മലർന്ന്
കിടക്കുമ്പോൾ
ഞാനെന്നെ
ഒരു ദിവസത്തിന്റെ
ചുഴിയിലേക്ക്
നിവർത്തിയിട്ടു.

മൂക്കുത്തി പോലത്തെ രാവിലെ
ദിവസത്തിന്റെ
തീറ്റയും കുടിയും ചുട്ടെടുത്ത്
കൈ വട്ടത്തിലിട്ട് ഓരോരുത്തരെയൂട്ടി.

ഒരാൾക്ക് കുളിക്കാൻ
മറ്റൊരാളുളളിലാഴത്തിൽ
കുഴിച്ച കുളത്തിലിറങ്ങിയാൽ മതി.
എല്ലാരും കുളിച്ച വെള്ളം
നനഞ്ഞ്
അടിവയറ്റിൽ കിളിർത്തിട്ടുണ്ട്
പൂവിതളു വിടർത്തി
കാറ്റിലാടുന്ന മൊസാണ്ടച്ചെടി

ഉറക്കത്തിന്റെ
പൊക്കിൾ വിടവുകളിലൂടെ സഞ്ചരിച്ച്
ആർക്കുമെപ്പൊഴും
ദേശാന്തരങ്ങളിലേക്ക് പോകാം.

എല്ലാ ഒച്ചകളിലും
പതിയിരിക്കുന്ന നിശ്ശബ്ദതയുടെ
ചെവി മടക്കിൽ
വൈന്നേര നടത്തത്തിനിറങ്ങുന്ന
അയൽക്കാർ.

അവർ പാകം ചെയ്ത ഇറച്ചി തൂങ്ങിക്കൂങ്ങിയുണ്ടായ
മുലക്കനത്തിൽ മഞ്ഞ് കൊണ്ടിരിക്കുന്ന
കുട്ടികൾ.

ആർക്കും അവരവരുടെ ശരീരം കൊണ്ടുണ്ടായ
ദിവസത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന ഭാവം.

കാൽവിരലുകളിൽ
ദിവസത്തിന്റെ നിഴലു വീണ് കറുത്ത രാത്രി.
തലമടക്കി, നടുവളച്ച് കുനിഞ്ഞ് കിടക്കയിലുറങ്ങുന്നവർക്ക്
പിറ്റേന്നത്തെ
പകലിന് വേണ്ടി പാകപ്പെടുത്തേണ്ടുന്ന
അതേ ശരീരo.
അഴിവുകളൊന്നുമില്ലാതെ ….

പക്ഷികളിലേക്കുള്ള യാത്ര

രാവിലത്തെ പക്ഷികളുടെ
കലമ്പലിലേക്ക്
ഉറക്കച്ചടവുമായി കയറിപ്പോയതാണ്.
പക്ഷിക്കൊപ്പം ചിറക് കുടഞ്ഞ്
ദൂരങ്ങൾ പറന്ന്
ഭൂമിയെച്ചുറ്റി
ഇലകളാടും മരത്തിന്മേൽ താണ് വന്നിരുന്നു.

അകലെ ,നോക്കിയാൽ
കാണാവുന്ന എന്റെ
കിടക്കക്ക് ചുറ്റും
തേങ്ങാപ്പൂളിട്ട് കളിക്കുന്ന
കുഞ്ഞനലികളെ കാണാം.
ആർക്കുമെന്താണ്
ഉറക്കത്തിൽ മറഞ്ഞു പോയ
എന്നെപ്പറ്റി
ആവലാതികളില്ലാത്തത്?

ആവലാതി എന്ന് വിചാരിക്കുമ്പോഴേക്കും
എലികൾ മാഞ്ഞ്
കിടക്കയെ വട്ടം ചുറ്റുന്ന പൂച്ചകൾ വരുന്നു.
പൂച്ചകളുടെ വായിൽ
എന്റെ വായിലുണ്ടാവാറുള്ളത് പോലത്തെ
പുണ്ണ്.
പുണ്ണിന്റെ കഥയിലേക്ക് വന്നതും
കട്ടിലിന്റെ കാലുകൾക്കിടക്ക്
കുതിച്ച് പായുന്ന
ഒരു നദിയുണ്ടാവുന്നു.
നദിയിലേക്ക് ചരിഞ്ഞ മരത്തിന്റെ
നിഴലിൽ
മുറിയുടെയാകെ ഛായ
പടർന്ന് പോകുന്നു.
എന്നെ മറന്ന് പോയ ആളുകൾ
തോണികളാവുന്നു.
തുഴഞ്ഞ് തുഴഞ്ഞ് മറ്റൊരു കരയിലേക്ക് പോകുന്നു.

പക്ഷിയുടെ
കലമ്പലിൽ നിന്ന്
മറിഞ്ഞ് വീണ് ഞാൻ
കണ്ടു പാതിയാക്കിയ സ്വപ്നത്തിന്റെ
ഇങ്ങേ കരയിലിരുന്ന്
രാവിലെ പതിവുള്ള
കട്ടൻ കാപ്പി കുടിച്ചു.
ആളുകൾ എന്നിലേക്ക്
കലരുന്നത് കാത്തിരുന്നു
എന്നെ മറന്ന് പോയവരിലേക്ക്
ഞാനുണ്ടെന്നറിയിപ്പിൻ ചുരുളുകൾ ഊതിക്കൊണ്ടിരുന്നു.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here