ഗോവിന്ദസ്മരണ

0
846

സി.ടി.തങ്കച്ചൻ

എഴുത്തോ നിന്റെ കഴുത്തോ
എറെക്കൂറേതിനോട്
എന്നു ചോദിച്ചൊരുവൻ
എന്നരികിൽ വരും മുമ്പെ
എന്റെ ദൈവമേ
നീ ഉണ്മയെങ്കിൽ
എന്നെ കെട്ടിയെടുത്തേക്ക്
നരകത്തിലെങ്കിലങ്ങോട്ട്….

1975 ലെ അടിയന്തിരാവസ്ഥക്കാലത്താണ് മുകളിലുദ്ധരിച്ച കവിതയെഴുതി കവി എം ഗോവിന്ദൻ ഇങ്ങനെ പ്രതിഷേധിച്ചത്..കവിയും ചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന എം .ഗോവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയൊൻപതു വർഷമാകുന്നു.

1999 ജനുവരി 23നാണ് ഗോവിന്ദൻ ഓർമ്മയാകുന്നത്.
1985 ലാണ് കൃശഗാത്രനായ ആ മനീഷിയെ ആദ്യമായി കാണുന്നത്. തന്റെ നോക്കുകുത്തിയെന്ന കാവ്യശിൽപ്പം മങ്കട രവിവർമ്മയെക്കൊണ്ട് അഭ്രപാളിയിലാക്കിയ ശേഷം ‘ സിനിമയുടെ ആദ്യ പ്രദർശനത്തിന് എറണാകുളത്തെത്തിയതായിരുന്നു കവി.
പത്മാ തീയേറ്ററിലായിരുന്നു പ്രദർശനം.പ്രദർശനത്തിനു ശേഷം കേരള കലാപീഠത്തിൽ സിനിമയെക്കുറിച്ച് ചർച്ചയും നടന്നു. അന്നാണ് ഗോവിന്ദന്റെ ഘനഗാംഭീര്യ ശബ്ദത്തിലുള്ള പ്രഭാഷണംകേട്ടത്.
ആ ചർച്ചയിലാണെന്നു തോന്നുന്നു.ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

“ഗോവിന്ദന്റെ കാവ്യസങ്കൽപ്പങ്ങളുമായ്
അനാഘദവാഗ്വിവേകികളായ ഞങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല”
എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്.
അത് പുതു തലമുറയുടെ വിയോജിപ്പായിരുന്നു.
അന്നുമിന്നും ഗോവിന്ദന്റെ ഏറ്റവും വലിയ ശത്രുക്കൾ കമ്മ്യൂണിസ്റ്റുകളായിരുന്നു. ബാലൻ അന്ന് തന്റെ തീവ്ര ഇടതുപക്ഷ നിലപാടിനോട് സലാം പറഞ്ഞിരുന്നില്ല.
എം.വി.ദേവൻ അന്ന് ബാലചന്ദ്രന് ചുട്ട മറുപടിയും നൽകി.

സിനിമാ പ്രദർശനത്തിനു ശേഷം ആറു മാസങ്ങൾ കഴിഞ്ഞ് ഗോവിന്ദൻ വീണ്ടും കൊച്ചിയിലെത്തി.
റാഡിക്കൽ ഹ്യൂമനിസ്റ്റും ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുമായിരുന്ന മാനവേന്ദ്രനാഥറോയിയുടെ
(MN Roy) ജൻമശതാബ്ദിയോടനുബന്ധിച്ച് ഗോവിന്ദനും എം വി ദേവനും എം തോമസ് മാത്യൂവും അടങ്ങുന്ന സംഘം ഒരു ജൻമ ശതാബ്ദി സോവനീർ പ്ലാൻ ചെയ്തിരുന്നു.’ സോവ്നീറിന്റെ ചീഫ് എഡിറ്ററായിരുന്നു ഗോവിന്ദൻ.

ഇതിനിടെ രണ്ടു മൂന്നു തവണ കലാപീഠത്തിൽ വെച്ചു കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തു ചെല്ലാൻ ഭയമായിരുന്നു.
പതിവുപോലെ ഒരു ദിവസം കലാപീഠത്തിൽ എത്തിയപ്പോൾ ചിത്രകാരനായ ടി. കലാധരൻ എന്നോടു പറഞ്ഞു.
” എം ഗോവിന്ദൻ ചിറ്റൂർ റോഡിലെ അനുപമ ലോഡ്ജിലുണ്ട്. അദ്ദേഹത്തിന് എഴുത്തും വായനയും അറിയുന്ന ഒരു സഹായിയെ വേണം ഞാൻ തന്റെ പേരു പറഞ്ഞു. സോവിനീർ തയ്യാറാക്കാനാണ് സഹായിയെ വേണ്ടത്. സോവിനീറിലേക്ക് വരുന്ന ലേഖനങ്ങൾ ഉറക്കെ വായിച്ചു കൊടുക്കണം അതാണ് പണി. ”

എന്റെ മനസ്സിൽ ഒരു ലഡു പൊട്ടിയ സന്തോഷം. അന്ന് സമീക്ഷ എന്ന ത്രൈമാസികയുടെ പത്രാധിപരാണ് എം.ഗോവിന്ദൻ. ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റും കടമ്മനിട്ട യുടെ കവിതകളും ആദ്യമായി വായിച്ചത് സമീക്ഷയിലൂടെയായിരുന്നു.
മദിരാശിയിലിരുന്നു കൊണ്ട് മലയാള സാഹിത്യത്തിൽ ഗോവിന്ദൻ ചെലുത്തിയ സ്വാധീനം ചില്ലറയായിരുന്നില്ല മദിരാശിയിലെ ഗോവിന്ദന്റെ വീട്ടിൽ നടക്കുന്ന സാഹിത്യ സംവാദത്താൽ വെച്ചാണ് ആനന്ദ് തന്റെ ആൾക്കൂട്ടം എന്ന നോവൽ ആദ്യമായി വായിക്കുന്നതെന്ന് സി.എൻ കരുണാകരനും സംവിധായകൻ ടി.വി.ചന്ദ്രനുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.ഗോവിന്ദന്റെ കവിതകൾ വായിച്ചുള്ള ആരാധന വേറെയും..
വാക്കുകളുടെ കൂടു തേടുന്ന കവിയെന്ന വിശേഷണമുള്ള, മലയാളത്തിലെ ഏറ്റവും വലിയ നിഷേധിയായ ആ ധിഷണാശാലിയുടെ സഹായിയാവുക.. അതൊരു ഭാഗ്യമായി ഞാൻ കരുതി.

കലാധരൻ പറഞ്ഞതനുസരിച്ച് ഞാൻ അനുപമ ലോഡ്ജിലെത്തി.നഗരത്തിലെ മോശം ലോഡ്ജുകളിലൊന്നായിരുന്നു അത് ഒരു കട്ടിലും നേർത്ത ഒരു പഞ്ഞിക്കിടക്കയും ഒരു കുഞ്ഞുമേശയും പിന്നെ കൈയ്യുള്ള മരക്കസേരയും മാത്രമാണ് മുറിയിലുള്ളത്. ഞാൻ സ്വയം പരിചയപ്പെടുത്തി. എന്നോട് വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ചു.
ഇന്നുതന്നെ പണി തുടങ്ങാമെന്നു പറഞ്ഞു.മലയാളത്തിലെ പ്രശസ്തനായ സാഹിത്യ വിമർശകന്റെ ഒരു ലേഖനം എടുത്തു തന്ന് അത് ഉറക്കെ വായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഞാൻ ആലേഖനം വായിച്ചു കൊടുത്തു. ഒരു വിൽസ് സിഗററ്റ് കത്തിച്ച് പുകവാട്ടു കൊണ്ട് വായനയിൽ ശ്രദ്ധിച്ചിരുന്ന അദ്ദേഹം ഇപ്പോൾ വായിച്ചു തീർത്ത പാരഗ്രാഫ് മുഴുവൻ വെട്ടിക്കളയാൻ എന്നോടു പറഞ്ഞു. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വാഗ്മിയുടെ ലേഖനമാണ് വെട്ടിമാറ്റാൻ അദ്ദേഹം ആവശ്യപ്പെട്ടത്.
” മറ്റൊരു ലേഖനത്തിൽ ഇയാൾ ഇക്കാര്യങ്ങൾ എഴുതിയിട്ടുണ്ട് – ആവർത്തന വിരസം ”
ഞാൻ ആ പാരഗ്രാഫ് അപ്പാടെ വെട്ടി.
ഒരാഴ്ച്ചയോളം ഗോവിന്ദനൊപ്പമുണ്ടായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരാൾ മുറിയിലേക്ക് കയറി വന്നു. വന്നയാൾ നന്നായി മദ്യപിച്ചിരുന്നു. വന്നപാടെ അയാൾ ഷർട്ടൂരി കട്ടിലിലെറിഞ്ഞു. പിന്നെ പാന്റ്സുമൂരി . നിന്നിട്ടു നിൽപ്പുറക്കാത്ത ആ ചെറുപ്പക്കാരനെ ഗോവിന്ദൻ പൂർണ്ണമായും അവഗണിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ ഞാനും.
പെട്ടെന്നാണയാൾ എന്റെ നേരെ തിരിഞ്ഞത്.
“താനാരാണ്”?
അയാൾ ചോദിച്ചു.
ഞാൻ പേരു പറഞ്ഞു.
“ഇവിടെ എന്താ പരിപാടി ”
“ഞാൻ മാഷിനെ സഹായിക്കാൻ വന്നതാണ് ”
” ഇയാൾ കാശു വല്ലതു തരുമോ ”
ഞാൻ മിണ്ടാതെ നിൽക്കുകയാണ്
” ഒന്നും തരില്ല പറ്റിക്കൽസ് ടീമാ –
സാഹിത്യം മണ്ണാങ്കട്ട ഇയാൾ എന്റെ അമ്മയെ എത്ര കഷ്ടപ്പെടുത്തിട്ടുണ്ടെന്നറിയാമോ?”
ഞാൻ ഗോവിന്ദന്റെ നേരെ നോക്കി ‘
അദ്ദേഹം ഒന്നിലും ശ്രദ്ധിക്കാതെ പുകയൂതിവിടുകയാണ്.
“എന്നാൽ ഇന്നത്തെപ്പണിയൊക്കെക്കഴിഞ്ഞു തനിക്കു പോകാം.
ഇനി ഞങ്ങൾക്ക് കുറച്ച്കുടുംബ കാര്യം സംസാരിക്കാനുണ്ട്.” അയാൾ പറഞ്ഞു നിർത്തി.
ഞാൻ ഗോവിന്ദന്റെ നേരെ നോക്കി അദ്ദേഹം പൊയ്ക്കൊള്ളാൻ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ ഗോവിന്ദന്റെയും ഒച്ച പൊങ്ങുന്നുണ്ടായിരുന്നു.

പിറ്റേന്നു ഞാൻ അനുപമ ലോഡ്ജിലെത്തുമ്പോൾ ഗോവിന്ദന്റെ മുറിലോക്കു ചെയ്തിരുന്നു. ലോഡ്ജിൽ അന്വേഷിച്ചപ്പോൾ സർ രാവിലെ മുറിയൊഴിഞ്ഞു പോയി എന്നറിഞ്ഞു.
പിന്നെ ഞാൻ അദ്ദേഹത്തെ ഒരു തവണ കൂടി കണ്ടു.സി.എൻ കരുണാകരനുമൊത്ത് മദിരാശിയിൽ വെച്ച്.അതായിരുന്നു അവസാന കൂടിക്കാഴ്ച്ച.

ഏതു വലിയ മനുഷ്യനും നിശബ്ദനാവുന്നതും തോറ്റു പോവുന്നതും സ്വന്തം മക്കളുടെ മുന്നിലാണ്.
മൂന്നു പതിറ്റാണ്ടോടടുത്തിട്ടും ഗോവിന്ദനുമൊത്തുള്ള ആ ഒരാഴ്ച്ചക്കാലത്തെ അനുഭവം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമായി ഇന്നും ജ്വലിച്ചു നിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here