മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള നീക്കവുമായി ഐഎസ്ആർഒ

0
236

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച‌് മനുഷ്യനെ ബഹിരാകാശത്ത‌് എത്തിക്കാനുള്ള നീക്കവുമായി ഐഎസ‌്ആർഒ. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ബഹിരാകാശപേടകം 2022 ആഗസ്റ്റിൽ വിക്ഷേപിക്കും. ഇതിന്റെ തുടർച്ചയായി സ്ഥിരം ബഹിരാകാശനിലയം സ്ഥാപിക്കും. ഗഗൻയാൻ എന്ന‌ ബഹിരാകാശയാത്രയ‌്ക്കുള്ള സഞ്ചാരികളെ ആറു മാസത്തിനകം തെരഞ്ഞെടുക്കും. ഇവർക്ക‌് ഒന്നരവർഷത്തെ പരിശീലനം നല്‍കുമെന്നും ഐഎസ്ആര്‍ഒ വെളിപ്പെടുത്തി.

ഭൂമിയിൽനിന്ന‌് 300–-400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്ന പേടകത്തിൽ സഞ്ചാരികൾ ഏഴ‌് ദിവസം തങ്ങും. ജിഎസ‌്എൽവി മാർക്ക‌്–-മൂന്ന‌് റോക്കറ്റാണ‌് ഇതിനുവേണ്ടി ഉപയോഗിക്കുക. 10,000 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ മേൽനോട്ടത്തിന് ഉന്നതതല ഉപദേശകസമിതിക്ക‌് രൂപം നൽകി.
2020 ഡിസംബറിൽ മനുഷ്യരില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് പഠനം നടത്തും. ആറുമാസത്തിനുശേഷം ഈ പരീക്ഷണം ആവർത്തിക്കും. യാത്രയ‌്ക്കായി തെരഞ്ഞടുക്കുന്നവർക്ക‌് വിദേശപരിശീലനവും നൽകും. ബഹിരാകാശത്ത‌് എത്തിയശേഷം മടങ്ങുമ്പോൾ സമുദ്രത്തിലാണ‌് പേടകം പതിക്കുക. ഇവിടെനിന്ന‌് യാത്രികരെ സുരക്ഷിതമായി കണ്ടെത്താനുള്ള പദ്ധതി നാവിക- തീരസംരക്ഷണസേനകള്‍ ആസൂത്രണം ചെയ്യും.

20 ടൺ ഭാരമുള്ള നിലയം ഭൂമിയിൽനിന്ന‌് 400 കിലോമീറ്റർ അകലെ സ്ഥാപിക്കും. ബഹിരാകാശസഞ്ചാരികൾക്ക‌് 15- 20 ദിവസം ഇതിൽ തങ്ങാൻ സൗകര്യമൊരുക്കും. ഗഗൻയാൻ വിജയകരമായാല്‍ പരമാവധി ഏഴു വർഷത്തിനകം നിലയം സ്ഥാപിക്കാം.

സൂര്യനെ പഠിക്കാന്‍ ആദിത്യ

സൂര്യനെക്കുറിച്ച‌് കൂടുതൽ പഠിക്കാൻ അടുത്തവർഷം ആദിത്യ- എൽ1 എന്ന പേടകം അയക്കും. സൂര്യനെ വലയംചെയ‌്ത‌് നിൽക്കുന്ന കറോണ പ്ലാസ‌്മയെ വിശകലനം ചെയ്യാനാണ് പദ്ധതി. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്ന അതേ ദിശയിൽതന്നെയാണ‌് ആദിത്യയും നീങ്ങുക. 109 ദിവസം നീളുന്നതായിരിക്കും ദൗത്യം.

വീനസ‌് മിഷൻ

ശുക്രഗ്രഹത്തെക്കുറിച്ച‌് പഠിക്കാൻ മൂന്ന‌് വർഷത്തിനകം വീനസ‌് മിഷൻ നടപ്പാക്കുമെന്നും ബഹിരാകാശവകുപ്പ് സഹമന്ത്രി ജിതേന്ദ്രസിങ‌്, ഐ‌എസ‌്ആർഒ ചെയർമാൻ ഡോ. ശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here