ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും

0
417

വായന

വാണി മുരളീധരൻ

ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ ‘സ്ക്രീനി’ൽ പ്രസിദ്ധീകരിച്ച ലോറാ മൾവേയുടെ ‘വിഷ്വൽ പ്ലഷർ ആന്റ് നരേറ്റിവ് സിനിമ’ എന്ന സിനിമാനിരൂപണ ശാഖയിൽ പെടുന്ന ലേഖനം ലോക ശ്രദ്ധയാകർഷിച്ച ഒരു സാഹിത്യ സൃഷ്ടിയാണ്. ഒരാളുടെ നോട്ടങ്ങൾ അവരുടെ കാഴ്ചപ്പാടിനെയും, കാഴ്ചപ്പാടുകൾ ചിന്തകളേയും ഒടുവിൽ അവരുടെ ഉപബോധമനസ്സിലെ ചിന്തകൾ തങ്ങളുടെ ചെയ്തികളെയും, ജീവിത രീതിയേയും തന്നെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ഈ ലേഖനം വളരെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, മൾവേയുടെ ഈ രചന കാലാതീതമായ, ശക്തമായ രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. ലോക സിനിമകളിലാകമാനം പ്രേക്ഷക ശ്രദ്ധ / അവരുടെ ഉപബോധ മനസ്സ് എങ്ങനെ സ്ത്രീ ശരീരത്തിന്റെ ലൈംഗികവത്കരണത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് ഈ ലേഖനത്തിലുന്നയിക്കപ്പെടുന്ന പ്രധാന വിഷയം.

സ്ത്രീ ശരീരത്തെ ലൈംഗികസാക്ഷാത്കാരത്തിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന ഒരു ‘വസ്തു’വായി ഒരു കാഴ്ചക്കാരൻ സിനിമയിലൂടനീളം നോക്കി കാണുന്നതിനെ, ആ നോട്ടത്തെ ‘വോയറിസം'(voyeurism) എന്നും, ഇത്തരത്തിലുള്ള പരിപൂർണ്ണമായ ലൈംഗിക ചുവയുള്ള ആൺകാഴ്ച്ചയിലൂടെ സിദ്ധിക്കുന്ന ‘ആനന്ദ’ത്തെ’ സ്കോപ്പോഫീലിയ'(scopophilia) എന്നും ലോറ വിശേഷിപ്പിക്കുന്നു. കാഴ്ചക്കാരുടെ ഉപബോധ മനസ്സിനെ, ഒരു പരിധി വരെ ബോധമനസ്സിനെ തന്ത്രപരമായി നിയന്ത്രിക്കുന്നതിൽ സിനിമയുടെ സംവിധായകനടക്കുമുള്ള പിന്നണി പ്രവർത്തകരുടെ പങ്കും ചെറുതല്ല. സ്ത്രീയെ വിയർപ്പും മാംസവുമുള്ള ശരീരം മാത്രമാക്കി, സിനിമയിലെ നായകന്റെയും, പ്രതിനായകന്റെയും മറ്റു വില്ലൻമാരുടെയുമെല്ലാം ലൈംഗിക ചേതനകൾ പ്രദർശിപ്പിക്കാനുള്ള മാർഗ്ഗം മാത്രമാക്കി, പെൺകഥാപാത്രത്തിന് യാതൊരു അഭിനയ സാദ്ധ്യതയോ കഥാതന്തുവോ ഇല്ലാതാക്കിത്തീർക്കുന്നു. സിനിമയിൽ ഒരു പെൺശരീരത്തിലേക്ക് 3 തരം നോട്ടങ്ങളാണ് പായുന്നതെന്ന് ലോറ മൾവേ ചൂണ്ടിക്കാണിക്കുന്നു.

ഒന്ന് : സിനിമയിലെ ആൺകഥാപാത്രങ്ങളുടേത്
രണ്ട്: കൂർത്ത ക്യാമറക്കണ്ണുകൾ
മൂന്ന്: ഇതു രണ്ടും ചെന്നു പതിയുന്ന കാഴ്ച്ചക്കാരന്റെ കണ്ണ് / ഉപബോധ മനസ്സ് /                      ചിന്താശേഷി. 

സിനിമ മനുഷ്യരെ എണ്ണിത്തീർക്കാൻ കഴിയാത്തത്ര വിധങ്ങളിൽ സ്വാധീനിക്കുമെന്നതൊരു സത്യമാണ്. അതുകൊണ്ടു തന്നെ തിരശ്ശീലയിൽ പ്രദർശിപ്പിക്കും വിധം യഥാർത്ഥ ജീവിതത്തിലും സ്ത്രീകൾ ആണുങ്ങളുടെ ലൈംഗികാഭിലാഷങ്ങൾ നിറവേറ്റാനുള്ള സ്വപ്നസമാനമായ മാദകത്വം പേറുന്ന ശരീരങ്ങൾ മാത്രമായി മാറുന്നു. അവരുടെ ആവിഷ്കാരസ്വാതന്ത്ര്യവും , അഭിപ്രായസ്വാതന്ത്ര്യവും നിർദയമായി നിഷേധിക്കപ്പെടുന്നു. നീഗ്രോ വർഗ്ഗത്തിൽ പെട്ട സ്ത്രീകളാവട്ടെ, മുഖ്യധാരയിലുള്ള സ്ത്രീവർഗ്ഗങ്ങളേക്കാൾ ഇരട്ടിയായി അടിച്ചമർത്തപ്പെടുന്നു (Doubly oppressed / Double oppression). അതേ സമയം, ആൺ ശരീരങ്ങൾ ലൈംഗികവസ്തുക്കളായി സിനിമയിൽ കാണിക്കുകയേ ചെയ്യുന്നില്ലെന്നും മൾവേ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിൽ ആൺ കാഴ്ച്ച/ നോട്ടം(Male Gaze) മാത്രം നിലനിൽക്കുകയും പെൺകാഴ്ച്ച/ നോട്ടം( Female Gaze) ഇല്ലാതാവുകയും ചെയ്യുന്നു. വളരെ വ്യക്തമായ അസമത്വമാണ് ഇവിടെ പ്രകടമാവുന്നത്. ഒരു സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടിലേക്കും,’ ഒരൊറ്റ’ ഉടലാഴങ്ങളുടെ എഴുതപ്പെടാത്ത, തെറ്റിൽ പൊതിഞ്ഞ ശരികളിലേക്കുമാണ് ഇത് വഴി വെക്കുന്നത്. ഈ സ്ഥിതിക്കൊരു മാറ്റം വരണമെങ്കിൽ ആദ്യം നാം ഒരുമിച്ചൊരു സമൂഹമെന്ന നിലയിൽ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തി, ഇരുവശത്തേയും ( സിനിമയിലെ ആൺ, പെൺ കഥാപാത്രങ്ങളിലെ) കലാമൂല്യത്തെ മാത്രം മുൻനിർത്തി, നല്ല പാഠങ്ങളുൾക്കൊണ്ട് സിനിമ കാണണമെന്ന് പറഞ്ഞുകൊണ്ടാണ് മൾവേ ലേഖനമവസാനിപ്പിക്കുന്നത്.

കാലങ്ങൾക്കിപ്പുറം ഇന്നും, ഈ 21-ാം നൂറ്റാണ്ടിലും, എന്തിനേറെ പറയുന്നു 2023 ലും നമ്മുടെ കണ്ണുകൾ ആദ്യം ചെന്നു പതിയുന്നത് സിനിമയുടെ കലാവൈവിധ്യത്തിലേക്കല്ല, മറിച്ച് നായികയുടെ വസ്ത്രത്തിലേക്കാണെന്ന് പറയാതിരിക്കുക വയ്യ. സിനിമയിലെ നായിക ഉടുത്ത തുണിയുടെ നിറം നോക്കി, നായകൻറെ മതം നോക്കി ” സിനിമ മോശമാണ്” എന്ന് തെല്ലും സംശയമില്ലാതെ പറയുന്ന ഒരു ഇന്ത്യൻ ജനത ഇന്ന് നമുക്കിടയിലുണ്ട്. “അയ്യേ ബിക്കിനി ” യിൽ തുടങ്ങി ” കാലം പോയ പോക്കേയ് !” , “കലികാലം തന്നെ” എന്നെല്ലാം പറഞ്ഞു നിർത്താതെ നിർത്തുന്ന, സദാചാരം വസന്തകാലം പോലെ ആഘോഷിക്കപ്പെടുന്ന, ഒരു സ്ത്രീയുടെ വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രാജ്യം എന്നാണ്, എങ്ങനെയാണ്, എപ്പോഴാണ് വളരുക?! കപടമായ നാട്യങ്ങൾ മാത്രമാണ് ഇവിടെ പുരോഗമനവും, പുത്തൻ ഉണർവുമെല്ലാം. ഇന്നും നായകന്റെ കൂടെ ആടിപ്പാടി, പെട്ടെന്ന് അപ്രത്യക്ഷരാവുന്ന നായികമാർ ഇന്ത്യൻ സിനിമകളിൽ ഒരു പതിവു കാഴ്ചയാണ്. മലയാള സിനിമ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ഇക്കാര്യത്തിൽ മാതൃകയാവുന്നത് അഭിമാനാർഹമാണ്. ചുരുക്കത്തിൽ പറഞ്ഞാൽ , സ്ത്രീയെ “അമ്മയും, ദേവിയും, സഹോദരിയും, ലക്ഷ്മിയുമൊക്കെയാക്കൽ വെടിഞ്ഞ്, ശക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, ധൈര്യവും, ആത്മാഭിമാനവുള്ള, തുല്യതയർഹിക്കുന്ന മനുഷ്യർ ആയി കാണുന്നതാണ് നീതിയുള്ള, നിറവുള്ള, സത്യമുള്ള ഒരു പ്രഭാതത്തിലേക്കുള്ള വഴി. അവിടെ നവോത്ഥാനം ശാശ്വതമായിരിക്കും.


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here