ഹര്‍ഷദ്
Miss Tanakpur Haazir Ho (2015)
Director: Kapri Vinod
Country: India
കൃഷിയും ഗോമാതാ ഭക്തിയും ഭാരത് മാതാ അഭിമാനവുമൊക്കെയായി സുന്ദരമായി ജീവിക്കുന്ന ഹരിയാനയിലെ തനക്പൂര്‍ എന്ന ഗ്രാമം. പശുക്കളുടെയും പോത്തിന്റെയും സൗന്ദര്യമത്സരം റാമ്പില്‍ പൊടിപൊടിക്കുന്നിടത്താണ് സിനിമയുടെ തുടക്കം. സ്വന്തമായി നിയമങ്ങളും വിധികളുമൊക്കെയുള്ള ഒരു ഖാപ്പ് പഞ്ചായത്താണിത്. ഗ്രാമമുഖ്യന്റെ പോത്ത് മിസ്സ് തനക്പൂര്‍ ആയി തെരെഞ്ഞെടുക്കപ്പെടുന്നു. ഗ്രാമമുഖ്യന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയും അര്‍ജുന്‍ എന്ന ചെറുപ്പക്കാരനും പരസ്പരം ഇഷ്ടത്തിലാവുന്നു. ഇതറിഞ്ഞ, അല്ല; ഇവരെ തന്റെ സ്വന്തം കിടപ്പറയില്‍വെച്ച് കയ്യോടെ പിടിച്ച ഗ്രാമമുഖ്യന്‍ സംഗതി മാലോകരറിഞ്ഞാല്‍ തനിക്കും കൂടി നാണക്കേടാണല്ലോ എന്നോര്‍ത്ത് നാട്ടുകാരോട് ഒരു കഥ പറയുന്നു. അതായത് അര്‍ജുന്‍ തന്റെ തൊഴുത്തില്‍ കിടന്ന മിസ്സ് തനക്പൂര്‍ എന്ന പോത്തിനെ ബലാത്സംഗം ചെയ്തു. നാടിളകി. അര്‍ജുനനെ നാട്ടാര് കാണ്‍കെ കവലയില്‍ കെട്ടിയിട്ടു. പോലീസ് വന്നു, സംഗതി കേസായി. കേസ് കോടതിയിലുമായി. ഹോ… നമ്മടെ നാട്ടില്‍ നടമാടുന്ന തോന്ന്യാസങ്ങളെ പച്ചയായി കളിയാക്കുന്ന ഒരു യമണ്ടന്‍ ചിത്രം!! കാണാന്‍ വൈകിയതില്‍ എന്നോടു തന്നെ ക്ഷമ ചോദിച്ചുകൊണ്ട് നിങ്ങളേവരും ഈ സിനിമ കാണണമെന്നും കാണിക്കണമെന്നും ആഗ്രഹിക്കുന്നു.