മാങ്കുളത്തെ പളുങ്കുചോലകള്‍

0
390
haris tm

ഫോട്ടോ സ്റ്റോറി
ഹാരിസ് ടി എം

ഹേമന്തക്കുളിര്‍ക്കാറ്റ് തൊട്ടുതലോടിയകലുന്ന ഒരു പ്രഭാതത്തിലാണ്
കൂട്ടുകാരുമൊത്ത് മാങ്കുളത്തേക്ക് പുറപ്പെടുന്നത്. ഋതുഭേങ്ങളില്ലാതെ,
ഏതുകാലത്തും സഞ്ചാരികൾ തിക്കിത്തിരക്കുന്ന വാഗമണും മൂന്നാറും
കുമിളിയും തേക്കടിയുമെല്ലാം ഒഴിവാക്കി കാടകങ്ങളിലെ നിശ്ശബ്ദതയും
മലയോര ഗ്രാമസൗന്ദര്യവും നുകർന്നുള്ള ഒരു യാത്രയാണ്
മനസ്സിലുണ്ടായിരുന്നത്. വന്യപ്രകൃതിയില്‍ അലിഞ്ഞുചേരാനുള്ള
വല്ലാത്തവെമ്പല്‍. പ്രശാന്തിയെയും സ്വച്ഛതയെയും പുല്‍കാന്‍
കൊതിച്ചുകൊണ്ടുള്ള ഒരു പ്രയാണം.

കോതമംഗലത്തുനിന്ന് തട്ടേക്കാട്, മാമലക്കണ്ടം, മാങ്കുളം വഴിയേ
പോവുകയാണെങ്കില്‍ എഴുപത്തിരണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ആനക്കുളം
എന്ന കൊച്ചുഗ്രാമത്തിലെത്താന്‍. മൂന്നാറില്‍ നിന്നൊലിച്ചുവരുന്ന
നല്ലതണ്ണിയാറും ആനക്കുളത്തിനടുത്തുള്ള കാട്ടിലൂടെ ഒഴുകിയെത്തുന്ന
അരുവികള്‍ ചേര്‍ന്നുണ്ടായ ഈറ്റച്ചോലയാറും സംഗമിക്കുന്നിടമാണ്
ആനക്കുളമെന്ന കുഗ്രാമം.

haris
നല്ലതണ്ണിയാര്‍, ആനക്കുളം.

ഈ രണ്ടു പുഴകളും കരിന്തിരിയാറായിമാറി പൂയംകുട്ടിയില്‍ ചേരുന്നു.
പിന്നെ കുട്ടമ്പുഴയായി ഒഴുകി പെരിയാറില്‍ വിലയം പ്രാപിക്കുകയായി.
haris
ഗ്രാമവീഥി തീരുന്നിടത്ത് കൂട്ടകാരന്‍ പ്രമോദ് ഞങ്ങളെ കാത്തുനില്‍പ്പാണ്.
കാടകങ്ങളില്‍നിന്ന് ആനകളിറങ്ങിയിട്ടുണ്ടെന്ന വിവരം നേരത്തെ
അറിഞ്ഞതിനാല്‍ വല്ലാത്ത ആകാംക്ഷയിലാണ് എല്ലാവരും. വണ്ടിയില്‍
നിന്നും വേഗത്തിലിറങ്ങി നദീതീരത്തീക്ക് നടന്നു. തദ്ദേശവാസികളായ
കുറച്ചാളുകള്‍ മാത്രമേ കവലയിലുള്ളൂ. പാതയോരത്തുനിന്നും അന്‍പതു
മീറ്റര്‍ മാത്രം അകലെക്കൂടിയാണ് ഈറ്റച്ചോലയാര്‍ ഒഴുകുന്നത്‌.
പുഴയോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഒരു സുരക്ഷാവേലി
കെട്ടിയിട്ടുണ്ട്. ഇപ്പുറമുള്ള പുല്‍ത്തകിടി കുട്ടികളുടെ
കളിസ്ഥലമാണ്. അവര്‍ ആമോദത്തോടെ കളികളവസാനിപ്പിച്ചു
കേറിക്കഴിയുമ്പോഴേക്കും കാട്ടുകൊമ്പന്മാരുടെ വരവായി.

രണ്ടു കുട്ടിക്കൊമ്പന്മാരടക്കം നാലുപേരുണ്ട്, ആറ്റില്‍. ഇന്ന് ആനകളുടെ
എണ്ണം കുറവാണെന്ന് പ്രമോദ് പറയുന്നുണ്ടായിരുന്നു.

haris
ഈറ്റച്ചോലയാറില്‍-ഓരു-വെള്ളം-കുടിക്കാനെത്തിയ-കൊമ്പന്മാര്‍-2

എട്ടും പത്തും ഇരുപതും മുപ്പതും പേരുള്ള സംഘങ്ങളായാണ് ഇവരുടെ വരവ്. നാല്‍പ്പതു ആനകള്‍ വരെ വരാറുള്ള ദിവസങ്ങളും ഉണ്ടത്രെ!
ഒരു സംഘം മടങ്ങുമ്പോഴേക്കും മറ്റൊരു കൂട്ടം വരവായി-ഇതാണത്രേ പതിവ്. പാതവക്കില്‍നിന്നു വേണം നാം കാഴ്ചകള്‍ കാണാനും ഫോട്ടോകൾ പകര്‍ത്താനും. ആറ്റുവക്കിലെ പുല്‍ത്തകിടിയിലേക്കിറങ്ങാന്‍ ആര്‍ക്കും
അനുവാദമില്ല. ടോര്‍ച്ചുകള്‍ മിന്നിച്ചും ബഹളംവെച്ചും ആനകളെ
പ്രകോപിപ്പിക്കാന്‍ പാടില്ല. നാട്ടുകാര്‍ തന്നെയാണ് ഇവിടെ കാവല്‍ക്കാരും നിയമപാലകരും. ഇരുള്‍ നന്നായി പടര്‍ന്നിരുന്നു.കേമറക്കണ്ണിലൂടെയാണ് ഞാന്‍ ആ ദൃശ്യം ഏറെനേരവും കണ്ടത്.

പുഴയിൽ ഉപ്പുരസമുള്ള വെള്ളക്കുമിളകൾ പൊങ്ങുന്നിടത്താണ്
കരിവീരൻമാര്‍ തമ്പടിക്കുന്നത് എന്നാണ് കാനനോദ്യോഗസ്ഥരും
നാട്ടുകാരും പറയുന്നത്. സമുദ്രതീരത്തുനിന്നും 4800 അടിയോളം

haris
ഈറ്റച്ചോലയാറില്‍ ഓരു വെള്ളം കുടിക്കാനെത്തിയ കൊമ്പന്മാര്‍

ഉയരത്തിലുള്ള ഈ പുഴയിൽ ഓരു[ഉപ്പു]വെള്ളം
എത്തുന്നതെങ്ങിനെയെന്നത് തികച്ചും അജ്ഞാതമാണ്. നദീപുളിനങ്ങളിൽ
നിറയെ കാണപ്പെടുന്ന പാറകളിലടങ്ങിയ ധാതുക്കളിൽനിന്നും കിനിഞ്ഞിറങ്ങുന്നതാവണം ഈ ഉപ്പുരസമെന്ന് വനപാലകർ സാക്ഷ്യപ്പെടുത്തുന്നു. പുഴയിലേക്കിറങ്ങിയാൽ
അത്രവേഗമൊന്നും തിരിച്ചു പോകില്ല, ഈ ഗജകേസരികൾ.
ഇവിടുത്തെ ജലപാനം അവരെ വല്ലാത്തൊരു ‘മൂഡി’ലാക്കുന്നുണ്ടോ
എന്നും സംശയമുണ്ട്. ചിലപ്പോൾ അടുത്ത പുലരിവരെ
വെള്ളത്തിൽ കളിച്ചുരസിച്ചും കുടിച്ചുമദിച്ചും കഴിച്ചുകൂട്ടും.
കുറഞ്ഞത് നൂറു വർഷങ്ങളെങ്കിലും ആയിക്കാണുമത്രെ,
ആനക്കുളത്തേക്കുള്ള കാട്ടാനകളുടെ ഈ സഞ്ചാരം തുടങ്ങിയിട്ട്.

പുഴകടന്ന് ആനകൾ ജനവാസമേഖലകളിലേക്ക് കേറിവന്ന സംഭവങ്ങൾ അത്യപൂർവ്വമാണ്. ഇനിയെങ്ങാനും,കൃഷിസ്ഥലത്തേക്കോ മറ്റോ ചെറിയ തോതിലുള്ള കടന്നുകയറ്റമുണ്ടായാൽ പോലും അതവർ അത്ര
കാര്യമാക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.വിരുന്നുവരുന്ന സഞ്ചാരികൾ പുഴയോരത്തേക്ക് നടന്നു പോവാതിരിക്കാൻ ദേശവാസികളുടെ പ്രത്യേക ശ്രദ്ധയുമുണ്ട്.

ആനകളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന, ഉത്തരവാദിത്തമില്ലാതെ
യാത്ര ചെയ്യുന്നവരാണ് പ്രശ്നക്കാർ എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. നിശാസഫാരിക്കിറങ്ങുന്നവർ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ആനക്കൂട്ടങ്ങളുടെ നല്ല കാഴ്ചകിട്ടാനായി ഫ്ലാഷ് ലൈറ്റടിക്കുന്നതും അവയുടെ ശ്രദ്ധയാകർഷിക്കാനായി ഒച്ചയുണ്ടാക്കുന്നതുമാണ് ആശങ്ക പടർത്തുന്നത്. പൊതുവെ ശാന്തരായ ഈ വന്യജീവികളുമായി നിലവിലുള്ള ‘ഹാർമണി’ഇല്ലാതായാൽ സംഭവിക്കുന്ന കാര്യങ്ങൾ ഓർത്താണ് ആ പ്രദേശത്തുകാർ ഇപ്പോൾ വ്യാകുലചിത്തരാവുന്നത്.

രാത്രി എട്ടരയോടെ ഞങ്ങള്‍ ‘എലഫ്ന്‍റ് കോർട്ടിയാർഡി’ലെത്തി.
ഇനിയുള്ള രണ്ടുനാള്‍ അവിടെയാണ് താമസം.
haris

മൂന്നാറിനോട് ചേര്‍ന്നുകിടപ്പാണ്, ദേവികുളം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന
മാങ്കുളം എന്ന ഹരിതഭൂമിക. എന്നാലോ, മൂന്നാറിലെപ്പോലെ
വാഹനങ്ങളുടെ നീണ്ടനിരകളില്ല. ഉല്ലാസയാത്രികരുടെ
ശബ്ദകോലാഹലങ്ങളില്ല. സഞ്ചാരികളുടെ കീശകാലിയാക്കുന്ന
റിസോര്‍ട്ടുകളോ ആഡംബര ഹോട്ടലുകളോ ഇല്ലാത്ത
പ്രശാന്തസുന്ദരമായ ഒരിടം. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍
മാങ്കുളം പഞ്ചായത്തില്‍ വ്യത്യസ്തമായ മൂന്നു താപനിലയാണ്
നമുക്ക് അനുഭവവേദ്യമാവുക! വിരിപ്പാറയില്‍ നല്ല തണുപ്പുള്ളപ്പോള്‍
മാങ്കുളത്ത് മിതശീതോഷ്ണ കാലാവസ്ഥയാണ്. ആനക്കുളത്താകട്ടെ
ചൂട് കൂടുതലാണ്.

haris
കോഴിവിള-ക്കുത്ത് വെള്ളച്ചാട്ടം- വിദൂര ദൃശ്യം

മലകളും കുന്നുകളും പുഴകളും അരുവികളും ചോലകളും നീര്‍ച്ചാട്ടങ്ങളും
നിറഞ്ഞ മനോഹരതീരം. പാർവ്വതി മല,കിളിക്കല്ല് മല, വിരിഞ്ഞപാറ മല, പള്ളിക്കുന്ന്, 96 കുന്ന്,മുനിപാറക്കുന്ന് എന്നിങ്ങനെ പോകുന്നു മലകളുടെയും കുന്നുകളുടെയും പേരുകൾ. പെരുമ്പൻകുത്ത്,നക്ഷത്രക്കുത്ത് [പാമ്പുംകയം], ചിന്നാർകുത്ത്, കിളിക്കല്ല്കുത്ത്,കോഴിവാലൻകുത്ത്, വിരിപാറ, എന്നിവിടങ്ങളിൽ ചെറുതും വലുതുമായ ജലപാതങ്ങളുണ്ട്. മാങ്കുളം ആറ്,നല്ലതണ്ണിയാറ്, ഈറ്റച്ചോലയാറ് എന്നിവയാണ് മാങ്കുളത്തെ
പ്രധാന നദികൾ.
haris

സ്വന്തമായി വിദ്യുച്ഛക്തി ഉൽപാദിപ്പിച്ച് ഇലക്ട്രിസിറ്റി വകുപ്പിന് ​വിൽപ്പന നടത്തുന്ന കേരളത്തിലെ ആദ്യത്തെ സ്ഥലമാണ്,സഹ്യന്‍റെ മടിത്തട്ടിലുള്ള ഈ ഗ്രാമം. നക്ഷത്രക്കുത്തിലെ പാമ്പുംകയം വെള്ളച്ചാട്ടത്തിൽ നിന്നാണ് ഇവിടെ കറണ്ടുണ്ടാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ വ്യാവസായിക
വികസന സംഘടനയുടെ [UNIDO] സഹായത്തോടെയാണ് 55 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുതകുന്ന രണ്ടു ടർബൈനുകൾ ഗ്രാമപ്പഞ്ചായത്ത് സ്വന്തമാക്കിയത്. മാങ്കുളം പഞ്ചായത്തിലെ ചുരുങ്ങിയത് ആറു വെള്ളച്ചാട്ടങ്ങളിൽനിന്നെങ്കിലും ഇതുപോലെ വൈദ്യുതി ഉണ്ടാക്കാൽ കഴിയുമെന്നാണ് കരുതപ്പെടുന്നത്. മുവായിരം കൊല്ലം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന എഴുത്തളങ്ങളും ചരിത്രമുറങ്ങുന്ന മുനിയറകളും
ഇവിടെ കാണാം.
മുനിയറ

ഞങ്ങള്‍ വസിക്കുന്ന ഹോം സ്റ്റേയുടെ പിന്നിലൂടെ,കമ്പിവേലിയുടെ തൊട്ടപ്പുറത്തായി, ഈറ്റച്ചോലയാർ ഒഴുകുന്നുണ്ട്.വെള്ളം കുറവാണ്. അതിന്‍റെ ഓരംചേർന്ന് അൽപ്പദൂരംനടന്നാൽ നല്ലതണ്ണിയാറിന്‍റെ തീരത്തണയാം.

haris
പെരുമ്പന്_കുത്ത് വെള്ളചാട്ടത്തിനരികെ

ജലനിരപ്പ് താഴ്ന്നതിനാൽ രണ്ടു നദികളിലേയും പാറക്കെട്ടുകൾ
ഉയർന്നു കാണാം. ഒഴുക്കു കുറഞ്ഞ, വഴുക്കലില്ലാത്ത സ്ഥലത്ത്
ഞങ്ങൾ നീരാട്ടിനിറങ്ങി. നല്ലതണ്ണിയാറിലെ കുളിരേകുന്ന തെളിനീർക്കണങ്ങൾ
haris
മേനിയെ തഴുകിത്തലോടിയപ്പോൾ തലേന്നത്തെ ദീർഘയാത്ര നൽകിയ
ക്ഷീണവും ആലസ്യവുമെല്ലാം വിട്ടകന്നു.

തൊട്ടടുത്ത വീട്ടിൽനിന്നുമുണ്ടാക്കി കൊണ്ടുവന്ന പ്രാതൽ കഴിച്ച്
ഞങ്ങൾ ജീപ്പ് സഫാരിക്കിറങ്ങി. മാങ്കുളത്തുനിന്ന് ആനക്കുളത്തേക്ക്
നേരത്തേയുണ്ടായിരുന്ന ബസ് സർവീസ് 2020ലെ ലോക്ഡൗണിനു ശേഷം
നിലച്ചിരിക്കുന്നു. നാട്ടുകാർ ആശ്രയിക്കുന്ന പ്രധാന വാഹനം ജീപ്പാണ്.
രമണീയമായ ഗ്രാമക്കാഴ്ചകൾ കണ്ടുകണ്ടാണ് യാത്ര. ‘കുവൈറ്റ്
സിറ്റി’യിലെത്തുന്നതിനു മുന്നേയാണ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടം.
ഒരു ചെറിയ ഓവുപാലത്തിനടുത്ത് ഡ്രൈവർ വണ്ടി നിർത്തി.
200 അടി ഉയരത്തിൽനിന്നാണ് ഈ ജലപാതം. രജതകാന്തിയെഴുന്ന
മൂന്നു ജലധാരകൾ അവിടെ കാണാം. അതിനും മുകളിലാണ് ആദിവാസികൾ വസിക്കുന്ന കോഴിവിളക്കുടി. താഴെ
ഓവുപാലത്തിന്‍റെ വലതുവശത്തായി ഒരു ചെറിയ ചെക്ഡാമുണ്ട്.

മാങ്കുളം-ആനക്കുളം റൂട്ടിലാണ് പെരുമ്പൻകുത്ത്.ഇവിടെനിന്ന് വലതുവശത്തേക്കു തിരിഞ്ഞാൽ ആനക്കുളത്തേക്കുള്ള പാത നീളുന്നു. നേരെ പോയാൽ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനടുത്തെത്താം. വണ്ടിയിറങ്ങി ഒരു ചെറുവഴി താണ്ടിയാൽ, വിരിപാറയിലൂടെ കടന്നുവരുന്ന
നീരൊഴുക്കിനടുത്തെത്താം. കൽച്ചിറപോലെ തോന്നിക്കുന്ന
വലിയൊരു പാറയിലൂടെയുള്ള ജലപാതം വിശാലമായ പാറപ്പുറത്തേക്ക് ആരവത്തോടെ വന്നുവീഴുന്നു. പിന്നെ 250 അടി താഴ്ചയുള്ള വലിയ ഗർത്തത്തിലേക്ക് നിപതിക്കുന്നു. യാതൊരു സുരക്ഷാവേലികളും ഇല്ലാത്തതിനാൽ സഞ്ചാരികളുടെ അശ്രദ്ധ അപകടം വിളിച്ചുവരുത്തുമെന്നുറപ്പാണ്.

മാങ്കുളത്തുനിന്ന് ആറുകിലോമീറ്റർ പിന്നിട്ടാൽ നാമെത്തിച്ചേരുന്ന
അമ്പതാം മൈലിലെ 33 വെള്ളച്ചാട്ടമാണ് വളരെയേറെ ആകർഷകമായി ഞങ്ങൾക്കനുഭവപ്പെട്ടത്.
harisഅഞ്ചാറു തട്ടുകള്‍
കടന്നാണ് ഇവിടുത്തെ ജലപ്രവാഹം താഴേക്കെത്തുന്നത്.ഫോട്ടോ സെഷൻ കഴിഞ്ഞപ്പോൾ എല്ലാവരുംസ്നാന സന്നദ്ധരായി പാറക്കെട്ടുകളിൽ വലിഞ്ഞു കേറി.ഊക്കോടെ തലയിലേക്കു പെയ്‌തിറങ്ങി, മേനിയെയൊന്നാകെ
പുൽകിത്തഴുകിയുണര്‍ത്തി നീർപ്പളുങ്കുമണികൾ ഒന്നൊന്നായി ഊർന്നുവീഴുമ്പോൾ ഒരു ജലചികിത്സയിലൂടെയുള്ള സൗഖ്യം
നാമനുഭവിക്കുന്നു, കാനനയാത്രയുടെ സാഫല്യം നമ്മുടെയുള്ളിൽ നിറയുന്നു.
haris
മലകളാൽ ചുറ്റപ്പെട്ട്, പച്ചപ്പട്ടുടയാട ചാർത്തിനിൽക്കുന്ന മാങ്കുളമെന്ന സുന്ദരപ്രകൃതിയെ നമുക്ക് കൂടെക്കൂട്ടാതിരിക്കാനാവില്ല, തിരിച്ചു പോരുമ്പോൾ.അവൾ കാലിലണിഞ്ഞ, കാട്ടുചോലകളാകുന്ന ചിലങ്കയുടെ കിലുക്കങ്ങൾ നമ്മുടെ കാതിൽ വന്നുനിറയാതിരിക്കില്ല. ഉന്നതശീർഷരായി നിൽക്കുന്ന മലമടക്കുകളെയൊന്നാകെ വെള്ളിയരഞ്ഞാണമണിയിക്കുന്ന
നീർച്ചാലുകളുടെ അനുപമ മോഹനദൃശ്യങ്ങൾ കണ്ണിൽ എന്നും ഒളിപകരാതിരിക്കില്ല. മധുരം നിറച്ചൊഴുകുന്ന തേനരുവികളുടെ സ്വാദാവട്ടെ, നാവിൻതുമ്പിലെന്നും തുളുമ്പി നിൽക്കാതിരിക്കില്ല.

Haris T M
Malappuram.
മലപ്പുറം സ്വദേശി.
മുണ്ടുപറമ്പില്‍ താമസം. മുപ്പതു വര്‍ഷം കോഴിക്കോട് സര്‍വ്വകലാശാലയ്ക്കു വേണ്ടി ജോലി ചെയ്തു.ഡപ്യൂട്ടി രജിസ്ട്രാറായിരിക്കെ 2019 മെയ്‌ മാസം വിരമിച്ചു.1989മുതല്‍ യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗമാണ്.നാലഞ്ചുവര്‍ഷമായി ഫോട്ടോഗ്രാഫി പഠിക്കുന്നുണ്ട്.

ഹിമാലയ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച്
എഴുതിയ പ്രഥമ പുസ്തകമാണ് ‘ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും’.
സുജിലീ പബ്ലിക്കേഷന്‍സ്,ചാത്തന്നൂര്‍ ആണ് പ്രസാധകര്‍.
പതിനഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here