Homeലേഖനങ്ങൾമെഹ്ദി ഹസ്സൻ; വെറുപ്പിന്റെ വരമ്പുകളില്ലാത്ത പ്രണയരാജ്യത്തിന്റെ പാട്ടുകാരൻ

മെഹ്ദി ഹസ്സൻ; വെറുപ്പിന്റെ വരമ്പുകളില്ലാത്ത പ്രണയരാജ്യത്തിന്റെ പാട്ടുകാരൻ

Published on

spot_imgspot_img

 

ബിബിൻദേവ് എളേറ്റിൽ

ഏറിയും കുറഞ്ഞും സ്വരഭേദങ്ങളോടെ പെയ്തുകൊണ്ടേയിരിക്കുന്ന ഒരു മഴ പെട്ടന്ന് തോർന്നൊഴിഞ്ഞതു പോലെയായിരുന്നു ഏഴുവര്ഷങ്ങള്ക്കു മുമ്പുള്ള ഈ ദിവസം ഗസൽ മാന്ത്രികൻ ഉസ്താദ് മെഹ്ദി ഹസ്സൻ വിടവാങ്ങിയത്. ആത്മാവിഷ്കാരത്തിന്റെ സംഗീതത്തെ ഹൃദയത്തോട് ചേർത്ത് വെച്ചവരുടെ മനസ്സിൽ ഇന്നും ആ മഴതോർച്ചയുടെ ശൂന്യത വിട്ടുമാറിയിട്ടില്ല.

അനുവാചക ഹൃദയങ്ങളിൽ ഗസലിന്റെ അർഥം തന്നെയായി മാറിയ ഗായകനായിരുന്നു മെഹ്ദി. പ്രണയനഷ്ടം കൊണ്ട് നേരിയ ഹൃദയങ്ങൾ, ജീവിതത്തിന്റെ പൊരുള് തേടിയ ആത്മാന്വേഷികൾ, ഭൗമികജീവിതകല്പനകളുടെ വരൾച്ചയിൽ ഇത്തിരി ഉറവ തേടിയലഞ്ഞവർ, എല്ലാവരും തങ്ങളുടെ നിശബ്ദമായ ആത്മവേദനകൾക്ക് ഒരേ ഒരു ശബ്ദം കൊണ്ട് ആശ്വാസം കണ്ടെത്തി.

മനുഷ്യന്റെ വ്യക്തി ജീവിതത്തിന്റെയോ സാമൂഹിക ജീവിതത്തിന്റെയോ ഒരു മുറിവ് പോലും മെഹ്ദി ഹസ്സന് ഒട്ടും അന്യമല്ലാത്ത, ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രിയിൽ തന്നെ രാജ്യത്തെ ഇരുകഷണങ്ങളാക്കി മുറിച്ചു മാറ്റിയപ്പോൾ അതിന്റെ ഇരയാക്കപ്പെട്ട ജീവിതമായിരുന്നു ഹസ്സന്റെത്. രാജസ്ഥാനിലെ ലുനയിൽ ജനിച്ച അദ്ദേഹത്തിന് ഇരുപതു വയസ്സുള്ളപ്പോഴാണ് ആളിക്കത്തിയ മതഭ്രാന്ത് നാടിനെ നെടുകെ മുറിച്ചത്. ഒരു രാത്രി പുലരുമ്പോഴേക്കും മറ്റൊരു രാജ്യത്തിgൻറെ ഭാഗമായി മാറി ഹസ്സനും.

വിഭജനത്തിന്റെ മുറിവും അത് സമ്മാനിച്ച പരുക്കൻ ജീവിതാനുഭവങ്ങളും ഓർമയിൽ മങ്ങാതെ നിൽക്കുന്നത് കൊണ്ടാവണം, മെഹ്ദി പാടിയത് മുഴുവൻ അതിരുകളില്ലാത്ത സ്നേഹത്തെ കുറിച്ച് മാത്രമായിരുന്നു. ഒരിക്കൽ മെഹ്ദി ഹസ്സൻ ഇങ്ങനെ പറയുകയുണ്ടായി “സംഗീതം തന്നെ സ്നേഹത്തിന്റെ രൂപമാണ്…അതിർത്തികളെ സംഗീതവും സ്നേഹവും മറികടക്കുക തന്നെ ചെയ്യും“. ജീവിതകാലമത്രയും മെഹ്ദി ഹസ്സൻ ശ്രമിച്ചത് സംഗീതം കൊണ്ട് അതിരുകൾ മായ്ക്കാൻ തന്നെയാണ്.

മാനവികസ്നേഹത്തിലധിഷ്ഠിതമായ സംഘബോധത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ മെഹ്ദിയുടെ പാട്ടുകൾ ഒറ്റപ്പെട്ടവന്റെ ശബ്ദം കൂടിയായി മാറി. ഒറ്റക്കിരിക്കുന്നവന്റെ നിശ്ശബ്ദതയിലാണ് മെഹ്ദിഹസന്റെ സംഗീതം ജീവജലം കണ്ടെത്തിയത്.
തീവ്രവിഷാദം കൊണ്ട് ഏകരായവർക്ക് മെഹ്ദിയുടെ പാട്ടുകൾ ഒറ്റക്കൊരു രാഷ്ട്രം തന്നെ തീർത്തു. അവരുടെ പ്രണയസ്വപ്നങ്ങൾക്ക്, കാല്പനികവിഷ്കാരങ്ങൾക്ക്, കിനാവുകൾക്കൊക്കെ പരമാധികാരം പതിച്ചു കൊടുക്കുവാൻ മാത്രം ശക്തിയുണ്ടായിരുന്നു ആ ഗീതകങ്ങൾക്ക്.

വിഷാദാവസ്ഥകൾക്ക് കേവലമായ ഭ്രമാത്മകതകൾ കൊണ്ട് മറുമരുന്ന് കണ്ടെത്തുകയായിരുന്നില്ല മെഹ്ദി. പകരം വേദനയെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്ന് മോഹനമായ ‘നഷ’ കണ്ടെത്തുന്ന ഗസലിന് മാത്രം സാധ്യമായ മായികാനുഭവത്തെ അതിന്റെ പൂർണതയിൽ ഹൃദയങ്ങളിലേക്ക് പകരുകയായിരുന്നു അയാൾ.

പ്രണയിനികളൂടെ ആത്മവേദനകൾക്ക് ഇത്ര മധുരിതമായി സ്വരപകർച്ച നൽകിയ മറ്റൊരു ഗായകനുണ്ടാവില്ല. പ്രണയിക്കുന്നവർക്ക് മാത്രം തീർക്കാൻ കഴിയുന്ന സ്വപ്നലോകത്ത് അവരുടെ ശബ്ദമായി മെഹ്ദി മാറി. ഉറുദുവിലും മറ്റും രചിക്കപ്പെട്ട അതിമനോഹരങ്ങളായ പ്രണയഗീതങ്ങളെ അതിലും ഭംഗിയാർന്ന ഭാവപ്പകർച്ചയോടെ തന്നെ മെഹ്ദിയുടെ ശബ്ദത്തിൽ കേട്ടു. ജനലിനരികിലിരുന്ന് ഭാവഭേദങ്ങളുടെ ഒരു മഴ കേൾക്കുന്നത് പോലെ വിരഹവേദനയും പ്രണയത്തിന്റെ നനവുമെല്ലാം പകരുന്ന സ്വരഭേദങ്ങൾ.
അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ ഒരു ഗസൽ ഗീതകത്തിലെ വരികൾ കടമെടുത്ത് ഇങ്ങനെ പറയാം ” ആരോടെങ്കിലും ലോകത്ത് സ്നേഹമുണ്ടായാൽ അത് സ്വർഗത്തേക്കാൾ ചെറുതല്ല. ഹൃദയത്തിൽ ഒരു വീണയുണ്ടാകും.പൂക്കളും കുറവല്ല”  [ ദുനിയാ കിസിയോം പ്യാർ മേം ജന്നത്ത് സെ കംനഹി, ഫൂലോം സെ കം നഹി)

ഇന്ത്യയെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം കയ്യടക്കുന്നത് കാണാൻ മെഹ്ദി ഹസൻ കാത്ത് നിന്നില്ല. വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കൾ വരച്ച വരകളെയും വരമ്പുകളെയും മറികടന്ന് ഇന്ത്യയുടെ ആത്മാവിൽ കുടില് കെട്ടി പാടിയ, ഹൃദയങ്ങളെ സ്നേഹസംഗീതം കൊണ്ട് ചേർത്ത് നിർത്തിയ മെഹ്ദി ഹസ്സനെ, പാകിസ്ഥാനികൾ ശത്രുക്കളാവുന്ന, ഗായകരും കവികളും എഴുത്തുകാരും കൊലചെയ്യപ്പെടുന്ന ഈ ഇരുണ്ട കാഴ്ചകളിലേക്ക് കാത്തുവെക്കാതിരിക്കാൻ കാലത്തിന് കനിവ് തോന്നിയിരിക്കണം.

“ആകാശത്തെ കാൽകീഴിലാക്കി സ്വർഗീയസംഗീതത്തെ കേട്ടു കൊണ്ടേയിരിക്കൂ” എന്ന് ജലാലുദ്ദീൻ റൂമി. യഥാർത്ഥത്തിൽ മെഹ്ദി ഹസ്സൻ നമുക്ക് വേണ്ടി  സ്വർഗ്ഗത്തിലെ സംഗീതത്തെ മണ്ണിലേക്കിറക്കി കൊണ്ട് വരിക തന്നെയായിരുന്നു.

ഗസൽ മാന്ത്രികന്റെ ഓർമകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...