കവിത
ദിവ്യ. എസ്
എനിക്കൊരാളെ അറിയുമായിരുന്നു.
കഥയെഴുതിയെഴുതി
ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.
തിളക്കമുള്ള അതിന്റെ അറ്റം തൊട്ട്
എന്നും രാവിലെ
ഞാൻ കണ്ണെഴുതിയിരുന്നു.
ഒരൊറ്റ കരച്ചിലിന്
കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള
അതിന്റെ ദ്വാരത്തിലൂടെ
പല വൈകുന്നേരങ്ങളിലും ഞങ്ങൾ
ഓരോ ചായ പകുത്തുകുടിച്ചിരുന്നു.
കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ
കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ
ഇളംകരിമ്പ് വാസനിച്ചിരുന്നു.
ഇന്നും
കടല് മുറിച്ചുകടക്കുന്ന
പുഴ കാണുമ്പോൾ
ഞാൻ കരിമ്പിൻകാടുകളെ ഓർക്കും.
ഇപ്പോൾ മുന്നിൽ കാണുന്ന കാട്ടിൽ
അവസാനത്തെ മിന്നാമിന്നുങ്ങും
എത്തിച്ചേരുന്നത് നോക്കിയിരിക്കുമ്പോൾ,
സ്നേഹത്തിന്റെ സൂചിക്കുത്തുള്ള
അയാളുടെ നനുത്ത വിരലുകൾക്കുള്ളിൽ
അനുസരണയുള്ള കുട്ടിയെപ്പോലെ
ഒതുങ്ങിക്കിടന്നിരുന്ന
എന്റെ പിൻകഴുത്തിലെ മറുകിനെ
ഞാൻ പതുക്കെ തടവുന്നു.
അനേകം പഴുപ്പുകളുണ്ടായിരുന്ന
അയാളുടെ മുറിവുകളെ ഉണക്കിയിരുന്ന
എന്റെ കണ്ണുകൾക്കിപ്പോൾ
ഒരേ കടച്ചിൽ.
എന്നോടുമാത്രമായി പറഞ്ഞ
അയാളുടെ കഥകളൊക്കെയും
ഇപ്പോളെന്റെ കാലിന്റെ വിരലറ്റങ്ങളിൽ
മഴ നനഞ്ഞതുമാതിരി
വിറച്ചിരിക്കുന്നു.
ശൂന്യമായൊരു വെയിലുമാത്രം
കൂട്ടുള്ള ഈ രാത്രിയിൽ
അയാളെക്കുറിച്ചൊരു കഥയെഴുതിത്തുടങ്ങാൻ
അനാഥമാക്കപ്പെട്ട
ഈ കുന്നിൻചെരിവു തന്നെ
ഞാൻ തിരഞ്ഞെടുക്കുന്നു.
ഇനിയൊരുവട്ടം കൂടെ കണ്ടാൽപ്പോലും
വഴിമാറി നടക്കുമെന്നറിഞ്ഞിട്ടും
കാറ്റുവഴികൾക്കൊപ്പം
അയാളെ മാത്രം തിരഞ്ഞിറങ്ങുന്നു.
അഴികളേതുമില്ലാത്ത
ഒരു ജനലുപോലെ
എന്റെ കവിത
അയാൾക്കടുത്തെത്താൻ
തനിയെ പിച്ചവെച്ചു പഠിക്കുന്നു.
ഇപ്പോൾ
നിറങ്ങളേയില്ലാത്ത
പുതിയൊരു മഴവില്ല്
ഞാൻ പണിയുന്നു.
അയാളുടെ കണ്ണുകൾപോലെ നീണ്ടുനീണ്ടുപോകുന്ന
അതിനെ നോക്കി,
ഒരിക്കലും എത്തിച്ചേരാനിടയില്ലാത്ത
അയാളുടെ ഉറുമ്പുമാളങ്ങളെ
സ്വപ്നം കണ്ട്,
കണ്ണീര് വഴിയുന്നൊരു പവിഴമല്ലിക്കൊപ്പം
ഞാനും
മഞ്ഞുകാലത്തെ കാത്തിരിക്കുന്നു.
…
ദിവ്യ എസ്
പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം സ്വദേശി. മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥി. ആനുകാലികങ്ങളിലും മാഗസിനുകളിലും കവിത എഴുതി വരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.