ചേട്ടായിപ്പാറ, ഒരു ശനിയാഴ്ചയുടെ കഥ

0
311

കഥ
ഗ്രിൻസ് ജോർജ്

വാണിയപ്പാറയിൽനിന്നു രണ്ടാംകടവിലേക്കു പോകുന്നവഴിയിൽ ചേട്ടായിപ്പാറ എന്നൊരു സ്ഥലമുണ്ട്. അധികമാരുമറിയാതെ, ഇരുകുന്നുകൾക്കു നടുവിൽ ഒളിപ്പിച്ചുവെച്ചൊരു രഹസ്യംപോലെ, ഒരല്പംചെരിഞ്ഞ വിശാലമായ ഒരു പാറ അവിടെ ആകാശത്തേക്കുയർന്നു നിൽക്കുന്നു. പായൽ പറ്റിപ്പിടിച്ച പാറയുടെ ഒരുവശത്തുകൂടി കുതിച്ചുചാടുന്ന വെള്ളച്ചാട്ടം. മറുപാതി വിളറിയ കാർബൺകടലാസുപോലെ ശൂന്യമാണ്. അതിലെ മുകളിലേക്കു പിടിച്ചു പിടിച്ചു കയറാം. മനോഹരമായ ഒരു സ്വപ്നത്തിലേക്കു കയറുന്നതുപോലെയാണു  തോന്നുക. വലതുവശത്താ സ്വപ്നത്തിൽനിന്നുമടർന്നുവീണ മുത്തുകൾകണക്കേ വെള്ളത്തുള്ളികൾ ഇടതടവില്ലാതെ താഴേക്കു പതിച്ചുകൊണ്ടിരുന്നു. പാറയുടെ ഇരുവശവും പേരറിയാത്ത വൃഷങ്ങൾ ഇടതിങ്ങിനിൽക്കുന്ന കാടാണ്. 

ചേട്ടായിപ്പാറ ആളൊഴിഞ്ഞ ഒരു കാട്ടുപ്രദേശമാണ്. പാറയുടെ മൂന്നുകിലോമീറ്റർ ഇപ്പുറെ ജനവാസമവസാനിക്കുന്നു. കഴിഞ്ഞ വീക്കെൻഡിൽ ഞാനവിടെ പോയിരുന്നു. അടഞ്ഞുകിടക്കുന്ന ഒരു പെട്ടിക്കട, പൊട്ടിയടർന്ന തകരഷീറ്റുകൾ അതിന്റെ പ്രതാപകാലം ഓർമ്മിപ്പിച്ചുകൊണ്ടു പുറത്തേക്കു തള്ളിനിന്നു. പടർന്നുപിടിച്ച ഓലപ്പുല്ലുകൾക്കുനടുവിൽ നിറം മങ്ങിയ മാതാവിന്റെ ഗ്രോട്ടോ. ഗ്രോട്ടോയുടെ വലതുവശത്തുനിന്നുമാരംഭിക്കുന്ന കുത്തനെയുള്ള മൺറോഡ്.  ഇരുവശങ്ങളിലും ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ.. ക്വാറികൾക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട ജെസിബിയുടെ തുരുമ്പെടുത്ത കൈ. അകലെനിന്നുനോക്കിയാൽ ഒരു  കൂറ്റൻ സർപ്പം ഫണമുയർത്തി നിൽക്കുന്നതാണെന്നു തോന്നും. കയറ്റത്തിനും ക്വാറികൾക്കുമൊടുവിൽ, കമ്മ്യുണിസ്റ്റുപച്ചകൾക്കു നടുവിലൂടെ നീളുന്ന നടവഴി. അതു കയറിച്ചെല്ലുന്നത് ഒരു ചെറിയ വീട്ടിലേക്കാണ്. വീടല്ല. അതൊരു ദാരിദ്ര്യംപിടിച്ച കുടിലാണ്. ചാണകം മെഴുകിയ തറയ്‌ക്കുമുകളിൽ ചുണ്ണാമ്പുകല്ലുകൾ കെട്ടിയുണ്ടാക്കിയ കൂനാച്ചിക്കുമുകളിൽ ദ്രവിച്ചുതുടങ്ങിയ ഒരു പ്ലാസ്റ്റിക് ഷീറ്റ് ആകാശത്തെ മറച്ചു.  അതു ചേട്ടായിയുടെ വീടാണ്.  മാസത്തിലൊരിക്കൽമാത്രം പുറംലോകവുമായി ബന്ധപ്പെട്ടു ചേട്ടായി അവിടെ ഏകാന്തപ്പെട്ടു വസിച്ചിരുന്നു. ചേട്ടായിയുടെ വീടിനു പുറകിലാണ് ആ പാറ. പാറയിൽ തട്ടിച്ചിതറി താഴേക്കു കുതിക്കുന്ന വെള്ളത്തിന്റെയൊച്ച ഇവിടെനിന്നാൽ നന്നായി കേൾക്കാം.

നിങ്ങൾക്കെപ്പോഴെങ്കിലും ചേട്ടായിപ്പാറയിൽ പോകണമെന്നു തോന്നുകയാണെങ്കിൽ വാണിയപ്പാറയിലാരോടും വഴി ചോദിക്കാതിരിക്കുന്നതാണു നല്ലത്. കാരണം അവർ ചേട്ടായിപ്പാറയെപ്പറ്റി പല പല  കഥകളും നിങ്ങളോടു പറഞ്ഞേക്കാം.  അതിലൊന്ന് ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കഥയാണ്. ഈ കഥ എന്നോടു പറഞ്ഞതു ജോസഫേട്ടനാണ്. ജോസഫേട്ടൻ വർഷങ്ങളായവിടെ കുമ്മട്ടിക്കട നടത്തുന്നയാളാണ്

————————————————————

അവളുടെ പേര് മരിയ എന്നായിരുന്നു,. മരിയ വാണിയപ്പാറയ്ക്കടുത്തു അങ്ങാടിക്കടവിലെ ഡോൺബോസ്‌കോസ്കൂളിൽ ഒൻപതാംക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. 

“മരിയേ…  ആടിനു കുറച്ചു പുല്ലു ചെത്തി കൊണ്ടുവന്നു കൊടുക്കണേ മോളേ.”

അതു മരിയയുടെ അമ്മയാണ്. അകത്തു കഷായത്തിന്റെയും മൂത്രത്തിന്റെയും മണമുള്ള മുറിയിൽ അവർ വർഷങ്ങളായി തളർന്നുകിടക്കുകയാണ്. അവരുടെ ഭർത്താവ്, ഔസേപ്പ്  മരിയയുടെ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.   അപ്പനെക്കുറിച്ചു കാര്യമായ ഓർമ്മകളൊന്നും മരിയയ്ക്കില്ല. ഏതോ മഴയുള്ളദിവസം മദ്യപിച്ചു വാതിലിൽ മുട്ടുന്ന നിറംമങ്ങിയ ഓർമ്മയാണവൾക്കപ്പൻ. അല്ലെങ്കിലും ഒന്നിനെപ്പറ്റിയും അധികം ചിന്തിക്കാൻ അവൾക്കു സമയം കിട്ടാറില്ല.

അവളെപ്പോഴും തിരക്കുകളിലാണ്.  മരിയ അതിരാവിലെ എണീക്കും. അടുപ്പിൽ വെള്ളം തിളയ്ക്കാൻ വെച്ചിട്ടവൾ കുളിക്കാൻ പോകും. തിരിച്ചുവന്നു തിളച്ച വെള്ളത്തിലേക്കൊരു വലിയസ്പൂൺ കാപ്പിപ്പൊടിയിട്ടു കാപ്പി റെഡിയാക്കും. അതമ്മയ്ക്കു കൊടുത്തിട്ട് അരമണിക്കൂർനേരം തലേന്നുപഠിച്ച പാഠഭാഗങ്ങളിലേക്കു കണ്ണു കൂർപ്പിക്കും. തിരക്കിട്ടു ഹോംവർക്കുകൾ ചെയ്തുതീർക്കും. 

ഔസേപ്പിനു പാരമ്പര്യമായി കിട്ടിയ മൂന്നേക്കർ റബർത്തോട്ടമുണ്ടായിരുന്നു. ഹോംവർക്കുകൾ ചെയ്തുതീർത്ത മരിയ പിന്നെ അങ്ങോട്ടാണു പോകുക. ഔസേപ്പവളെ വളരെ ചെറുപ്പത്തിലേ റബ്ബർവെട്ടൽ പഠിപ്പിച്ചിരുന്നു. അയാൾ ജീവിതത്തിൽ ചെയ്ത ഏക നല്ല കാര്യം! കൊച്ചുകത്തിയുമായി തങ്ങളെ സമീപിക്കുന്ന പെൺകുട്ടിയെ മരങ്ങൾ സഹതാപത്തോടെ നോക്കി. അവൾക്കു തിരക്കുകളൊഴിഞ്ഞു സമയമില്ലെന്നാ മരങ്ങൾക്കറിയാമായിരുന്നു. മുന്നൂറു മരങ്ങൾ ടാപ്പ് ചെയ്തിട്ടുവേണം മരിയയ്ക്കു പുല്ലു ചെത്താനായി വീണ്ടും വരുവാൻ.

“മ..രി…യേ ”

റബ്ബർ വെട്ടി വീട്ടിൽ തിരിച്ചെത്തുന്ന മരിയയെ നോക്കി ആടുകൾ കരയും.

“ചിണുങ്ങാതെ കിങ്ങിണി. ഞാനിതേ ഇപ്പൊ വരാ ”

ആട്ടിൻകൂട്ടിലേക്കുനോക്കി മരിയ പറയും. ശേഷം, നീളൻപാവാടയുടെ തുമ്പൊന്ന് എടുത്തുകുത്തി മൂർച്ചയുള്ള അരിവാളുമായി അവൾ റബ്ബർത്തോട്ടത്തിലേക്കു നടന്നുപോകും. മഞ്ഞിൽകുളിർന്ന തെരുവപ്പുല്ലുകൾ അവളുടെ കാലിൽ സ്നേഹത്തോടെയുരുമും.  പുല്ലുകൾക്കിടയിൽനിന്നൊരു  തൊട്ടാവാടിപ്പൂ അവളെ നോക്കി ചിരിക്കും. പുല്ലരിഞ്ഞ് ആടുകൾക്കു കൊടുത്ത്, അവയെ കറന്നു പാൽ സൊസൈറ്റിയിൽ കൊടുത്തിട്ടുവേണം അവൾക്കു സ്‌കൂളിലേക്കു പോകാൻ. അതാ തൊട്ടാവാടിക്കറിയാമായിരുന്നു.  അതിന്റെ ഇടയിൽ പ്രഭാതഭക്ഷണം തയ്യാറാക്കണം, അമ്മയെ കുളിപ്പിക്കണം. വീടടിച്ചു വാരണം.

“ഈ പെൺകുട്ടിക്കു മാത്രം എവിടുന്നാ ഇത്രമാത്രം സമയം. ഇതൊക്കെ ഒറ്റയ്ക്കെങ്ങനെ ചെയ്യുന്നു.”

പുല്ലു കഴിക്കുന്നതു‌ നിർത്തി ഒരാട്ടിൻകുട്ടി അവളെ കൗതുകത്തോടെ നോക്കി.

“പാലെടുക്കുവാൻ മാത്രം അടുത്ത വീട്ടിലെ തോമസ് ചേട്ടൻ വരും. വേറൊന്നിനും ആരെയുമവൾ ആശ്രയിക്കുന്നതു കണ്ടിട്ടില്ല. “അടുത്തു നിന്ന അവന്റെയമ്മ പറഞ്ഞു. ഒന്നു കുതറിയോടുവാൻ ആട്ടിൻകുട്ടി ചിന്തിച്ചതാണ്. പിന്നെ, തിരക്കിട്ടു പാത്രം തേച്ചുരയ്ക്കുന്ന മരിയയുടെ വെളുത്ത വട്ടമുഖം അടുക്കളയിൽ കണ്ടപ്പോൾ വേണ്ടെന്നു വെച്ചു പുല്ലു തീറ്റ തുടർന്നു. ഏതോ ശനിയാഴ്ചയെക്കുറിച്ചുള്ള ഓർമ്മവന്നപ്പോളതു തലയുയർത്തി മരിയയെ നോക്കി കരഞ്ഞു.

“മേ ”

ശനിയും ഞായറും മരിയയ്ക്കു കൂടുതൽ സമയം കിട്ടാറുണ്ട്. അന്നവൾ അല്പം താമസിച്ചേ എണീക്കൂ. പതിവുപോലെ റബ്ബർമരങ്ങൾ ടാപ്പ് ചെയ്തവൾ വീട്ടിൽ തിരിച്ചെത്തും. അന്നു പുല്ലു ചെത്താനെത്തുന്ന മരിയയെ റബ്ബർമരങ്ങൾ കാണാറില്ല. മരിയ, വീടിനു പുറകിലുള്ള ചെങ്കുത്തായ കുന്നു കയറി നടക്കും. അവളുടെ കൈയിൽ അരിവാളും പാഠപുസ്തകങ്ങളുമുണ്ടാവും. കുന്നിനു മുകളിൽ നിന്നാൽ കുറച്ചു ദൂരെ മാറിയാ വെള്ളച്ചാട്ടവും വിശാലമായ പാറയും കാണാം. മഞ്ഞിൽ പൊതിഞ്ഞ ചേട്ടായിയുടെ കൂരയിൽനിന്നുമുയരുന്ന വെളുത്ത പുക. അവൾ വെറുതെ അങ്ങോട്ടുനോക്കി തലയാട്ടും. പിന്നെ സമയമെടുത്തു പതിയെ പാറയുടെ രണ്ടാമത്തെ തട്ടിൽ വലിഞ്ഞു കയറും.

വെളുത്തനിറമുള്ള ഒരു സ്വപ്നംപോലെ പ്രകൃതി. മഞ്ഞുകണങ്ങൾ ഉരുണ്ടുതിളങ്ങുന്ന കറുകപ്പുല്ലുകളിലേക്കവൾ കണ്ണുകൾ പായിക്കും. എത്രകണ്ടാലും മതിവരാത്ത സുന്ദരകാഴ്ചയിൽ ലയിച്ചു കുറച്ചു നേരമങ്ങനെ വെറുതെ നിൽക്കും. ആ തണുത്ത ഏകാന്തതയിൽ ഒറ്റയ്ക്കിരുന്ന്  അക്ഷരങ്ങളിലൂടെ കണ്ണോടിക്കും. ശേഷം പതിയെ, വളരെ പതിയെ കറുകപ്പുല്ലുകളെ അരിവാൾ കൊണ്ടരിഞ്ഞു വീഴ്ത്തും. ഒരു സ്കൂൾ കുട്ടിയെഴുതിയ കവിതയുടെ വരികൾ പോലെയുള്ള അവളുടെ ചലനങ്ങൾ തന്റെ കൂരയിലിരിക്കുന്ന ചേട്ടായിക്കു കാണാമായിരുന്നു. ചൂടുകാപ്പി ഊതികുടിച്ചുകൊണ്ടയാൾ ആ പെൺകുട്ടിയെ സാകൂതം നോക്കും. പ്രഭാതങ്ങളിൽ മഞ്ഞുവീണ പാറയിൽ വഴുക്കൽ കൂടുതലായിരിക്കുമെന്ന് അയാൾക്കറിയാമായിരുന്നു. പുല്ലുകൾ, പാറയ്ക്കുമുകളിൽ കുന്നുകൂടി കഴിയുമ്പോൾ മരിയ കാട്ടുവള്ളികൾ കൊണ്ടവയെ ബന്ധിക്കും. ശേഷം താഴേക്കു നോക്കിയവൾ ഉറക്കെ കൈ കൊട്ടും. ആ ശബ്ദത്തിനു മറുപടിയായി താഴെനിന്നൊരു ഷർട്ടിടാത്ത ശരീരം മുകളിലേക്കു കയറിവരും. അയാളെ കിതയ്ക്കുന്നുണ്ടാകും. ചേട്ടായി ഒന്നും മിണ്ടാതെ പുല്ലിന്റെ കെട്ടവളുടെ തലയിൽ എടുത്തുവെച്ചതിനുശേഷം മൗനമായി താഴേക്കിറങ്ങിപ്പോകും..

ചേട്ടായി സംസാരിക്കുമോ എന്നുപോലും മരിയയ്ക്കു സംശയമുണ്ട്. എങ്കിലും, ഏല്ലാ ശനിയാഴ്ചകളിലും രാവിലെ ചേട്ടായിപ്പാറയിലെത്തുന്ന മരിയയ്ക്കയാൾ പുല്ലുകെട്ട് പിടിച്ചു കൊടുത്തുപോന്നു. ആ കൂനാച്ചിയിൽ ഒറ്റപ്പെട്ടിരുന്നു ചേട്ടായി എന്താണു ചെയ്യുന്നതെന്ന് ആ സമയമവൾ  ആലോചിക്കാറുണ്ട്. ചേട്ടായിയുടെ വീടിനടുത്ത പാറയായതുകൊണ്ടാണ് ചേട്ടായിപ്പാറ എന്ന പേര് ലഭിച്ചതെന്നും, അല്ല അയാളുടെ അപ്പന്റെ പേരാണ് പാറയ്ക്കെന്നും. അയാളുടെ ശരിക്കുള്ള പേര് എന്താണെന്ന് ആർക്കുമറിയില്ലെന്നുമൊക്കെയുള്ള കഥകൾ മരിയ കേട്ടിട്ടുണ്ട്. എന്നാൽ വീടെത്തുന്നതുവരയേ അവളിൽ ചേട്ടായിയെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടാവുകയുള്ളൂ. വീട്ടിൽ തിരിച്ചെത്തിയാൽ മരിയയ്ക്കുപിന്നെ അവധിദിവസത്തിന്റെ ആയിരം തിരക്കുകളാണ്. ചേട്ടായിയും ചേട്ടായിപ്പാറയുമൊക്കെ മഞ്ഞലിഞ്ഞു പോകുന്നതുപോലെ അവളിൽനിന്നു മാഞ്ഞുപോകും. വീണ്ടുമവളിലാ ചിന്തകളൊക്കെയും പുനർജനിക്കുക അടുത്ത ശനിയാഴ്ചയായിരിക്കും.

ഞായറാഴ്ചകളിൽ  മരിയ വാണിയപ്പാറയിലെ തട്ടുപള്ളിയിൽ വിശുദ്ധകുർബാന കൂടാൻ പോകും.

അതൊരു പതിവുശനിയാഴ്ചയായിരുന്നു. കോടമഞ്ഞിൽ കുതിർന്ന പാറയിലേക്ക് അരിവാളുമായി  ഉത്സാഹത്തിൽ നടന്നുപോകുന്ന മരിയയെ അന്നും തന്റെ കൂരയിലിരുന്നു ചേട്ടായി കാണുന്നുണ്ടായിരുന്നു.  തന്റെ കൈയിലെ അരിവാൾ ഇടതുകൈയിലേക്കൊന്നു മാറ്റിപ്പിടിച്ചു വട്ടം കറക്കി, പാവാടത്തുമ്പൊന്നു പൊക്കിയവൾ പതിവുപോലെ കൂരയിലേക്കുനോക്കി തലയാട്ടി. അയാൾ അതിനു മറുപടിയായി വെറുതെയൊന്നു പുഞ്ചിരിച്ചു. ഈ ചിരിയും തലയാട്ടൽപോലെ പതിവുള്ളതാണ്. മരിയ അതു കാണാറില്ല എന്നുമാത്രം. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മുകളിൽനിന്നു മരിയയുടെ കൂവൽ കേൾക്കാഞ്ഞിട്ടാണയാൾ പാറയുടെ മുകളിലേക്കു കയറി ചെന്നത്. പാറയിലന്നു വഴുക്കൽ വളരെ ശക്തമായിരുന്നു. മരിയയെ അവിടെ കാണാനില്ലായിരുന്നു. അവളരിഞ്ഞുവെച്ച പുല്ലുകെട്ടിനിടയിൽനിന്നുമൊരു തൊട്ടാവാടി അയാളുടെ കാലിൽ തടവി. ഇടതുവശം ചേർന്നു താഴേക്കു ശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടം പോലെ ചേട്ടായിയുടെ കണ്ണുകൾ കലങ്ങി.  ആ സംഭവത്തിനുശേഷം അയാൾ അവിടുന്ന് എങ്ങോട്ടോ താമസം മാറിപ്പോയി. ഇപ്പോൾ ചേട്ടായി എവിടെയാണെന്നാർക്കുമറിയില്ല.

—————————————————————

ഇതാണു ജോസഫേട്ടൻ ഞങ്ങളോടു  പറഞ്ഞ കഥ. പിന്നീട് ആളൊഴിഞ്ഞ ചേട്ടായിപ്പാറയിൽ കൈയിൽ അരിവാളുമായി ചിരിച്ചു നിൽക്കുന്ന മരിയയെ കണ്ടവരുണ്ടത്രേ.. അതിനുശേഷം കാലുവഴുതി രണ്ടു മരണങ്ങൾകൂടി അവിടെ നടന്നു. കൂടെ വന്നവരിൽ രക്ഷപെട്ടവർ പറഞ്ഞതു മുകളിൽനിന്നു നോക്കിയപ്പോൾ വെള്ളച്ചാട്ടത്തിനു താഴെ തട്ടിൽ  വട്ടമുഖമുള്ള ഒരു പെൺകുട്ടിയെ കണ്ടുവെന്നാണ്. ഇതോടുകൂടി ചേട്ടായിപ്പാറയിലെ മരിയയെക്കുറിച്ചൊരുപാടു കഥകൾ നാട്ടിൽ പ്രചരിച്ചു. 

മരിയ. വട്ടമുഖമുള്ള പെൺകുട്ടി.

ചേട്ടായിപ്പാറയിലെത്തിയപ്പോൾ ഈ കഥകളൊക്കെയും എന്റെ മനസ്സിലൂടെയൊഴുകുന്നുണ്ടായിരുന്നു. 

വേനൽക്കാലമായിരുന്നതിനാൽ വെള്ളച്ചാട്ടം നന്നേ മെലിഞ്ഞിരുന്നു. അതിന്റെ നാലു തട്ടുകളിലേക്കും സുഖമായി പിടിച്ചു പിടിച്ചു കയറാം. മുകളിൽനിന്നു താഴേക്കു നോക്കിയാൽ ഒരല്പം പേടി തോന്നും. കാൽ വഴുതിയാൽ കച്ചിത്തുരുമ്പുപോലും പിടിക്കാൻ കിട്ടില്ല. എങ്കിലും മനോഹരമാണാ കാഴ്ച. അവിടുത്തെ കുറച്ചു ഫോട്ടോകളും വെള്ളച്ചാട്ടം പശ്ചാത്തലമായി വരുന്ന സെൽഫികളുമെടുത്തിട്ടാണു  മടങ്ങിയത്. തിരിച്ചിറങ്ങുമ്പോൾ  താഴത്തെ തട്ടിലെത്തിയപ്പോൾ ഞാൻ മരിയയെ വീണ്ടുമോർത്തു. ഇവിടുന്നായിരിക്കാം അവൾ താഴേക്കു പതിച്ചത്. പാവം! ഒരു വീടിന്റെ അത്താണിയായ പെൺകുട്ടി. മരിച്ചിട്ടും അവളെ വെച്ചു പ്രേതകഥകളുണ്ടാക്കുന്ന വാണിയപ്പാറക്കാരോട് എനിക്കമർഷം തോന്നിത്തുടങ്ങിയിരുന്നു.

വൈകുന്നേരം.  വെറുതെ ഫോണിൽ തോണ്ടികൊണ്ടിരുന്നപ്പോൾ  മരിയ വീണ്ടുമെന്റെ ചിന്തകളിലെത്തി. അവളുടെ വീട്, യൂണിഫോമണിഞ്ഞ സ്കൂൾ കുട്ടികളെപ്പോലെ പ്ലാസ്റ്ററണിഞ്ഞു നിരന്നു നിൽക്കുന്ന റബ്ബർമരങ്ങൾ, അവളെ വിളിച്ചു കരയുന്ന ആട്ടിൻ കുട്ടികൾ… കഷായത്തിന്റെ മണമുള്ള രോഗിണിയായ അമ്മ. ഞാൻ ഒരോന്നൊരോന്നായി മനസ്സിൽ സങ്കൽപ്പിച്ചു.

“മ.. രി.. യേ..”

ആട്ടിൻകൂട്ടിൽനിന്നുമൊരു മുട്ടനാടിന്റെ കുഞ്ഞു കരഞ്ഞു. ഫോൺ തുറന്നൊരു  ചിത്രമെടുത്തു വാട്സ്ആപ്പ് സ്റ്റാറ്റസിലേക്കു സെലക്ട്‌ ചെയ്തു. അതൊരു സെൽഫിയായിരുന്നു. ഏറ്റവും മുകളിൽ നിന്നെടുത്തത്. എനിക്കു പുറകിൽ വെള്ളത്തുള്ളികൾ താഴേക്കു ചിതറിത്തെറിച്ചു. ഫോട്ടോയിൽ വെള്ളച്ചാട്ടത്തിനു താഴെനിന്നൊരു പെൺകുട്ടി എന്നെ നോക്കി ചിരിച്ചു. അവൾക്കു നല്ല വട്ട മുഖമായിരുന്നു! ഞാനതു കാണാതെ വലതുവശത്തെ ആരോയിൽ വിരലമർത്തി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here