ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

2
508

കവിത
ഹസ്ന ജഹാൻ

ഒട്ടും മിണ്ടാണ്ടായപ്പോളാണ്
ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്.
വരി തെറ്റ്യ പല്ല് നിരയൊത്തത്.
ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ
പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.

മിണ്ടാണ്ട് ആവണേന്റെ തലേന്ന്
രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക്
നിർത്താതെപറഞ്ഞത്.
മിണ്ടാട്ടമില്ലാത്തൊര്ടെ കഥ
വായിച്ചതിൽ പിന്നേണ്
മിണ്ടാതിരിക്കുകയെന്നൊന്ന്
ഞാനറിഞ്ഞത്.

വാ തുന്നി കെട്ടിയ സൂചിമ്മലാണ്
ഞാൻ കണീകണ്ട തുണികണ്ടങ്ങൾ
നിരത്തി കുത്തി വെച്ചത്.
മൂന്ന് വാക്ക്
മൂന്ന് വാക്ക്
ഒന്ന് രണ്ട് മൂന്ന്.
ദും മിണ്ടാണ്ടൊരു നിപ്പ്.

ഒട്ടും മിണ്ടാണ്ടായപ്പോളാണ്
ഞാൻ വല്യ തോട്ടിൽ
രണ്ടാൾപ്പൊക്കം ഒറ്റയ്ക്ക് നിന്നത്. 
കണ്ട് നിന്ന അനിയത്തി
നിര തെറ്റി ചിലച്ചത്.

റെഡി വൺ ടൂ ത്രീ സ്റ്റാര്‍ട്ട്.
മിണ്ടിക്കാൻ കവലേന്ന്
ഒരാൾക്കൂട്ടം ഇറങ്ങി തിരിച്ചതിൽ
പിന്നേണ് ഞാനൊട്ടും മിണ്ടാണ്ടായത്. 
പെണ്ണിന്റെ ചിരി കുന്കുനാന്നെന്ന്
അയലത്ത്ന്നൊരുത്തൻ വിളിച്ചറിയിച്ചത്തിൽ
പിന്നേണ് മിണ്ടാട്ടം കിട്ടാന്‍ ചിരിപ്പ് നിർത്താൻ
ഉസ്താദ് പറഞ്ഞ് പഠിപ്പിച്ചത്. 
ഒരു കണക്കിന് നന്നായി. 
ഒച്ച പൊന്താത്ത പെണ്ണാണ്ണ് പെണ്ണീന്
ഉമ്മാമ്മ നീട്ടി പറഞ്ഞതിൽ പിന്നേണ്
ഞാൻ വലിയ വാ തുന്നീ കെട്ടി ഉടുതുണീൽ
വലിയ ചിത്രം വരച്ചത്. 

ഒന്ന് രണ്ട് മൂന്ന്.
ധും.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here