ബാലാമണിയമ്മ : സ്നേഹത്തിന്റെ കവിത

0
3609

നിധിന്‍ വി.എന്‍.

‘ആടുകെന്‍ ഊഞ്ഞാലേ മുന്നോട്ടും പിന്നോട്ടും,
ആവര്‍ത്തിച്ചാലും നിന്‍ മുക്തലാസ്യം’ എന്ന് പതുക്കെ മൊഴിഞ്ഞ, മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ ജന്മദിനമാണിന്ന്.  തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-ന് ബാലാമണിയമ്മ ജനിച്ചു. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ്‌ മാതാപിതാക്കള്‍. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. ദാര്‍ശനികനായിരുന്ന അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. കവിതയ്ക്ക് അടിത്തറ പാകിയതും ഈ ശിക്ഷണം തന്നെ.

1930-ല്‍ പുറത്തിറങ്ങിയ ‘കൂപ്പുകൈ’യാണ്  ബാലാമണിയമ്മയുടെ ആദ്യ കവിത. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. മാതൃത്വത്തിന്റെ സ്നേഹമത്രയും ഉള്ളിലേയ്ക്ക് ഒതുക്കിവെച്ച് പരുക്കന്‍ മുഖത്തോടെയാണ് തന്റെ അമ്മ എപ്പോഴും ഉണ്ടാകുക എന്ന് ബാലാമണിയമ്മയെ കുറിച്ച് മകളായ മാധവിക്കുട്ടി പറയുന്നു. എന്നിരുന്നാലും, മകളെ ഇത്ര സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്ത് സ്വയം കവിതയായി ജ്വലിച്ച അമ്മമുഖം വേറെയുണ്ടാകില്ല.
‘വിട്ടയയ്ക്കുക കൂട്ടില്‍ നിന്നെന്നെ
ഞാനൊട്ടുവാനില്‍ പറന്നു നടക്കട്ടെ’ എന്ന് സ്വാതന്ത്ര്യത്തെ കുറിച്ചെഴുതിയ കവി പിന്നെ എങ്ങനെയാകാനാണ് അല്ലേ?

മഹാഭാരതം ഉദ്യോഗപര്‍വ്വത്തിലെ മാധവി എന്ന കഥാപാത്രത്തെ ദാര്‍ശനികവും മനശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചയോടെ ബാലാമണിയമ്മ അവതരിപ്പിക്കുമ്പോള്‍ മാധവിയുടെ ഉത്‌കണ്ഠകള്‍ ആണുലകത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഏതൊരു സ്ത്രീയുടെയും ഉത്‌കണ്ഠയായി മാറുന്നു. സ്ത്രീകളുടെ അകംലോകത്തെയും പുറം ലോകത്തെയും അവതരിപ്പിച്ച ബാലാമണിയമ്മ തന്റെ കവിതകളില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തെ ശക്തമായി അവതരിപ്പിച്ചു.

കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽ നിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. കൂപ്പുകൈ (1930), അമ്മ (1934), കുടുംബിനി (1936), ധർമ്മമാർഗ്ഗത്തിൽ (1938), സ്ത്രീഹൃദയം (1939), പ്രഭാങ്കുരം (1942), ഭാവനയിൽ (1942), ഊഞ്ഞാലിന്മേൽ (1946), കളിക്കൊട്ട (1949), വെളിച്ചത്തിൽ (1951), അവർ പാടുന്നു (1952), പ്രണാമം (1954), ലോകാന്തരങ്ങളിൽ (1955), സോപാനം (1958), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966), അമ്പലത്തിൽ (1967), നഗരത്തിൽ (1968), വെയിലാറുമ്പോൾ (1971), അമൃതംഗമയ (1978), സന്ധ്യ (1982), നിവേദ്യം (1987), മാതൃഹൃദയം (1988), സഹപാഠികൾ, കളങ്കമറ്റ കൈ എന്നീ കവിതാസമാഹാരങ്ങളും ജീവിതത്തിലൂടെ (1969), അമ്മയുടെ ലോകം (1952) എന്നീ ഗദ്യകൃതികളും അടങ്ങുന്നതാണ് ബാലാമണിയമ്മയുടെ രചനാലോകം.  ‘മുത്തശ്ശി’ എന്ന കൃതിക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, 1981-ല്‍ ‘അമൃതംഗമയ’യ്ക്ക് സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ്, 1988-ല്‍ ‘നിവേദ്യ’ത്തിന് മൂലൂർ അവാർഡ്, 1995-ല്‍ മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം എന്നിവ ലഭിച്ചു. കൂടാതെ, സാഹിത്യ നിപുണ ബഹുമതി (1963), കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1979), പത്മഭൂഷൺ (1987), സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (1990), ആശാൻ പുരസ്കാരം (1991),ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993), വള്ളത്തോൾ പുരസ്കാരം (1993), കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994), സരസ്വതീ സമ്മാനം (1996), എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം (1997) എന്നീ പുരസ്കാരങ്ങളും അവരെ തേടിയെത്തി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. പ്രശസ്ത സാഹിത്യകാരിയായിരുന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. അഞ്ചുവർഷത്തെ അൽഷിമേഴ്സ് രോഗത്തിനൊടുവില്‍, തന്റെ 95ആം വയസ്സില്‍  2004 സെപ്റ്റംബർ 29-ന് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here