ഗോത്രം

0
264

ഗോത്രകവിത

സിജു സി മീന

ചുരുണ്ട മുടി വലിച്ചു നീട്ടി-
യതിൽ ചായം പൂശി
ഞാനൊരു കാതുകുത്തി
പിന്നെ ‘കുട്ടി ‘ഷർട്ടിട്ടൊ,രു
കേറാത്ത പാന്റ്സും വലിച്ചു കേറ്റി
ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന
പാന്റ്സിന്റെ പോക്കറ്റിൽ ‘തൊട്ടുതോണ്ടു’ന്നതെടുത്തു
കാലിലൊരു ചരടും വലിച്ചു കെട്ടി
സോക്സിടാതെ
നിറമുള്ള ഷൂസ് കാലിൽ കുത്തി കേറ്റി
ഞാനിതാ പോകുന്നു മുറുക്കി
ചുവപ്പിച്ച് തുപ്പി റോഡിലൂടെ….!

ഞാനെന്റെ ഭാഷയെ വികലമാക്കി..,
ഞാനെന്റെ തുടിയുടെ
തോലും വലിച്ചു കീറി..,
ഉത്തപ്പൻ പാടിയ പാട്ടുമെ –
ന്റെ ഉത്തമ്മ ആടിയ കളിയും
ഞാനെന്റെ പിരയുടെ
കുപ്പയിലെറിഞ്ഞുടച്ചു –
ഞാനിതാ പോകുന്നു…

“തല തല്ലി ചാവുമ്പോൽ
സ്വയം നശിക്കാതെൻ ഗോത്രമേ..
നിന്റെ ഗർഭം അലസുന്നു
കമ്പോളത്തിൽ…
നിന്റെ മക്കൾ നിന്നെ
ചുട്ടു നിന്നുന്നു..
പുസ്തകത്താളിലൊരു കൗതുകമായ് മാറുന്നു നീ..”

ആരോ വൃദ്ധന്നെന്നോട്
പിറകിലിരുന്നു കൊണ്ടങ്ങു പാടി…

പാട്ടല്ലെ പാടട്ടെയെന്ന്
കണ്ടുകൊണ്ട് ഞാൻ
തൊട്ട്തോണ്ടിയിരുന്നു
‘എന്തോ ‘ തിരുമ്മി ചുണ്ടിലൊളിച്ചു..

വൃദ്ധനെന്നെ നോക്കി
പാടിക്കൊണ്ടിരുന്നു..:

“കുറേയെണ്ണങ്ങൾ കുടകിൻ
ചെളിയിൽ താഴ്ന്നു
പലരും ഇരയായി
കള്ളിൽ തീർന്നു
തീർന്നു തീർന്നങ്ങനെ
തീരാനൊട്ടുമില്ലാതായി
തുടി കൊട്ടി താളമിട്ടൂ,രിപ്പോ
തെറി തുപ്പി കയ്യാങ്കളികൾ മാത്രം…”

പഴങ്കഥ പാട്ടെന്നുകണ്ട്
ഞാനും പാട്ടൊന്ന് കേട്ടിരുന്നു….

” കാട്ടുമരുന്നൊക്കെയും
മറന്നു കൊണ്ട്,
ആശുപത്രിക്കുള്ളി-
ലവർ തിങ്ങി നിന്നു..
എങ്ങോട്ട് പോകുന്നതീ..
വേളകളിൽ…
ഈ കണ്ടെതെല്ലാം
കാണിച്ചു നീ..??

ഓ… പാട്ടല്ലെ..? പാടട്ടെ
നല്ല പാട്ട്…!
‘തൊട്ട് തോണ്ടി ‘കൊണ്ട്
ഞാനാ -പാട്ടെടുത്തു
പെട്ടെന്ന് എഫ്. ബി.-യിൽ
പോസ്റ്റ്‌ ചെയ്തു…
എഫ്. ബി.-യിൽ കുലസ്നേഹം
പൂത്തു നിന്നു…!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here