കവിത
ജാബിർ നൗഷാദ്
ചിത്രീകരണം മനു
ചെറുതാവുന്തോറും
ഭംഗിയേറുന്ന,
മെലിയും തോറും
കൂർത്തിറങ്ങുന്ന,
വഴി.
സ്മരണ.
വഴിയിലേക്ക് കുനിഞ്ഞു
നിൽക്കുന്നൊരു ചെടി
പാതയെ തൊടാനാകാതെ-
യൊടുവിലൊരു
പൂവിനെയടർത്തുന്നു.
ഇലകളുടെ ശബ്ദത്തിൽ
നിന്നും കാറ്റിന്റേതിനെ
വേർതിരിച്ചെടുക്കുന്ന
തിരക്കിൽ പൂവൊരു
ഓർമയിലേക്കുരുണ്ടു.
പതിനാറിലും പതിനഞ്ചിലും
ആടിനിൽക്കുന്ന
ഒരാണും പെണ്ണും
വഴിയുടെ പെരുപ്പത്തിൽ
നിന്നും ഞെരുക്കത്തിലേക്ക്
നടന്നു പോയി.
ഒറ്റയാളിലേക്ക് ചുരുങ്ങിയ
പാതയിൽ വെച്ചവൾ
അവന്റെ ചുണ്ടിനു
കീഴിൽ ചുംബിച്ചു.
ഇലയിൽ നിന്നും
കഴുത്തിലേക്കടർന്നു
വീണ പച്ചുറുമ്പവളുടെ
വേർപ്പിൽ കടിച്ചുതൂങ്ങി.
തുള്ളിയാവാൻ കൊതിച്ചു
നിൽക്കുന്ന മേഘത്തിന്റെ
വിറയലടർന്നവന്റെ
വിരലുകളിൽ കുടിയേറി.
ഇതൊക്കെയും,
ഓരോ ഇറുക്കിപ്പിടുത്തവും,
ഓരോ ഉമ്മയും,ഉരുമലും,
ഓരോ ഞെരുക്കങ്ങളും
മോഹാലസ്യവും,
യൗവ്വനം കരുതിവെക്കുന്ന
ഉലകിന്റെ ഖിന്നമായ
തിരിച്ചറിവുകളെ നേരിടാൻ.
ഓരോ പ്രതിരോധങ്ങൾ.
പതിനാറിൽ ഒരു
പ്രണയമുണ്ടാവുക എന്നത്
അടർച്ചകളിൽ നിന്നും
നിഷ്കളങ്കതയെ
പിടിച്ചു നിർത്തലാണ്.
ചെറുതാവും തോറും
ഭംഗിയേറുന്ന
വഴി,
ആകാശം,
ദൂരം.
മെലിയും തോറും
കൂർത്തിറങ്ങുന്ന
ചുണ്ട്,
ശ്വാസം
സ്മരണ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.