ആണി

1
786
Jinsha Ganga

കഥ
ജിൻഷ ഗംഗ

മഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും ഇപ്പൊ ഇല്ല എന്നാലും, പണ്ട് തൊട്ടേ ശീലിച്ച വൈകിട്ടത്തെ തോട്ടില് പോക്കും കുളിയുമൊന്നും മാറ്റാൻ ഇപ്പഴും ചില പെണ്ണുങ്ങക്ക് കഴിഞ്ഞിട്ടില്ല. ആണിത്തോട്ടില് വെള്ളം കേറിയാല് സ്ഥിരം പോകുന്ന തോട് വരെ നടക്കാനുള്ള ദൂരം കുറഞ്ഞു കിട്ടും എന്നുള്ള ആശ്വാസം അവർക്ക് ചില്ലറയല്ല.

അലക്കാനുള്ള പെണ്ണുങ്ങക്ക് മാത്രല്ല, പിള്ളേർക്കും ആണിയില് വെള്ളം കേറുന്നത് വല്ല്യ കാര്യമാണ്. മഴക്കാലായാല് പിള്ളേരെ വലിയതോട്ടിന്റെ പരിസരത്തോട്ട് ആരും വിടൂല. മലവെള്ളം എപ്പഴാ കുത്തിയൊലിച്ചു വരുവാന്ന് ആർക്കും പറയാൻ പറ്റൂല.. ” അയിലെങ്ങാനും ഒലിച്ചുപോയാല് പിന്ന വളപ്പട്ടണം പോയേലേ നിങ്ങള് പൊന്തൂലൂ.. ” തോട്ടില് നീന്താൻ പോന്ന പിള്ളേരോട് അമ്മമാര് പറയും.

ആണിത്തോട്ടില് വെള്ളം ഉണ്ടെങ്കില് പിള്ളേർക്ക് സുഖായി നീന്താം. ആരും തടയൂല. അതോണ്ട് മഴക്കാലം തൊടങ്ങിയാല് ചെറിയ പിള്ളേര് കോട്ടത്തേക്ക് നേർച്ച കൊടുക്കും ” ഇല്ലത്തിന്റെ തായത്തെ ആണീല് വെള്ളം കേറിയാ അഞ്ചുറുപ്യ കോട്ടത്തെ കുടുക്കേല് ഇടാം “. കാര്യം നടന്നാല് നേർച്ചയൊക്കെ അവര് മറന്നു പോകുമെങ്കിലും, കോട്ടത്തെ വേട്ടക്കൊരുമകൻ അവരോട് ദേഷ്യമൊന്നും കാണിക്കില്ല.

ഏതായാലും ഇന്നലെ നല്ല മഴ പെയ്തതുകൊണ്ട് ആണിയില് ആവശ്യത്തിന് വെള്ളമുണ്ട്. തലേന്നത്തെ മഴയില് മുറ്റം നെറയെ ഊണ്ടുകൂടിയ ചളി കൈക്കോട്ടു കൊണ്ട് വലിച്ചു നീക്കുകയായിരുന്നു പത്മിനി. ” ഏണെ പപ്പീ, ആണീല് വെള്ളം കേറീന് പോലും, അലക്കാൻ ബെരുന്നാ…? ” രണ്ട് ബക്കറ്റ് നെറയെ തുണിയും കൊണ്ട് കവുങ്ങിൻതോട്ടത്തിലേക്ക് കീയുന്ന കീച്ചലിലാണ് സരോജിനി ചോദിച്ചത്.

” നീ നടന്നോ, ഞാനിപ്പം വരാ ” പത്മിനി അതും പറഞ്ഞുകൊണ്ട് ചളി നീക്കല് തുടർന്നു.

പറശ്ശിനീലെ ചായ പോലെണ്ടല്ലപ്പാ ഈ വെള്ളം എന്നൊരു ആത്മഗതത്തോടെയാണ് സരോജിനി ആണീലേക്ക് കീഞ്ഞത്. തുണി മൊത്തം വെള്ളത്തിലൊന്നു മുക്കിയെടുത്ത് അടുത്തുള്ള ഒരു കല്ലിന്റെ മോളിലേക്ക് ഓരോന്നായി മാറ്റിയിട്ടു.

” അല്ലാണെ ഈട ആക രണ്ട് കല്ലല്ലേ ഇള്ളൂ.. ഞാനിനി എടന്നാ അലക്കണ്ട്…? ” പത്മിനീടെ കയ്യിലും രണ്ട് ബക്കറ്റ് നിറയെ തുണി ഉണ്ടായിരുന്നു.

” ഒരു കല്ല് വെള്ളത്തിലിണ്ട്, നീയിങ്ങ് കീ, അത് നമ്മക്ക് എടുക്കാ.. ”

പത്മിനി മാക്സി മുട്ടുവരെ കേറ്റി വെള്ളത്തിലേക്ക് കീഞ്ഞു, രണ്ടാളും കൂടെ കല്ലെടുത്തു ഒരരികിലേക്ക് നീക്കിയിട്ടു.

” കൊറേ ഇണ്ട് അലക്കാൻ, നല്ല മഴ കണ്ടോണ്ട് ഇന്നല അലക്കീല.. ” സരോജിനി മണ്ണ് പെരങ്ങിയ ഒരു ഷർട്ട് എടുത്ത് സോപ്പിടാൻ തൊടങ്ങി.

‘ നീ കേട്ടിനാ… നമ്മളെ അമ്പലത്തിന്റടുത്തെ രജീഷിന്‌ ജോലി ശെരിയായി. ”

” ആ അറിഞ്ഞിന്… എന്റെ ചെക്കന്റെ കൊണപ്പാട് എന്നാപ്പാ നേരെയാവാ.. ” പത്മിനി ബക്കറ്റിലേക്ക് സർഫ് പൊടിയുടെ ഒരു പാക്കറ്റ് പൊട്ടിച്ചിട്ടു.

” ഓന് രണ്ട് ഡിഗ്രി ഇല്ലതല്ലേ.. പി എസ് സി പഠിത്തം നല്ലോണം ഇല്ലേ. എല്ലം ശരിയാവും. നീ അതെല്ലാം ഓർത്തിറ്റ് ഉരുകണ്ട ”

” ആ ഒരു കണക്കിന് നിങ്ങ ഭാഗ്യം ചെയ്തിന് സരോജിനിയേച്ചി. രണ്ട് പെണ്ണിനും നല്ല പുരുവന്മാരെ തന്നെ കിട്ടീറ്റേ.. അല്ല, ഒരു കണക്കിന് മക്കള് ഇല്ലത് തന്നെ നമ്മള ഉരുക്കാനാലേ…പെണ്ണാവുമ്പോ കല്യാണം കയ്യിപ്പിക്കുന്ന വരെ ഒലച്ചപ്പാട്..ആണാന്നെങ്കില് നല്ലൊരു പണി ഇല്ലല്ലോന്നില്ല സങ്കടോം.. നമ്മളെ പോലത്തെ ഗതികേട്ടൊരെല്ലാം എപ്പും ഇങ്ങനെന്നെ ”

illustration-subesh-padmanabhan

” ആ ഇതാ നന്നായെ.. നിനക്ക് പേരിനൊരു ബാങ്ക് പണിയെങ്കിലും ഇണ്ട്. ഞാനെല്ലോ.. കൃഷ്ണേട്ടന് ഒരു പീടിക ഇല്ലത് ഇപ്പം ഇല്ലാണ്ടാവും.. ആ മീത്തലെ ചെക്കന്റെ സൂപ്പർ മാർക്കറ്റ് വന്നാല് പിന്നാരാ ഞങ്ങളെ പീടിയെന്ന് സാധനം വാങ്ങാൻ..? ”

” എല്ലോരും ഗതി കെട്ടേയിറ്റങ്ങ തന്നെ സരോയിനിയേച്ചീ…”

സരോജിനിക്ക് പത്മിനിയുടെ വർത്താനം കേട്ട് ചിരി വന്നു. നീയാ സർഫ് കൊറച്ചിങ്ങു തന്നേന്നും പറഞ്ഞ്, സരോജിനി സർഫ് വാങ്ങി ബക്കറ്റിലേക്കിട്ട് കൊണ്ട് ചോദിച്ചു.

” കുഞ്ഞിക്ക് ഇതേതാ മാസം..? ”

” ആയി.. രണ്ട് മാസം തെകഞ്ഞു. തൊണ്ണൂറാം ദിവസം പാലുകൊടുക്കണം ന്നാ നിങ്ങളെ ആങ്ങള പറയുന്ന്. നിങ്ങളെ ജാതീന്റെ ചടങ്ങ് അങ്ങനെയല്ലേ. ”

” ആ.. പപ്പീ എന്റെ മാളു എപ്പും പറയും നമ്മളെ വീട്ടില് വന്ന് വന്നല്ലേ സുബിനേട്ടന് അമൃതേനെ ഇഷ്ട്ടായിന്ന്ന്…. എനക്കിപ്പൂം ഓർമീണ്ട് സുബിനു ഓളെ ഇഷ്ട്ടാന്ന് പറഞ്ഞേരം മാളൂന്റെ മോത്തുണ്ടായ ഒരു സന്തോഷം ”

” അയിനക്കൊണ്ട് നിങ്ങളെ ആങ്ങളേന്റെ നാവില് നിന്ന് ഞാനെന്തെല്ലാം കേട്ടു സരോയിനിയേച്ചി. ജാതി പറഞ്ഞിറ്റില്ലെ കളിയാക്കൽ ഇപ്പും തീർന്നിറ്റില്ല. പിന്ന ആ ചെക്കന് ഓള മാത്രം മതീന്ന് പറഞ്ഞോണ്ടല്ലെ നിങ്ങളെ ആങ്ങള ഒരു വിധം സമ്മതിച്ചിന് ”

പത്മിനി തുണി എടുത്ത് കല്ലിൽ ആഞ്ഞലക്കി. ഓരോന്ന് അലക്കുമ്പോഴും ഒച്ച കൂടി കൂടി വരുന്നത് കണ്ടപ്പോ സരോജിനി വായ പൂട്ടി അവനോന്റെ തുണിയലാക്കാൻ തൊടങ്ങി.

” സരോയിനിയേച്ചി.. കൃഷ്ണേട്ടൻ വെരുന്നുണ്ടല്ല.. ” അലക്കിയ തുണി ബക്കറ്റിലിട്ട് കരയ്ക്ക് കേറ്റി വെക്കുമ്പോ പത്മിനി പറഞ്ഞു.

“ഒന്നും പറയണ്ട പപ്പി, ഇവള പോലെയൊരു മറവിക്കാരി…!ദാ ഈ ലുങ്കി അലക്കണംന്നും പറഞ്ഞ് ഞാനാടെ എടുത്ത് വച്ചതാന്ന്. അതെടുക്കാണ്ടാ ഓള് വന്നിന്.”

അയാൾ ചുരുട്ടിയ ലുങ്കി തോട്ടിലേക്ക് എറിഞ്ഞു. സരോജിനി അത് സർഫ് വെള്ളത്തില് മുക്കിവച്ചു.

” ആ പപ്പി, ഞാൻ വീട്ടില് പോയേരം ചെക്കൻ പറഞ്ഞ് നീ തോട്ടില് ഇണ്ടെന്ന്. അയിനും കൂടിയാ ഞാൻ ഇങ്ങോട്ട് വന്നിന്. ഒരു കാര്യം പറയാനുണ്ടല്ലാ.. ”

നാല് കണ്ണുകളും അയാൾക്ക് നേരെ ഉന്തിനിന്നു.

” കാര്യം പറയാലാ പപ്പി, ഇവളെ ഏട്ടൻ എന്ന വിളിച്ചിന്. ഞങ്ങളെ വീട്ടില് വന്ന് വന്നാന്ന് നിന്റെ പെണ്ണ് ഓറെ ചെക്കനുമായിറ്റ് ലോഹ്യം കൂടീന് ന്ന് എല്ലാരിക്കും അറിയാ, അയിന്റെ ഒരു ലോഹ്യക്കൊറവ് ഓർക്ക് ഇപ്പും എന്നോടും ഇവളോടുമുണ്ട്. ”

” നിങ്ങള് ഇപ്പെന്ന കാര്യം ഇണ്ടായെന്ന് പറ. ബെർതെ ഓള ബി. പി കൂട്ടല്ല ” സരോജിനി പറഞ്ഞു.

” ആ ഇപ്പം ചെക്കൻ പറീന്ന് പോലും, കുഞ്ഞീന നിങ്ങള ജാതീല് ചേർക്കാൻ പോന്ന് ന്ന്. അതാവുമ്പോ കൊറച്ചു സംവരണം ഒക്കെ കിട്ടൂലെന്നാ ഓന്റെ വർത്താനം. കാര്യം സത്യാന്ന്. നിങ്ങക്കാവുമ്പോ ലോകത്തില്ലെ സകല സംവരണോം കിട്ടും. ”

പത്മിനി കയ്യില് പറ്റിപ്പിടിച്ച സോപ്പ് പത തട്ടിക്കളഞ്ഞു.

” അതൂടെ കേട്ടപ്പഴത്തേക്ക് അയാക്ക് ഒന്നും തിരീന്നില്ല. കാര്യം നിന്റെ മോക്ക് നല്ല പഠിപ്പും കാര്യോം ഇല്ലതോണ്ട് അയാക്ക് ഓള നല്ല സ്നേഹം തന്നെയാന്ന്. പക്ഷെങ്കില് ജാതീന്റെ കാര്യം ബെരുമ്പോ…. അല്ല.. അതിപ്പം ഓറെ മോന്റെ കുഞ്ഞി തായ്ന്ന ജാതിക്കാരെ സംവരണം വാങ്ങുന്നുന്ന് പറയുമ്പോ അയാക്കല്ലേ നാണക്കേട്. മോന്റെ കല്യാണം കയിഞ്ഞേ പിന്ന തന്നെ നമ്മളെ കൂട്ടർക്കൊന്നും ഓറെ ഒരു വെല ഇല്ല. ഇതൂടെയായാ പിന്ന… ”

” ഞാനിപ്പോ എന്ത്ന്ന് ചെയ്യണ്ട്ന്നാ കൃഷ്ണേട്ടൻ പറീന്ന്?”

പത്മിനിയുടെ ചോദ്യം കേട്ടപ്പോൾ സരോജിനി ആണിയില് നിന്നും മോളിലേക്ക് കേറി.

” കൃഷ്ണാട്ടാ സുബിൻ അങ്ങനെ പറഞ്ഞേന് ഇവള് എന്ത്ന്നാ വേണ്ട്..? ”

” എടൊ., നിന്റെ ഏട്ടൻ പറയുന്ന് ഇവളുടെ മോള് പറഞ്ഞാ ഓൻ കേക്കുംന്ന്…. കേട്ടാ പപ്പി നീ മാളൂനോട് ഒന്ന് പറ, കുഞ്ഞിന്റെ ജാതി നിങ്ങള കൂട്ടത്തില് ആക്കല്ലാന്ന് ഓനോട്‌ പറയാൻ. ഓള് പറഞ്ഞാലേ ഓൻ വെല കൊടുക്കൂ.. ”

” കൃഷ്ണേട്ടാ നിങ്ങളെ അളിയൻ പറയ്ന്ന പോലെ ഞാനോ എന്റെ മോളോ കുഞ്ഞീന ഞങ്ങളെ ജാതീല് ചേർക്കാ ന്നൊന്നും പറഞ്ഞിറ്റ, പിന്ന ജാതി ഏതായാലും അയിന പെറ്റത് എന്റെ പെണ്ണ് തന്നെയാന്ന്… ”

ആണിത്തോട്ടിലെ കല്ലിന്റെ എടക്കൂടെ ഒരു നീർക്കോലി ഇഴഞ്ഞു. സരോജിനി അതിനെ നോക്കി.

” പപ്പീ, ആ തുണി ആട്ന്ന് മാറ്റട്ട് .. പാമ്പ് കേറണ്ട.. ”

കൃഷ്ണനും പത്മിനിയും സരോജിനി തുണിയെടുത്ത് അപ്പുറത്തെ കല്ലിലേക്ക് മാറ്റിയിടുന്നത് കണ്ടു. നീർക്കോലി മൂന്ന് പേരെയും ഒന്ന് തലയുയർത്തി നോക്കി, കല്ലിന്റെ അടിയിലേക്ക് തന്നെ നൂണ്ട് പോയി.

” ഞാൻ നിന്നോട് വാക്കിനൊന്നും ഇല്ല പപ്പി, ഓറ് പറഞ്ഞത് പറഞ്ഞൂന്നു മാത്രം. നിന്റെ മക്കള പോലെ സകല സംവരണത്തിന്റേം പൈസ വാങ്ങീറ്റ് ഓറ മോന്റെ കുഞ്ഞി പടിക്കണ്ടന്ന് ഓറ് വിചാരിച്ചിറ്റ് ഇണ്ടാവും. അയിനിപ്പോ ഓറ കുറ്റം പറയാൻ കയ്യൂലല്ല… ”

” കൃഷ്ണേട്ടാ നിങ്ങ പോയെ… വെറ്തെ ഓരോന്ന് പറയിന്ന്… ” സരോജിനി കൂട്ടുപുരികം ആവുന്നത്ര ചുളിച്ചു.

” ഓറ് പറയട്ട് ഏച്ചി, ഇതെല്ലാം ഞാൻ കേക്കാൻ ഇല്ലതല്ലേ… ”

കൃഷ്ണൻ ഒന്നും മിണ്ടാതെ തിരിച്ചുനടന്നു. രണ്ട് പെണ്ണുങ്ങളും കൊറച്ചു നേരം പരസ്പരം നോക്കി.

” നീ കുളിക്ക് പപ്പി , ഇങ്ങ് കീയ് ”

സരോജിനി ആണിയിലേക്ക് തിരിച്ചിറങ്ങി.

പത്മിനി വെള്ളത്തിലേക്ക് കീഞ്ഞു, മുടി അഴിച്ചിട്ട് ഒലുമ്പാൻ തൊടങ്ങി.മുടി വെള്ളത്തീന്ന് കുതിർത്തിയെടുക്കുമ്പോഴാന്ന് കൃഷ്ണൻ അലക്കാൻ കൊടുത്ത ലുങ്കി ഒഴുകിപോകുന്നത് പത്മിനി കണ്ടത്.

” അയ്യോ സരോയിനിയേച്ചീ.. കൃഷ്ണേട്ടന്റെ ലുങ്കി അല്ലേ അത്…പിടിക്കാൻ നോക്ക്.. ”

” വേണ്ടാണെ, അയിലെ ചളീം മണ്ണും എളക്കാൻ നിന്നാല് ഈ ആണി മൊത്തം ചളിയാവും. അയിന്റാത്തെ മണ്ണൊന്നും അലക്കി വൃത്തിയാക്കാൻ ആരിക്കും കയീലാണെ… ”

സരോജിനി കാല് കരിങ്കല്ലിൽ ശക്തിയായി ഉരച്ചു.

കാലമങ്ങനെ തന്നെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. അയങ്കാളിയെയും ശ്രീനാരായണഗുരുവിനെയുമൊക്കെ പാഠപുസ്തകത്തിൽ കുട്ടികൾ ഉറക്കെ വായിച്ചു പഠിച്ചു കൊണ്ടേയിരുന്നു.

ഏഴു വർഷത്തിനിപ്പുറവും ആണിത്തോട്ടില് വെള്ളം കേറുന്നുണ്ട് . വേട്ടക്കൊരുമകൻ കോട്ടത്തു തെയ്യവും ഉണ്ടാവാറുണ്ട്. പക്ഷേ, മൊബൈൽ ഫോണുകളുടെ പിന്നാലെ പായുന്ന പിള്ളേർക്ക് തോട്ടില് നീന്താൻ പോവാൻ മടിയാണിപ്പോൾ, അതുകൊണ്ട് കിട്ടാത്ത നേർച്ചയുടെ കണക്കുകള് വേട്ടക്കൊരുമകന് സൂക്ഷിക്കേണ്ടതായും വരുന്നില്ല.

തോട്ടിലിപ്പോ ചുരുക്കം ചില പെണ്ണുങ്ങളേ പോന്നുള്ളൂ. സരോജിനിയും പത്മിനിയും ഇപ്പോഴും അതില് പെടും. നാട്ടിലന്നോളം ആരും കേട്ടിട്ടില്ലാത്ത മാരക രോഗം വന്ന് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലിരിക്കുമ്പോഴാണ് പത്മിനിയുടെ മകന് സർക്കാർ ഉദ്യോഗം കിട്ടുന്നത്.

” എന്നാലും പപ്പീ…ഇങ്ങനൊരു സൂക്കേട്…ഒരാക്ക് പൊറത്തെറങ്ങാൻ കൂടി പറ്റാണ്ട്… ”

വേട്ടക്കൊരുമകന്റെ കാവില് തൊഴാൻ നിൽക്കുകയായിരുന്നു രണ്ടാളും.

കോട്ടത്തു ചുറ്റുവിളക്ക് കത്തിക്കാൻ നട തുറക്കാൻ നമ്പൂതിരി തന്നെ വരണം. പണ്ടാണേല് നമ്പൂതിരിമാര് താഴ്ന്ന ജാതിക്കാരു തെയ്യം കെട്ടുന്ന കോട്ടത്തു വരാറെ ഇല്ലായിരുന്നു. ഇപ്പൊ കാലം മാറി, നമ്പൂതിരി വന്നാലേ കോട്ടം തുറക്കൂ എന്നായി, തെയ്യക്കാർക്ക് കടക്കാനുള്ള സ്ഥലം അളന്നു അതിരു കെട്ടി.

സരോജിനിയോട് മറുപടി പറയാൻ ശ്രമിക്കുമ്പോഴാണ് രാമനാരായണൻ കണ്ടം കടന്ന് വരുന്നത് പത്മിനി കണ്ടത്.

” നിങ്ങള ആങ്ങള അല്ലേ സരോയിനിയേച്ചീ അത്… മാസ്ക് ഇട്ടിനെങ്കിലും ആളെ ദൂരത്തുന്നേ എനക്ക് തിരിഞ്ഞിന്.. ”

” രാമേട്ടാ… ” സരോജിനിയുടെ വിളി കേട്ട അയാൾ കോട്ടത്തേക്ക് നടന്നു. വെളുത്തു തടിച്ച്, നരച്ച മുടി കഷണ്ടി കേറി തുടങ്ങിയതായിരുന്നു അയാളുടെ രൂപം. കോട്ടത്തെത്തിയപ്പോൾ അയാൾ പത്മിനിയോട് തലയാട്ടി. അവള് തിരിച്ചും.

” വീട്ടിലേക്കാന്നെല് ആടെ ഇരിക്ക്.. ഞാനിപ്പം വരാ.., ”

” ഇല്ലാ.. ഞാനിപ്പം പോന്നത് നമ്മളെ മെമ്പറെ കാണാനന്ന്… എന്ത്ണ്ട് പപ്പി.. കൊറേയായല്ല അങ്ങോട്ട് കണ്ടിറ്റ്.. മോളേം കുഞ്ഞീനിം മറന്ന് പോയാ.. ”

“ഓ.. ഇല്ലാപ്പാ.. പിന്ന സുബിൻ പറഞ്ഞിറ്റേ.. ബിനീഷിന് ജോലി കിട്ടി..”

” അറിഞ്ഞിന്.. അയിലിപ്പം എന്നാ അത്ഭുതം.. നിങ്ങള കൂട്ടർക്ക് ഗവണ്മെന്റ് പണി കിട്ടുന്നതെല്ലാം വലിയ കാര്യാന്നാ.. കിട്ടാഞ്ഞാല് അല്ലേ പപ്പി അത്ഭുതം… ”

നമ്പൂതിരി നട തുറക്കുന്നത് പത്മിനി കണ്ടു.

” നട തൊറന്നു.. ഞാൻ അങ്ങോട്ട് പോട്ടെ.. രാമേട്ടൻ വീട്ടില് വെരുന്നുണ്ടാ. ”

“ഇല്ല.. നേരൂല്ല..”

പത്മിനി ഒന്ന് മൂളി. കോട്ടത്തിന്റെ നടക്ക് നേരെനടന്നു.

“ഏട്ടൻ എന്ത് വർത്താനാ പറയുന്നേ … ഓളെ ചെക്കൻ കുത്തിയിരുന്ന് പഠിച്ചിന്. എന്നിറ്റ് കിട്ടിയതാന്ന്..”

” പിന്നേ. നീ ഓളെ ഭാഗം പിടിക്കാനൊന്നും നിക്കണ്ട. അതെല്ലാം എനക്കറിയാം.. ”

തുറന്ന നടയില് നിന്നും ഒരു തുമ്പിഅപ്പോൾ പുറത്തേക്ക് പാറി. രാമനാരായണനെ കടന്ന് നാഗവളപ്പിലേക്ക് അത് പാറി.

” അല്ല. ഏട്ടനിപ്പം എന്തിനാ മെമ്പറെ കാണുന്ന്… ”

” ആ.. നീ വാർത്ത കണ്ടിറ്റേ.. ഇപ്പം നമ്മളെ പോലത്തെ മുന്തിയ ജാതിക്കാർക്കും സംവരണം എല്ലം കൊടുക്കണംന്നാ.. പക്ഷെങ്കില് കൊറേ ആള് പറയുന്ന് അത് ബി പി എൽ കാർഡിനെ കിട്ടൂലൂന്ന്… അയാളോട് ഒന്ന് ചോയ്ച്ചു നോക്കട്ട് ബി പി എൽ ആക്കാൻ കയ്യോന്ന്… നീയും നോക്ക് പിള്ളേർക്ക് കൊറച്ച് പൈസേം പണീം കിട്ടുന്ന കാര്യല്ലേ… ”

നമ്പൂതിരി നട തുറന്ന് വച്ചതിനു ശേഷം അമ്പലത്തിലേക്ക് തിരിച്ചു പോകാൻ തുടങ്ങി. രണ്ട് പേരും അയാൾക്ക് വഴിമാറി കൊടുത്തു. ചിറ്റുവിളക്ക് വെക്കാൻ ചങ്ങലാട്ടിയുമായി കോട്ടത്തിന്റെ അവകാശി വരുന്നത് അവർ കണ്ടു.

” ആ എന്നാ ഞാൻ ഒന്ന് പോയി നോക്കട്ട്.. നീ പറഞ്ഞത് മറക്കണ്ട ട്ടാ.. ഞാനിപ്പം തന്നെ മെമ്പറോട് നിന്റെ കാർഡിന്റെ കാര്യോം പറഞ്ഞ് നോക്കാ… ”

അയാൾ തിരിച്ചുപോകുന്നതും നോക്കി സരോജിനി നിന്നു. കോട്ടത്തിന്റെ അവകാശ കുടുംബത്തിലെ സ്ത്രീ ചങ്ങലാട്ടിയില് തീ പകർന്ന് ആദ്യത്തെ വിളക്ക് കൊളുത്തി.

” സരോയിനിയേച്ചീ വാ വെളക്ക് കത്തിച്ചു തൊടങ്ങി… ”

” അയിലൊന്നും കാര്യോലാണെ… നല്ല മഴക്കാറ് ഇണ്ട്… അതെല്ലാം ഇപ്പം കെടും… വെറ്തെ നേരം കളയാൻ…. ”

പത്മിനി സരോജിനിയുടെ മുഖത്ത് അമ്പരന്ന് നോക്കി. സരോജിനി തൊഴാൻ നിക്കാതെ തിരിച്ചു പാടി കയറി. മുകളിലെത്തുമ്പോൾ തിരിഞ്ഞു നോക്കി.

” പപ്പീ.. നാള ആണിത്തോട്ടില് പോണം…. കൊറച്ച് തുണി ഒഴുക്കില് കളയാനുണ്ടണെ… ”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. അതിമനോഹരം.
    തഴക്കംവന്ന എഴുത്തുകാരെപ്പോലും വെല്ലുന്ന ആഖ്യായയരീതി.
    അഭിനന്ദനങ്ങൾ
    ????????

LEAVE A REPLY

Please enter your comment!
Please enter your name here