നിധിന്‍ വി. എന്‍.
കണ്ടുമടുത്ത ഹ്രസ്വ ചിത്രങ്ങള്‍ക്ക് വിട. നന്ദുലാല്‍ ഒരുക്കിയ ‘കുഞ്ഞച്ഛന്റെ ഇഹലോകം’ എന്ന ചിത്രം പറയുന്നത് പതിവ് പ്രണയങ്ങളൊന്നുമല്ല. എന്നാല്‍ ഈ കഥയിലും പ്രണയമുണ്ട്. അത് പുസ്തകങ്ങളോടാണെന്ന് മാത്രം.
വായനയില്‍ അഭിരമിച്ചുപോകുന്ന ഒരാളുടെ കഥയാണ് കുഞ്ഞച്ഛന്റെ ഇഹലോകം. കഥയും കഥാപാത്രങ്ങളും എഴുത്തുകാരും നിറഞ്ഞ ഒരു ലോകമാണ് അയാളുടേത്. പോലീസ് കോണ്‍സ്റ്റബിളായ കുഞ്ഞച്ഛന്‍ അയാളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് ചിലവിടുന്നത്. വായനയാണ് അയാള്‍ക്ക് പ്രിയം. ഭാര്യയായ അന്നമ്മയ്ക്ക് ഈ ഒരൊറ്റ കാര്യത്തിലേ പരാതിയുള്ളൂ. അയാളുടെ കൂട്ടുക്കെട്ട് മരിച്ചവരുമായാണെന്ന് അവര്‍ വികാരി അച്ഛനോട് പരാതിപ്പെടുന്നുണ്ട്. സിനിമ തുടങ്ങുന്നത് ഈ വിധത്തിലാണ്. തുടര്‍ന്ന് തോട്ടിയുടെ ജീവിതത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ അടയാളപ്പെടുത്തുന്ന ചിത്രം മികച്ച കാഴ്ചാനുഭവം തന്നെയാണ് ഒരുക്കുന്നത്.
സ്വാഭാവികാഭിനയത്തിലൂടെ ചിത്രത്തെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നുണ്ട് അഭിനേതാക്കള്‍. കുഞ്ഞച്ചനായി മുരളി മനുഷാദാ, വികാരി അച്ഛനായി ശിവജി, ചെല്ലപ്പനായി മുരളി ദാസ്, അന്നമ്മയായി കെ.പി.എ.സി വി.ആര്‍. ശാന്ത, ബഷീറായി ജി സുബ്രമണ്യന്‍ പോറ്റി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.
ശ്രീകാന്ത് കെ കൊട്ടാരത്തിലിന്റെയാണ് കഥ. നന്ദുലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നന്ദുലാലും ശ്രീകാന്ത് കെ കൊട്ടാരത്തിലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മിഥുന്‍ മുരളീധരന്‍.