കഥ
ജിബു കൊച്ചുചിറ
ചിത്രീകരണം : സുബേഷ് പത്മനാഭൻ
ഉള്ളു കിടന്ന് തിളച്ചു മറിഞ്ഞിട്ടും അടുപ്പത്ത് വെച്ച കാപ്പി തിളക്കാതെ നിശ്ചലമായി കിടക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്നാലോചിച്ച് തല പുകഞ്ഞിരിക്കെയാണ് ഈർപ്പം മുറ്റിയിരുന്ന മേഘങ്ങൾ പ്രസവവേദനയെടുത്ത് നിലവിളിച്ചു തുടങ്ങിയത്.
പൊടുന്നനെ അടുക്കളവിട്ട് പുറത്തിറങ്ങിയ ഹവ്വ അഴയിൽ വിരിച്ചിട്ടിരുന്ന വസ്ത്രങ്ങൾ ഊക്കോടെ വലിച്ചെടുത്ത് തോളത്തേക്കിട്ടു. തോന്നുന്നിടത്തേക്ക് വലിച്ചെറിഞ്ഞ് കൂറകുത്തികഴിയുമ്പോൾ മാത്രം കണ്ടെത്തുന്ന ഭർത്താവ് ആദത്തിൻ്റെ അടിവസ്ത്രങ്ങളായിരുന്നു കൂടുതലും.മഴപൊടിഞ്ഞു തുടങ്ങിയതേയുണ്ടായിരുന്നുള്ളു. പക്ഷേ അസഹനീയമായ ഒരു കാറ്റ് വസ്ത്രങ്ങളിലൊന്നിനെ കൈയ്യിൽ എടുത്ത് അൽപ്പം ദൂരത്തേക്ക് വലിച്ചെറിഞ്ഞു. ഹവ്വ ഒട്ടും പ്രസന്നമല്ലാത്ത മനസോടെ കുറച്ചേറെ നേരം അതിലേക്കു നോക്കി നിന്നു. പിന്നെ മഴ കനത്തപ്പോൾ നെടുവീർപ്പോടെ അത് കോരിയെടുത്ത് വീട്ടിലേക്കൊടി. ചുമല വിരിയിട്ട മേശയിലേക്ക് വസ്ത്രങ്ങൾ കുടഞ്ഞിടുമ്പോൾ പ്രാണൻ കരളുന്ന വേദന അവൾക്കു ചുറ്റും തിക്കി കൂടുന്നുണ്ടായിരുന്നു. പോരാത്തതിന് ഭൂമിയിലെ ഏറ്റവും വലിയ നുഴഞ്ഞു കയറ്റക്കാരൻ എറുമ്പിൻ്റെ കടിയേറ്റ് തൊട്ടിലിൽ കിടന്ന കുഞ്ഞ് നിലവിളിക്കുക കൂടി ചെയ്തപ്പോൾ അവൾക്ക് ഭ്രാന്ത് പൊട്ടുകയും മുഖം വലിഞ്ഞു മുറുകുകയും ചെയ്തു. “എന്താടാ… നിൻ്റെ അപ്പൻ കഴുവേറി ചത്തോ?” ചോദ്യം ഒരലർച്ചപോലെ മാറ്റൊലി കൊണ്ടപ്പോൾ പറമ്പിലെ കൊന്നമരത്തിൻ്റെ പകലുറക്കം പോലും മുറിച്ചു കളഞ്ഞ് കുഞ്ഞ് കുറച്ചു കൂടി കനത്തിൽ നില വിളിച്ചു. ഗത്യന്തരമില്ലെന്നു കണ്ടപ്പോൾ അവൾ ധൃതിപ്പെട്ട് നൈറ്റിക്കുള്ളിൽ ഉടഞ്ഞു കിടന്ന വലത്തേ മുലഞ്ഞെട്ടെടുത്ത് കുഞ്ഞിൻ്റെ വായിലേക്ക് തിരുകി.
ഒരൽപ്പം മനഷ്യപ്പറ്റുപോലും കാട്ടാതെ കുഞ്ഞ് തൻ്റെ അരിമ്പല്ലു കൊണ്ട് മുലഞ്ഞെട്ട് കടിച്ചു പറിച്ച് മുലയൂറ്റിക്കുടിച്ചു കൊണ്ടിരുന്നു. അപ്പനോളം ക്രൂരനല്ല മകൻ എന്നവൾ ആത്മഗതം ചെയ്തു തുടങ്ങിയതും, ശരീരത്തിൽ ഇനിയും ശേഷിച്ചിരുന്ന ഊർജമത്രയും നഷ്ട്മാകുന്നതായും ഉടലിലെ ചോരയും മാംസവും വറ്റി വറ്റി താൻ ഒരു അസ്ഥിപഞ്ജരമായി മാറുന്നതായും അവൾക്ക് ശരീരത്തിൽ അനുഭവപ്പെട്ടു. അപ്പോഴാണ് വീട് ഒരു പ്രേതാലയമായി രൂപാന്തരപെടുന്നതും ഭിത്തിയിലെ വിടവിൽ നിന്ന് പാറ്റയും പഴുതാരയും തൻ്റെ നേർക്ക് ചീറി പാഞ്ഞു വരുന്നതായും അവൾക്ക് തോന്നി തുടങ്ങിയത്. കൂട്ടത്തിൽ കുഞ്ഞിൻ്റെ കണ്ണുകൾ കണ്ടൻ പൂച്ചയുടെ കണക്കിന് തിളങ്ങുന്നതു കൂടി കണ്ടപ്പോൾ ധൃതി പിടിച്ച് മുറിയിലേക്ക് വന്ന കാറ്റിനൊപ്പം അവളുടെ കണ്ണുകൾ മേലോട്ടുരുണ്ട് മറിയാൻ ഒരുങ്ങി. വെളുത്ത പ്രാണികൾ തലക്കു ചുറ്റും ചിറകടിച്ചു പറക്കുന്നതു പോലെ…. ലോഭമില്ലാതെ ചിരിച്ച് ഹവ്വ യാഥാർത്ഥ്യത്തിലേക്കു തന്നെ മടങ്ങി വന്നു. ബോധം വീണ്ടെടുത്തെങ്കിലും കാലുറക്കാതെ വന്നപ്പോൾ കുഞ്ഞുമായി അവൾ കട്ടിലിലേക്കിരുന്നു. കുറച്ച് നേരം കണ്ണ് ഇറുക്കി അടച്ചിരുന്ന് മനസിൻ്റെ പിരിമുറുക്കങ്ങളെ ശമിപ്പിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. കിടപ്പറയിൽ തൻ്റെയും ഭർത്താവിൻ്റെയും നഗ്നത കണ്ടു രസിക്കുന്ന അമ്മായിഅപ്പൻ മനസിലേക്ക് വന്നതും അവൾ പെട്ടന്ന് കണ്ണു തുറന്നു.
“ആഗ്രഹമില്ലാതെയല്ലേ നീ ജനിച്ചത് പൂർണ അറിവോടെ നിനക്ക് മരിക്കാൻ ഞാൻ ഒരവസരം തരട്ടെ ” വിരസത തീ പിടിപ്പിച്ച ഹവ്വയുടെ ഉള്ളിൽ ഇരുന്ന് ആരോ മൊഴിഞ്ഞു. എദേൻ വില്ലയിൽ നിന്ന് അമ്മായി അപ്പൻ പുറത്താക്കിയപ്പോൾ മുതൽ അവളുടെ പുറകെ കൂടിയതാണി വിഷാദത്തിൻ്റെ കാട്ടുതീ. കട്ടിലിനോടു ചേർന്നു കിടന്ന കത്തിയിൽ അവളുടെ കണ്ണുടക്കി, വല്ലാത്ത ഒരു കിതപ്പോടെ ഹവ്വ കത്തിയോട് കൂടുതൽ ചേർന്നിരുന്നു. ആദത്തിൻ്റെ മൂത്ത സഹോദരി ലിലിത്താണ് അപ്പൻ്റെ ഈ ഒളിഞ്ഞു നോട്ടത്തെക്കുറിച്ച് സൂചന തന്നത്. കാലത്തെ കവലയിൽ നിന്നു വാങ്ങിയ ആപ്പിളുമായി മുറിയിലെത്തി ലിലിത്ത് ഈ രഹസ്യം ഹവ്വയുടെ ചെവിയിൽ പറഞ്ഞു. സംഭോഗത്തിൻ്റെ നേരത്ത് വാതിൽ പഴുതിലൂടെ ചുവന്ന ഉപ്പൻ കണ്ണുകൾ കണ്ട ഹവ്വ ആദത്തിൻ്റെ വായിൽ ആപ്പിൾ കഷണം വെച്ച് കൊണ്ട് ആ രഹസ്യത്തിൻ്റെ കെട്ട് അഴിച്ചു. പുതപ്പു കൊണ്ട് നഗ്നത മറക്കുന്നതിനിടയിൽ ആദത്തിൻ്റെ അണ്ണാക്കിൽ ഹവ്വ കൊടുത്ത ആപ്പിൾ കക്ഷണം കുടുങ്ങി. ഇക്കിളിക്കാഴ്ച്ച മുടക്കിയതിൽ കലിപൂണ്ട അപ്പൻ മകനെയും മരുമകളെയും മണ്ണിനോടു മല്ലിടാനായി എദേൻ വില്ലയിൽ നിന്ന് പടി അടച്ച് പിണ്ഡം വെച്ചു.
” ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവിതം ജീവിക്കുന്നതെന്തിനാ ഹവ്വ?” പഴയ ഓർമ്മകളിൽ നിന്ന് തിരികെ വിളിച്ച് അതെ ശബ്ദം ആവർത്തിച്ചു. അവളുടെ വിരലുകൾ വല്ലാതെ വിറക്കാനും ഉടൽ കൂടുതൽ വിയർക്കാനും തുടങ്ങി. ഈ ലോകത്ത് ഏറ്റവും കൂടുതൽ വേദനിക്കുന്നവൾ താനാണെന്ന് അവൾക്കു അപ്പോൾ തോന്നി. വിചാരണയില്ലാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ്റെ അതെ ഏകാന്തത അവളുടെ ഉള്ളിലേക്ക് ഇരച്ചു കയറി. ജീവിതം മുഴുവൻ അടഞ്ഞും ഇരുളിലാണ്ടും കിടക്കുകയാണെന്ന തോന്നൽ അത്ര കനപ്പെട്ട് ബുദ്ധിയെ തിന്നുകൊണ്ടിരിക്കുമ്പോൾ, മൂക്കിൻ തുമ്പിൽ നിന്ന് വിയർപ്പുകണം പോലും പൊടിച്ചു വന്ന് അപരിചിത ഭാവത്തിൽ മിഴിച്ചു നോക്കി ഉരുണ്ട് പോയി. ഉള്ളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന നദിയെ വരമ്പറുത്ത് സ്വതന്ത്രമാക്കാൻ അവൾക്കപ്പോൾ തോന്നലുണ്ടായി. ഇല്ല കഴിയില്ല ജീവിക്കുന്നതിനേക്കാൾ ധൈര്യം വേണം മരിക്കാൻ. കത്തി നിലത്തേക്ക് എറിഞ്ഞ് തലയിണയിലെ ഗന്ധമില്ലാത്ത പൂക്കളിൽ മുഖമമർത്തി അവൾ പൊട്ടിക്കരഞ്ഞു.
രണ്ട്
ജനാലപ്പഴുതിലൂടെ ആരോ ഒളിഞ്ഞു നോക്കുന്നു എന്ന തോന്നലുണ്ടായപ്പോൾ ഹവ്വ കുഞ്ഞിനെ മാറ്റിക്കിടത്തി വാതിൽ തുറന്നു.
അവളുടെ അമ്മായി അമ്മയായിരുന്നു അത്” അവൻ വന്നോടി?”ഉമ്മറക്കോലായുടെ തിണ്ണയിലേക്ക് കയറി ഇരുന്നു തള്ള തിരക്കി. അപ്പോൾ മഴ തോർന്ന് സൂര്യൻ മെല്ലെ കത്തി തുടങ്ങിയിരുന്നു.അവളുടെ തൊണ്ട ഇടറി.”കാലത്തെ ഉടുത്തൊരുങ്ങി സർക്കീട്ടിന് ഇറങ്ങിയിട്ടുണ്ട് ” കനത്തിൽ ഒന്ന് നിശ്വസിച്ച് അമ്മായമ്മ പറഞ്ഞു: ” അപ്പൻ്റെ ചൊൽപ്പടിക്കു നിന്നിരുന്നെ നിനക്ക് ഈ ഗതി വരുവായിരുന്നോ അനുഭവിച്ചോ രണ്ടും” ഇങ്ങനെ പറഞ്ഞുകൊണ്ട് തള്ള പുറത്തെക്കിറങ്ങി നടന്നു.”തള്ളെ നിങ്ങളുടെ കെട്ടിയൊൻ്റെ എന്ത് ചെൽപ്പടിക്കായിരുന്നു ഞങ്ങൾ നിന്നു കൊടുക്കെണ്ടിയിരുന്നത് ” ഇങ്ങനെ ചോദിക്കാനും കെട്ടിയോന് അത്രക്ക് കടിയുണ്ടങ്കിൽ വല്ലേ മുള്ളുമുരിക്കേലോ കൊണ്ടുപോയി കേറ്റ് എന്നും പറയാൻ ഹവ്വയുടെ നാവ് പൊന്തിയതാണ്. പക്ഷേ, അവൾ എല്ലാം ചവച്ചിറക്കി. തൻ്റെ എല്ലാ വേദനയുടെയും കാരണക്കാരിൽ ഒരാളാണ് ഈ തള്ളയും, ഹവ്വ ഓർത്തു.
ജന്മനാ കാലിന് ചെറിയ മുടന്തുണ്ടായിരുന്ന മൂത്ത ചെറുക്കനെ കോട്ടയം മെഡിക്കൽ കോളേജിൽ ഒപ്പറേഷനായി കൊണ്ടുപോകാൻ ഒരുങ്ങിയിറങ്ങിയ അന്ന് തിണ്ണ പടിയിൽ ഇരുന്ന് തള്ള പറഞ്ഞത് അവൾ ഇപ്പോഴും മറന്നട്ടില്ല.”എന്തിനാടി ഇല്ലാത്ത കാശ് മുടക്കി കൊച്ചിൻ്റെ കാലിൽ കത്തി വെക്കണത്.. ഇമ്മാതിരി പിള്ളാർക്ക് കിട്ടണ പെൻഷൻ നീ തുലക്കുവോ”.
” നിൻ്റെ അമ്മായിഅമ്മ വെറും ചെറ്റയാണ് ” എന്ന് വീടിൻ്റെ വടക്കെ പുറത്തെ ഗൗരി തള്ള പറഞ്ഞത് വിശ്വസിക്കാതിരുന്നതിൽ അവൾക്ക അന്ന് ലജ്ജ തോന്നി.
പക്ഷേ, ഗതകാലത്തിൻ്റെ വിഴുപ്പു ഭാണ്ഡങ്ങൾ ചുമന്നു നടന്ന അവർ മകനിൽ വല്ലാത്ത പുരുഷ ബോധം കുത്തിവെച്ച് തുടങ്ങിയിടത്താണ് പ്രശ്നങ്ങുടെയെല്ലാം ആരംഭം. മൂന്നു മാസം മുൻപ് അപ്പൻ കൊടുത്ത വെള്ളം ഇറങ്ങാത്ത പറമ്പിലെ പാറ കരിമരുന്ന് വെച്ച് പൊട്ടിക്കുന്നതിനിടയിൽ ആദത്തിന് ചെറിയ പരിക്കുണ്ടായി, നടുവിൻ നേരിയ ഒരു പൊട്ടൽ.”എൻ്റെ ആദം നിന്നെ കൊണ്ടിനി പണിയൊന്നും ചെയ്യാമ്പറ്റൂലാടാ, സൂക്ഷിച്ചില്ലേങ്കിൽ പിന്നെ നമ്മുടെ തെക്കെലേ വറീതിനെപ്പോലെ , എൻ്റെ കുഞ്ഞ് കട്ടിലിൽ തന്നെയാകും.. നീ ഇനി പണിക്കൊന്നും പോകണ്ടാട്ടോ” അമ്മയുടെ പറച്ചില് കേട്ട് ആദം ചിരിച്ചു. “അപ്പൻ്റെ ജീവൻ്റെ ഫലം ഇരിക്കുന്ന അലമാരിയിൽ നിന്ന് കുറച്ച് കനി എടുത്തോണ്ടു വാ അമ്മേ അതിയാനെ പണിക്കൊന്നും വിടാതെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം” ഹവ്വ തമാശ എന്നോണം പറഞ്ഞു. പക്ഷേങ്കിൽ പൊകപ്പോകെ തള്ള വീട്ടിൽ വന്ന് “നിനക്കിനി പണിക്കൊന്നും പോകാൻ പറ്റൂല്ല കുഞ്ഞേ” എന്ന് ആവർത്തിച്ചപ്പോൾ ഹവ്വക്ക് പന്തി കെടുതോന്നി. ഗതികെട്ടപ്പോൾ അവൾ ചോദിച്ചു “ഇതിയാൻ പണിക്കുപോയില്ലങ്കിൽ പിന്നെ ഇവിടുത്തെ കാര്യം ആര് നോക്കും അമ്മേ?”.
“സെമിനാരിയിൽ പോയ മൂത്ത ചെറുക്കനെ തിരികെ വിളി. അവനല്ലേ അപ്പനെയും അമ്മയെയും നോക്കെണ്ടേ ” അമ്മയിങ്ങനെ പറയുമെന്ന് ഹവ്വ ഒരിക്കലും കരുതിയില്ല. അവൾക്ക് വല്ലാതെ സങ്കടം തോന്നിയെങ്കിലും അത് കടിച്ചമർത്തി.തമ്പുരാന് പൂർണ്ണമനസോടെ സമർപ്പിച്ച മൂത്ത കുഞ്ഞിനെ തിരികെ വിളിക്കുന്നത് അവളുടെ ആലോചനയിൽ പോലുമുണ്ടായിരുന്നില്ല. അപ്പൻ്റെ കന്നം തിരുവുകളും അമ്മയെക്കുറിച്ചുള്ള ചില തന്തയില്ലാ കഴുവേറി കളുടെ അടക്കം പറച്ചിലുകളും കുത്തുവാക്കുകളും ഭയന്ന് സെമിനാരിയിൽ ചേർന്ന മകനെ ഹവ്വ പ്രാർത്ഥനയോടെ ഓർത്തു.”ദൈവം തന്നു ദൈവം എടുത്തു ദൈവത്തിൻ്റെ നാമം മഹത്വപ്പെടട്ടേ “.
മൂന്ന്
നടുവു പൊട്ടലൊക്കെ മാറിയിട്ടും പണിക്കു പോകാതെ ആദം ആലസ്യപ്പെട്ട് ജീവിച്ചു തുടങ്ങി. ആദ്യം അവൾ പരാതിയൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ അമ്മ വീട്ടിൽ വന്നു പോകുന്ന ഓരോ ദിവസവും അയാളുടെ ധാർഷ്ട്യങ്ങൾ ഏറിവന്നു. കാലത്തെ ഏലക്ക പൊടിച്ചിട്ട ചായയില്ലെങ്കിൽ പറ്റാതായി.. ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ മുന്നിൽ വെള്ളം എത്തിയില്ലങ്കിൽ കണ്ണിൽ കണ്ടതൊക്കെ തച്ചുടക്കുമെന്നായി… ഉച്ചക്ക് മീനില്ലാതെ ഒരു വറ്റിറങ്ങില്ലെന്നായി.. ശ്വാസമുട്ടലുകാരിയായ അവൾ വായു വലിച്ചു കിടന്നാലും ഒരു കപ്പ് കാപ്പിയിടാനോ.. കുഞ്ഞിൻ്റെ മൂത്രം കുതിർന്ന വസ്ത്രങ്ങൾ അലക്കി വിരിക്കാനോ തയാറായില്ല. ഒരു കൈയ്യ് കുഞ്ഞിനേയും ചുമന്ന് അയാളെ പോറ്റാൻ അവൾ പങ്കപ്പാട് പെട്ടു.
കനച്ചു നാറിയ ഒരു വസ്ത്രത്തിൻ്റെ പഴകിയ ഗന്ധമയിരിന്നു ആദത്തിൻ്റെ വിയർപ്പിന്. ആ മണം അടുത്തു വരുമ്പോഴെ ഹവ്വയ്ക്ക് ഓക്കാനിക്കാൻ വരുമായിരുന്നു. വിവാഹത്തിന് മുൻപ് ഭർത്താവിൻ്റെ വിയർപ്പു ഗന്ധമറിയണമെന്ന് വാശി പിടിക്കാൻ പെണ്ണിന് കഴിയില്ലല്ലോ. ജനിപ്പിക്കുമ്പോൾ ദൈവം അനുവാദം ചോദിക്കാത്തതു പോലെ കെട്ടിച്ചു വിടുമ്പോൾ പെണ്ണിൻ്റെ ഇഷ്ടം ആരും തിരക്കാറില്ലല്ലോ. ഇണ ചേരാൻ വരുന്നതിന് മുൻപ് സന്തൂർ സോപ്പിട്ട് മേലുകഴുകണം എന്ന ഹവ്വയുടെ വാശി പാലിച്ചിരുന്നെങ്കിലും ശരീരത്തിൻ്റെ ഏതെങ്കിലുമൊരു കോണിൽ ആ കൂറ കുത്തിയ ഗന്ധം ശേഷിക്കുന്നുണ്ടാകും. ഭർത്താവിൻ്റെ ഗന്ധം ഇഷ്ട്മില്ലെന്നു പറഞ്ഞ് വേർപെടാൻ നിയമസാധ്യതയില്ലാത്തതു കൊണ്ടവൾ അതും സഹിച്ചു.
ആർത്തിയോടെ അയാൾ അവളുടെ ഉടലിനെ ഭോഗിച്ചു കൊണ്ടിരുന്ന ആ രാത്രിയിൽ ഹവ്വ ചോദിച്ചു:” ആദം നിങ്ങളിങ്ങനെ പണിക്കു പോകാതിരുന്നാൽ നമ്മുടെ അടുപ്പെങ്ങനാ പൊകയാ?”
“അയിന് പണിക്കാരെങ്കിലും വിളിക്കേണ്ടെ” അവളെ ഉടലിൽ നിന്നു പറിച്ചു മാറ്റി അയാൾ തിരിഞ്ഞു കിടന്നു. ഹവ്വ നേരം വെളുക്കുവോളം മാതാവിൻ്റെ തിരുസ്വരൂപത്തിനു മുൻപിൽ അൻപത്തിമൂന്നു മണി ജപം ചൊല്ലി മുട്ടിപ്പായി പ്രാർത്ഥിച്ചു. ആരും അയാളെ പണിക്കു വിളിച്ചില്ല.മാതാവു തന്നെ കൈയ്യ് വിട്ടിരിക്കാം എന്നവൾ ചിന്തിച്ചു. ദിവസങ്ങൾ അതിവേഗം കടന്നു പോയി അതുപോലെ ആവശ്യങ്ങളും. അയാൾ സുവിശേഷത്തിൽ പറയുന്നതുപോലെ ചൂടോ തണുപ്പോയില്ലാതെ മന്ദോഷ്ണനായി മൊബൈലിൽ കുത്തിയിരുന്നു സമയം കൊന്നു. ഹവ്വക്ക് അയാളെ വായിൽ നിന്ന് തുപ്പിക്കളയാൻ തോന്നി. എങ്കിലും ഭർത്താവെന്നോർത്തവൾ അരിശം കടിച്ചിറക്കി.
അടുത്തുള്ളവരോടൊക്കെ അവൾ കടം വാങ്ങി.. വാങ്ങിയവരോട് വീണ്ടും ചോദിക്കാൻ ഇറങ്ങി. അങ്ങനെയാണ് കൂട്ടുകാരിയുടെ വീട്ടിൽ ഒരായിരം രൂപ ചോദിച്ച് അവൾ പോയത്.കോളിങ്ങ് ബെല്ല് അടിച്ചപ്പോൾ തുറന്നത് അവളുടെ കെട്ടിയോൻ വർക്കിയായിരുന്നു.
“ഗ്രേസി അകത്തില്ലേ?” അവൾ തിരക്കി.
” ഊവ് കഴറിയിരിക്ക് ” എന്നയാൾ മറുപടി നൽകി. അവൾ ചുണ്ടിലെ വിയർപ്പു തുള്ളികൾ കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന തുവാല കൊണ്ട് തുടച്ച് പരിഭ്രമത്തോടെ ഇരുന്നു. അടുക്കളയിൽ നിന്നുമയാൾ പുതിനിലയും നറുനീണ്ടിയും മൊഴിച്ച് നാരങ്ങ വെള്ളവുമായി വരുമ്പോൾ ഹവ്വ കടുത്ത അലോചനകളിൽ മുഴുകി ഉറഞ്ഞിരിക്കയായിരുന്നു. അയാൾ അവളെ അടിമുടിയൊന്നുഴിഞ്ഞു നോക്കി. പതിയെ ചുമച്ചു. ഓർമ്മകളുടെ പിടിയിൽ നിന്ന് വേർപ്പെട്ട് മടങ്ങി വന്നപ്പോൾ തേൻ പുരട്ടിയ ചിരിയുമായി വർക്കിച്ചൻ നിൽക്കുന്നത് ഹവ്വ കണ്ടു.
” ഗ്രേസി… എവിടെ….” ഭംഗിയില്ലാതെ ചിരിച്ച് അവൾ വീണ്ടും തിരക്കി.
” വരും” ചുണ്ടിൽ നിന്ന് കത്തിയ സിഗരറ്റ് അടർത്തിമാറ്റി പുക ഊതിവിട്ടു കൊണ്ടയാൾ പറഞ്ഞു. അവൾ അപ്പോൾ നിന്നു കത്തുകയായിരുന്നു.
“നന്നായി വിയർക്കുന്നുണ്ടല്ലോ വെള്ളം കുടിക്കൂ ” അയാൾ വീണ്ടും അവളെ ചൂഴ്ന്നു നോക്കി പറഞ്ഞു. അവൾ പരവേശത്തോടെ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു കുടിച്ചു തുടങ്ങി, അപ്പോഴാണ് മൂത്ത ചെറുക്കനെ സിസേറിയൻ ചെയ്ത് പുറത്തെടുത്ത തിൻ്റെ ശേഷിപ്പായ നെടുകെയുള്ള തുന്നൽ പാടുകളിലൂടെ എന്തോ ഇഴയുന്നതായി അവൾക്ക് അനുവപ്പെട്ടത്. പെട്ടന്ന് കൈയ്യിലിരുന്ന ചില്ലു ഗ്ലാസ് നിലത്തു വീണുടഞ്ഞു. പുറകിൽ നിന്ന് അയാളുടെ കരങ്ങൾ വയറ്റിൽ നിന്ന് ഇഴഞ്ഞിഴഞ്ഞ് മാറിലേക്ക് കയറിയതും വർക്കിച്ചനെ തള്ളിമാറ്റി പെട്ടന്നവൾ കുതറി മാറി പുറത്തേക്ക് ഓടി. ഇടവഴികളിലെവിടയൊ അണലി വാ പിളർക്കുന്ന ഗന്ധം അവൾക്കപ്പോൾ അനുഭവപ്പെട്ടു. തിരിച്ചു നടക്കുമ്പോൾ എലിസബത്തായിരുന്നു ഹവ്വയുടെ മനസു നിറയെ.. അമ്മായപ്പനിൽ നിന്ന് ഉണ്ടായ അനുഭവം പങ്ക് വെച്ചപ്പോൾ ഉളളിൽ ഊറി ചിരിച്ച അപരാദം ഒർത്തവൾ വിങ്ങി. ചിലത് അങ്ങനെയാണ് സ്വന്തമായി അനുഭവിച്ചാലേ നീറ്റലറിയൂ…. വീട്ടിൽ വന്ന് അയാളറിയാതെ തലയിണയിൽ മുഖം അമർത്തി അവൾ പൊട്ടിക്കരഞ്ഞു അപ്പോൾ തന്നെ വിളി വന്നു. ” ഹവ്വ കാപ്പി”.
നാല്
കുഞ്ഞിൻ്റെ കഴുത്തിൽ ആകെയുണ്ടായിരുന്ന അരപ്പവൻ്റെ മാല പണയം വെക്കാൻ അവൾ അന്ന് ഉച്ചതിരിഞ്ഞ് പട്ടണത്തിലേക്ക് ഇറങ്ങി.കത്തി നിന്ന വെയ്ൽ ഹവ്വയെ ഒട്ടും പൊള്ളിച്ചില്ല അതിലേറെ പൊള്ളൽ അവളുടെ ഉള്ളിൽ കനപ്പെട്ടിരുന്നു. ഇടവഴിതോറും തന്നിഷ്ട്ടത്തിനു വളരുന്ന ബോഗെയ്ൻ വില്ലകൾക്കിടയിലൂടെ നഗരത്തിലേക്കു ആയാ സപ്പെട്ടു നടക്കുമ്പോൾ അവൾ ക്രിസ്തുവിനെ പോലെ രക്തം വിയർത്തു, അത്രമാത്രം അവളുടെ ഹൃദയം പിടക്കുകയായിരുന്നു. പണയപ്പണ്ഡത്തിൽ നിന്ന് കിട്ടിയ കാശുമായി വീട്ടിലേക്കുള്ള അരിയും സാധനവും വാങ്ങാൻ നിൽക്കെ ആദത്തെ ഇടക്ക് പണിക്കു കൊണ്ടുപോകാറുള്ള സിബിച്ചേട്ടനെ കണ്ടു.
“പണിയെന്തങ്കിലുമുണ്ടെങ്കിൽ എൻ്റെ ആദത്തിനെക്കുടി വിളിക്കെൻ്റെ സിബിച്ചേട്ടാ”
“ഹവ്വക്കൊച്ചേ, പിടിപ്പത് പണി തീരാനുണ്ട്, അവനെ എത്രയെന്നു കണ്ടാ വിളിക്കാ. വിളിച്ചാ ഫോൺ എടുക്കൂവോ ആ കഴുവേറി. ഒരു ദിവസം കവലയിൽ പുകച്ചിരിക്കുന്നത് കണ്ട് വിളിച്ചപ്പോൾ അവനിനി പണിക്കൊന്നും വരുന്നില്ലന്ന് പറഞ്ഞ്. ഞാൻ എന്ത് ചെയ്യാനാ കുഞ്ഞേ ,പണിക്കു വിളിച്ചിട്ടു വരാത്തവനെ ഞാൻവന്നു പൊക്കിയിട്ടു പോണോ” സിബിച്ചേട്ടൻ പറഞ്ഞു നിർത്തുമ്പോൾ ശ്വാസഗതി വീണ്ടെടുക്കാൻ അവൾ ആയാസപ്പെട്ടു. ഹവ്വയുടെ കണ്ണുകളിലേക്ക് കാർമേഘങ്ങൾ ഉരുണ്ടു കൂടി. ഒരു കനത്ത മഴയുടെ സാധ്യതയോടെ അവളുടെ മുഖം വിങ്ങി.ഒരു തുള്ളി കണ്ണുനീർ പോലു മടർത്താതെ അവൾ വെപ്രാളത്തോടെ വീട്ടിലേക്ക് നടന്നു.പട്ടിണി കിടന്ന് അസ്ഥിയോളം മെലിഞ്ഞ ആ കിഴവൻ പൂച്ച വീടിനു മുൻപിൽ തന്നെ ചത്തു മലച്ചു കിടപ്പുണ്ടായിരുന്നു. അയാൾ അതു കണ്ടിട്ടും അതൊന്നെടുത്തു മാറ്റാൻ പോലുമുള്ള സൻമനസ്സുകാട്ടാതെ കുഞ്ഞിൻ്റെ മൂക്ക് നുള്ളിക്കളിക്കുന്നത് കണ്ട് അവളുടെ ഉള്ളം കാലിൽ നിന്ന് പെരുത്തു വന്നു.കുറെ നേരം കട്ടിലിൽ കിടന്നു കരഞ്ഞ് കരഞ്ഞ് എപ്പോഴൊ അവൾ ഉറങ്ങിപ്പോയി. വയറ്റിൽ അത്താഴത്തിൻ്റെ വിളി വന്നപ്പോഴാണ് സാരി പോലും മാറ്റാതെ കിടന്നുറങ്ങുന്ന ഹവ്വയെ ആദത്തിനൊർമ്മ വന്നത്.
” ഹവ്വ.. അത്താഴമെടുക്കൂ” അയാൾ അവളെ തട്ടി വിളിച്ചുണർത്തി. അവൾ പതിയെ അടുത്തിരുന്ന ജഗ്ഗിലെ വെള്ളം വായിലേക്കു കമയ്ത്തി. വെള്ളം കുറച്ച് വായിലേക്കിറങ്ങാതെ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. അവൾ വീണ്ടും കട്ടിലിലേക്ക് മലർന്നു. ആദം നിന്നു വിറതുള്ളാൻ തുടങ്ങി കണ്ണിൽ കണ്ടതെല്ലാം അയാൾ തച്ചുടച്ചു.അഹന്തയുടെ ബുദ്ധിഭ്രമം ബാധിച്ച അയാൾ ഒരു മൃഗത്തെ പോലെ മനസിൽ തോന്നിയതെല്ലാം ചെയ്തു.അവളുടെ വാസ്ത്രങ്ങൾ പിച്ചി ചീന്തി.വല്ലാത്ത പ്രാണവെപ്രാളത്തിൽ പിടഞ്ഞു മരിക്കുന്ന മനുഷ്യൻ്റെ മുഖഭാവം ആയിരുന്നു ആദത്തിന് അപ്പോൾ. ഹവ്വ എന്തൊക്കയോ സ്വയം ആത്മഗതം ചെയ്ത് തീരുമാനിച്ചുക്കുകയായിരുന്നു അന്നെരം.നിശ്ശബ്ദതയുടെ പുറന്തോടുകൾ പൊട്ടിച്ച് അവൾ പിടഞ്ഞ് എഴുന്നേറ്റു….. ഉടലിൽ ശേഷിച്ചതെല്ലാം പറിച്ച് കട്ടിലേക്ക് എറിഞ്ഞു…. കട്ടിലിന് അടുത്തിരുന്ന കത്തി എടുത്തു.എന്നിട്ട്, വാഴയുടെ മറവിൽ ഒളിഞ്ഞിരുന്ന അമ്മായി അപ്പൻ്റെ മുൻപിലേക്ക് അവൾ ചാടിവീണു. തുടയിലേ മാംസം മുറിച്ച് ഹവ്വ അയാൾക്കു നേരെ നീട്ടി “ഇതെൻ്റെ ശരിരംമാകുന്നു”. കാലങ്ങളോളം ശരീരത്തിൻ്റെയുള്ളിൽ കെട്ടിക്കിടന്ന നദി പുറത്തേക്ക് ഒഴുകി….. കൈയ്യ് കുമ്പിളിൽ അത് കുറച്ച് എടുത്ത് അവൾ അയാൾക്കു നേരെ വീണ്ടും നീട്ടി.” ഇതെൻ്റെ രക്തമാകുന്നു” മകൻ്റെ മേശയിൽ നിന്ന് വീഴുന്ന അപ്പ കഷണം തിന്നാൻ ആർത്തി പിടിച്ചിരുന്ന ആ തെരുവു നായ പൊടുന്നനെ ആമ്മേൻ പറഞ്ഞു.
…
ജിബു കൊച്ചുചിറ
ബി. എ. ഇംഗ്ലീഷ് വിദ്യാർത്ഥി, എസ്. എച്ച്. കോളേജ് തേവര
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.