ഇന്ത്യൻ ശിക്ഷാനിയമം

0
545
Sreeshobh-us-athmaonline-the-arteria

കഥ

ശ്രീശോഭ്

വക്കീലന്മാർ പതിനൊന്നുമണിപ്പാച്ചിൽ നടത്തുന്ന പതിവു കോടതി ദിവസം, രണ്ടര വർഷത്തെ ജൂനിയർഷിപ്പിൽ അടിമത്വത്തിന്റെ സകലതലങ്ങളും തൊട്ടറിഞ്ഞ കുട്ടായി വക്കീലിന് ഏറെ പ്രാധാന്യമുള്ളതായിത്തീർന്നത് വളരെപ്പെട്ടെന്നാണ്.

നെന്മാറ വെടിക്കെട്ടു കഴിഞ്ഞെത്തിയപ്പോൾ വൈകിയിരുന്നു. പണ്ടെന്നോ തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ വെച്ചു കണ്ടിട്ടുള്ള പി.സി. രമേശന്റെ വീടായിരുന്നു സങ്കേതം. ഉറക്കക്ഷീണം നിറഞ്ഞ ദിവസം. ലീവാക്കാമെന്ന പ്ലാൻ രാവിലെതന്നെ പാളി.

ഫാമിലി കോർട്ടിൽ ‘ജസ്റ്റ് ഒന്ന് അറ്റന്റ് ചെയ്യാനുള്ള’ സീനിയറിന്റെ നിർദ്ദേശം മനമില്ലാ മനമോടെ ഏറ്റെടുക്കേണ്ടി വന്നു.

റോസ് നിറമുള്ള ഡോക്കറ്റിൽ കോറി വരഞ്ഞു കിടന്ന ക്ലർക്ക് സതീഷേട്ടന്റെ പ്രാചീനമായ ഇംഗ്ലീഷ് സാഹിത്യത്തിലൂടെ അശ്രദ്ധമായി കണ്ണോടിച്ചു.

ഫാമിലി കേസ് സ്വതവേ താല്പര്യമില്ലാത്തതാണ്. പക്ഷേ, എതിർ കക്ഷിയുടെ പേര് രണ്ടുവട്ടം വായിച്ചപ്പോൾ വക്കീലിന്റെ ഉത്സാഹത്തിന് പുതിയ അർത്ഥങ്ങൾ കൈവന്നു.

സനൂജ. എസ്. പിള്ള…. സനൂജ. എസ്. പിള്ള… ഡോട്ടർ ഓഫ് അഡ്വ. സർവേശ്വരൻ പിള്ള. മകളും വക്കീലു തന്നെ, എങ്കിലെന്താ…? വക്കീലന്മാർക്കു പിന്നെ ഡിവോഴ്സ് ചെയ്യേണ്ടേ….?

തൃശ്ശൂരിലെ മുതിർന്ന അഭിഭാഷകനായ സർവേശ്വരൻ പിള്ളയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകളെ ലോകത്തിലെ ഏറ്റവും വലിയ കാശുകാരനെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നത്. അതുതന്നെയായിരിക്കണം അവളെ കുടുംബ കോടതിയുടെ വരാന്തയിലെ തിരക്കിൽ കൊണ്ടെത്തിച്ചതെന്ന് കുട്ടായി വക്കീൽ ഒരു നെടുവീർപ്പോടെ ചിന്തിച്ചു.

‘ഈ പിള്ളച്ചി നിന്റെ ക്ലാസ്സ്മേറ്റല്ലേടാ…?’ സീനിയറിന്റെ ചോദ്യം കേട്ടിട്ടും കുട്ടായി വക്കീൽ മറുപടി പറഞ്ഞില്ല.

‘തന്നെ….തന്നെ….’ സതീഷേട്ടന്റെ അർത്ഥം വച്ചുള്ള ചിരിയിൽ സഹപ്രവർത്തകരെല്ലാം പങ്കുചേർന്നു.

‘പാർട്ടി വന്നാ കൗൺസലിങ്ങിന് വെയ്ക്കുന്ന് ഒറപ്പാണ്… കാശ് കിട്ട്യാ കളയണ്ട….’ കേസ് ഫയൽ ഏല്പിക്കുമ്പോൾ സതീഷേട്ടൻ പറഞ്ഞു.

ഗുമസ്തനെ ഗുമസ്തനെന്നു വിളിക്കുന്നത്‌ ഗുമസ്തൻമാർക്കിഷ്ടമല്ല. അതുകൊണ്ടുതന്നെ, വ്യവഹാര വിഷയങ്ങളിലും കക്ഷികൾക്കിടയിലും നിർണായക സ്വാധീനമുള്ള അവർ, ജൂനിയറിനും സീനിയറിനുമിടയിൽ വ്യക്തമായ അകലം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വക്കീൽ ഓഫീസിന്റെ ‘സീനിയർ ഇൻ ചാർജ്’എന്നർത്ഥം വരുന്ന ക്ലർക്ക് പദവി സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അങ്ങനെ തൊണ്ണൂറുകളുടെ മധ്യകാലത്തോടെ ഗുമസ്തർ കുലം കുറ്റിയറ്റു പോവുകയും ക്ലർക്ക് വംശം പ്രബലമാവുകയും ചെയ്തു.

‘നമ്മ റെസ്റ്റിറ്റ്യൂഷൻ ഫയലീതിട്ടുണ്ട്…. അവര് ഡൈവേഴ്സും….’ അധികാരത്തിന്റെ സകല ധാർഷ്ട്യവും ശബ്ദത്തിലാവാഹിച്ച് സതീഷേട്ടൻ പറഞ്ഞു കൊണ്ടിരുന്നു. ‘കാര്യായിട്ട് പണീല്യങ്കിലും വക്കീല് കൂടെ വേണം….’

‘ന്റെ ഫ്രണ്ടിന്റെ കേസാണ്… നോക്കിക്കോളണം….’ സീനിയർ കൂട്ടിച്ചേർത്തു.

‘നോക്കും….ഞാൻ തന്നെ നോക്കും….’ കുട്ടായി വക്കീൽ മനസ്സിലുറച്ചു കഴിഞ്ഞിരുന്നു.

ഉറക്കച്ചടവ് വിട്ടിരിക്കുന്നു. പക്ഷേ, കോടതി വരാന്തയിൽ പതിവില്ലാതെ ചുവടുകൾക്ക് വിറയൽ അകമ്പടി വന്നപ്പോൾ കറുത്ത മേലങ്കി വിയർപ്പിൽ കുതിർന്നു.

‘സനൂജ. എസ്. പിള്ള….’ ഫാമിലി കോടതിക്ക് മുന്നിൽ ക്ലർക്കന്മാർ തിക്കുകൂടുന്നതു കണ്ടപ്പോളേ കുട്ടായി വക്കീൽ ഉറപ്പിച്ചു; ‘അവള് എത്തീട്ടുണ്ടാകും…!’

ഫാമിലി കോടതീലെന്നല്ല…, ഏതു കോടതിയിലും വിഷയം തൊലിവെളുത്ത പെണ്ണാണെങ്കിൽ, സംശയമില്ല…. അവിടെ കാഴ്ചക്കാരുടെ തിക്കും തിരക്കുമായിരിക്കും. അവസാനം ‘ഇതാണോ സാധനം… അവനൊരു അവാർഡു കൊടുക്കണം…’ എന്നു പരസ്പരം പറഞ്ഞ് ആൾക്കൂട്ടം പിരിഞ്ഞു പോവുകയും ചെയ്യും….!

വക്കീലന്മാരുടെ കോളേജ് കഥകൾ കേട്ട് ആവേശ ഭരിതരായി നടക്കുന്ന സഹജീവികളുടെ മനോകാമനകൾ പൂത്തുലയുന്നത് കോടതി വരാന്തയിലെ തിക്കിലും തിരക്കിലുമാണെന്ന് കുട്ടായി വക്കീലിന് തോന്നാറുണ്ട്.

അങ്ങനെ കള്ളുകുടി സദസ്സുകളെ ഏറെ ഹരം കൊള്ളിച്ച ഒരുപാട് കഥകളിലെ നായകനായിരുന്നു കുട്ടായി വക്കീൽ. അതുകൊണ്ടുതന്നെ, കഥാനായികയുടെ ദേഹപ്രകൃതിയുടെ കറണ്ട് കണ്ടീഷൻ എങ്ങനെയെന്നത് ആരാധകരുടെ കൂടി ഉത്കണ്ഠയായിരുന്നു.

കുട്ടായി വക്കീലിന് നല്ല ഓർമയുണ്ട്, അഞ്ചടി രണ്ടിഞ്ച് ഉയരവും ഇരുണ്ട നിറവും ചേർന്നൊരുക്കിയ കോംപ്ലക്സ് കൂടിനുള്ളിൽ ശ്വാസം മുട്ടിനിന്ന വിദ്യാഭ്യാസ കാലം. എന്നിട്ടും, ക്യാമ്പസിലെ മഴമരക്കാറ്റിന്റെ നേർത്ത ഇരമ്പലിലൂടെ പറന്നിറങ്ങി വന്ന അവളെ കുട്ടായി കണ്ണെടുക്കാതെ നോക്കിനിന്നു.

ഇലപ്പെയ്ത്തിന്റെ പടപടപ്പിനും കാമുകന്റെ ചങ്കിടിപ്പിനും ഒരേ താളമാണെന്നു കുട്ടായി തിരിച്ചറിഞ്ഞ സമയം. പക്ഷേ, അവളാണ് ആദ്യം ചോദിച്ചത്; ‘ഇയാൾടെ പേരെന്താ…..?’

അഞ്ചാം വയസ്സിൽ അപ്പനോടൊപ്പം തുടങ്ങിയ റബ്ബർ ടാപ്പിങ്ങിന്റെ ഗുണഫലമായി കോളേജ് പഞ്ചഗുസ്തി ചാമ്പ്യനായതോടെ കുട്ടായിയുടെ ശുക്രൻ തെളിഞ്ഞു തുടങ്ങി. യൂണിവേഴ്‌സിറ്റി തലത്തിലും ജില്ലാതലത്തിലുമെല്ലാം കുട്ടായിയുടെ പേശിബലം ശ്രദ്ധിക്കപ്പെട്ടു.

‘കുട്ടായി, കുട്ടായീ… കുട്ടായി ഞങ്ങടെ മുത്താണെ….’കൂട്ടുകാർ ആർത്തുവിളിച്ചു. സമ്മാനത്തുക മുഴുവൻ കള്ളുകുടിച്ചു തീർന്നപ്പോൾ അവരെല്ലാം കുട്ടായിയുടെ വിജയങ്ങൾക്കായി പ്രാർത്ഥിച്ചു.

‘ന്തിനാ അയാളെ കുട്ടായീന്നു വിളിക്കുന്നെ… ധിനിൽ കുമാർ.എം.പി. നല്ല പേരല്ലേ…?’ സനൂജ.എസ്. പിള്ള പരിഭവം പറഞ്ഞു.

‘കുട്ടായ്യ്യേ…പിള്ളേടെ റൂട്ട് ശര്യല്ലല്ലോ….!’

‘ഇതൊന്നും നമ്മ്ക്ക് ശെര്യാവില്ല…’ ആദ്യമൊക്കെ കുട്ടായി ഒഴിഞ്ഞു മാറുകയായിരുന്നു.

തിരക്കുള്ള വക്കീലിന്റെ മകളും നെയ്യ് മുറ്റിയ ദേഹവുമുള്ള സനൂജ കുട്ടായിയുടെ മസിലു പിടയ്ക്കുന്ന കൈത്തണ്ടയിലേക്ക് ആർത്തിയോടെ നോക്കുമായിരുന്നു.

‘ഈ കൈയിങ്ങന്യാണെങ്കി… കൈയിലിരിപ്പെന്താവും…?’ അവളുടെ ന്യായമായ സംശയത്തിന് മറുപടി നൽകേണ്ട ബാധ്യത കുട്ടായിയുടേത് മാത്രമായിരുന്നു. അങ്ങനെ ലോ കോളേജിലെ അംഗീകൃത ‘ദുർനടപ്പു’കാരനായി മാറിക്കഴിഞ്ഞിരുന്ന കുട്ടായിയും പൊന്നിയരി എല്ലിൽ കുത്തി എരിപൊരിയെടുത്തു നടന്ന സനൂജയും ഒരു ക്രിയാത്മക സൗഹൃദത്തിന് മ്യൂച്ചൽ കൺസൻ്റോടെ ധാരണയാവുകയായിരുന്നു.

കോളജ് സമയം കഴിഞ്ഞ് ക്ലാസ്സ് മുറിയിൽ പരക്കുന്ന നിശ്ശബ്ദതയിലും ഹിന്ദി സിനിമകൾ കളിക്കുന്ന ബിന്ദു തീയ്യേറ്ററിന്റെ ആളൊഴിഞ്ഞ ബാൽക്കണിയിലും ദു:ഖവെള്ളിക്ക് താമസക്കാരൊഴിഞ്ഞു കിടന്ന ബോയ്‌സ് ഹോസ്റ്റലിലുമെല്ലാം സനൂജ കുട്ടായിയുമായി പഞ്ചഗുസ്തി നടത്തി. ബുദ്ധിമതിയായ ഏതൊരു കാമുകിയേയും പോലെ മൂന്നാമതൊരാൾക്ക് ഇടമില്ലാത്തവിധം ആദ്യമേ പുറംലോകത്തേക്കുള്ള അവന്റെ വാതിലുകൾ അവൾ അടച്ചു കളഞ്ഞിരുന്നു.

അങ്ങനെ പൗരുഷത്തിന്റെ വന്യവീഥികളിൽ കടിഞ്ഞാണഴിഞ്ഞ് പാഞ്ഞുനടക്കുമ്പോൾ അവൾ ചുറ്റുപാടുകളെക്കുറിച്ച് ചിന്തിച്ചില്ല. അച്ഛനമ്മമാരെ ഓർത്തില്ല, എന്തിന് കുട്ടായിയെ പോലും കണ്ടില്ല….പിന്നെ…..?
അവളുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ; ഒന്നാം ക്ലാസ്സിൽ ചവിട്ടേണ്ട മൂന്നുചക്ര വണ്ടി, പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കിട്ടിയിട്ടെന്തു കാര്യം….? അത്ര തന്നെ….!

‘കൈയിലിരുപ്പും കൊള്ളാട്ടോ….’ കുട്ടായിക്കു കിട്ടിയ അംഗീകാരങ്ങളിൽ വിലമതിക്കാനാവാത്തതായിരുന്നു അത്. അന്നും കൂട്ടുകാർ കുട്ടായിയുടെ ചെലവിൽ ആർത്തു വിളിച്ചു; ‘കുട്ടായി… കുട്ടായീ….കുട്ടായി ഞങ്ങടെ മുത്താണെ….’

ക്ലർക്കന്മാരുടെ ബഹളത്തിലേക്കാണ് കുട്ടായി വക്കീൽ കണ്ണുതുറന്നത്. ഒ.പി. നമ്പർ വിളിച്ചു കഴിഞ്ഞിരുന്നു. സതീഷേട്ടൻ പറഞ്ഞതുപോലെ കോടതി കേസ് കൗൺസലിങ്ങിനു വെച്ചു. അവളെ കുട്ടായി നോക്കിയില്ല. പക്ഷേ, ഭർത്താവിനെ കണ്ടു. ആറടിയോളം ഉയരത്തിൽ ഒരു അതികായൻ. പിളുക്കൻ ദേഹം, വൃത്തിയായി ഷേവ് ചെയ്ത മുഖം, ചൂ…ച്വീറ്റ്‌…. എന്നു പറയാൻ തോന്നുന്ന മുഖഭാവം. ഇടതുകൈയിൽ ബലമായി പിടിച്ച ഇൻഹേയ്ലർ ….!

‘റഫ്’ എന്നു സ്വയം മാർക്കിട്ട കുറ്റിരോമം തടയുന്ന സ്വന്തം മുഖത്ത് വിരലോടിച്ച് കുട്ടായി വക്കീൽ എതിർ കക്ഷിയെ നോക്കി.

‘കള്ള ലക്ഷണാണ് ചെക്കന്…’, അവൾ ചിരിച്ചു കൊണ്ട് പറയുമായിരുന്നു.

കോഴ്സ് അവസാന ലാപ്പിലെത്തിയ സമയത്താണ് കല്യാണം കഴിക്കുന്ന കാര്യം അവൻ പറഞ്ഞത്.

‘കല്യാണം കഴിച്ചാ നമ്മളെങ്ങനെ ജീവിക്കും…?’ അവൾ ചോദിച്ചു, അതേ ചിരിയോടെ.

‘ഒരു ലോ ഡിഗ്രിണ്ടാവില്യേ കൈയിൽ…. പിന്നെ, ഈ കൈത്തണ്ടയ്ക്കു ബലമുള്ള കാലം നിനക്ക് പട്ടിണി കെടക്കേണ്ടി വരില്യ….’

‘കൈതണ്ടക്ക് ബലം ഇല്യാണ്ടായാലോ…? അവൾ തുടർന്നു; ‘വക്കീല്മാര് തമ്മിൽ കല്യാണം കഴിച്ചാ തന്നെ ശര്യാവില്ല, പിന്നെ….ഞാൻ വളർന്നപോലെ എന്നെ നോക്കാൻ ധിനിലിനാവുന്ന് എനിക്ക് തോന്ന്ണില്യ….’

കുട്ടായി റിയാലിറ്റി ഷോകളിലെ പരാജിതനെപ്പോലെ കണ്ണിൽ വെള്ളം നിറച്ച് ചിരിക്കാൻ ശ്രമിച്ചു. സ്വാർത്ഥനായ കാമുകന്റെ സഹജമായ അസഹിഷ്ണുതയോടെ കുട്ടായി അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

ജഡ്ജിന്റെ മുറിയിൽ നിന്നിറങ്ങി വരുമ്പോൾ അതേ ചിരിയായിരുന്നു അവളുടെ മുഖത്ത്. ഫാമിലി കോടതിയുടെ മുഖമുദ്രയായ ജാള്യം തെല്ലും കാണാനില്ലായിരുന്നു. ഇടതു ചുമലിലും കൈതണ്ടയിലുമായി
പരന്നുകിടന്ന ഇളംപച്ച പട്ടുസാരി, വലത്തേ ഇടുപ്പിലൂടെ ചേർത്തു പിടിച്ച മുന്താണി.

അവളുടെ മേൽച്ചുണ്ടിലും കീഴ്ത്താടിയിലും പറ്റിനിന്ന വിയർപ്പു മണികളും ലിപ്സ്റ്റിക് പുരണ്ട ചുണ്ടിന്റെ ഇടം കോണിൽ കണ്ട ചിരിയും ഒരു ഒത്തുതീർപ്പിനുള്ള തയ്യാറെടുപ്പിലാണെന്ന് നൈസായി പറഞ്ഞുകൊണ്ടിരുന്നു.

ഈ സമയം അഞ്ചുവർഷം മുമ്പുണ്ടായ ഒരു കഥയാണ് കുട്ടായി വക്കീൽ ഓർത്തത്. അതിന്റെ ആരംഭം വാച്ച്മാൻ ഗംഗാധരൻ നായരിൽ നിന്നാണ്‌.

നഗരത്തിലെ ഫ്ലാറ്റുകളുടെ കാവൽക്കാർ പലപ്പോളും പലതിനും മൂകസാക്ഷികളാണ്. അതുകൊണ്ടു തന്നെയാണ് ഹെവൻലി വില്ലാസിന്റെ വാച്ച്മാൻ ഗംഗാധരൻ നായർ അമൂല്യമായ രഹസ്യങ്ങളുടെ കലവറയായി സ്വയം പരിണമിച്ചത്. സ്വാഭാവികമായും, തേർഡ് ഫ്ലോറിലെ അഡ്വ. സർവേശ്വരൻ പിള്ള ആഴ്ചയിൽ മൂന്നുദിവസം ഹൈക്കോടതിയിൽ പോകുന്നത് ഗംഗാധരൻ നായർക്കറിയാം. ആ ദിവസങ്ങളിൽ ഉയരം കുറഞ്ഞ് കറുത്ത ഒരു പയ്യൻ വക്കീലിന്റെ ഫ്ലാറ്റിൽ വരുന്നുണ്ട്…. അതും പട്ടാപ്പകൽ…. അക്കാര്യവും ഗംഗാധരൻ നായർക്കറിയാം.!

രഹസ്യം കാത്തു സൂക്ഷിക്കുന്ന ഏതൊരുത്തന്റേയും മുഖത്തു കാണുന്ന ആ സർവജ്ഞ ഭാവം ക്രൂരമായി അവഗണിക്കുകയാണ് സനൂജ ചെയ്യാറ്. എന്നാൽ ഓരോ തവണയും ഗ്രൗണ്ട് ഫ്ലോറിൽ കൂട്ടിമുട്ടുന്ന വാച്ച്മാന്റെ നോട്ടത്തെ പരിചയഭാവത്തിന്റെ പുഞ്ചിരി കൊണ്ടാണ് കുട്ടായി മറികടക്കാറുള്ളത്.

ലിഫ്റ്റിന്റെ പതിഞ്ഞ മുരൾച്ച ഞരമ്പിൽ നിറച്ച് തേർഡ് ഫ്ലോറിലിറങ്ങുന്ന കുട്ടായി തിരിച്ചിറങ്ങുമ്പോൾ കാറ്റുപോയ ബലൂണുപോലെയാണ് കാണപ്പെടാറ്.

‘കള്ള ലെക്ഷണാണ് ചെക്കന്…’ ഗംഗാധരൻ നായർ ചിന്തിക്കും.

‘യെന്തരോ, യെന്തോ….നമ്മക്കെന്താ…’ ഗംഗാധരൻ നായർ സമാധാനിക്കും.

എന്നാൽ ചിനക്കത്തൂർ പൂരത്തിന്റെ തിരക്കുള്ള ദിവസം ലിഫ്റ്റിന് താഴെ ഗംഗാധരൻ നായർ കുട്ടായിയെ തടഞ്ഞു; അഞ്ഞൂറുറുപ്യക്ക് ചേയ്ഞ്ചുണ്ടോന്നു നോക്ക് കുട്ട്യേ….’ മിലിട്ടറി ക്വാട്ടയുടെ കുത്തുന്ന മണം.

‘ഇണ്ടാവില്യല്ലോ… പത്തു മുന്നൂറു രൂപ്യേണ്ടാവൂ..’

‘ധാരാളം മതി….’ ഗംഗാധരൻ നായരതു വാങ്ങി. ‘ഹല്ലാ പിന്നെ….. മനുഷ്യന് പ്രാന്തു വര്വാ….’ അയാൾ ചിരിച്ചു. അതു പിന്നെ പതിവായി.

അങ്ങനെയൊരു പതിനൊന്നരയ്ക്ക് സ്വയം ഒരു ലൈംഗികോപകരണമായി രൂപാന്തരപ്പെടുന്നതിന്റെ നൊമ്പരവുമായി കിടക്കുമ്പോൾ ഏതോ ഇംഗ്ലീഷ് ഗുളികയുടെ ഡപ്പി സനൂജ കട്ടിൽപ്പടിയിൽ വച്ചത് കുട്ടായി കണ്ടു. അതിലൊരു കാപ്സ്യൂൾ രണ്ടായി തുറന്ന് അതിലെ മഞ്ഞപ്പൊടി അവൾ വാഷ്‌ബെയ്സിനിലൊഴുക്കിയത് കുട്ടായി വെറുതെ നോക്കിക്കിടന്നു. പിന്നെ, കട്ടിൽപ്പടിയിൽ തുറന്നുവച്ച കാപ്സ്യൂൾ പാളികളിൽ അവൾ എന്തോ നിറച്ചു.

‘എന്താത്…?’ കുട്ടായി ചോദിച്ചു.

‘ബി.പി. ക്കുള്ള ടാബ്‌സാ…’

‘ഇതാർക്കാ….?’

കാപ്സ്യൂളുകൾ ഏഴെണ്ണം എണ്ണി കുപ്പിയിലാക്കുമ്പോൾ അവൾ ചിരിക്കുക മാത്രം ചെയ്തു.

നാലാം ദിവസം ഹെവൻലി വില്ലയുടെ വാച്ച്‌മാൻ ഗംഗാധരൻ നായർ ക്ലോക്ക് റൂമിൽ മരിച്ചു കിടന്നിരുന്നു. വക്രിച്ചിരുന്ന കീഴ്ച്ചുണ്ടിന്റെ വശം ചേർന്ന് വെളുത്തപത ഉണങ്ങിപ്പിടിച്ചു കിടന്നു.

‘ഹല്ലാ പിന്നെ……മനുഷ്യനു പ്രാന്ത് വര്വാ…’ സനൂജ ആത്മഗതം ചെയ്തു. ഗംഗാധരൻ നായർ അവളോടും ചെയ്ഞ്ചു വാങ്ങിയിരുന്നത്രേ…! അക്കാര്യം കുട്ടായി അറിഞ്ഞത് ഏറെക്കഴിഞ്ഞാണ്.

‘എനിക്കു മടുത്തു വക്കീലേ…’ അയാൾ മുഖം കുനിച്ചാണ് ഇരുന്നിരുന്നത്. രണ്ടുതവണ ഏങ്ങിവലിഞ്ഞ് ശ്വാസമെടുത്ത ശേഷം അയാൾ ഇൻഹേയ്ലർ വായിൽ തിരുകി.

കനപ്പെട്ട നിയമ പുസ്തകത്തിൽ റെസ്റ്റിറ്റ്യൂഷൻ ഓഫ് കോൺജ്യുഗൽ റൈറ്റ്സിന്റെ പഴുതുകളിൽ നിന്ന് പഴുതുകളിലേക്ക് നുഴഞ്ഞുനീങ്ങുകയായിരുന്ന കുട്ടായി വക്കീൽ സീനിയറിനേയും കക്ഷിയേയും മാറിമാറി നോക്കി.

അമൃതരാജിന്റെ കൈയിൽ പൂത്ത കാശുണ്ട്. ജ്വല്ലറികൾ മൂന്നെണ്ണം. വീടും വണ്ടികളുമായി ആസ്തിയൊരുപാട്. ഫിസിക്കൽ അപ്പിയറൻസിന്റെ കാര്യത്തിൽ രണ്ടഭിപ്രായമില്ല…എന്നിട്ടും…?

‘അവൾക്കിതെന്തിന്റെ സൂക്കേടാ…?’ ക്ലർക്ക് റൂമിൽ ചർച്ച ആരംഭിച്ചിരുന്നു. അവസാനം പതിവുപോലെ അശ്ലീലച്ചിരികൾ മുഴങ്ങി; ‘അതന്നെ…അല്ലാണ്ടെന്താ…! അക്കാര്യത്തിൽ പിന്നെയാർക്കും യാതൊരു സംശയവുമില്ലായിരുന്നു.

‘മുമ്പേതോ ഗുസ്തിക്കാരന്വായിട്ടായിരുന്നൂത്രേ എടപാട്‌…’ ഫയലുകളിൽ ആണ്ടു കിടന്നിരുന്ന എല്ലാ ചെവികളും സീനിയറിന്റെ ക്യാബിനിലേക്ക് തിരിഞ്ഞു. ‘കണ്ട കാട്ടാളൻമാര് ചെയ്യുമ്പോല്യൊക്കെ നമ്മളെക്കൊണ്ടാവ്വോ വക്കീലേ…?’

വക്കീലോഫീസിലെങ്ങും സഹതാപ തരംഗം ആഞ്ഞടിച്ചു. അമൃതരാജ് അപ്പോഴും ആഞ്ഞു ശ്വാസമെടുത്തുകൊണ്ടിരുന്നു. അന്നേരം സതീഷേട്ടൻ മുൻപു കണ്ടിട്ടില്ലാത്ത വിധം കുട്ടായി വക്കീലിനെ അടിമുടി നോക്കി വശം കെടുത്തുകയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടിലെ പൂട്ടാത്ത ടൈംലൈൻ പോലെ ലോകത്തിനു മുന്നിൽ തുറന്നിട്ട സ്വന്തം ജീവിതത്തെക്കുറിച്ച് അന്നാദ്യമായി കുട്ടായി വക്കീലിന് നിരാശ തോന്നി.

പെണ്ണുകാണാൻ അമൃതരാജ് വന്ന ദിവസം കുട്ടായി സനൂജയെ കണക്കിനു ചീത്ത വിളിക്കുകയുണ്ടായി. പക്ഷേ, തന്തതള്ളമാരുടെ ചോദ്യങ്ങൾക്ക് അവൾ നാണം കാട്ടി നിന്നതറിഞ്ഞപ്പോൾ പിന്നെ കുട്ടായി റിവേഴ്‌സ് ഗീയറിലായി.

മകളുടെ കല്യാണം കഴിഞ്ഞ ദിവസം രാത്രിയിൽ സർവേശ്വരൻ പിള്ള കുട്ടായിയെ വിളിച്ചു; ‘നന്ദീണ്ട് കുട്ടീ… ഒരുപാട് നന്ദീണ്ട്….’ ശബ്ദത്തിന് മുൻപില്ലാത്ത ശാന്തത, ആശ്വാസം.

പക്ഷേ, കുട്ടായി ഫോണിലൂടെ തീതുപ്പി. സർവേശ്വരൻ പിള്ളയ്ക്ക് ബ്രോക്കർ അഡ്രസ്സു കൈമാറിയ ദിവസം തന്നെ തപ്പിയെടുത്തിരുന്ന അമൃതരാജിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം ഫോണിലൂടെ കുത്തിയൊഴുകി. അവസാനം, ‘കണ്ട കാശുകാരികൾക്ക് മറ്റേപ്പണി ചെയ്തുകൊടുത്തിട്ടാണ് തന്റെ മരുമോൻ കാശുകാരനായത്…’ എന്നു പറഞ്ഞ് കുട്ടായി കിതച്ചു.

എന്നിട്ടും സർവേശ്വരൻ പിള്ളക്ക് കുട്ടായിയോട് വെറുപ്പു തോന്നിയില്ല; ‘ങ്ങാ… ഇയാളെ കുറ്റം പറയാൻ എന്റെ മോളത്ര നല്ലവളാകണമല്ലോ…. ?’ എന്ന് കുട്ടായി കേൾക്കെതന്നെ നെടുവീർപ്പിടുകയും ചെയ്തു.

‘ഹല്ലാ പിന്നെ…. മനുഷ്യന് പ്രാന്തു വര്വാ…’കുട്ടായി വക്കീൽ ക്രൂരമായ സംതൃപ്തിയോടെ ഫോൺവച്ചു.

അമൃതരാജ് ജഡ്ജിന്റെ മുറിയിലേക്ക് കടന്ന നേരത്താണ് കുട്ടായി സനൂജയെ നേർക്കുനേരെ നോക്കിയത്.

‘ന്താ സനൂ പ്രശ്നം…?’ ശബ്ദത്തിന് പ്രണയകാലത്തെ അതേ ആർദ്രത.

‘ധിനിലിനറിയാണ്ടെയാ… അയാൾടെ തള്ളക്ക് ആക്രാന്താണ്…. കാശ്, കാശ്…. വേറൊരു ചിന്തേല്യ…’

‘ആളുടെ സ്റ്റാന്റെന്താ…?’

‘ഇനീം പഠിപ്പിക്കും… പ്രാക്ടീസ് ചെയ്യാൻ വിടുന്നൊക്കെ പറയും….ആകെ കാര്യം കാണാൻ മാത്രംണ്ട് സ്നേഹം…അതും.’ ഇരമ്പിയാർത്ത ദേഷ്യത്തിൽ അവൾ പെട്ടെന്നു നിർത്തി.

കുട്ടായി വക്കീലിന്റെ കാതുകളിൽ അമൃതരാജിന്റെ വലിവ് കൊടുമ്പിരി കൊണ്ടു. ഇൻഹേയ്ലറിന്റെ ടിക്, ടിക് ശബ്ദം.

‘അപ്പോ… കോംപ്രമൈസായില്യേ….?’ കുട്ടായി വക്കീലിന്റെ ശബ്ദത്തിൽ ഉത്കണ്ഠ നുരഞ്ഞു.

‘ആയി…. പക്ഷേ, സഹിക്കിണേനൊക്കെ ഒരു പരിധീല്യേ…?’

കറുത്ത ഗൗണുകൾ പാറി നടക്കുന്ന കോടതി വരാന്തയിൽ കുട്ടായി വക്കീലിന് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. വർഷങ്ങൾക്കു ശേഷം ധിനിലും സനൂജയും തനിച്ചായിരിക്കുന്നു. അവളുടെ മുഖത്തേക്കു നോക്കാൻ കുട്ടായി വക്കീലിന് പേടിതോന്നി. ഇപ്പോൾ കോടതി വരാന്തയിൽ ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലെ നിശബ്ദതയാണ്. സിനിമാ തിയ്യേറ്ററിലെ ഇരുട്ടും പരശ്ശതം ഇന്റർനെറ്റ് കഫേകളിലെ കുളിരും ബോയ്സ് ഹോസ്റ്റലിൽ പെൺമണം നിറച്ച ഒഴിവു ദിവസങ്ങളും. എല്ലാം കുട്ടായി വക്കീൽ ഇപ്പോൾ ഭീതിയോടെ ഓർത്തു.

കൗൺസലിങ്ങ് കഴിഞ്ഞിരുന്നു….. ഇപ്പോൾ ജഡ്ജിനെ കാണാനുള്ള കാത്തിരിപ്പാണ്. കോടതി നടപടികളും ബഹളവുമൊന്നും ശ്രദ്ധിക്കാതെ അമൃതരാജിന്റെ ചുമലിൽ നെറ്റി ചേർത്ത് സനൂജ ഇരുന്നു. കുട്ടായി വക്കീലിന്റെ മുഖത്ത് അതേ അസഹിഷ്ണുത.

പണ്ടും മറ്റുള്ളവരുടെ കണ്ണുവെട്ടിക്കാൻ അവൾ മിടുക്കിയായിരുന്നു. എന്നിട്ടും ലോക്കൽസിനോടൊത്തുള്ള അവളുടെ കറക്കവും കണ്ടവന്മാരോടുള്ള ഫോൺവിളിയും ഓൺലൈൻ ചാറ്റിങ്ങുമെല്ലാം കണ്ടുപിടിച്ചിരുന്ന അതേ സൂക്ഷ്മമായ നിരീക്ഷണ പാടവത്താൽ കുട്ടായി വക്കീൽ അതും കണ്ടുപിടിച്ചു.

ഭർത്താവിന്റെ ശരീരത്തോട് ചേർന്നുചേർന്ന്, ‘ദാമ്പത്യമെന്നാൽ പരസ്പര വിശ്വാസവും വിട്ടുവീഴ്ചയുമാണെന്ന’ പഴമൊഴി കോടതിയെ ബോധിപ്പിച്ചുകൊണ്ടിരുന്ന സനൂജ, ഇളംപച്ച സാമുദ്രിക പട്ടിന്റേയും മൂന്നു ജ്വല്ലറികളുടെ ധാരാളിത്തത്തിനുമിടയിൽ ഇടതുകൈയിൽ ഒരു പുത്തൻ ഇൻഹേയ്ലർ സശ്രദ്ധം ഒളിച്ചു വച്ചിരിക്കുന്നു. വലതു കൈയിൽ വിയർപ്പിൽ കുതിർന്ന കർച്ചീഫ്.

അമൃതരാജ് ജഡ്ജിന്റെ മുറിയിൽ കടന്ന സമയം, കുട്ടായിയും സനൂജയും വീണ്ടും തനിച്ചായി. അവളുടെ കണ്ണുകളിൽ കുളിർത്ത നട്ടുച്ചകളിലെ അതേ ദുരൂഹഭാവം….!

‘ഒന്നര മാസായി ഡാഡി ഹോസ്പിറ്റലിലാ….’ പതിഞ്ഞ ശബ്ദത്തിലാണ് അവൾ സംസാരിച്ചത്; എന്നാലും അടുത്താഴ്ച തന്നെ ഞാൻ അമൃതിന്റെ വീട്ടിൽ പോണുണ്ട്…’

ലിഫ്റ്റിന്റെ പതിഞ്ഞ മുരൾച്ച ഞരമ്പുകളിൽ പതിയെ തലപൊക്കുന്നത് കുട്ടായി വക്കീൽ അറിഞ്ഞു. അത് അമൃതരാജിന്റെ വലിവിന്റെ ശബ്ദവുമായി കൂടിക്കുഴയുന്നു

‘റീ ജോയ്നിങിന് പ്രസന്റാണോ പുതിയ ഇൻഹേയ്ലർ….?’കുട്ടായി വക്കീലിന്റെ ശബ്ദത്തിൽ പരിഹാസം.

കുട്ടായി അതു കണ്ടിരിക്കുന്നുവെന്ന് അവൾക്കു മനസ്സിലായി. സനൂജ രണ്ടു ചുവടു മുന്നോട്ടു വച്ചു….. അപകടകരമായ അകലത്തിൽ അവൾ എത്തിക്കഴിഞ്ഞിരിക്കുന്നു….മുഖത്ത് അതേ ചിരി….!നെഞ്ചിൽ ചിനക്കത്തൂർ പൂരത്തിന്റെ മേളപ്പെരുക്കം…..!

കുട്ടായി വക്കീലിന്റെ മുഖത്തിനു മുന്നിൽ അവൾ ഇടംകൈ തുറന്നു. പ്രതീക്ഷിച്ചതു തന്നെ, ഒരു ഇൻഹേയ്ലർ… പക്ഷേ, പുതിയതല്ല. അമൃതരാജുമായുള്ള സഹവാസം കൊണ്ട് കറുത്ത തഴമ്പു വീണ ഒരു പഴഞ്ചൻ ഇൻഹേയ്ലർ.

അവളുടെ കണ്ണുകളിൽ എന്തൊക്കെയോ മിന്നിമറയുന്നു. ഹെവൻലി വില്ലയുടെ തേർഡ് ഫ്ളോറിലെ കിതപ്പും നെടുവീർപ്പും അവളുടെ ശ്വാസത്തിൽ നിറഞ്ഞിരുന്നു.

‘ധിനില് കണ്ടത് ഇൻഹേയ്ലറല്ലാട്ടോ…’

‘പിന്നെ….?’ കുട്ടായി ചോദ്യഭാവത്തിൽ നോക്കി.

‘അത് റോട്ടോഹേയ്ലറാണ്….’

വക്രിച്ച ചിറി കോണിൽ പതയൊലിച്ചു കിടന്ന ഗംഗാധരൻ നായരെക്കുറിച്ചുള്ള ഓർമയിൽ കുട്ടായി വക്കീലിന്റെ ശരീരം പൊടുന്നനെ വിയർത്തു വിറച്ചു.

‘ഏതു നിമിഷത്തിലും അതു സംഭവിക്കാം….!’

റോട്ടോഹേയ്ലറിന്റെ ആന്തരികതയിൽ അടക്കം ചെയ്‌ത കാപ്സ്യൂൾ താനെ തുറക്കുന്നതും അതിലെ നിറമറിയാത്ത പൊടി അമൃതരാജിന്റെ നാസാരന്ധ്രങ്ങളിലൂടെ പതിയെ ശ്വാസത്തിൽ നിറയുന്നതും കുട്ടായി വക്കീൽ മനക്കണ്ണിൽ കണ്ടു.

ഞൊടിയിടയിൽ കുട്ടായി ബഹുദൂരം പുറകോട്ടു പോയിക്കഴിഞ്ഞെന്ന് അവൾ ഊഹിച്ചു; ‘ഹല്ലാ പിന്നെ….മനുഷ്യനു പ്രാന്തു വര്വാ…’ അവൾ പറഞ്ഞു.

അതുകൂടി കേട്ട കുട്ടായിക്കു പിന്നെ അവിടെ നിൽക്കാനായില്ല. കൈകാലുകൾക്ക് മുൻപില്ലാത്ത ഭാരം. ‘ഒരു പക്ഷേ ജഡ്ജിന്റെ മുറിയിൽ നിന്നു പുറത്തു വരുന്നത്…’

കുട്ടായി വക്കീലിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. ഏതൊരു സാധാരണക്കാരനേയും പോലെ കുട്ടായി വക്കീൽ ‘ദൃക്‌സാക്ഷ്യം’ എന്നത് അകറ്റി നിർത്തേണ്ട ഒന്നാണെന്ന തിരിച്ചറിവിലായിരുന്നു.

അടുത്ത ക്ഷണം സനൂജയെ മറന്ന്, സീനിയറിനേയും ക്ലർക്കുമാരെയും മറന്ന്, നിയമവും നീതിബോധവും എല്ലാം മറന്ന്, സർവ്വ ശക്തിയും സംഭരിച്ച് കുട്ടായി കോടതി വരാന്തയിലൂടെ പുറത്തേക്കു കുതിച്ചു. പിൻതുടർന്നു വരുന്ന സനൂജയുടെ ചിരിയേയും അമൃതരാജിന്റെ വലിവൊച്ചയേയും കൂടുതൽ കൂടുതൽ പിന്നിലാക്കിക്കൊണ്ട്….!

https://lk1.1ac.myftpupload.com/sreeshobh/


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here