HomeTHE ARTERIASEQUEL 20അനാമികളുടെ വിലാപങ്ങള്‍

അനാമികളുടെ വിലാപങ്ങള്‍

Published on

spot_img

ഗിരീഷ് പിസി പാലം

കായലിന്റെ ആഴത്തില്‍ നൂലുപൊട്ടിയ ഒരു പട്ടം പോലെ ഹിമ എന്ന ഇരുപത്തഞ്ച് വയസ്സുകാരി പറന്നു നടന്നു.

നാടകം :

അനാമികളുടെ വിലാപങ്ങള്‍

കാട്. ഇരുട്ട്…

കരിയിലകള്‍ ചവിട്ടിമെതിച്ച് ആരോ നടന്നുപോകുന്നു.
അയാള്‍ കിതയ്ക്കുന്നുണ്ട്.
വെള്ളത്തില്‍ മുങ്ങിമരിച്ച ഏതോ സ്ത്രീയുടെ മൃതദേഹം മറവു ചെയ്യാനാണ് അയാള്‍ പോകുന്നത്..
അയാള്‍ക്ക് പവിത്രന്‍ എന്ന് പേര്.
അവള്‍ക്ക് ഹിമ എന്നും.

വഴിയില്‍ അയാള്‍ തടഞ്ഞ് വീഴാനൊരുങ്ങി.

പവിത്രന്‍ : ഹൊ! ഇതാരാ, ഈ കമ്പ് ഇവിടേയ്ക്ക് വലിച്ചിട്ടത്… ഛെ..

പ്രയാസപ്പെട്ട് കമ്പ് മാറ്റിയിട്ട് അയാള്‍ നടന്നുപോകുന്നത് നേര്‍ത്ത വെളിച്ചത്തില്‍ ദൃശ്യമാണ്.

ചുമലിലെ ശവം(ഹിമയുടെ) നേരെയാക്കാന്‍ ശ്രമിച്ച്,

പവിത്രന്‍ : ഹൊ! എന്തൊരു ഭാരമാണ്…

ഭാവം മാറി,

പവിത്രന്‍ : വെള്ളം കുടിച്ച് ചീര്‍ത്തതിന്റെയാവും, ഹൊ!

അയാള്‍ നടത്തം തുടരുന്നു.

പവിത്രന്‍ : വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടാല്‍തോന്നും ഇതിനൊക്കെ ഒരു ബലൂണിന്റെ കനമേ കാണത്തുള്ളു എന്ന്. കരയിലേക്ക് എടുത്ത് ഇടുമ്പോഴല്ലേ, ഭാരമറിയുന്നത്…
മരണവെപ്രാളപ്പെട്ട് കുടിച്ച വെള്ളമത്രയും ഉള്ളില്‍ കിടക്കുവല്ലേ…
പിന്നെ എങ്ങിനെ കനമില്ലാതിരിക്കും.
ആത്മഹത്യ ചെയ്യുമ്പോള്‍ ഇവളുമാര്‍ക്കൊക്കെ കരയില്‍ കിടന്ന് ചത്തൂടെ?
ഇത് ബാക്കിയുള്ളവനെ കഷ്ടപ്പെടുത്താന്‍…
വിഷം കഴിച്ചോ, തൂങ്ങിയോ ട്രൈനിനു തലവെച്ചോ… എന്തൊക്കെ സാധ്യതകള് കരയില്‍ കിടക്കുന്നു…
അപ്പഴാ കായലില്‍ ചാടി ചാവാന്‍ നില്‍ക്കുന്നത്.
അജ്ഞാത ശവങ്ങള്‍ മറവുചെയ്യുന്ന ജോലി ആയിപ്പോയില്ലേ, എന്‍റേത്…
ഇനി ഈ കാടും മലയും കടന്ന് ഇതിനെ ചുടുകാട്ടില്‍ കൊണ്ടുപോയി ദഹിപ്പിക്കണം…
ഹൊ! വല്ലാത്തൊരു ഭാരം തന്നെ… വഴുവഴുപ്പുകൊണ്ട് കൈപ്പിടിയില്‍ ഒതുങ്ങുന്നുമില്ല…

എവിടെയോ ഒരു കുറുക്കന്‍ ഓരിയിട്ടു…

പവിത്രന്‍ : ഒ! എന്റെ വരവറിഞ്ഞുകാണും, കുറുക്കന്‍ മലയില്‍ പാട്ട് തുടങ്ങി…

പിന്നെ സ്വയം പാടി-

“കുറുക്കാ കുറുക്കാ നിനക്കെന്ത് വരുത്തം? കാലത്തെണീക്കണം ഞെണ്ടിനെ പിടിക്കണം
പാറേമ്മ പോകണം”

അയാളുടെ പാട്ടിനെ മുറിച്ചുകൊണ്ട് വീണ്ടും കുറുക്കന്‍ ഓരിയിട്ടു…

പവിത്രന്‍ : കുറുക്കന്മാര്‍ക്ക് ഇട്ടുകൊടുത്താല്‍ പത്തുമിനുറ്റു കൊണ്ട് കാര്യം തീര്‍ക്കും. ഒരു രാത്രി അവര്‍ക്ക് മൃഷ്ടാന്നഭോജനം. പക്ഷെ, ഞാനത് ചെയ്യില്ല. മനുഷ്യമാംസം തിന്ന് ശീലിച്ചാല്‍ പിന്നെ അവറ്റകള് എന്നെയും വെച്ചേക്കില്ല. കുറുക്കന് കോഴി മതി…

അയാള്‍ പിന്നെയും പാടി-
“പുള്ളിക്കോഴി പൂവന്‍കോഴി
പുന്നാര പാതിരാക്കോഴി അന്തിച്ചോപ്പിന്റെ ചോരകുടിച്ച്
മോന്തി നിലാവിന്റെ മേലേ പറമ്പില്- കൂകിവിളിച്ച്, രാവ് കരിച്ച്
നേരം വെളുപ്പിച്ചതെന്തിനാവോ?”

അയാളുടെ പാട്ട് അസഹനീയമായതുകൊണ്ടാവാം ചുമലില്‍ കിടക്കുന്ന സ്ത്രീയുടെ ശവം (ഹിമ) അയാളോട് കയര്‍ത്തു-

ഹിമ : ഒന്ന് നിര്‍ത്തുന്നുണ്ടോ?… പാതിരാത്രിയിലാ ഒരു കോഴിപ്പാട്ട്. സഹിക്കുന്നതിന് ഒരതിരുണ്ട്.

മറുപടിയായത് പവിത്രന്റെ പൊട്ടിച്ചിരിയാണ്.

പവിത്രന്‍ : ഓ! അപ്പോള്‍ നാക്കിന് ജീവനുണ്ട്. ഞാന്‍ കരുതി അതും കായലിലെ മീനുകള് കൊത്തിതിന്നുകാണുമെന്ന്.

ഹിമ : കളിയാക്കുന്നോ… ശവങ്ങളോട് അല്‍പ്പം മാന്യതയൊക്കെ ആവാം…

പവിത്രന്‍ : കളിയാക്കിയതല്ല. അജ്ഞാത ശവങ്ങള്‍ മറവുചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ചില ശവങ്ങള്‍ എന്നോട് സംസാരിക്കാറുണ്ട്, അവര്‍ എങ്ങിനെ അജ്ഞാതരായി എന്ന്.. ഇത്ര നേരമായിട്ടും നിങ്ങള്‍ ഒന്നും
സംസാരിച്ചുകേട്ടില്ല, അപ്പോള്‍ ഞാന്‍ കരുതി… (പവിത്രനെ തുടരാന്‍ അനുവദിക്കാതെ ഹിമ തുടര്‍ന്നു)

ഹിമ : എന്റെ നാവിനെ കായലിലെ പരലുകള്‍ കൊത്തി തിന്നുകാണുമെന്ന്, അല്ലേ?
നാവുണ്ടായിട്ടെന്താ.., അത് കേള്‍ക്കാന്‍ ഇവിടെ ആളുകളുണ്ടാവണ്ടെ?
ഇവിടുത്തെ നീതിന്യായ കോടതിവരെ കേള്‍ക്കാനില്ല… പിന്നെന്തിന് സംസാരിക്കണം..

ഒരു മൗനം അവിടങ്ങളില്‍ തളം കെട്ടി.
പിന്നെ പതിയെ പവിത്രന്‍ സംസാരിച്ചു-

പവിത്രന്‍ : ഞാന്‍ കേള്‍ക്കാം… പകയോ പ്രണയമോ പണമിടപാടോ… എന്താണ് ഫ്ളാഷ്ബാക്ക്.

ഹിമ : എന്റെ ഫ്ളാഷ്ബാക്ക് നിങ്ങളാണോ തീരുമാനിക്കുന്നത്?

പവിത്രന്‍ : ദുര്‍മ്മരണപ്പെട്ടവര്‍ക്കെല്ലാം ഏതാണ് ഫ്ളാഷ്ബാക്ക് ഇതില്‍ ഏതെങ്കിലുമൊന്നായിരിക്കും… ഞാന്‍ എത്രപേരുടെ കഥകള്‍ കേട്ടിരിക്കുന്നു. നിങ്ങള്‍ക്കും പറയാം. നിങ്ങളെ മറവുചെയ്യേണ്ടിടത്തേക്ക് ഇനിയും ഒരുപാട് പോകാനുണ്ട്…

ദൂരെ കുറുക്കന്റെ നിലവിളി കേള്‍ക്കാം.

ഹിമ : ചെയ്യുന്ന ജോലിയോട് കുറച്ചൊക്കെ ആത്മാര്‍ത്ഥത വേണം…

പവിത്രന്‍ : എന്റെ ജോലിയില്‍ ഞാന്‍ നെറികേട് കാണിക്കാറില്ല… ആരുടേയും നിര്‍ബന്ധം കൊണ്ടോ മറ്റൊരു തൊഴില്‍ അറിയാത്തതുകൊണ്ടോ ഏറ്റെടുത്ത പണിയല്ല ഈ അജ്ഞാത ശവങ്ങള്‍ മറവുചെയ്യുന്ന ജോലി…

പുച്ഛത്തോടെ ഹിമ-

ഹിമ : ഹും! നെറികേട് കാണിക്കാറില്ല പോലും… എന്നിട്ടാണോ… കുറച്ചകലെയാണ് എന്റെ ഒരു കണ്ണ് വീണുപോയത്.

പവിത്രന്‍ വിശ്വസിക്കാനാവാതെ-

പവിത്രന്‍ : കണ്ണോ?…

ഹിമ : അതെ, നിങ്ങള്‍ കുറുക്കന്റെ പാട്ടുപാടുന്നതിന് മുമ്പ് ഒരു കമ്പില്‍ തടഞ്ഞ് വീഴാനൊരുങ്ങിയില്ലേ.. അവിടെ…

പവിത്രന്‍ : (കുറ്റബോധത്തോടെ) അയ്യോ…ഞാന്‍…അറിഞ്ഞില്ല, ഇരുട്ടല്ലേ…

ഹിമ : അതാണ് ഞാന്‍ പറഞ്ഞത് ചെയ്യുന്ന ജോലിയില്‍ കുറച്ചൊക്കെ ആത്മാര്‍ത്ഥത വേണമെന്ന്.

പവിത്രന്‍ : ക്ഷമിക്കണം… ഞാന്‍…

പവിത്രന്‍ തിരിച്ചു നടക്കാന്‍ ഭാവിച്ചു അത് തടഞ്ഞുകൊണ്ട് ഹിമ-

ഹിമ : ഹേയ്… അതും പറഞ്ഞ് നിങ്ങളെന്തിനാണ് തിരിച്ചുനടക്കാന്‍ ഭാവിക്കുന്നത്.

പവിത്രന്‍ : നിങ്ങളുടെ ആ കണ്ണ്… അത്…

ഹിമ : അതവിടെ കിടക്കട്ടെ… നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് നടക്കൂ…

പവിത്രന്‍ : ശരി… നടക്കാം…

ഹിമ : ശവമാണെങ്കിലും നിങ്ങള്‍ പുരുഷന്മാരെ ഈ അവസ്ഥയില്‍പോലും വിശ്വസിക്കാന്‍ കൊള്ളില്ല.

പവിത്രന്‍ : ശരിയായിരിക്കാം… പക്ഷെ… ഹിമ : നിങ്ങള്‍ അത്തരക്കാരനല്ല എന്നല്ലേ?

പവിത്രന്‍ : അതെ… പറഞ്ഞില്ലേ, ചെയ്യുന്ന ജോലിയില്‍ ഞാന്‍ നെറികേട് കാണിക്കാറില്ല.

വീണ്ടും മൗനം

കുറുക്കന്റെ ഓരികള്‍ ദൂരെ ദൂരെ.

ഹിമ : എന്റെ കണ്ണ് ആ കുറുക്കന്മാര്‍ തിന്നുകാണും അല്ലേ?..

പവിത്രന്‍ : ഒരു പക്ഷെ

ഹിമ : എന്റെ കണ്ണുകള്‍… നിനക്കറിയില്ല… നീലാകാശത്തിന്റെ നിറമായിരുന്നു… കായലിന്റെ അടിത്തട്ടില്‍നിന്നും നൂലു പൊട്ടിയ പട്ടംപോലെ ഞാന്‍ മുകള്‍പ്പരപ്പിലേക്ക് പറന്നുയര്‍ന്നപ്പോള്‍ പരലുകള്‍ കൊത്തിപ്പറിച്ചു കളഞ്ഞു- എന്റെ നീലാകാശങ്ങളെ.

-മൗനം-

ഹിമ വീണ്ടും സംസാരിച്ചു തുടങ്ങുന്നു

ഹിമ : എന്റെ ചുണ്ടുകള്‍… നീ തൊണ്ടിപ്പഴം കണ്ടിട്ടുണ്ടോ?… ഏയ്, ശവം ചുമട്ടുകാരാ… പേരായിരിക്കണം, പവിത്രന്‍!?

പവിത്രന്‍ : പേരില്‍ മാത്രമേ പവിത്രതയുള്ളു.. അജ്ഞാത ശവങ്ങള്‍ മറവുചെയ്യാന്‍ പോകുന്നവനെ എല്ലാവരും അറപ്പോടെയാണ് കാണുന്നത്.

ഹിമ : നാറുന്ന ശവം ചുമക്കുന്നവനല്ലേ, ആളുകള്‍ക്ക് അറപ്പുതോന്നാതിരിക്കില്ല.

-മൗനം-

ഹിമ : എനിക്കിപ്പോള്‍ വല്ലാത്ത നാറ്റമായിരിക്കും അല്ലേ പവിത്രാ…

-മൗനം-

ഹിമ : (ഓര്‍മ്മകളില്‍നിന്നും) കുഞ്ഞുനാളില്‍ എനിക്ക് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ പൗഡറിന്റെ മണമായിരുന്നു… പിന്നെ പിയേഴ്സ് സോപ്പിന്റെ… അത് കഴിഞ്ഞ് കാച്ചിയ എണ്ണയുടെ തുളസിക്കതിരിന്റെ, കുട്ടിക്കൂറയുടെ… പിന്നെ പിന്നെ വിലകൂടിയ പെര്‍ഫ്യൂമുകളുടെ…

(അവളില്‍ സങ്കടം വന്നുനിറഞ്ഞു)

ഒടുക്കം ചമഞ്ഞുപോലും കിടക്കാന്‍ വിധിയില്ലാത്ത ശവമായി… എന്റെ ദുര്‍ഗ്ഗന്ധത്തെ അകറ്റാന്‍ ഒരു ചന്ദനത്തിരി പോലും ആരും കത്തിച്ചുവെച്ചില്ല…

അവളുടെ സങ്കടം മാറ്റാനെന്നോണം പവിത്രന്‍ ചോദിച്ചു-

പവിത്രന്‍ : ചോദിക്കാന്‍ മറന്നു, നിങ്ങളുടെ പേര് പറഞ്ഞില്ല?

ഹിമ : പേര്? ‘അജ്ഞാത ശവം’ എന്ന പേര് വീണുകഴിഞ്ഞില്ലേ. ഇനി എന്തിന് മറ്റൊരു പേര്?

ഭാവം മാറി

ഹിമ : പവിത്രാ… ഞങ്ങള്‍ എങ്ങിനെ അജ്ഞാതരായി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ആരാലും തിരിച്ചറിയപ്പെടാതാവുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് പേരുകളുണ്ടായിരുന്നു. ഒരുപാട് ആലോചിച്ചശേഷം അച്ഛനമ്മമാര്‍ കണ്ടെത്തിയ ഒരു പേര്. വടിവൊത്ത അക്ഷരങ്ങളില്‍ എത്രതവണ ഞാന്‍ ആ പേര് എഴുതി രസിച്ചിട്ടുണ്ടെന്നോ… പിന്നീട് ഒരുപാട് തവണ ആ പേര് പല വേദികളില്‍, പത്രങ്ങളില്‍, ഞാനത് മുഴങ്ങിക്കേട്ടിട്ടുണ്ടെന്നോ.. കടല്‍തിരകള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത അകലങ്ങളിലേക്ക് എത്ര തവണ ഞാന്‍ ആ പേര് മാറ്റിയെഴുതി ക്കൊണ്ടേയിരുന്നു…

(ഒരു തിരയൊച്ച അവിടങ്ങളില്‍ മുഴങ്ങി)

ഹിമ : പവിത്രാ.. തര്‍ക്കശാസ്ത്രത്തില്‍ ഒന്നാം റാങ്ക് കിട്ടിയിട്ടും ജീവിതത്തില്‍ തോറ്റുപോയവളാണ് ഞാന്‍.

പവിത്രന്‍ : പ്രേമ നൈരാശ്യമായിരുന്നോ, മരണത്തിന് കാരണം, അതോ പീഢനമോ?

ഹിമ : (പൊട്ടിച്ചിരിയോടെ) ആത്മഹത്യയോ കൊലപാതകമോ?- എന്ന് അര്‍ത്ഥശൂന്യതയുടെ അങ്കലാപ്പില്‍പ്പെട്ട മനുഷ്യനു മുമ്പില്‍ രണ്ടേ രണ്ട് വഴികളേ ഉള്ളു. ആത്മഹത്യയും കൊലപാതകവും. മനുഷ്യജീവന് ഒരു വിലയുമില്ല എന്ന സത്യത്തിലേക്കാണ് കൊലപാതകം വിരല്‍ ചൂണ്ടുന്നത്- ആത്മഹത്യ, ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാണോ എന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരമാണ്. മഹത്തായ ഒരു കലാസൃഷ്ടി എന്നതുപോലെ ആത്മഹത്യയും മനുഷ്യഹൃദയത്തിന്റെ കനത്ത നിശബ്ദതയില്‍ നിന്നുമാണ് ജന്മം കൊള്ളുന്നത്.

(വീണ്ടും പൊട്ടിച്ചിരി)

പവിത്രന്‍ : അപ്പോള്‍ ആത്മഹത്യയായിരുന്നു… അല്ലേ?

ഹിമ : അങ്ങിനെ ഞാന്‍ പറഞ്ഞില്ലല്ലോ…

പവിത്രന്‍ : എന്നാല്‍ കൊലപാതകം.

(ഹിമ വീണ്ടും പൊട്ടിച്ചിരിച്ചു)

ഹിമ : നിന്റെ ലിസ്റ്റില്‍ ഞാന്‍ പെടില്ല പവിത്രാ… ഇത് കഥ വേറെയാ… ഒരു പന്നിവേട്ടക്കാരന്റെ കഥ.

ഒരു വെടിയൊച്ച ഉയര്‍ന്നു. എവിടെയോ വെടിയേറ്റ പന്നിയുടെ മുരള്‍ച്ചകേള്‍ക്കാം

ക്ലീറ്റസ് : വിടരുതവനെ… പിടിക്ക്…

സുഗതന്‍ : ബ… ബ… ബ… അതിന് ശരിക്കും വെടിപറ്റിയിട്ടില്ലെന്നാ തോന്നുന്നത്..

ക്ലീറ്റസ് : പറ്റാതെ പിന്നെ? എന്റെ ഉന്നം പിഴയ്ക്കാനോ…

ക്ലീറ്റസ്സിന് ഉന്നം പിഴയ്ക്കാനോ… നല്ല കഥ!

പപ്പു : സുഗതാ.. അതാ അവിടേയ്ക്ക് ടോര്‍ച്ചടിച്ചുനോക്ക്… ആ കുറ്റിക്കാട്ടില്‍

സുഗതന്‍ : പപ്പുവേ… ദേണ്ടെ ചോര! പച്ചിലേല് മുഴ്വേനും ചോര..

പപ്പു : ക്ലീറ്റസേട്ടാ അതാ.. അവനതാ ആ കുഴിയില്‍..

ക്ലീറ്റസ് : ചത്തിട്ടില്ലേ…

സുഗതന്‍ : ഉണ്ടെടാ ക്ലീറ്റോ… നീയല്ലേ വെടിവെച്ചത്. പിന്നെ ചാകാതിരിക്കുവോ?

പപ്പു : ഹൊ! എന്റെ ക്ലീറ്റസേട്ടാ… നിങ്ങളെ വെടി ആ പന്നീടെ തലതകര്‍ത്തു കളഞ്ഞല്ലോ.

ക്ലീറ്റസ് : ചുമ്മാ പറഞ്ഞോണ്ടിരിക്കാതെ, അതിനെ എടുത്തോണ്ട് പോരാന്‍ നോക്ക്.

അവര്‍ അതിനെ എടുക്കുന്നതിന്റെ ആംബിയന്‍സ്

പപ്പു : പിടിക്ക്…

സുഗതന്‍ : കാലേപിടിയെടാ പപ്പു…

ക്ലീറ്റസ് : ആദ്യം ആ തേറ്റ വെട്ടിമാറ്റ്, അല്ലെങ്കീ മുറിയും…

സുഗതന്‍ : ആദ്യം ഇതിനെ കുഴീന്ന് കയറ്റ്

ക്ലീറ്റസ് : ഹൊ… പിടിയെടാ…

– വീണ്ടും ഇരുട്ട് ഖനീഭവിച്ചു-

ഹിമ : നീ പന്നിത്തേറ്റ കണ്ടിട്ടുണ്ടോ പവിത്രാ…

-അയാള്‍ മൗനം-

ഹിമ : ഹേയ് ശവം ചുമട്ടുകാരാ… എന്താ ആലോചിക്കുന്നത്?

പവിത്രന്‍ : അവരില്‍ ആരാണ് നിന്റെ ഭര്‍ത്താവ്? ക്ലീറ്റസോ, സുഗതനോ, പപ്പുവോ?

ഹിമ : (പൊട്ടിച്ചിരിച്ചു) നിന്റെ കണക്കുകൂട്ടലുകളെല്ലാം പിന്നേയും തെറ്റുകയാണല്ലോ പവിത്രാ… അവരില്‍ ആരും എന്റെ ഭര്‍ത്താവോ കാമുകനോ അല്ല.

(ഓര്‍ത്തെടുക്കുന്നതുപോലെ തുടരുന്നു ഹിമ)

ഹിമ : എന്റെ ഭര്‍ത്താവ്, ഇളം നീല ജീന്‍സില്‍ വൈറ്റ് ലിനന്‍ ഹാഫ് കൈ ഷര്‍ട്ട് ഇന്‍ ചെയ്ത് വെള്ളയില്‍ ചുവപ്പ് രാശിയുള്ള ക്യാന്‍വാസ് ഷൂ ധരിച്ച ഒരു കുറ്റിമീശക്കാരനായിരുന്നു. ചിരിക്കുമ്പോള്‍ ഒരു നുണക്കുഴി ഉണ്ടോ എന്ന എന്റെ സംശയം ഇപ്പോഴും തീര്‍ന്നിട്ടില്ല.

അവളുടെ ഓര്‍മ്മകളിലേക്ക് രംഗം വിന്യസിക്കുന്നു. കുസൃതിനിറഞ്ഞ ഭാവത്തില്‍ ഭര്‍ത്താവ് (നിധീഷ്) അവളെ ശകാരിക്കുന്നതില്‍ തുടങ്ങുന്നു)

നിധീഷ് : ഛെ! നോക്ക് നിന്റെ ഈ മീശയില്‍ തൊട്ടുള്ള കളി എനിക്ക് ഇഷ്ടമില്ല കേട്ടോ…

ഹിമ : നിധീഷ്, നിനക്കാരോ അറിഞ്ഞിട്ട പേരാണല്ലോ ‘നിധീഷ്’ ശരിക്കും ‘നിധീഷ് ഭരധ്വാജിچ നെ പോലെ ഉണ്ട്. നമ്മുടെ പഴയ മഹാഭാരതത്തിലെ കൃഷ്ണന്‍…

നിധീഷ് : (ഭാവം മാറി) ഹിമാ, നിന്റെ കളി കുറച്ച് കൂടുന്നുണ്ട്.. ഇങ്ങിനെ പോയാല്‍ ഇവിടെ മഹാഭാരതയുദ്ധം തന്നെ നടക്കും… അപ്പോള്‍ നിന്നെ രക്ഷിക്കാന്‍ സീരിയല്‍ കൃഷ്ണനല്ല, സാക്ഷാല്‍ കൃഷ്ണഭഗവാന്‍ വിചാരിച്ചാല്‍പോലും രക്ഷിക്കാനാവില്ല… നേരെഴുതുന്നവര്‍ക്കു നേരെ നിറയൊഴിക്കുന്ന കാലമാണിത്.

ഹിമ : (ഭാവം മാറി) ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നുപറയുന്ന ഒന്ന് ഇല്ലേ നിധി? ആരേയും അധിക്ഷേപിക്കാന്‍ വേണ്ടി ഞാന്‍ ഒന്നും എഴുതാറില്ല. പിന്നെ അര്‍ഹതയില്ലാത്ത പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടിയല്ല, പോസ്റ്റ് ഗ്രാജ്വേഷന്‍ എന്നും പറഞ്ഞ് കുറച്ചുകാലം ഉറക്കമിളിച്ചത്…

നിധീഷ് : നീഎഴുതണ്ട എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ… പക്ഷെ…

ഹിമ : എന്താ ഒരു പക്ഷെ…

നിധീഷ് : ആ പന്നിവേട്ടക്കാരെക്കുറിച്ചുള്ള നിന്റെ ആര്‍ട്ടിക്കിള്‍- അത് അവസാനിപ്പിക്കുന്നതാണ് നല്ലത്. കാട്ടുപന്നികളെ വേട്ടയാടുന്നവരുടെ കണ്ണില്‍ തുള്ളി ചോര കാണില്ല.

ഹിമ : എന്താ നിനക്ക് പേടിയാവുന്നുണ്ടാ നിധീ…

നിധീഷ് : ഉണ്ട്.

ഹിമ : (പൊട്ടിച്ചിരിച്ചു) എന്നെ ആരും ഒന്നും ചെയ്യത്തില്ല എന്റെ കൃഷ്ണാ.. കാട്ടുപന്നികളെ വേട്ടയാടുന്നവര്, വളര്‍ത്തു പന്നികളെ കൊന്നു തിന്നാറില്ല- അവറ്റകളോട് അവര്‍ക്കൊരുതരം അറപ്പാണ്.

നിധീഷ് : എന്തോ! നിന്റെ പക്ഷിപ്പിടുത്തക്കാരുടെ സീരിസ് വന്നപ്പോള്‍ തന്നെ ഉണ്ടായ കോലാഹലങ്ങള്‍ അറിയാവുന്നതല്ലേ?

ഹിമ : സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിന്റെ പേരില്‍ തോട്ട പൊട്ടിച്ചാവാനാണ് വിധിയെങ്കില്‍, എനിക്കതാണിഷ്ടം.

നിധീഷ് : അതൊരുതരം ഭീരുത്വമാണ്.

ഹിമ : പറഞ്ഞല്ലോ നിധി, എനിക്ക് ആ ഭീരുത്വമാണിഷ്ടം.

നിധീഷ് : നാളെ ഇറങ്ങാന്‍ പോകുന്ന ഭാഗം ഞാന്‍ വായിച്ചു. അതൊന്ന് എഡിറ്റ് ചെയ്യുന്നത് നന്നാവും.

ഹിമ : എന്തിന്?

നിധീഷ് : പി.ജെ. അന്‍റണി പ്രതിമയെ കാര്‍ക്കിച്ചു തുപ്പുന്നത് കണ്ട് കയ്യടിക്കുന്ന കാലമല്ലിത്.

ഹിമ : ആരുടെയും വിശ്വാസത്തെ തച്ചുടയ്ക്കുന്ന യാതൊന്നും ഞാന്‍ എഴുതിയിട്ടില്ല. ചിലര്‍ക്കങ്ങിനെ തോന്നുന്നുവെങ്കില്‍ അത് അവനവന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.

നിധീഷ് : എന്തോ എനിക്കെന്തൊ പേടിതോന്നുന്നു.

ആശ്വസിച്ചുപ്പിച്ചുകൊണ്ട്-

ഹിമ : തലയോട്ടി തകര്‍ത്തുകളയുന്ന വെടിയുണ്ടകള്‍ക്കേ പന്നികളെ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളു. ഉന്നംതെറ്റി വെടിയേല്‍ക്കുന്ന പന്നികള്‍ ചാവാറില്ല… അവറ്റകളുടെ ശരീരത്തില്‍ ഡസണ്‍ കണക്കിന് വെടിയുണ്ടകളെ കരുതിവെക്കാനുള്ള കൊഴുപ്പ് ഉല്‍പ്പാദിപ്പിക്ക പ്പെടുന്നുണ്ട്.

നിധീഷ് : എന്തുതന്നെ ആയാലും ഇനി കാട്ടിലേക്ക് നിന്നെ ഒറ്റയ്ക്ക് പറഞ്ഞു വിടില്ല.

ഹിമ : നിനക്ക് എന്റെ കൂടെ വരാന്‍ പറ്റുമോ?

നിധീഷ് : ഈ ആഴ്ചകൂടി എനിക്ക് നൈറ്റ്ഡ്യൂട്ടിയുണ്ട്.

ഹിമ : പകല്‍വെളിച്ചത്തിലിറങ്ങുന്ന പന്നികളെക്കുറിച്ചുള്ള ഫീച്ചര്‍ എഴുതുമ്പോള്‍ ഞാന്‍ വിളിക്കാം. എനിക്ക് ഈ രാത്രിയില്‍ പോയേ മതിയാവൂ നിധീ…

നിധീഷ് : വേണ്ട, ഞാന്‍ സമ്മതിക്കില്ല.

ഹിമ : നിധീ, ആ ക്യാമറ ഇങ്ങ് താ…

നിധീഷ് : നിന്നോട് പാകേണ്ടന്നല്ലേ പറഞ്ഞത്.

ഹിമ : നീ ക്യാമറ തരുന്നുണ്ടോ, അതോ…

നിധീഷ് : ഹിമാ ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്

ഹിമ : ഈ കാര്യത്തില്‍ എനിക്ക് നിന്നോട് ‘നോ’ പറഞ്ഞേ പറ്റു. ആയിരക്കണക്കിന് ആളുകള്‍ ആവേശത്തോടെ വായിച്ചു കൊണ്ടിരിക്കുന്ന ഒരു ആര്‍ട്ടിക്കിള്‍- ഭീരുത്വത്തിന്റെ പേരില്‍ പിന്‍വലിക്കാന്‍ എനിക്ക് ബുദ്ധീമുട്ടുണ്ട്…

(ഹിമ പവിത്രനോട് സംസാരിച്ചു തുടങ്ങുന്നു)

ഹിമ : ആ രാത്രിയില്‍ ഭര്‍ത്താവിന്റെ വാക്കിനെ ആദര്‍ശംകൊണ്ട് തോല്‍പ്പിച്ച് സ്വന്തം ജോലിക്ക് ഇറങ്ങുകയായിരുന്നു ഞാന്‍. ഇരുട്ടില്‍ പതിയിരിക്കുന്ന മാംസത്തില്‍ പൊതിഞ്ഞ തോട്ടകള്‍ തിന്ന് തലപൊട്ടിത്തെറിക്കുന്ന പന്നികളുടെ നിലവിളികള്‍മ എനിക്ക് കേള്‍ക്കാമായിരുന്നു… പവിത്രാ, ഞാന്‍ നിന്നെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട് അല്ലേ?

പവിത്രന്‍ : ‘ഹിമ’ എന്നായിരുന്നു പേര് അല്ലേ?

ഹിമ : അതെ, ആയിരുന്നു… എന്നെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കെല്ലാം ഇനി ഭൂതകാലത്തിന്റെ വ്യാകരണമായിരിക്കും.

പവിത്രന്‍ : അപ്പോള്‍ കൊലപാതകമായിരുന്നു മരണകാരണം?

ഹിമ : ആയിരുന്നോ? അറിയില്ല… വിരണ്ടോടുന്ന പന്നികള്‍ക്ക് കുറുകെ ഓടരുതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. മൂര്‍ച്ചയുള്ള തേറ്റകള്‍ പുറത്തു കാണിക്കുന്നത് അവറ്റകളുടെ…. തോല്‍പ്പിക്കാം, പക്ഷെ…

പവിത്രന്‍ : എന്താ നിര്‍ത്തിക്കളഞ്ഞത്?

ഹിമ : ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു വരവ്… ചിലര്‍ തേറ്റകൊണ്ട് പൊക്കിയെറിഞ്ഞു.. ചിലര്‍ കുത്തിമലര്‍ത്തി, ചിലര്‍ വരാഹനൃത്തമാടി. മറ്റുചിലര്‍ കുത്തിക്കിളച്ചു. മാംസം മുറിക്കുന്ന വേഗത്തിലോടുന്നത് പന്നികളുടെ വിനോദമാണെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്.

ഈ സംഭാഷണത്തിന് പിന്നണിയായി ക്ലീറ്റസും സുഗുണനും പപ്പുവും മറ്റു ചിലരും രംഗത്തേയ്ക്ക്. ഒരു പന്നിവേട്ട ദൃശ്യമാകുന്നു.

ക്ലീറ്റസ് : വിടരുതതിനെ..

സുഗുണന്‍ : അതാ… അതാ കുറ്റിക്കാട്ടിലേക്ക് ഓടിയിട്ടുണ്ട്.

പപ്പു : ടോര്‍ച്ചടിക്ക്, സുഗുണാ… ശരിക്ക് നോക്ക്

ക്ലീറ്റസ് : ക്ലീറ്റസിന്റെ ഉന്നം പിഴക്കില്ല… ആദ്യത്തെ വെടിയില്‍ തന്നെ അതിന്റെ തലയോട്ടി പൊട്ടിച്ചിട്ടുണ്ട്.

പപ്പു : എടാ, അതൊരു പെണ്‍ പന്നിയാ…

ക്ലീറ്റസ് : അത് നിനക്കെങ്ങനെ മനസ്സിലായി?

പപ്പു : കരച്ചില്‍ കേട്ടില്ലേ… ഗര്‍ഭിണിയാണ്.

സുഗുണന്‍ : ദേ, ചോര… നോക്ക് ഇതുവഴിയാവും ഓടിയത്.

പപ്പു : എത്ര ഓടിയാലും ഒടുക്കം അത് കുഴഞ്ഞുവീണ് ചാകും.

ക്ലീറ്റസ് : ചത്തേ പറ്റു (പൊട്ടിച്ചിരി)

ക്ലീറ്റസിന്റെ ചിരി മറ്റുള്ളവരിലേക്കും പടര്‍ന്ന് അത് ഒരു മാറ്റൊലിയായി മാറുകയും. ഹിമ പവിത്രനോട് പറയാന്‍ പോകുന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ വേദിയില്‍ അരങ്ങേറപ്പെടുകയും ചെയ്യുന്നു.

ഹിമ : ഓടുന്നതിനിടയില്‍ എന്റെ ക്യാമറ തെറിച്ചുപോയി. കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി ഓടാനുള്ള വേഗം എന്റെ കാലുകള്‍ക്ക് നഷ്ടമായി ക്കൊണ്ടിരുന്നു. വല്ലാത്ത മുരള്‍ച്ചയോടെ പന്നികള്‍ എന്‍റ പിന്നാലെ തന്നെ ഉണ്ടായിരുന്നു. ചിലത് ലക്ഷ്യംതെറ്റി എന്നെയും കടന്നുപോയി. പക്ഷെ, ഒരു കൂറ്റന്‍ പന്നി അത് അതിന്റെ തേറ്റയില്‍ എന്നെ കോരിയെടുത്ത് കായല്‍ക്കരയോളം ഓടി. കുടഞ്ഞെറിയുമ്പോള്‍ ആകാശത്ത് ഉരുണ്ടുകൂടിയ ഒരു കാര്‍മേഘം. അത് മറ്റൊരു കാട്ടുപന്നിയെപോലെ എന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി. നീലത്തടാകത്തിലെ ജല സമാധിയിലേക്കാണ് ഞാന്‍ പോകുന്നതെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. ഒരു മുഴക്ക ത്തോടെ ഞാന്‍ കായലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോയി. ഇരുണ്ട വെള്ളത്തില്‍ ചോര പടരുമ്പോഴുള്ള നിറപ്പകര്‍ച്ച എങ്ങിനെ ആയിരിക്കുമെന്ന് കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പ്രാണനുവേണ്ടി തുഴഞ്ഞുപൊങ്ങാന്‍ നോക്കിയപ്പോഴാണ് അറിയുന്നത്, കൊല്ലുന്നതിന് മുമ്പ് പന്നികള്‍ നമ്മളുടെ കൈകാലുകള്‍ ബന്ധിച്ചുകളയുമെന്ന്.

രംഗം ശാന്തമായി…

ഹിമ സംസാരിച്ച് തുടങ്ങുന്നു.

ഹിമ : പവിത്രാ എന്റെ കഥയ്ക്കിനി ഒരു ആന്‍റി ക്ലൈമാക്സുകൂടി ഉണ്ട്, അതിനുമുമ്പ് നീ നിന്നെക്കുറിച്ച് പറയൂ.

പവിത്രന്‍ : എന്നെക്കുറിച്ചോ! എന്നെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ… അജ്ഞാത ശവങ്ങള്‍ മറവുചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍.

ഹിമ : നീ കല്ല്യാണം കഴിച്ചിട്ടില്ലേ?

പവിത്രന്‍ : ഉണ്ട്.

ഹിമ : തീര്‍ച്ചയായും സുന്ദരിയായ ഒരു ഭാര്യ നിനക്ക് ഉണ്ടായിരിക്കും.

പവിത്രന്‍ : സുന്ദരിയായ ഭാര്യയും ഉണ്ട്.

ഹിമ : കുട്ടികള്‍?

പവിത്രന്‍ : രണ്ടുപേര്‍, ഒരാള്‍ പ്ലസ് ടൂവിന് പഠിക്കുന്നു, മറ്റവള്‍ ഒന്‍പതാം ക്ലാസിലും

ഹിമ : ശവം ചുമട്ടുകാരന്റെ മണം നിങ്ങളുടെ ഭാര്യക്ക് സഹിക്കാന്‍ പറ്റുമോ?

ഒരു മൗനം പിന്നെ വിഷയം മാറ്റി

പവിത്രന്‍ : സ്ഥലമെത്തി. ഇവിടെ കുഴിവെട്ടണം.

ഹിമ : അപ്പോള്‍ ഹിമാ നിധീഷ് എന്ന അറിയപ്പെടുന്ന എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഈ ഞാന്‍ അജ്ഞാതയെന്ന മേല്‍വിലാസത്തില്‍ പൂര്‍ണ്ണവിരാമമാവുകയാണ്… ഫുള്‍സ്റ്റോപ്പ്!

പവിത്രന്‍ ഹിമയെ മറവുചെയ്യാനുള്ള കുഴിവെട്ടാന്‍ തുടങ്ങുന്നു. ഹിമ അത് നോക്കിയിരിക്കുന്നു.

പവിത്രന്‍ : നിങ്ങളുടെ മരണവിവരം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലേ?

ഹിമ : അറിഞ്ഞിരിക്കാം

പവിത്രന്‍ : നഷ്ടപ്പെട്ട ഭാര്യക്കുവേണ്ടി അയാള്‍ അന്വേഷണമൊന്നും നടത്തിയില്ലേ?

ഹിമ : കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ അന്വേഷണത്തിന്റെ ആവശ്യമില്ലല്ലോ… കായല്‍ക്കരയിലെ അളിഞ്ഞ ദേഹം കാണാന്‍ അവനും വന്നിരുന്നു.

പവിത്രന്‍ : എന്നിട്ട്?

ഹിമ : അവന്റെ മുഖത്ത് എവിടെയോ ഒളിഞ്ഞുകിടക്കുന്ന നുണക്കുഴി എനിക്ക് മനസ്സിലാകുമായിരുന്നു. ആണുങ്ങള്‍ക്ക് അത്ര എളുപ്പം
പെണ്ണിനെ മനസ്സിലാവില്ലായിരിക്കും അല്ലേ, പവിത്രാ…?

പവിത്രന്‍ : അദ്ദേഹത്തിന് നിങ്ങളെ തിരിച്ചറിയാന്‍ പറ്റിയില്ലേ?

ഹിമ : (ഒന്ന് പൊട്ടിച്ചിരിച്ചു. അതിന് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു) ആദ്യം ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിതാ… “ശവം ചുമട്ടുകാരന്റെ മണം നിങ്ങളുടെ ഭാര്യയ്ക്ക് സഹിക്കാന്‍ പറ്റുമായിരുന്നോ?

അയാള്‍ വിഷയം മാറ്റി

പവിത്രന്‍ : കുഴി റെഡിയായി… നിങ്ങളെ മണ്ണിട്ടു മൂടാന്‍ സമയമായി.

ഹിമ : കുഴിച്ചുമൂടുന്നതിന് മുമ്പ് എന്നോട് പറയൂ… നിങ്ങളുടെ ഈ ജോലി, അത് അവര്‍ അംഗീകരിക്കുന്നുണ്ടോ… നിങ്ങളുടെ ഭാര്യ?

പവിത്രന്‍ : ആരുടേയും അംഗീകാരത്തിനുവേണ്ടി തുടങ്ങിയതല്ലല്ലോ ഞാന്‍ ഈ ജോലി.

ഹിമ : അപ്പോള്‍ അവള്‍ അംഗീകരിക്കുന്നില്ല?

പവിത്രന്‍ : എന്റെ ഭാര്യയോടും മക്കളോടും എന്നെ ചൂണ്ടി ചോദിക്കൂ ’ഇയാള്‍ നിങ്ങളുടെ ആരാണെന്ന്?’ അവര്‍ പറയും ഒരേ ശബ്ദത്തില്‍ ‘എനിക്ക് അറിയില്ല’ എന്ന്. നിങ്ങള്‍ മരണത്തോടെയാണ് അജ്ഞാതയായതെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുന്ന അജ്ഞാതനാണ്…

-ഒരു നീണ്ട മൗനം ഖനീഭവിച്ചു-

പവിത്രന്‍ : പറയൂ…., അയാള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ പറ്റിയില്ലേ?

-അതിന് ഹിമ മറുപടി പറഞ്ഞില്ല-

-പിന്നെ പറഞ്ഞു-

ഹിമ : നിധീഷ് ഭരധ്വാജ് കൃഷ്ണനായിരുന്നു. മഹാഭാരതം സീരിയലിലെ കൃഷ്ണന്‍ കള്ളകൃഷ്ണന്‍.

ആ ശവകുഴിക്ക് ഇരുവശവും അവര്‍ നിന്നു.

രംഗം നീലിച്ചു…

കറുത്തു…
– ശുഭം –

ഗിരീഷ് പിസി പാലം

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍...

എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

  പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട് പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം...

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു...

More like this

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍...

എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

  പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട് പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം...