പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്സൻ ദേവസി
രണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു കോട്ടയെക്കാളും ഉയരമുള്ള ഒരു നിർമ്മിതിയാണ് തങ്കശ്ശേരിയുടെ എന്നാണ് ആകെ അവശേഷിക്കുന്ന ഒരു കെട്ടിടത്തിൽ നിന്നും മനസ്സിലാക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കേരളത്തിന്റെ മധ്യകാലഘട്ടം യൂറോപ്യൻ കൊളോണിയൽ ശക്തികൾ തങ്ങളുടെ മേൽക്കോയ്മക്കായി നടത്തിയ ഒരു നിര പോരാട്ടങ്ങളുമായി ഇടകലർന്നതാണ്. ലോകത്തിന്റെ മറ്റേതൊരു ഭാഗത്തെയും പോലെ, ഏഷ്യയുടെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന നമ്മുടെ കേരളവും, ഈ വൈദേശിക ശക്തികളുടെ കച്ചവടത്തിനും, യുദ്ധങ്ങൾക്കും മേൽ നടത്തിക്കൂട്ടിയ പല സംഭവങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. 1498-ൽ പോർച്ചുഗീസ് അഡ്മിറലായ വാസ്‌കോഡ ഗാമയുടെ വരവോടെയാണ് മധ്യകാല കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ദീർഘമായ കപ്പൽയാത്രയ്ക്ക് ശേഷം അദ്ദേഹം ഈ കരയിലെ ഏറ്റവും സമ്പന്നവും സുരക്ഷിതവുമായ കോഴിക്കോട് തുറമുഖത്ത് എത്തി. ഇവിടെ അദ്ദേഹം ഒരുപാട് അപരിഷ്‌കൃതമായ കലഹങ്ങൾ ചെയ്തുകൂട്ടി. ഒടുവിൽ ഇതു സാമൂതിരി രാജാവുമായുള്ള ഒരു തുറന്ന യുദ്ധത്തിനു വഴിവെക്കുകയാണുണ്ടായത്. ചാലിയം, കല്ലായി, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ നിരവധി ആക്രമണങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ശേഷം, സാമൂതിരി സൈന്യം ഇവരെ പാടെ പിന്തിരിപ്പിച്ച് കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് തുരത്തുകയുണ്ടായി. വാസ്കോയ്ക്ക് ശേക്ഷം വന്ന പലരുമായി ചർച്ചകൾ നടന്നുവെങ്കിലും ഒന്നും തന്നെ ഇരു ശക്തികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഉതകിയില്ല. പറങ്കികളും സാമൂതിരിയും തമ്മിലുള്ള ഉടമ്പടികളുടെ നിരന്തരമായ ലംഘനങ്ങളും, അതു തുടർന്നുണ്ടാക്കുന്ന യുദ്ധങ്ങളാലും നിറഞ്ഞിരിക്കുന്ന അന്തരീക്ഷത്തിലാണ്, ഒരു പുതിയ യൂറോപ്യൻ ശക്തി ഇവിടേക്ക് കടന്നുവരുന്നത്. അവരായിരുന്നു VOC കമ്പനി അല്ലെങ്കിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി. നാട്ടുരാജ്യങ്ങളും പറങ്കികളും തമ്മിൽ നടക്കുന്ന ഈ യുദ്ധത്തിൽ പറങ്കികൾക്കെതിരെ ആയുധമായും, ആളായും സഹായം നൽകിയതിലൂടെ ഡച്ചുക്കാർക്ക് നാട്ടുരാജ്യങ്ങൾക്കിടയിൽ നല്ലൊരു സ്ഥാനം ലഭിച്ചു. ലിസ്ബണിലെ പോർട്ടിൽ നിന്നും തുടങ്ങിവെച്ച ഇരുവരുടെയും ജന്മവിരോധം, പറങ്കികളുടെ നാളുകളായുള്ള ക്രൂരതകൾ ഏറ്റുവാങ്ങിയ നാട്ടുരാജ്യങ്ങൾക്ക് ഒരു ആശ്വാസമായിരുന്നു. ഇവാൻ റിക്ക്ലോഫ് പോലുള്ള കഴിവുറ്റ ഡച്ചു നായകർക്കു കീഴിൽ സിലോൺ, കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂർ എന്നിങ്ങനെ പറങ്കി താവളങ്ങൾ ഒന്നൊന്നായി ആക്രമണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ശക്തമായ ഡച്ച് പീരങ്കികൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഒന്നിനു പുറകെ ഒന്നായി, ഓരോ പറങ്കി കേന്ദ്രങ്ങളും കീഴടങ്ങികൊണ്ടിരുന്നു. ഇങ്ങനെയൊരു പോരാട്ടത്തിലാണ് സെന്റ് തോമസ് കോട്ടയുടെ യജമാനത്വം ഡച്ചുകാരിലേക്ക് കൈമാറുന്നതും.
ശരിക്കും പറഞ്ഞാൽ പോർട്ടുഗീസ് ചരിത്രത്തിന്റെ സുവർണ്ണക്കാലയളവായ 1518 ലാണ് സെന്റ് തോമസ് കോട്ട നിർമ്മിക്കപ്പെടുന്നത്. തങ്കശ്ശേരി തീരത്തിനു സമീപം അറബികടലിനോട് ചേർന്ന് ഇന്നത്തെ കൊല്ലത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഈ ശക്തികേന്ദ്രത്തിന്റെ നിർമ്മാണത്തിനു പിന്നിലുള്ള ബുദ്ധി ആദ്യ ഡ്യൂക്ക് ഓഫ് ഗോവ എന്നറിയപ്പെടുന്ന, അൽഫോൻസോ ഡി അൽബുക്കർക്ക് എന്ന പറങ്കിത്തലവന്റേതായിരുന്നു. ഇദ്ധേഹം നീണ്ട ആറു വർഷം, പോർട്ടുഗീസ് ജനറൽ, വൈസ്രോയി തുടങ്ങീയ പദവികളിൽ ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനായി പറങ്കികൾ ആദ്യമായി ചെയ്തത്, നാട്ടുരാജ്യവുമായി പങ്കുച്ചേർന്ന് കൊല്ലത്ത് 1505 ൽ ഒരു പാണ്ടികശ്ശാല തുടങ്ങുകയായിരുന്നു. ശേക്ഷം തങ്ങളുടെ കച്ചവടം സുഗമമായി നടക്കാനും, സാമഗ്രികളുടെ സുരക്ഷക്കുമായി ഒരു കോട്ട അത്യാവശ്യമാണെന്ന് അൽബുക്കർത്ത് അധികാരികളെ അറിയിക്കുകയുണ്ടായി. ഈ തീരുമാനത്തെ പ്രദേശവാസികൾ എതിർത്തെങ്കിലും, അതെല്ലാം മറിക്കടന്ന് കൊല്ലം റാണിയുടെ അനുവാദത്തോടെ 1516 ൽ പുതിയതായി നിയമിതനായ പോർട്ടുഗീസ് ക്യാപ്റ്റൻ റോഡ്രിഗസിന്റെ കീഴിൽ കോട്ടയുടെ നിർമ്മാണം ആരംഭിച്ചു. രണ്ടു വർഷം കൊണ്ട് 1518ൽ സെന്റ് തോമസ് കോട്ടയുടെ നിർമ്മാണം പൂർത്തിയായി. 20 അടി ഉയരത്തിൽ, 8 കൊത്തളങ്ങളും, വലിയ ഇടനാഴികളുമടങ്ങിയതായിരുന്നു ഈ ഭീമൻ കോട്ട. റാണിയുമായി തീർത്ത കച്ചവടക്കരാർ നിലവിലിരുന്നെങ്കിലും, കമ്പനിക്കാവശ്യമായ ചരക്കുകൾ എത്തിച്ചു നൽകാൻ കൊട്ടാരം അധികാരികൾക്കായില്ല. മറ്റു വിദേശ കച്ചവടസംഘങ്ങൾ നൽകുന്നതിലും വളരെ കുറവ് തുകയാണ് ചരക്കുകൾക്ക് പറങ്കികൾ നൽകിയിരുന്നത്. ഇതിനാൽ തന്നെ, നാട്ടിലെ കച്ചവടക്കാർ പറങ്കികൾക്ക് ചരക്കുകൾ നൽകുവാൻ മടിച്ചു. ഇതു രംഗം കൂടുതൽ വഷളാക്കുകയാണുണ്ടായത്. ഇത്തരമൊരു അവസ്ഥയിൽ, സെന്റ് തോമസ് കോട്ടയുടെ ക്യാപ്റ്റനായ റോഡ്രിഗസ് ഒരിക്കൽ ആര്യങ്കാവ് വഴി കൊല്ലത്തേക്ക് കൊണ്ടുവന്ന കുറെ ചരക്കുകൾ പിടികൂടുവാൻ തന്റെ സൈന്യത്തിന് ഉത്തരവ് നൽകി. ഈ ധിക്കാരപരമായ നടപടിയിൽ പ്രതിക്ഷേധിച്ച് സ്ഥലത്തെ ഒരു കൂട്ടം പ്രധാന അധികാരികളായ ഉണ്ണ്യേരി പിള്ള, ബാലൻ പിള്ള, കൊല്ലം കുറുപ്പ് തുടങ്ങീയവർ പ്രദേശവാസികളുടെ സഹായത്തോടെ, തങ്കശ്ശേരി കോട്ടയ്ക്ക് ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ധാരാളം പറങ്കികളെ കീഴ്പ്പെടുത്തുകയുമുണ്ടായി. ഈ യുദ്ധത്തിൽ ഒട്ടനവധി കമ്പനി പട്ടാളക്കാർ മരിക്കുകയും, കുറെപ്പേർ തടവിലാക്കുകയും ചെയ്തു. കൊച്ചിയിൽ നിന്നും കൂടുതൽ പോഷകസേന എത്തിയതിനു ശേഷമാണ് പ്രസ്തുത കോട്ട പറങ്കികൾ തിരിച്ചുപിടിക്കുന്നതും, ബദ്ധനസ്ഥരായവരെ മോചിപ്പിക്കുന്നതും.
ഈ സംഭവത്തിനു ശേക്ഷം 1520 മുതൽ 1658 വരെ വലിയ കുഴപ്പങ്ങളില്ലാതെ കാര്യങ്ങൾ നടന്നുവരുന്നതിനിടയിലാണ്, ഡച്ചു ക്യാപ്റ്റൻ റിക്ക്ലോഫ് വാൻ ഗോൻസിന്റെ നേത്യത്വത്തിൽ ശക്തമായൊരു പീരങ്കിപ്പട തങ്കശ്ശേരി കടൽതീരത്ത് പ്രത്യക്ഷപ്പെടുന്നത്. മുകളിൽ പറഞ്ഞപോലെ പറങ്കികൾക്കും – ലന്തക്കാർക്കും ഇടയിലുള്ള ജന്മശത്രുത പുതിയ ഒരു നിര യുദ്ധങ്ങൾക്ക് കേരളത്തിൽ തുടക്കമിടുകയായിരുന്നു. ഈ യുദ്ധത്തിൽ കൊല്ലം റാണി കടൽതീരത്ത് അണിനിരത്തിയ സ്വദേശിസൈന്യത്തെ നിഷ്പ്രയാസം മറിക്കടന്ന ഡച്ചുപ്പട പ്രധാന കൊട്ടാരം കീഴടക്കി. ഇതിനു ശേക്ഷം, റിക്ക്ലോഫ് വാൻ ഗോൻസ് കൊട്ടാരത്തിന് തീയിടാനും സെന്റ് തോമസ് കോട്ട നശിപ്പിക്കാനും ഉത്തരവ് നൽകി. ശേക്ഷം എല്ലായിടത്തും ചെയ്തപ്പോലെ തകർത്ത കോട്ട വീണ്ടും ഡച്ചു മാത്യകയിൽ പുതുക്കിപണിയുകയാണ് ലന്തക്കാർ ചെയ്തത്. ഇവിടം കൊണ്ടും എല്ലാം ശാന്തമായെന്നു കരുതാനാവില്ല, കാരണം മറ്റൊരു കൂട്ടം നീണ്ട യുദ്ധങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു ഇതും. എന്തായാലും മലബാർ തീരത്തെ പറങ്കിവാഴ്ച്ചയുടെ അന്ത്യമാണ് ഇവിടെ തുടങ്ങിയത്. ക്രമേണ തങ്ങളുടെ കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിൽ നിന്നും പിൻവാങ്ങാൻ പറങ്കികൾ നിർബദ്ധിതരായി. തങ്ങളുടെ കേരളത്തിലെ അധികാരത്തിന്റെ ശവപ്പെട്ടിയിൽ തറച്ച ആദ്യ ആണിയായിരുന്നു തങ്കശ്ശേരി യുദ്ധം. എന്തായാലും പുതിയതായി തീരമണഞ്ഞ യുറോപ്യൻ ശക്തിയായ ഡച്ചുകാർ നാട്ടുരാജ്യങ്ങളുമായി ചേർന്നുകൊണ്ട് തങ്ങളുടെ കച്ചവടം ആരംഭിച്ചു. പറങ്കികളെ അപേക്ഷിച്ച് കടൽവ്യാപാരത്തിലും മറ്റും വളരെ സത്യസദ്ധരും, മാന്യരുമായിരുന്നു ഡച്ചുകാർ. നാട്ടുഭരണാധികാരികളുടെ വിശ്വാസം പിടിച്ചുപറ്റിയ ഇവർ അതിവേഗം അവരുമായി കച്ചവടക്കരാറുകൾ ഒപ്പുവെച്ചു. ചെറിയ നാട്ടുരാജ്യങ്ങളായ തെക്കുംകൂർ, വടക്കുംകൂർ, ഓടനാട്, അമ്പലപ്പുഴ തുടങ്ങി വലിയ ശക്തികളായ കൊച്ചീരാജ്യം വരെ ഡച്ചുക്കാരെ തങ്ങളുടെ വിശ്വാസ്തരും, ബഹുമാനിതരുമായ കച്ചവട പങ്കാളികളായി കണ്ടു. ഈ നാട്ടുരാജ്യങ്ങൾക്ക് വേണ്ട സമയത്ത് സൈനീകസഹായം നൽകുവാനും ഡച്ചുകാർ തയ്യാറായിരുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെ സുഗമമായി സമാധാനത്തിൽ പോകുന്ന സമയത്ത്, തെക്കേയറ്റത്തുള്ള ഒരു നാട്ടുരാജ്യമായ വേണാടിന്റെ പൊടുന്നനെയുള്ള തിരുവിതാംകൂർ എന്ന ശക്തമായ രാജ്യമായുള്ള കടന്നുവരവ് കാര്യങ്ങൾ കൂടുതൽ വഷളാക്കി. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മികവുറ്റ ഭരണത്തിൻ കീഴിൽ തിരുവിതാംകൂർ തങ്ങളുടെ രാജ്യവിസ്തൃതി അനുദിനം കൂട്ടിക്കൊണ്ടിരുന്നു. പുതിയതായി എത്തിച്ചേർന്ന വൈദേശിക ശക്തിയായ ബ്രിട്ടീഷുക്കാരുടെ പിന്തുണയും രാജാവിനുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ തുടർന്നുപോന്ന സൈനീകനടപടികളിൽ പ്രകോപിതരായ നാട്ടുരാജ്യങ്ങൾ ഒന്നായി തിരുവിതാംകൂറിനെതിരെ ഒരു തുറന്ന യുദ്ധത്തിന് വഴിവെച്ചു. ഇതിനിടയിൽ സംഖ്യകക്ഷികളുടെ അഭ്യർത്ഥനയാൽ, കാര്യങ്ങൾക്കൊരു തീരുമാനം വരുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഡച്ചു മേധാവികൾ മാർത്താണ്ഡവർമ്മയുമായി ചർച്ചയ്ക്കിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഈ അതിർത്തി പ്രശ്നങ്ങളെ തുടർന്ന്, ഡച്ചുസൈന്യം 1739 ൽ കൊല്ലത്ത് നിലയുറപ്പിച്ച തിരുവിതാംകൂർ സൈന്യത്തെ ആക്രമിച്ചു. നല്ലൊരു ശതമാനം തിരുവിതാംകൂർ സേനത്തെ തകർത്ത ഡച്ചുകാർ അവരുടെ 16 ഓളം പീരങ്കികളും കൈവശപ്പെടുത്തി. പക്ഷേ പോഷകസേനയുടെ കുറവും, അവരുടെ വരവിനെക്കുറിച്ചുള്ള വാർത്തകളുടെ അറിവില്ലായ്മയും 1741 ൽ നടന്ന കുളച്ചൽ യുദ്ധത്തിൽ ഡച്ചുസൈന്യത്തിന് പരാജയം നൽകി. ഈ യുദ്ധത്തിൽ കീഴടങ്ങിയ ഡച്ചു ക്യാപ്റ്റൻ യൂഷ്താവൂസ് ഡിലനോയി, മഹാരാജാവുമായി സഖ്യത്തിലാവുകയും തിരുവിതാംകൂർ സേനയെ യൂറോപ്യൻ മാതൃകയിലും അച്ചടക്കത്തിലും പരിശീലിപ്പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. മഹാരാജാവിന്റെയും ക്യാപ്റ്റന്റെയും പരോപകരമായ പെരുമാറ്റം നല്ലൊരു സൗഹ്യദത്തിലേക്ക് നയിക്കുകയും, അതു തിരുവിതാംകൂറിനു തങ്ങളുടെ ശത്രുരാജ്യങ്ങളായ അമ്പലപ്പുഴയും, കായംകുളവും കൂട്ടിച്ചേർക്കുന്നതിൽ, ഡിലനോയുടെ മേൽനോട്ടത്തിൽ നയിച്ച സൈന്യം കൊണ്ടെത്തിക്കുകയും ചെയ്തു. ശേക്ഷം മഹാരാജാവ് ഡിലനോയെ വലിയകപ്പിത്താൻ എന്ന പദവി നൽകി ആദരിക്കുകയും ചെയ്തു.
തിരുവിതാംകൂർ – ഡച്ച് യുദ്ധങ്ങളിലേക്ക് തിരിച്ചുവരുമ്പോൾ, തൊട്ടടുത്ത വർഷം 1742 ൽ മാർത്താണ്ഡവർമ്മ രാജാവ് തന്റെ 10000 കലാൾപ്പടയും, തോക്കുകാരുമായി സെന്റ് തോമസ് കോട്ടയെ ആക്രമിക്കുന്നത് കാണാം. ഈ സമയം കോട്ടയുടെ അധികാരി കമാൻഡറായ വാൻ ഗൊല്ലൻസായിരുന്നു. കൊല്ലത്തെ പ്രഭുവായ അച്യുതവാര്യരുടെ കലാൾപ്പടയോടെ ശക്തമായൊരു പ്രതിരോധവുമായാണ് വാൻ ഗൊല്ലൻസ് കോട്ടയിൽ നിലയുറപ്പിച്ചത്. ഈ സഖ്യസേന തിരുവിതാംകൂർ സേനയെ തോൽപ്പിച്ചു തിരിച്ചോടിക്കുകയും, അവരുടെ 6000 ത്തോളം പോരുന്ന സൈന്യത്തെ വധിക്കുകയും ചെയ്തു. പക്ഷേ ഈ വിജയത്തിനു ശേക്ഷവും വാൻ ഗൊല്ലൻസിന്റെ മനസ്റ്റ്, സിലോണിൽ നിന്നും കൊല്ലത്തേക്ക് യാത്രതിരിക്കുമെന്ന് പറഞ്ഞ ഇവാൻ ഇംമ്നോഫിന്റെ കീഴിലുള്ള പോക്ഷകസൈന്യത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിൽ ആകെ പരിഭ്യാന്തമായിരുന്നു. സെന്റ് തോമസ് കോട്ടയുടെ പ്രതിരോധശക്തിയിൽ അളവുറ്റ പ്രതീക്ഷയുണ്ടെങ്കിലും, പോഷകസേന എത്തിയില്ലെങ്കിൽ അതിന്റെ ഭാവി എന്തായിത്തീരുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ഭയന്നപ്പോലെ തന്നെ, ഇപ്പോഴും പുറപ്പെട്ടിട്ടില്ലാത്ത ഡച്ചുസേനയുടെ വിവരമറിഞ്ഞ മാർത്താണ്ഡവർമ്മ, ഒട്ടും അമാന്തിക്കാതെ തന്റെ സൈന്യത്തെ തയ്യാറാക്കി ശത്രുരാജ്യങ്ങൾക്ക് എതിരെ പടനയിച്ചു. ഇതു അറിഞ്ഞയുടൻ തന്നെ നാട്ടുരാജ്യങ്ങളായ കായംകുളവും, കൊല്ലവും 1742 ൽ മന്നാറിൽ വെച്ച് തിരുവിതാംകൂറിനോട് സദ്ധിചെയ്തു. ഈ സമയവും തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള തീരുമാനത്തിലുറച്ച് വാൻ ഗൊല്ലൻസ് നിലകൊണ്ടെങ്കിലും, പോഷകസേനയെക്കുറിച്ച് സിലോണിൽ നിന്നോ, ബത്തേവിയായിൽ നിന്നോ ഒരു വിവരവും ലഭിക്കാത്തതിൽ ആ ശ്രമം ഫലവത്താക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്തായാലും ഏതാനും ദിവസങ്ങൾക്കു ശേഷം വാൻ ഗോല്ലൻസ് തന്റെ അധികാരത്തിൽ നിന്നും തിരിച്ചുവിളിക്കപ്പെടുകയും, പകരം പുതിയ മേധാവിയായി ജനറൽ റിനിഷസ് സിയേർസ്മ നിയമിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹം മാർത്താണ്ഡവർമ്മയും – ഡച്ചു കമ്പനിയും തമ്മിൽ പൂർവ്വക്കാലങ്ങളിൽ നടന്ന പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുകയും, രാജാവുമായി ഒരു സൗഹ്യദ ഉടമ്പടിയിൽ എത്തിച്ചേരുകയുമുണ്ടായി.
മഹാരാജാവ് മാർത്താണ്ഡവർമ്മ, ശേഷിച്ച ശത്രുരാജ്യങ്ങളുടെ കീഴടക്കൽ പൂർത്തീകരിക്കാനായി തന്റെ സൈനീക പര്യടനം തുടർന്നുകൊണ്ടേയിരുന്നു. ഈ പടയോട്ടത്തിൽ ഒന്നിനു പുറകേ ഒന്നായി 1746 ൽ കായംകുളവും, 1749 ൽ തെക്കുംകൂറും 1750 ൽ വടക്കുംകൂറും പൂർണ്ണമായി തിരുവിതാംകൂറിനു മുന്നിൽ കീഴടങ്ങുകയും, രാജ്യത്തിന്റെ ഭാഗമാക്കപ്പെടുകയും ചെയ്തു. ഒരിക്കൽകൂടി ഡച്ചുകാർ 1753 ൽ തിരുവിതാംകൂറിനോട് കലഹത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന രാജകുമാരൻമാർക്ക് സൈനീകസഹായം നൽകിയെങ്കിലും, ഇതു തിരുവിതാംകൂറിന് വീണ്ടുമൊരു വിജയം നൽകുന്ന മവേലിക്കര സദ്ധിയിൽ കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുക മാത്രമാണ് ചെയ്തത്. ഈ സദ്ധിയിൽ ഇനി മേലാൽ നാട്ടുരാജ്യങ്ങളുമായുള്ള തങ്ങളുടെ സഹകരണം ഒഴിവാക്കുമെന്നും, തിരുവിതാംകൂർ കാര്യങ്ങളിൽ ഇടപെടില്ലെന്നും ഡച്ചുകാർ ഉറപ്പ് നൽകി. ഈ സദ്ധി നിലനില്ക്കുന്ന കാലയളവിൽ അമ്പലപ്പുഴ, തെക്കുംകൂർ, വടക്കുംകൂർ രാജങ്ങളിലെ ഒളിവിൽ പോയ രാജകുമാരൻമാർ 1753 ൽ വീണ്ടുമൊരു കലാപത്തിന് തുടക്കമിട്ടു. ഇവർക്ക് ഡച്ചു കമ്പനിയും, കൊച്ചിരാജാവും സഹായം ഉറപ്പ് നൽകി. ഈ സംയുക്ത സൈന്യം ഇതേ വർഷം തിരുവിതാംകൂറിന്റെ പുറക്കാട്ട് പ്രദേശം കീഴടക്കി. പ്രാരംഭഘട്ടത്തിൽ ചെറിയ ചെറിയ വിജയങ്ങളോടെ സേന മുന്നേറിയെങ്കിലും.., രാമവർമ്മ കുമാരനും, രാമയ്യൻ ദളവയും, ഡിലനോയും തീർത്ത ശക്തമായ കൂട്ടുകെട്ടിനു മുന്നിൽ 1754 ലെ അനന്ദേശ്വാരം യുദ്ധത്തിൽ സംയുക്തസൈന്യം പാടെ തകർക്കപ്പെട്ടു. പിൻവാങ്ങിയ സൈന്യത്തെ അമ്പലപ്പുഴയിൽ വെച്ചു നടന്ന മറ്റൊരു യുദ്ധത്തിൽ പൂർണ്ണമായി കശാപ്പ് ചെയ്യപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പടനായകനായ ഇടിക്കേള മേനോൻ അടക്കം ഒട്ടനവധി രാജപ്രമാണിമാർ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു. തിരുവിതാംകൂർ സേന, കൊച്ചിയുടെ പ്രദേശങ്ങൾ കീഴടക്കി തങ്ങളുടെ രാജ്യാതിർത്തി അരുവിക്കുറ്റിവരെ നീട്ടി, 1757 ൽ കൊച്ചിരാജാവിനെ സമാധാന സദ്ധിയിൽ കൊണ്ടെത്തിക്കുന്നതുവരെ പടയോട്ടം തുടർന്നുകൊണ്ടിരുന്നു. രക്തരൂഷിതമായ ഈ യുദ്ധം, തിരുവിതാംകൂറിനു തങ്ങളുടെ അധികാരം കേരളത്തിന്റെ പകുതിയോളം വ്യാപിപ്പിക്കുവാനും, ഡച്ചുക്കാർക്ക് ഒരു കാലത്ത് സ്വന്തമായിരുന്ന തങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത ശക്തി ക്ഷയിക്കുവാനുമാണ് ഇടവരുത്തിയത്.
സെന്റ് തോമസ് കോട്ട 1795 ൽ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തുന്നത് വരെ, ഉടമ്പടികളോടെ ഡച്ചുകാർക്കു കീഴിലായിരുന്നു. 1809 ൽ ഇതേ തങ്കശ്ശേരി തീരവും, കോട്ടയും തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പി ബ്രിട്ടീഷ് കമ്പനിക്കെതിരെ നയിച്ച മറ്റൊരു പോരാട്ടത്തിനും വേദിയായിട്ടുണ്ട്. ഈ പോരാട്ടത്തെ വിജയകരമായി കീഴടക്കിയ ബ്രിട്ടീഷ് കമ്പനി, തിരുവിതാംകൂറിനെ പുതിയൊരു കൊളോണിയൽ ഭരണത്തിന് കീഴിലാക്കി.1823-ൽ, ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് തിരുവിതാംകൂറിന് ഇരുപത് വർഷത്തേക്ക് പാട്ടത്തിന് നൽകിയതാണ് കോട്ടയുമായി ബദ്ധപ്പെട്ട അവസാന കൈമാറ്റം.നിലവിൽ, സെന്റ് തോമസ് കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു സംരക്ഷിത സ്മാരകമാണ്. കോട്ടയുടെ ഒരു ചെറിയ ഭാഗമേ ഇന്ന് നിലവിലുള്ളു. സെന്റ് തോമസ് കോട്ടയുടെ സംഭവബഹുലമായ ചരിത്രം ഓർത്തെടുക്കാൻ നിരവധി സന്ദർശകരും ചരിത്രപ്രേമികളും ഇവിടെ പതിവായി സന്ദർശിക്കാറുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.