ജിബിൻ കോട്ടുമല
പ്രേതം
പുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍
ശങ്കരേട്ടനാണ് ആദ്യം കണ്ടത്…
നിയമസഭയുടെ പ്രധാന കവാടത്തില്‍
വെള്ളപുതച്ചൊരു രൂപം-
മിന്നായംപോലെ,
ഖജനാവിനടുത്ത് പാറാവുകാരനും
കണ്ടത്രെ…!
ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍,
അമ്പലനടയില്‍
ആക്രോശിച്ചിട്ടിറങ്ങിപ്പോയ-
കണ്ണട വച്ച മൊട്ടത്തലയനെ
രാമന്‍നമ്പൂതിരിയും വിസ്തരിച്ചു…
കോടതി വരാന്തയിലൊക്കെ കാര്‍ക്കിച്ചു-
തുപ്പി വച്ചിടുണ്ട്..
രക്തസാക്ഷി മണ്ടപത്തില്‍ –
ചെമ്പരത്തി കൊണ്ടര്‍ച്ചന ചെയ്തു
പരിഹസ്സിച്ചതായും കണ്ടു ..
ഒറ്റമുണ്ട്,
ഊന്നുവടി,
മൊട്ടത്തല,
കണ്ണട..
മണംപിടിച്ചു നായ കുതിച്ചതു-
ഗ്രാമങ്ങളിലേക്കാണു,
കണ്ടെത്താനായില്ല…
പ്രേതം തന്നെയെന്നു –
പോലീസ് ഭാഷ്യം..
യുവര്‍ ഓണര്‍
‘പ്രകോപനത്തിന്‍റെതായൊരു
നഖപോറലോ ,
തറഞ്ഞുപോയ
മോഹ വാക്കുകളോ ,
നെറ്റിയിലോ അധരത്തിലോ പിന്‍കഴുത്തിലോ-
പുളകം കൊള്ളിച്ചതായൊരു ചുംബനപാടോ,
എന്തിനു,
അശ്രദ്ധയുടേതായെങ്കിലുമൃതു-
സ്പര്‍ശനങ്ങളോ…
ഒന്നുംതന്നെ
പ്രണയത്തിന്‍റെ പോസ്റ്റുമോര്‍ട്ടത്തില്‍
തെളിഞ്ഞിട്ടില്ല..!!
ആയതിനാല്‍
കുറ്റാരോപണത്തിന്‍റെ കൊള്ളലില്‍
മരവിച്ചുപോയ-
എന്‍റെ കക്ഷിയെ
സമാനമായ മുന്‍കേസ്സുകളുടെ പ്രാബല്യത്തില്‍
വെറുതെ വിടണമെന്നു
താഴ്മയായ്
അപേക്ഷിച്ചുകൊള്ളുന്നു..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in