വായന
അപർണ
ചിത്രനും പ്രണയത്തിന്റെ നിഗൂഢതകളും
ഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയയായ രോഷ്നി സ്വപ്നയുടെ കാമി എന്ന നോവൽ വായിക്കുമ്പോൾ ക്കുമ്പോൾ വായനക്കാർക്ക് ഉത്തരം കൊടുക്കാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന “ദ്വന്ദം എന്ന സങ്കല്പത്തെ പുനർവിചിന്തനം ചെയ്യുന്നു. നിഗൂഢമായ പ്രണയത്തെക്കുറിച്ച് അത്യന്തം വാചാലയായി കൊണ്ടാണ് എഴുത്തുകാരി നോവൽ രചനയിലേക്ക് കടന്നിരിക്കുന്നത്. പ്രണയത്തിന്റെ ഏറ്റവും മൂർത്തമായ ഭാവങ്ങളെ കാടിന്റെയും ഇരുണ്ട ജലാശയങ്ങളുടെയും അന്തരീക്ഷത്തിൽ ആവിഷ്കരിക്കുമ്പോൾ ചിത്രന്റെയും കാമിയുടെയും സ്വത്വങ്ങൾ പൂർണമായ അപരിചിതത്വത്തിലേക്ക് നീങ്ങുന്നു. പ്രത്യക്ഷത്തിൽ ചിത്രൻ ഒരു മാതൃക കാമുകനാണ്. കാമി ആഗ്രഹിക്കുന്ന തീവ്രമായ പ്രണയമാണ് ചിത്രനിൽ നിന്ന് അവൾക്ക് ലഭിക്കുന്നത്. ഒരുപക്ഷേ ഇതേ പ്രണയത്തിന്റെ മറുവശം കൊണ്ടായിരിക്കാം കാമി ചിത്രനെ ബലപ്രയോഗങ്ങളില്ലാതെ ഇല്ലാതാക്കിയത്. മർമ്മങ്ങൾ അറിയുന്ന കാട്ടു പെണ്ണിനെയും ശരീരം പാതി തളർന്ന ചിത്രന്റെ കൂട്ടുകാരിയെയും എഴുത്തുകാരി ആദ്യാവസാനം രണ്ട് ചേരികളിൽ നിലനിർത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഇരുവരും ഒന്നാണ്. കാമി തന്റെ ശരീരത്തിലെ തളർച്ചകളെ ഇല്ലാതാക്കുന്നത് തനിക്ക് ഉള്ളിൽ രൂപം കൊണ്ട് പുതിയ ഒരുവളുടെ മർമ്മ ചികിത്സയിലൂടെ ആയിരുന്നു. എണ്ണ കറുപ്പുള്ള കണ്ണുകൾക്ക് കടലിനോളം ആഴം ഉള്ള ആ കാട്ടു പെണ്ണ് പാതി ചലനമറ്റ ശരീരത്തെ വകവയ്ക്കാത മുന്നോട്ടു കുതിക്കുന്ന കാമിയുടെ മറ്റൊരു സ്വരൂപം തന്നെയായിരുന്നു. അവർ തമ്മിൽ സ്നേഹത്തിന്റെ നൂലിഴ് പങ്കിടുന്നത് ആത്മരതിയുടെ മൂർദ്ധന്യാവസ്ഥയിൽ നിന്നായിരുന്നു. തന്റെ ഉന്മാദങ്ങളുടെ മർമം അറിഞ്ഞ കാമി എന്ന കാട്ടുപെണ്ണിനെ കൊന്നത് ചിത്രനാണെന്ന തിരിച്ചറിവ് അവളെ സ്വയം ഇല്ലാത്തക്കി കഴിഞ്ഞിരുന്നു. തനിക്ക് ഉള്ളിലെ ഊർജ്ജസ്വലയായ മറ്റൊരുവളെ കൊന്നില്ലാതാക്കിയ ചിത്രൻ കാമിയിൽ കാണുന്നത് കാട്ടുപെണ്ണിന്റെ അപരയെ ആണ്. തനിക്കുള്ളിലെ അപരത്വത്തെ പുണരുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട് .കാമി രണ്ടല്ല ഒന്നാണെന്ന് സ്ഥാപിക്കാൻ നോവലിലൂടെ സഞ്ചരിക്കുകയാണ് ഈ പഠനത്തിൽ
മർമം അറിയുന്ന കാട്ടുപെണ്ണും, പ്രണയത്തിന്റെ ഒറ്റുകാരിയും
ഒരു ജന്മം കൊണ്ട് അനേക ജന്മങ്ങളിലെ പ്രണയം പെരുമഴപോലെ കൂടഞ്ഞു വീഴുന്നതിനെക്കുറിച്ച് പറയാൻ ഇഷ്ടമാണ് കാമിക്ക്. നിഗൂഢവും വെളിച്ചം കടന്നുചെല്ലാത്തതുമായ ഒരു കാട്ടിൽ അതിലേറെ നിഗൂഢവും ഇരുണ്ടതുമായ ഒരു പ്രണയമാണ് ചിത്രനും കാമിയും അനുഭവിക്കുന്നത്. പരിലാളനകളിലും സംഭാഷണങ്ങളിലും ഒതുങ്ങുന്നതല്ല അവരുടെ പ്രണയം, കാടിനു നടുവിലെ വീടും കുളവും ചുറ്റുമുള്ള ജീവജാലങ്ങളും അവർക്ക് പ്രണയത്തിന്റെ ഇടനിലക്കാരും ഒറ്റുകാരും ആയിരുന്നു. മരണം പോലെ കത്തുന്ന ഒന്നാണ് കാമിക്ക് പ്രണയം. ചിത്രനാകട്ടെ കാമിയേക്കാൾ മത്ത് പിടിപ്പിക്കുന്ന മറ്റൊന്നും ഭൂമിയിലില്ല. നിന്നെക്കാൾ എന്നെ മത്തുപിടിപ്പിക്കുന്ന ഒരു പ്രണയം എനിക്ക്ഉണ്ടാകുന്ന നാൾ,എന്റെ പെണ്ണേ,ഞാൻ കുരിശിലേറും. സ്വയം എന്നിട്ട് ചോരവാർന്നു മരിക്കും… പക്ഷേ മൂന്നാം നാൾ ഞാൻ കൃത്യമായി ഉയിർത്തെണീക്കും നിന്റെ ഈ പ്രാവിന്റെ തൊലിയിൽ ഉമ്മ വയ്ക്കാൻ വേണ്ടി മാത്രം എന്നാണ് ചിത്രനും കാമിയും തമ്മിലുള്ള സംഭാഷണം.
. പരസ്പരം പ്രണയിക്കാൻ വേണ്ടി മാത്രം കൂടെ ജീവിക്കുന്നവരായിരുന്നു ഇരുവരും, കാമി ചിത്രനെ ഇല്ലാതാക്കിയതും ഈ പ്രണയത്തിന്റെ ഉത്തുംഗമായ ഒരിടത്തിൽ നിന്നാണ്. ചിത്രന്റെ മരണശേഷവും അവൾ സന്ദേഹി ആയിരുന്നു. സർപ്പം പോലെ ഉയർന്നുവന്ന് മർമ്മ സ്ഥാനത്തിൽ അമർത്തി ചുംബിച്ച് അവനെ ഇല്ലാതാക്കിയതിനുശേഷവും മരണത്തെ അവൾ വിശ്വസിച്ചിരുന്നില്ല. പ്രണയമാണ് അവളെ സന്ദേഹി ആക്കിയത്. ആ സന്ദേഹത്തിൽ നിന്നും അവൻ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും എന്ന് സ്വാഭാവികമായി അവൾ വിശ്വസിച്ചിരുന്നു. ഈ മരണം ചിത്രന്റെത് മാത്രമല്ല എന്റെത് കൂടിയാണ്
തന്നിലെ പ്രണയത്തെയും, വൈകാരികത കളെയും, സ്വപ്നങ്ങളെയും ലാളിച്ചിരുന്ന ചിത്രൻ ഇല്ലാതാകുമ്പോൾ കാമിയും സ്വയം ഇല്ലാതായിരിക്കുന്നു. ഇവർക്കിടയിലെ പ്രണയത്തിന്റെ അന്തർധാര കഠിനവും തീഷ്ണവും ആയിരുന്നു. ചുറ്റുമുള്ളവരെ പോലും ആ ബന്ധം അമ്പരപ്പിച്ചിരുന്നു കാമിയോടുള്ള പ്രണയം കാരണം ഒരിക്കലും ചിത്രൻ ആത്മഹത്യ ചെയ്യില്ല എന്ന് കാമിയുടെ സഹോദരൻ പോലും ആവർത്തിച്ചു പറഞ്ഞിരുന്നു. കാമിയോടുള്ള പ്രണയത്തിന്റെ ലഹരിയിൽ മരണത്തെ വെറുത്ത ചിത്രനും, പ്രണയത്തിലൂടെ പുനർജനിക്കുന്ന കാമിയും ചെന്നവസാനിക്കുന്നത് ചിത്രന്റെ കൊലപാതകത്തിലാണ്. പ്രണയം മൂലം മരണപ്പെടുകയും അതേ പ്രണയത്തിലൂടെ പുനർജനിക്കുകയും ചെയ്യുന്ന കാമിയിലെ അപര മറ്റൊരാളാകുന്നില്ല.
കാമിയും കാമിയും
ചുരുങ്ങിയ കഥാപാത്രങ്ങളാണ് ഈ ചെറുനോവലിൽ ഉള്ളത്. ചിത്രനും മർമം അറിയുന്ന കാമിയും ചിത്രന്റെ പ്രിയപ്പെട്ട കാമുകിയും മാത്രമാണ് നോവലിന്റെ ആദ്യം മുതൽ അവസാനം വരെ വായനക്കാരോട് സംവദിക്കുന്നത്. പക്ഷേ അപർണയുടെ വിവാഹത്തിൽ നിന്നും പരിചയപ്പെട്ട കാമിയെ യഥാർത്ഥത്തിൽ ചിത്രൻ അറിഞ്ഞിരുന്നില്ല. അവൾക്കുള്ളിലെ മറ്റൊരു കാമിക്ക് തന്നെ ഇല്ലാതാക്കാനുള്ള കരുത്ത് ഉണ്ടെന്നും അവൻ ഓർത്തിരുന്നില്ല. ഇരുവരെയും പലപ്പോഴായി രണ്ട് സ്വഭാവത്തിൽ രണ്ട് പക്ഷത്തിൽ എഴുത്തുകാരി നിലനിർത്തുന്നുണ്ടെങ്കിലും കറുത്ത നിറമുള്ള ആഴമുള്ള കണ്ണുകൾ ഉള്ള ഊർജ്ജസ്വലയായ ആ കാട്ടുപെണ്ണ് തന്നെയാണ് പാതിചലനമറ്റ് പ്രണയത്തെ ധമനിയിലൂടെ ഒഴുക്കുന്ന കാമി
പ്രേമവും മരണവും തളർത്തിയ ഒരുടലാണ് കാമിയുടെത്. കിടപ്പുമുറിയോടു ചേർന്നുള്ള വാതിലിലൂടെ കാട്ടിലെ ഓറഞ്ച് നിറത്തിലുള്ള ശവംനാറിയുടെ മണമുള്ള പൂക്കളെയും മങ്ങി മിന്നുന്ന മിന്നാമിനിങ്ങുകളെയും കുളത്തിന് മുകൾപ്പരപ്പിൽ ചില്ലു കഷണങ്ങൾ പോലെ നീന്തുന്ന കുഞ്ഞു മത്സ്യങ്ങളെയും കാട്ടിലെ മുളങ്കാട്ടിൽ നിന്ന് കിടപ്പുമുറിയിലേക്ക് പരക്കുന്ന പച്ചമുളയുടെ ഗന്ധവും ആസ്വദിക്കുന്ന കാമി നാഗരികതയിൽ നിന്നും അതിന്റെ അനുഭവങ്ങളിൽ നിന്നും താൽക്കാലികമായി ചിത്ര നോടൊപ്പം വിട്ടുനിൽക്കുന്നു. പാതി ചലനമറ്റ ശരീരവും ചിലപ്പോൾ പൂർണമായും ചലനമറ്റ മനസ്സുമാണ് അവളുടേത്. മറ്റു ചിലപ്പോൾ ആകട്ടെ ആരോഗ്യവാനായ ഒരു മനുഷ്യന്റെ തിനേക്കാൾ മൂർച്ചയുള്ള ചിന്തയും നോട്ടവും സംഭാഷണങ്ങളുമാണ് കാമയുടേത്. കാമി നീ അങ്ങനെയാണ് പൂണ്ടടക്കം കെട്ടിപ്പിടിക്കും എന്നിട്ട് ആഴ വെള്ളത്തിലേക്ക് തള്ളിയിടും 4 കാമിയിൽ മാറിവരുന്ന പ്രതികാരത്തെയും പ്രണയത്തെയും ചിത്രൻ ഇങ്ങനെ വ്യാഖ്യാനിക്കുന്നതായി അവൾക്ക് തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ തീവ്രമായ അഭിനിവേശത്തിൽ തന്റെ പ്രിയപെട്ടവനെ ഇല്ലാതാക്കാൻ കഴിഞ്ഞവൾ അങ്ങനെ ആയിരിക്കുമല്ലോ. ചിലന്തിയെ ആണ് കാമിക്ക് ഏറെ ഇഷ്ടം ചിലന്തിക്ക് തന്റെ ശരീരത്തിലെ ബഹുമാനങ്ങൾ വ്യക്തമായി അറിയാം. കാമിക്കും വേഗത കുറവുള്ള തന്റെ ശരീരത്തിന്റെ കഴിവ് എന്തെന്നറിയാം. ചിത്രന് പോലും പലപ്പോഴും ഭയമായിരുന്നു. തമാശയ്ക്ക് ആയിരുന്നെങ്കിലും ചിത്രൻ അത് തുറന്നു പറഞ്ഞിരുന്നു, പ്രണയത്താൽ അന്ധയായ ഒരുവളെ ആരാണ് ഭയക്കാത്തത്. കാമി മരണത്തെ ഭയന്നിരുന്നില്ല. പ്രണയത്തെയും മരണത്തെയും അവൾ ഒരുപോലെയാണ് നോക്കിക്കണ്ടത്. തളർന്ന തന്റെ ശരീരത്തിൽ അപകർഷതാബോധം പേറുന്ന കാമിക്ക് ചിത്രനിൽ നിന്നും രതിയും നിഷേധിക്കപ്പെട്ടിരുന്നു. അത് പക്ഷേ സ്നേഹ വാക്കുകൾ കൊണ്ട് ചിത്രൻ മറച്ച് പിടിച്ചിരുന്നു. കാമിയുടെ ശരീരമാണ് യഥാർത്ഥത്തിൽ മറ്റൊരു കാമിയെ സൃഷ്ടിക്കുന്നത്.
കാഴ്ചയിൽ തളർന്ന കാമിയിൽ നിന്നും ഊർജ്ജസ്വലയും തേജസ്വലയുമായ കാമിയിലേക്ക് ഗ്രന്ഥകാരി ഒരു പാലം ഇടുന്നുണ്ട്. കാമി എന്ന പേരു മാത്രമാണ് ഇരുവരുടെയും സാമ്യത എന്ന് വായനക്കാർക്ക് ചിലപ്പോഴെങ്കിലും തോന്നിക്കുംവിധം ആണ് രചന.അവർ ഇരുവരും കാഴ്ചയിലും ചിന്തയിലും നിരീക്ഷണങ്ങളിലും വ്യത്യസ്തരാണ്. സാഹിത്യ വേദികളും സംവാദങ്ങളും ഇഷ്ടപ്പെടുന്ന ഒരുവൾ മർമ്മം അറിയുന്ന ഒരു കാട്ടു പെണ്ണുമായി തീർച്ചയായും അകലത്തിൽ തന്നെ ആയിരിക്കും. കയ്യിലും കാലിലും തളർച്ച ബാധിച്ച കാമിക്ക് നേർവിപരീതമാണ് ഒത്തു ഉറച്ച ഉടലും ഉറച്ച പാദങ്ങളും ചിലപ്പോൾ ഒരു അഭ്യാസിയുടെ സൂക്ഷ്മതയും ഒരു നർത്തകിയുടെ ചടുലതയുമുള്ള കാമി. ഒരു കാട്ടുപെണ്ണിന്റെ ചലനങ്ങൾ ആയിരുന്നില്ല. അവൾക്ക് കൂടുതൽ ആയാസം ഉള്ളവൾ ആയിരുന്നു കാമി. “അവൾ മർമ്മം അറിയുന്നവളാണ് പ്രപഞ്ചവുംശരീരവും തമ്മിൽ നടക്കുന്ന എല്ലാ വിനിമയങ്ങളുടെയും പൊരുൾ അവൾക്കറിയാം”5. നുര പൂട്ട് മർമ്മം,മെത്തച്ചുഴി മർമ്മം, കരുനാടികാലം ഇതെല്ലാം തളർച്ച ബാധിച്ച കാമി അറിയുന്നത് ഈ കാട്ടു പെണ്ണിൽ നിന്നാണ്. ചിത്രൻ കാമിയെ ചികിത്സിക്കാൻ കൊണ്ടുവന്നതാണ് അവളെ അങ്ങനെയാണ് ഇവരെ കുറിച്ച് നൽകുന്ന മുഖവര, കാമിക്ക് ചുറ്റും ഒരു പാമ്പിനെ പോലെ ഇവൾ വരിഞ്ഞു ചുറ്റിയിരുന്നു നിർജീവമായ സന്ധികളെയും ധമനികളെയും ജലത്തിന്റെ ആഴ പരപ്പുകളിൽ വച്ച് കാട്ടുപെണ്ണ് രക്തയോട്ടം ഉള്ളതാക്കി. പാതി ബോധത്തിൽ അടിവയറ്റിൽ സർപ്പ രൂപത്തെ കൊത്തി വെച്ചു. ഒറ്റക്കാലിലെ ചെമ്പുള്ള കിലുക്കുന്ന അവൾ കാമിക്കുള്ളിലെ ഊർജത്തെ മാറ്റാരെക്കാളും വേഗതയിൽ പുറത്തെടുക്കാൻ കുതിച്ചു.കാമിക്കുള്ളിലെ മൃഗീയതയെയും പ്രണയത്തെയും ത്രാസിലിട്ടു കാമിക്കു മുന്നിൽ തന്നെ അവൾ തുറന്നു വച്ചു. കാടിന്റെ കരുത്തും കടുത്ത പച്ചയും ആയിരുന്നു കാമിക്ക് വഴുക്കുന്ന ദേഹമുള്ള ആ മർമ്മ ചികിത്സ വശമുള്ളവൾ. കാമിക്ക് ചിത്രനോട് തോന്നിയ അതേ പ്രണയത്തെ പ്രതികരമാക്കി മാറ്റാൻ ഇവൾക്കായി.
പ്രത്യക്ഷ കഥാപാത്ര വിശകലനത്തിൽ ഇരുവരും പലപ്പോഴും ഒരു അന്തരം പാലിക്കുന്നുണ്ട്.രൂപത്തിലും ഭാവത്തിലും രണ്ടു വശത്തായി നിലയുറപ്പിക്കുന്നു. പക്ഷേ സ്ത്രീയുടെ ദ്വന്ദ സങ്കല്പത്തെ സവിശേഷമായി അനാവരണം ചെയ്യുകയാണ് ഇവിടെ. ഒന്നിലധികം സ്വത്വങ്ങളെ പേറുന്ന മനുഷ്യരിൽ ഒരാളാവുകയാണ് കാമിയും;ദ്വന്ദ സങ്കല്പം സ്ഥാപിക്ക പെടുമ്പോൾ.
അപര
സ്വന്തം ജീവിതത്തെ പ്രണയം, പ്രതികാരം, തീവ്രമായ അഭിനിവേശങ്ങൾ, അഭിമോഹങ്ങൾ എന്നിവയിലൂടെ പുനർനിർണയിക്കുകയാണ് കാമി. ചിത്രനോടുള്ള തീവ്രമായ പ്രണയവും നിഗൂഢവുമായ ആരാധനയും മാത്രമല്ല കാമിയുടെ വ്യക്തിത്വം, അതിലപ്പുറം തനിക്ക് ഉള്ളിലെ മറ്റൊരാളെ പ്രണയിക്കാൻ അറിയുന്നവൾ കൂടിയാണ്. ആത്മരതിയുടെ ഏറ്റവും ഉന്നതമായ തലങ്ങളിൽ എത്തിച്ചേരുന്നു. തനിക്ക് ഉള്ളിലെ യഥാർത്ഥ കാമിയെ ചിത്രനെകാളേറെ അവൾ പ്രണയിക്കുന്നു, അവളുമായി അഭിരമിക്കുന്നു. ഒരു കവിത പോലെ മനോഹരമാണ് ഈ നോവൽ ഇതേ മനോഹാരിത തന്നെയാണ് ചിത്രനും കാമിക്കും ഉള്ളത്.
ശരീരം പാടേ തളർന്ന കാമിക്ക് ചിലപ്പോഴെങ്കിലും ചിത്രനു തന്നോടുള്ള പ്രണയം സഹതാപത്തിന്റെ ഭാഗമാണോ എന്ന് തോന്നിയിരുന്നു. അവൾ ആഗ്രഹിക്കുന്ന തീവ്രപ്രണയം നൽകാൻ ചിത്രന് സാധിച്ചിരുന്നു. പക്ഷേ ഒരു കുഞ്ഞിനെപ്പോലെ തന്നെ പരിപാലിക്കുന്ന ചിത്രനു മുന്നിൽ താൻ പൂർണ അല്ല എന്ന അപകർഷതാബോധം ചിലപ്പോഴെങ്കിലും കാമിക്ക് ഉണ്ടായിരുന്നു. ചിത്രനു മുന്നിൽ പരിപൂർണ്ണയാവണം എന്നുള്ള ആഗ്രഹമാവാം എണ്ണ കറുപ്പുള്ള ഉറച്ച പാദങ്ങളും ഒരു നർത്തകിയുടെ ചടുലതയും ഉള്ള പുതിയൊരു കാമി അവൾക്കുള്ളിൽ ഉടലെടുത്തത്. ഉള്ളിൽ ഉണ്ടാകുന്ന ഊർജത്തെക്കാൾ അപ്പുറം മറ്റൊന്നിനും സ്വയം പരിപൂർണതയിൽ എത്തിക്കാൻ ആവില്ല. പരാശ്രയമില്ലാതെ കാമി എഴുന്നേൽക്കുന്നതും മർമ്മങ്ങൾ അറിയുന്നതും കാട്ടുപെണ്ണിൽ നിന്നായിരുന്നില്ല. ഉള്ളിൽ ഉടലെടുത്ത പുതിയൊരു രൂപത്തിന്റെ ബാക്കി ആയിരുന്നു അത്. കാമിയെ ചികിത്സിക്കാൻ ചിത്രൻ അവളെ കൊണ്ടുവന്നു എന്നാണ് നോവലിന്റെ ആരംഭത്തിൽ തന്നെ പറയുന്നത്. എന്റെ കൈകാലുകൾ അനങ്ങി കിട്ടാൻ വേണ്ടി അവളെ എന്നിലേക്ക് കൊരുത്തു വിട്ടത് ചിത്രനാണ് “. ചിത്രനു വേണ്ടിയും അവൾക്ക് വേണ്ടിയും ഉള്ളിൽ സ്വയം ഉടലെടുത്ത ആ കാമിയെ ചിത്രൻ ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ചിത്രനിൽ നിന്ന് വിട്ടു മാറി കാമി തനിക്ക് ഉള്ളിലെ അപരയുമൊത്ത് പുതിയൊരു ലോകത്തിൽ വിരാജിച്ചു തുടങ്ങിയിരുന്നു. കാമിയുടെ മർമ്മങ്ങൾ ഓരോന്നോരോന്നായി അഴിച്ചു പണിയുന്നു. ഒന്നു പിഴച്ചാൽ ജീവൻ നഷ്ടപെടാവുന്ന നാഡിയുടെ പുതിയ പാഠങ്ങൾ സ്വയം തിരിച്ചറിയുന്നു. പകുതി ബോധത്തിൽ കാമിയുടെ അരക്കെട്ടിൽ കാട്ടുപെണ്ണ് പച്ചകുത്തുന്നു. പ്രണയത്തിന്റെ എല്ലാ മർമ്മങ്ങളുംപൊട്ടിയൊലിച്ച് ഞാൻ സ്വതന്ത്രയായി എന്റെ പൊക്കിൾ കൊടിക്കു കീഴെ മണ്ണിലേക്ക് ഉറ്റുനോക്കുന്ന നാഗത്തിന് അവളുടെ മുഖച്ഛായ…എന്റെയുടൽ എന്നിട്ട് അവളിലേക്ക് ഇഴഞ്ഞു വരിഞ്ഞു. എന്റെ അരക്കെട്ടിനു ചുറ്റും അവൾ പച്ചകുത്തിയ നാഗം അവളെ വരിഞ്ഞുമുറുക്കി. ഞരമ്പുകളിൽ നിന്ന് പ്രണയത്തിന്റെ വിഷം പകർന്നു കുടിച്ച് ഞങ്ങൾ വിവസ്ത്രരായി തനിക്ക് ഉള്ളിലെ സർപ്പ രൂപത്തെ പുറത്തെടുത്തത് മർമ്മം അറിയുന്ന കാമിയാണെന്ന് അവൾ വിശ്വസിച്ചു. ഉള്ളിലെ ശക്തയായ സ്ത്രീ നാഗത്തെ പുനർജനിപ്പിക്കുകയായിരുന്നു. ചിത്രനിൽ നിന്നും സഹതാപം കൊണ്ട് നിഷേധിക്കപ്പെട്ട രതിയുടെ നനവും സ്വന്തം വിരലുകളിലിൽ നിന്ന് ഒപ്പിയെടുക്കുകയാണ് കാമി. ഉള്ളിലെ ശക്തയായ ആ കാട്ടുപെണ്ണിനോട് ചിത്രനോട് തോന്നിയതിനേക്കാൾ പ്രണയം അവൾക്കു തോന്നുന്നു.
മനുഷ്യന് സ്ഥായിയായ ഒരു വ്യക്തിത്വമേ എല്ലായിപ്പോഴും പുറത്തു കാണിക്കാൻ ആവൂ. ഉള്ളിലുള്ള മറ്റൊരു മുഖത്തെ എല്ലായിപ്പോഴും മറച്ചു പിടിക്കും, അങ്ങനെയല്ലാത്തവരെ സമൂഹം കാലങ്ങളായി സ്ഥിരതയില്ലാത്ത വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു. അവനവനുള്ളിലെ പ്രിയപ്പെട്ടയാളെ ഏകാന്തതയിൽ അവർ ആഴത്തിൽ പുണരും, ആരാധിക്കും, സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും. ഇവിടെ കാമിയും അതുതന്നെ ആവർത്തിക്കുന്നു. ശംഖിനുള്ളിൽ നിന്ന് കുതിച്ചു ചാടാൻ വെമ്പുന്ന മുത്താണ് ഞാൻ എന്നാണ് അവൾ പറയാറ്.
തന്റെ ശരീരത്തെയും ഉള്ളിൽ ഉള്ള ചേതസിനെയും പുനർജീവിപ്പിച്ചത് അവൾ ആയിരുന്നു. പരാശ്രയമില്ലാതെ കാമി എഴുന്നേറ്റു നടക്കുന്നു ചുറ്റുപാടുകളിൽ വാചലയാവുന്നു. ഇതെല്ലാം പുതിയ ഒരുവളുടെ സാമീപ്യം കൊണ്ടായിരുന്നു. തന്നെ ഉണർത്തിയെടുത്ത കരുത്തുറ്റ ആ പെണ്ണിനോട് കാമിക്ക് ശക്തമായ പ്രണയവും ഉടലെടുക്കുന്നു.
പരിപൂർണ്ണ ആവണമെന്ന് കാമി ആഗ്രഹിച്ചത്. ചിത്രനും കൂടി വേണ്ടിയായിരുന്നു. പക്ഷേ ചിത്രൻ അത് ആഗ്രഹിക്കുന്നില്ലെന്ന് കാമിക്ക് പലപ്പോഴായി ബോധ്യപ്പെടുന്നുണ്ട്. ഞാൻ ആ തളർച്ച മാറി എണീക്കണം എന്ന് ചിത്രൻ ആഗ്രഹിച്ചിരുന്നോ എന്നറിയില്ല . “നീ എണീറ്റ് നടന്നാൽ അങ്ങ് പോയ്പോവില്ലേ വല്ല സാഹിത്യ സമ്മേളനങ്ങൾക്കൊ സെമിനാറിനോ ഒക്കെ എന്നിട്ട് ചിത്രൻ ഉറക്കെയുറക്കെ ചിരിക്കും ” പ്രത്യക്ഷത്തിൽ ചിത്രൻ അവൾക്കു വേണ്ടി ജീവിക്കുന്നു. പക്ഷേ കാമി സ്വതന്ത്രയാവണം എന്ന് ചിത്രൻ പലപ്പോഴും ആഗ്രഹിച്ചിരുന്നില്ല. കാമിക്കുള്ളിൽ ഉയർന്നുവന്ന ആ അഗ്നിയെ ചിത്രൻ ഇല്ലാതാക്കുന്നു. സ്വയം ഉരുതിരിഞ്ഞ ആ ഊർജത്തെ നിഷ്കരുണം ചിത്രൻ അവസാനിപ്പിക്കുന്നു. അവളെ ചലിപ്പിച്ച ആ തേജസിനെ ഇല്ലായ്മ ചെയ്തുകൊണ്ട് അവൾക്കുള്ളിലെ ആ അപരയെ ചിത്രൻ തുടച്ചു നീക്കുന്നു. ദ്വന്ദമായി നിലനിന്നിരുന്ന കാമിയിൽ പ്രതികാരത്തിന്റെ പുതിയ ഒരു ഭാവം ഉടലെടുക്കുന്നു.
ഒരിക്കൽ കാട്ടുപെണ്ണ് കാമിയോട് ചിത്രനെ കൊല്ലാനുള്ള ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അവിടെ നിന്നാണ് ആദ്യമായി പരിപൂർണ്ണമായും തന്നെ പ്രണയിച്ചിരുന്ന ചിത്രന്റെ മരണത്തെപ്പറ്റി കാമി ആലോചിക്കുന്നത്. അവൾ മരിച്ചത് അല്ലാ ചിത്രന്റെ കയ്യിലൂടെ. അതായത്. ചിത്രൻ അവളെ കൊന്നു അതും അറിയാതെ
“ചിത്രൻ കൊന്നു അവളെ.. എന്റെ പേരുള്ള അവളെ ”
ഇങ്ങനെ ചിത്രനോടുള്ള പക കാമി പോലുമറിയാതെഉള്ളിൽ കൂടുന്നുണ്ടായിരുന്നു. ചിത്രൻ അവളെ കൊന്നതിന് ഒറ്റു കാരിയായി നിലകൊണ്ടത് താനാണെന്ന് കാമി സ്വയം വിശ്വസിച്ചു. ചിത്രന്റെ ഏറ്റുപറച്ചിലുകൾ കാമിക്ക് തമാശ മാത്രമായിരുന്നു. കാമിയുടെ പൊത്തുകൾ അടച്ചു കളഞ്ഞ, അവളുടെ വേഗങ്ങൾക്ക് കൊളുത്തിട്ട് ഉള്ളിലെ പ്രണയത്തെ കൊന്നുകളഞ്ഞ ചിത്രനെ ഒരു സർപ്പത്തെപ്പോലെ മർമ്മത്തിൽ ചുഴിഞ്ഞ് ഇല്ലാതാക്കി അവൾ . ലോകത്തെ എല്ലാ പ്രണയങ്ങളെയും വെല്ലുന്ന പുഞ്ചിരിയോടു കൂടി കാമി ചിത്രനെ കൊന്നു.
ദ്വന്ദം എന്ന സങ്കല്പത്തെ എഴുത്തുകാരി ഇവിടെ ഊട്ടിയുറപ്പിക്കുകയാണ്. ഇരുവരും ഒന്നാണെന്ന് ഒരു പുനർ വായനയിലൂടെ വായനക്കാർക്ക് വ്യക്തമാക്കുന്നു. അതിന് എഴുത്തുകാരി തന്നെ ചിലപ്പോൾ സൂചനകൾ നൽകുന്നു. മരണപ്പെട്ടത് ഞാൻ തന്നെയാണ് എനിക്ക് നടക്കാൻ കഴിയുന്നില്ല. ഇപ്പോഴാണ് ശരിക്കും കൈകാലുകൾ തളരുന്നത് എന്റെ ഓർമ്മകൾ പിണഞ്ഞു പോകുന്നുണ്ട്.. മരണപെട്ടവൾ എന്റെ മുൻപിൽ . ചിത്രൻ അവളെ കൊന്നപ്പോൾ ഇല്ലാതായത് കാമിയാണെന്ന് അവൾ സ്വയം ഓർക്കുന്നു. അവളെ ഞാൻ ഒറ്റിക്കൊടുത്തു ഞാൻ എന്നെത്തന്നെ ഒറ്റിക്കൊടുത്തു . ഉള്ളിലെ വെളിച്ചത്തെ മറ്റൊരാളായി കണ്ട് കാമി അവളെ പ്രണയിച്ചു. അവളുടെ നഷ്ടത്തിൽ സ്വബോധം കൈവെടിഞ്ഞു. ഇങ്ങനെ ദ്വന്ദം എന്ന സങ്കൽപ്പത്തെ മനോഹരമായി വായനക്കാർക്ക് ചിന്തക്ക് ഇടമൊരുക്കി കൊണ്ട് ആവിഷ്കരിച്ചിരിക്കുകയാണ് രോഷ്നി സ്വപ്ന.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.