പ്രകൃതി ദുരന്തങ്ങൾ: കാരണം ശാസ്ത്രത്തിന്റെയും ആദിമ അറിവുകളുടെയും നിരാസം

1
1355
Dr.t v sajeev

ലേഖനം
ഡോ. ടി വി സജീവ്

കേരളം വീണ്ടും പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിൽ പെട്ടിരിക്കുകയാണ്. അനവധി ആളുകൾ മരിച്ചു കഴിഞ്ഞു. മണ്ണിനടിയിൽ പെട്ട് മരിച്ചു പോയ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കാർഷിക മേഖലയിലുണ്ടായ നഷ്ടം 200 കോടിയോളം വരുമെന്ന് കൃഷിവകുപ്പ് മന്ത്രി പറഞ്ഞു കഴിഞ്ഞു. മറ്റു മേഖലകളിലുണ്ടായ നഷ്ടം തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളു എന്നാണു നമ്മൾ മനസ്സിലാക്കുന്നത്. ഈ ഒരു ഘട്ടത്തിൽ എന്തു കൊണ്ടാണ് കേരളം, സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന ഒരു സ്ഥലമെന്ന അവസ്ഥയിൽ നിന്ന് എല്ലാ വർഷവും പ്രകൃതി ദുരന്തങ്ങളുടെ ഭീഷണിയിൽ പെടുന്ന ഒരു സ്ഥലമായി മാറിയത് എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. എന്താണ് ലോകത്തെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്നും കേരളത്തെ വ്യത്യാസപ്പെടുത്തുന്നത്? അതിനൊരു കാരണം ലോകത്തെ പ്രധാനപ്പെട്ട ബയോഡൈവേർസിറ്റി ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം എന്നുള്ളതാണ്. ഒരു ബയോഡൈവേർസിറ്റി ഹോട്ട്സ്പോട്ട് എന്നതു കൊണ്ടു അർത്ഥമാക്കുന്നത് എന്താണ് എന്ന് ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഈ ഒരു കാര്യം നമ്മൾ പലപ്പോഴും അഭിമാനത്തോട് കൂടി പറയുന്നത്. പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ കൊണ്ടാണ് നമ്മൾ ഒരു പ്രദേശത്തെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയി കണക്കാക്കുന്നത്. കേരളത്തിന്റെ ഒരു പ്രത്യേകത, കടൽത്തീരത്ത് കാണുന്ന കണ്ടൽക്കാടുകൾ മുതൽ കുറച്ചു കൂടി അകത്തേയ്ക്ക് കയറുമ്പോൾ കാണുന്ന പഴയ കാടുകളുടെ ശേഷിപ്പുകളായ സർപ്പക്കാവുകളെന്നും വിശുദ്ധസ്ഥലങ്ങളെന്നും വിളിക്കപ്പെടുന്ന കാടുകൾ തുടങ്ങി പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിൽ എത്തുമ്പോൾ കാണുന്ന വനന്തോട്ടങ്ങളും ആർദ്ര ഇലപൊഴിയും കാടുകളും കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ കാണുന്ന നിത്യഹരിത വനങ്ങൾ, അവിടുന്ന് മുകളിലേക്കെത്തി, പശ്ചിമഘട്ടത്തിന്റെ ഉയരങ്ങളിൽ കാണുന്ന ചോലക്കാടുകളും അതിനെ ചുറ്റി, പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളും നിറഞ്ഞ വൈവിധ്യമാർന്ന വന ഇനങ്ങളിലൂടെ കടന്നുപോകാൻ, ഒരു വാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ ഏകദേശം രണ്ടര മൂന്നു മണിക്കൂറുകൾ മതി. ഇത്ര ചെറിയ ഒരു സ്ഥലത്ത് ഇത്ര വൈവിധ്യമാർന്ന ആവാസവ്യവസ്ഥ ലോകത്തിൽ അപൂർവ്വമായാണ് കാണപ്പെടുന്നത്.

ഈ കാരണം കൊണ്ട് തന്നെയാണ് ലോകത്തെ മുപ്പത്തിയാറ് ജൈവവൈവിധ്യ ഹോട്സ്പോട്ടുകളിൽ ഒന്നായി പശ്ചിമഘട്ടം അടയാളപ്പെടുത്തപ്പെടുന്നത്. പലപ്പോഴും അക്കാദമിക് മേഖലയിലുള്ള ആളുകൾ പോലും ഇത് വളരെ അഭിമാനമുള്ള കാര്യമായാണ് പറയാറുള്ളത്. എന്നാൽ അങ്ങനെയല്ല. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഇതൊരു ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആണെന്ന് പറയുന്നത്. അതിൽ ഒന്നാമത്തെ ക്രൈട്ടീരിയ എന്നത് ആ പ്രദേശത്തുള്ള ആയിരത്തി അഞ്ഞൂറു സസ്യങ്ങളെങ്കിലും അവിടെ മാത്രം കാണുന്നവയായിരിക്കണം. രണ്ടാമത്തേത് ആ പ്രദേശത്തിന്റെ എഴുപത് ശതമാനത്തോളം സ്ഥലം മറ്റ് രീതികളിൽ വിനിയോഗിക്കപ്പെട്ടു പോയിരിക്കണം. ഇത് രണ്ടും ചേരുമ്പോഴാണ് ഒരു പ്രദേശത്തെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയി അടയാളപ്പെടുത്തുക. എന്നുവെച്ചാൽ പശ്ചിമഘട്ടത്തിൽ കാണുന്ന പല സസ്യങ്ങളും ജന്തുക്കളും മറ്റെവിടെയും കാണപ്പെടാത്തവയാണ്. അതോടൊപ്പം അതിന്റെ എഴുപത് ശതമാനത്തോളം സ്ഥലം നശിച്ചുപോയിരിക്കുന്നു. അവിടം ജൈവവൈവിധ്യം നിലനിൽക്കാൻ പറ്റാതായിരിക്കുന്നു. അതു കൊണ്ടു തന്നെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആണെന്നത് ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ പറയുന്ന ഈ നാടിന് അഭിമാനിക്കാനുള്ള കാര്യമല്ല, മറിച്ച് ആശങ്കപ്പെടേണ്ട കാര്യമാണ്.

ഈ ഒരു മേഖലയിൽ അടുത്ത കാലത്തായി സംഭവിച്ച പ്രധാനപ്പെട്ട ഒരു മാറ്റം നമ്മുടെ കാലാവസ്ഥയിൽ വന്ന ഒരു മാറ്റമാണ്. ജൂൺ മാസം തുടങ്ങുന്ന സമയത്തു തന്നെ കൃത്യമായി വന്നിരുന്ന കാലവർഷം എപ്പോഴാണ് തുടങ്ങുന്നതെന്നത് ഇപ്പോൾ മാറിക്കൊണ്ടേയിരിക്കുന്നു. എപ്പോഴാണ് അവസാനിക്കുന്നതെന്നും നമുക്ക് മനസ്സിലാകുന്നില്ല. കഴിഞ്ഞ പല വർഷങ്ങളിലും നമ്മൾ കണ്ട പോലെ കാലവർഷവും തുലാവർഷവും തമ്മിലുള്ള അകലം ഇല്ലാതായിരിക്കുന്നു. ഇന്ന് അത് ധാരാളമായി മഴ ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. നമുക്ക് സാധാരണ കിട്ടുന്ന കാലവർഷത്തിന്റെയും തുലാവർഷത്തിന്റെ മഴയോടൊപ്പം തന്നെ പല ന്യൂനമർദ്ദങ്ങളും അറബിക്കടലിൽ രൂപപ്പെടാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അറബിക്കടലിൽ ചൂട് കൂടുകയാണ്. അത് വലിയ തോതിൽ, നമ്മുടെ നാട്ടിൽ കിട്ടുന്ന മഴയുടെ അളവിൽ മാറ്റം വരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, 2007 ൽ തന്നെ ഈ തരത്തിൽ ഒരു പ്രതിഭാസം സംഭവിക്കും എന്ന് പറഞ്ഞ സമയത്ത് അത് നമുക്ക് മനസ്സിലായിരുന്നില്ല. അത് നമ്മുടെ പ്രവർത്തനങ്ങളെയൊന്നും മാറ്റിയിട്ടില്ല. ആ സമയത്തു പോലും നമ്മൾ ശ്രമിച്ചിരുന്നത് ഇവിടെ വരാൻ സാധ്യതയുള്ള വരൾച്ചയെ നേരിടാൻ വേണ്ടിയായിരുന്നു. ഒരു പക്ഷെ നമുക്കെല്ലാം ഓര്മയുണ്ടാവും, നാട്ടിലാകെ മഴക്കുഴികൾ നിർമിക്കുന്ന തിരക്കിലായിരുന്നു നമ്മളെല്ലാവരും. കാട്ടിനകത്താണെങ്കിൽ, വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനായിരുന്നു അന്ന് വനം വകുപ്പ് ശ്രമിച്ചിരുന്നത്. അവിടെയുള്ള ചാലുകളിൽ തടയണകൾ കെട്ടുക, വെള്ളം കഴിയുന്നത്ര സൂക്ഷിച്ചു വെക്കുക, ഈ തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത് . അതു കൊണ്ടു തന്നെ, ഒരു വരൾച്ചയെ നേരിടാനുള്ള ശ്രമങ്ങളെല്ലാം തന്നെ അതിതീവ്ര മഴ പെയ്ത സമയത്ത് നമുക്ക് വലിയ തിരിച്ചടിയായി മാറുകയുണ്ടായി. പല സ്ഥലത്തും മഴക്കുഴികൾ ഉണ്ടാക്കിയത് ഭൂമിക്കടിയിലേക്ക് വലിയ തോതിൽ വെള്ളം ഇറങ്ങാനിടയാക്കുകയും ഹൈഡ്രോളജിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇത് നമ്മൾ തിരിച്ചറിഞ്ഞില്ല. ഇതിനു ആരെയാണ് കുറ്റം പറയുക എന്ന് ചോദിച്ചാൽ, കേരളത്തിന്റെ വിജ്ഞാന സമൂഹത്തെയാണ് എന്നതാണ് ഉത്തരം. മുഴുവൻ അക്കാദമിക് കമ്യൂണിറ്റിയെ തന്നെ കുറ്റം പറയേണ്ടി വരും. കേരളത്തിലെ അക്കാദമിക് കമ്യൂണിറ്റി കേരളത്തിന്റെ പരിസ്ഥിതിയെ കുറിച്ച് സൂക്ഷിച്ചിട്ടുള്ള വലിയ തോതിലുള്ള മൗനമുണ്ട്, നിശ്ശബ്ദതയുണ്ട്. അതിനു നമ്മൾ വലിയ വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. നാടെങ്ങും ധാരാളം മഴക്കുഴികൾ ഉണ്ടാക്കി കൊണ്ടിരുന്ന സമയത്ത്, നമുക്ക് അതല്ല വേണ്ടത്, വെള്ളം ഒഴുകി പോവാനുള്ള സംവിധാനം ഉണ്ടാകണം, കാരണം, വരും വർഷങ്ങളിൽ അതിവൃഷ്ടിയാണ് വരാനിരിയ്ക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങൾക്കും ഭരണാധികാരികൾക്കും പറഞ്ഞു കൊടുക്കാൻ കേരളത്തിലെ അക്കാദമിക സമൂഹത്തിനു സാധിച്ചിരുന്നില്ല. സാഹിത്യത്തിൽ, തത്വചിന്തയിൽ, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ അന്താരാഷ്ര തലത്തിൽ നടക്കുന്ന പുതിയ മുന്നേറ്റങ്ങളൊക്കെ കേരളത്തിലേക്ക്, മലയാളത്തിലേക്ക് പരാവർത്തനം ചെയ്യാൻ കാണിച്ചിട്ടുള്ള സൂക്ഷ്മത ശാസ്ത്രവിഷയങ്ങളിൽ പാലിച്ചിട്ടില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് വഴിയേ പരിശോധിക്കേണ്ടതാണ്. എന്തായാലും നമ്മളിപ്പോൾ പ്രളയത്തിന്റെ നടുവിലാണ്. ഈ പ്രളയത്തിന്റെ കാരണത്തെ അന്വേഷിക്കുന്ന സമയത്ത് മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്. അതിവൃഷ്ടി വരികയും പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിന് തൊട്ടു മുമ്പ് നമ്മൾ സംസാരിച്ചിരുന്നത് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു. പല സ്ഥലങ്ങളിലും തീരദേശം നഷ്ട്ടപെട്ടു കൊണ്ടിരിക്കുകയാണ്. ആലപ്പാട് പോലെ പല സ്ഥലങ്ങളിലും മനുഷ്യർ സമരങ്ങളിൽ ആയിരുന്നു. തീരദേശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങളിൽ അവർ ഏർപ്പെട്ടു കൊണ്ടിരുന്നു. ഇടനാട്ടിലാണെങ്കിൽ ഖനനങ്ങൾക്കെതിരെ ധാരാളം സമരങ്ങൾ കേരളത്തിലുടനീളം നടന്നിരുന്നു. ആ സമരങ്ങളിൽ പലതും തോറ്റുപോയി. തോൽക്കാതെ, ദീർഘനാളുകളായി തുടരുന്ന സമരങ്ങളും ഉണ്ട്. വളരെ അപൂർവം ചില സമരങ്ങൾ വിജയിക്കുകയും ഉണ്ടായി. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഒരു പ്രാദേശിക ജനത, ഒരു പ്രദേശത്ത് ജീവിക്കുന്ന മനുഷ്യർ സമരം ചെയ്യുന്നത് അവർക്ക് വേറെ ഒരു ജോലിയും ഇല്ലാത്തതുകൊണ്ടല്ല. അവിടെ ഒരു പ്രശ്നമുണ്ട്; അത് അധികാരികളുടെ ശ്രദ്ധ അർഹിക്കുന്നുണ്ട്. അതിനു പരിഹാരം ഉണ്ടാകേണ്ടതുണ്ട്. വളരെ പ്രാദേശികമായ ഒരു ജനത മുന്നോട്ടു വയ്ക്കുന്ന നിലപാടുകളെ മനസ്സിലാക്കാനും അതിന്റെ ശരിയെ കണ്ടെത്താനും അതിനോടൊപ്പം നിൽക്കാനും തയാറാകുന്ന ഒരു ഭരണസംവിധാനം നമുക്കുണ്ടായി വരേണ്ടതുണ്ട്. അങ്ങനെ ഉണ്ടാകുന്നതിനെയാണ് നമ്മൾ ജനാധിപത്യം എന്ന് വിളിക്കുന്നത്. ധാരാളം പ്രാദേശിക സമരങ്ങൾ നടക്കുന്ന സമയത്തു പോലും അവർ തോറ്റു പോവുകയാണ്. കേരളത്തിലെ ഖനന മേഖലയിൽ സംഭവിച്ചിട്ടുള്ള ഒരു കാര്യം, ഖനനം അവിടെ നടക്കുന്നത് പ്രശ്നമാണെന്ന് ഒരു പഞ്ചായത്ത് തീരുമാനിക്കുകയാണെങ്കിൽ പോലും അതവിടെ നടന്നിരിക്കും എന്നതാണ്. ആ തരത്തിലുള്ള നിയമസംവിധാനങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. ഇതിനെ എങ്ങനെയാണു മാറ്റിയെടുക്കാൻ പറ്റുക എന്ന ആലോചനയാണ് പാരിസ്ഥിതികമായി കേരളത്തിന് കര കയറാനുള്ള ഒരു വഴി.

തീരദേശത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി കുറേ നാളുകളായി നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യം കരിങ്കല്ല് ഉപയോഗിച്ച് കടൽഭിത്തികൾ കെട്ടുക എന്നതാണ്. ഇത് ശാസ്ത്രീയമായി നിലനിൽക്കുന്നതല്ല എന്ന് എത്രയോ കാലം മുന്നേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. കടൽഭിത്തി കെട്ടുന്നത് തീരത്തെ മണലിന്റെ മുകളിൽ തന്നെയാണ്. സ്വാഭാവികമായും മഴയോ മറ്റു കാരണങ്ങളാലോ ഉള്ള നീരൊഴുക്ക് ഈ ഭിത്തിയുടെ അടിയിലൂടെ ആയിരിക്കും. അവിടത്തെ മണലിളകി പോകും. ശക്തമായ തിരമാലകൾ വരുമ്പോൾ പലപ്പോഴും വെള്ളം മതിലിനിപ്പുറത്തേക്ക് വരും. ആ വെള്ളം ഒലിച്ചു പോകുമ്പോഴും ഭിത്തിക്കടിയിലെ മണലിനെ ഒഴുക്കി കൊണ്ട് പോകും. മാത്രമല്ല, ശക്തമായ തിരമാലകൾ വരുന്ന സമയത്ത് അതിനെ പിടിച്ചു നിർത്താനാവുക മണലിന് മാത്രമാണ്. കാരണം മണലിന് ആ ഷോക്ക് അബ്സോർബ് ചെയ്യാൻ പറ്റും. തെന്നി മാറാനും വീണ്ടും തിരിച്ചു വരാനും പറ്റും. ആ തരത്തിലുള്ള ഒരു സംവിധാനത്തിന് മാത്രമേ തിരമാലകളുടെ ഊർജ്ജത്തെ പിടിച്ചെടുക്കാൻ പറ്റൂ. അതിനു പകരം ഒരു ഭിത്തി കെട്ടുന്ന സമയത്ത് ഈ ഊർജ്ജം പല മടങ്ങായി വർദ്ധിക്കുകയാണ് ചെയ്യുക. അത് വളരെ ശക്തിയായി അടിക്കുകയും താഴെയുള്ള മണലിനെ കടലിലേക്ക് കൊണ്ടു പോവുകയും ചെയ്യും, ഭിത്തി താഴെ വീഴുകയും ചെയ്യും. ഈ ഭിത്തി ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങൾ തീരദേശത്ത് മാത്രം ഒതുങ്ങുന്നതല്ല. ഇത് ഉണ്ടാക്കാനായി കൊണ്ടു വന്ന കല്ല് പശ്ചിമഘട്ട മലനിരകളിൽ നിന്നാണ്. കുന്നുകൾ ഇടിച്ച് നിരത്തി പാറകൾ പൊട്ടിച്ചിട്ടാണ് ഇവ എത്തിക്കുന്നത്. രണ്ടു ആവാസവ്യവസ്ഥകൾ ഒരേ പോലെ നശിക്കുന്ന ഒരു പ്രക്രിയയായിരുന്നു, തീരദേശത്തെ ഈ കടൽഭിത്തി നിർമ്മാണം. എത്രയോ വർഷങ്ങളായി ഇത് നടന്നു കൊണ്ടിരിക്കുന്നു.

പശ്ചിമഘട്ട മലനിരകളും ഇടനാടും തീരപ്രദേശങ്ങളും പരസ്പര ബന്ധിതമായ ആവാസ വ്യവസ്ഥകളാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഇപ്പോൾ അങ്ങനെയല്ല കാണുന്നത്. ഈ ഓരോ മേഖലയിലും ഉള്ള പ്രശ്നങ്ങളെ വേറെ വേറെയായാണ് കാണുന്നത്. മലമുകളിൽ നിന്ന് പുഴകൾ ഒഴുക്കി കൊണ്ട് വരുന്ന മണല് തന്നെയാണ് തീരദേശത്തിന്റെ സുരക്ഷിതത്വത്തിന് ആവശ്യം. കേരളത്തിൽ ഉണ്ടായിട്ടുള്ള ധാരാളം പുലിമുട്ടുകൾ തീരദേശത്തെ മാറ്റിമറിച്ചു. അവിടെയുള്ള ജനങ്ങൾ വലിയ തോതിലുള്ള പ്രശ്നങ്ങളിലാണ്. ഇടനാട്ടിലുള്ള മനുഷ്യരും ഓരോ വർഷവും ഉണ്ടാകുന്ന പ്രളയങ്ങളിൽ ആശങ്കയിലാണ്. അതിനേക്കാൾ ഗുരുതരമായി, പശ്ചിമഘട്ട മലനിരകളിൽ മനുഷ്യമരണങ്ങളിലേക്കെത്തുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നു. പണ്ടൊക്കെ സ്‌കൂളിൽ പറയുന്നതു പോലെ ഈ മൂന്ന് സ്ഥലങ്ങളും ഒറ്റ യൂണിറ്റായി കണ്ടുകൊണ്ടു സമീപിക്കേണ്ടതുണ്ട്. മലമുകളിൽ നിന്ന് പുറപ്പെടുന്ന പുഴകളൊക്കെ സമുദ്രതീരത്തെത്തേണ്ടതായിട്ടുണ്ട്. ആ തരത്തിലുള്ള തുടർച്ചയുള്ള ഒരു ആവാസവ്യവസ്ഥയായി ഓരോ പുഴകളെയും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ അല്ലാത്തതു കൊണ്ട് സംഭവിച്ചിട്ടുള്ള ഒരു കാര്യം പറയാം. ഈ പ്രളയങ്ങളിൽ കാണുന്ന പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ഒഴുകുന്ന പുഴകളുടെയൊക്കെ ചുവന്ന നിറം. അതിന്റെ അർത്ഥം, ഇവ ധാരാളം മണ്ണ് ഒഴുക്കിക്കൊണ്ടു പോകുന്നുണ്ട് എന്നാണ്. ഈ മണ്ണ് എവിടെ നിന്നാണ് വരുന്നത്. ഏറ്റവും ഫലഭൂയിഷ്ഠമായ മേൽമണ്ണാണ് ഇത് മുഴുവൻ. മറ്റു പല മേഖലകളിലും വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ ഇത് കാരണമാകും. വനത്തിന്റെ ഘടനയിൽ ഇത് മാറ്റം വരുത്തും. വനത്തിലെ സസ്യജാലങ്ങളിൽ മാറ്റം വരുത്തും. ഓരോ ഡാമുകളും മണ്ണുകൊണ്ട് നിറയും. അവിടെ നിന്ന് താഴേക്ക് ഒഴുകുന്ന സ്ഥലങ്ങളിലെ ജീവജാലങ്ങളുടെ ജീവസന്ധാരണത്തിനു വലിയ പ്രശ്നങ്ങളായി ഇത് മാറും. ഇത്തരത്തിൽ പശ്ചിമഘട്ടം മുതൽ തീരപ്രദേശം വരെ കേരളത്തെ ഒരു തുടർച്ചയായി കാണ്ടേണ്ടതുണ്ട്. ഇതിനു വന്നിട്ടുള്ള പ്രധാനപ്പെട്ട ഒരു ഭംഗം എന്താണെന്ന് നോക്കാം. ഓരോ മഴക്കാലത്തും കിഴക്കു നിന്ന് പടിഞ്ഞാറേക്ക് വളരെ ശക്തിയായി ഒഴുകുന്ന വെള്ളമുള്ള ഒരു പ്രദേശത്ത് നമ്മൾ വടക്കു നിന്ന് തെക്കോട്ട് പല വരകൾ വരച്ച്‌ ഇതിനെ മുറിച്ചിട്ടുണ്ട്. അത് റോഡുകളാവാം റെയിൽവേ ലൈനുകളാവാം ധാരാളമായുള്ള നിർമ്മാണ പ്രവർത്തനങ്ങളാവാം. ഇവയെക്കുറിച്ചൊന്നും നമ്മൾ ആലോചിച്ചിട്ടേയില്ല. ഇതെല്ലാം ആലോചിക്കേണ്ടി വന്നത് ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ്. ഭൂമിയുടെ ചൂട് കൂടുന്നുണ്ട്. ഐ പീ സീ സീ റിപ്പോർട്ടിൽ ഉറപ്പായി പറയുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട് എന്നതാണ്. രണ്ടാമത്തെ കാര്യം കടലിലെ ജലനിരപ്പ് ഉയരാൻ പോകുന്നു എന്നതാണ്. ഇവ രണ്ടും കൂടി കേരളത്തെ വലിയ തോതിലുള്ള പ്രശ്‌നബാധിത പ്രദേശമാക്കി മാറ്റിക്കഴിഞ്ഞു. അറബിക്കടലിലെ ചൂട് കൂടുന്നുണ്ട്. കൂടുതൽ ജലം നീരാവിയായി പൊങ്ങുന്നുണ്ട്. ഇത് കാറ്റിൽ പശ്ചിമഘട്ടത്തിലേക്ക് എത്തുന്നുണ്ട്. ഈ കാറ്റിനു കുറുകെ നിൽക്കുന്ന വലിയ മലനിരകൾ അതിനെ തടഞ്ഞുനിർത്തി പെയ്യിക്കുന്നുമുണ്ട്. ചിലയിടങ്ങളിലെങ്കിലും വലിയതോതിൽ നല്ല ഉയരമുള്ള മേഘങ്ങളായി അതിനെ മാറ്റുകയും ചില പ്രത്യേക സ്ഥലങ്ങളിൽ അതിവൃഷ്ടി ഉണ്ടാകുകയും ചെയ്യുന്നുണ്ട്. അതിനെ താങ്ങാൻ കഴിയുന്ന രീതിയിൽ ഭൂമിയുടെ ഉപരിതലത്തെ സജ്ജമാക്കി നിർത്താൻ നമുക്ക് പലപ്പോഴും പറ്റിയിട്ടില്ല. അങ്ങനെ ഒരു ചിന്ത നമുക്ക് ഉണ്ടായിട്ടേയില്ല. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം അവരുടെ ഇടത്തിന്റെ ഭൂപ്രകൃതി മാറ്റിമറിക്കാതിരിക്കുക എന്നതാണ്. കാരണം ടോപ്പോഗ്രഫി എന്ന് പറയുന്നത് വളരെ പ്രധാനമാണ്. നൂറ്റാണ്ടുകൾ കൊണ്ട് ഉരുവം ചെയ്തിട്ടുള്ള ഒരു ഘടനയാണത്. പെയ്യുന്ന മഴ ഒഴുകി പോവാനുള്ള സംവിധാനമായി അതിനെ നിർത്തുക എന്നുള്ളത്. നമ്മൾ പലപ്പോഴും, റോഡ് പണിയുമ്പോൾ ആയാലും ശരി, പാറമടകൾ ഉണ്ടാക്കുമ്പോൾ ആയാലും ശരി ഇതൊന്നും ശ്രദ്ധിക്കാറില്ല. ഈ തരത്തിൽ ഭൂമിയുടെ കിടപ്പിനെ, ഭൂമിയുടെ ഉപരിതലത്തെ മാറ്റിമറിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ മനുഷ്യൻ ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്.

അത്തരം പ്രവർത്തികളിലൊന്ന് പുഴയുടെ തീരം കൈയ്യേറുന്നതാണ്. പുഴയുടെ തീരം കൈയ്യേറുക എന്നത് വലിയൊരു റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കേരളത്തിൽ ഇന്ന് മാറിയിരിക്കുന്നു. റിവർസൈഡ് വില്ലകൾ വലിയ തോതിൽ വിറ്റു പോവുന്ന സ്ഥലമാണിത്. പുഴ എന്നെങ്കിലുമൊരിക്കൽ അതിന്റെ മുഴുവൻ സ്ഥലത്തേക്കും വ്യാപിച്ചൊഴുകുമെന്ന് നമ്മൾ കരുതിയിരുന്നില്ല. മറ്റൊന്ന് റോഡുകളാണ്. മലമുകളിൽ കുന്നിന്റെ ചരിവിലൂടെ റോഡ് പണിയുന്ന സമയത്ത്, അതിനു മുകളിലുള്ള മണ്ണ് എന്നെങ്കിലും താഴേക്ക് ഇറങ്ങി വരുമെന്ന് നമ്മൾ കരുതിയിട്ടേയില്ല. മൂന്നാമത്തേത് പ്ലാന്റേഷനുകളാണ്. റബ്ബറുൾപ്പെടെയുള്ള തോട്ടങ്ങൾ. മരങ്ങൾ വളർത്തുകയും ഒരു കാലം കഴിയുമ്പോൾ മുറിച്ചു മാറ്റുകയും ചെയ്യും. പക്ഷെ വേരുകൾ അവിടെ തന്നെ നിൽക്കും. ആ വേരുകൾ ദ്രവിച്ച് വെള്ളം ഇറങ്ങി പോവുന്ന സ്ഥലങ്ങളായി മാറുകയും ചെയ്യും. ഒരു കുന്നിന്റെ ഉൾഭാഗം പൊള്ളയായി മാറുന്ന അവസ്ഥ. സോയിൽ പൈപ്പിംഗ് എന്ന് പറയുന്ന ഒരു പ്രതിഭാസം അങ്ങനെയാണുണ്ടായത്. പലയിടത്തും സംഭവിച്ചത് അതാണ്. നേരത്തെ റബ്ബർ തോട്ടം ഉണ്ടായിരുന്ന ഇടത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നു. വേരുകൾ അവിടെ തന്നെ നിൽക്കുന്നു. ഇതോടൊപ്പം തന്നെ ഈ പ്രദേശങ്ങളിൽ ധാരാളം കുഴികൾ എടുക്കുകയും പെട്ടെന്നു തന്നെ വെള്ളത്തെ ഉള്ളിലേക്കിറക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. മറ്റൊരു പ്രധാന കാരണം വനത്തിന്റെ ശോഷണമാണ്. പല മേഖലകളിലും പല തട്ടുകളായി മണ്ണിന്റെ അടിയിലേക്ക് വേരുകൾ ഇറക്കാൻ പറ്റുന്ന സസ്യങ്ങളും മരങ്ങളും നമുക്ക് നഷ്ടപ്പെട്ടു. റബ്ബർ തോട്ടങ്ങളും പൈനാപ്പിൾ തോട്ടങ്ങളും ഇത്തരം ഭീഷണികൾ ഉണ്ടാക്കുന്നു. ധാരാളം കുന്നുകൾ ഇപ്പോൾ പൈനാപ്പിൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പൈനാപ്പിളിന് വളരെ കുറച്ചു സ്ഥലത്തേക്കേ വേരുകൾ ആഴ്ത്താൻ പറ്റുകയുള്ളൂ. ആ പ്രദേശങ്ങളിലൊക്കെ വേണ്ടത് വൃക്ഷങ്ങളാണ്. അതും പല തരത്തിലുള്ള വൃക്ഷങ്ങളാണ്. ഭൂമിയുടെ ഉള്ളിലേക്ക് പല തലങ്ങളിലേക്ക് എത്താൻ പറ്റുന്ന, കരിങ്കല്ലിനു മുകളിലും ചെങ്കല്ലിനിടയിലേയ്ക്കും മണ്ണിനടിയിലേക്കും ഒക്കെ വേരുകളാഴ്ത്തി അവയെ പിടിച്ചു നിർത്താൻ പറ്റുന്ന ഒരു ആവാസ വ്യവസ്ഥ നിലനിർത്താനായി നമുക്ക് പറ്റിയിട്ടില്ല. ഇപ്പോൾ മണ്ണിടിച്ചിലുണ്ടാകുന്ന സ്ഥലങ്ങൾ നോക്കിയാൽ ഈ കാര്യങ്ങൾ നമുക്ക് ബോധ്യപ്പെടും. മറ്റൊരു പ്രധാനപ്പെട്ട കാര്യം പാറമടകളാണ്. കേരളത്തിൽ എവിടെയാണ് പാറമടകൾ തുടങ്ങേണ്ടത് എന്ന് എങ്ങനെയാണു തീരുമാനിക്കുന്നത്. ഇത് തീരുമാനിക്കപ്പെടുന്നത് മനുഷ്യന്റെ ദാരിദ്ര്യവുമായി ബന്ധപ്പെട്ടാണ്. പാവപ്പെട്ട മനുഷ്യർ സ്വന്തം സ്ഥലം വിറ്റ് മാറാൻ തയ്യാറാകുന്ന ഇടങ്ങളിലാണ് പാറമടകൾ ഉണ്ടാകുന്നത്. അല്ലാതെ, പരിസ്ഥിതിക്ക് കുഴപ്പമില്ലാതെ പ്രവർത്തിക്കാൻ പറ്റുന്ന സ്ഥലങ്ങൾ എന്ന നിലയ്ക്കല്ല. ഇതുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം പല മടങ്ങാണ്. ധാരാളം മലകളുടെ പല ഭാഗങ്ങളും ഇടിച്ചു നിരത്തി കല്ലുപൊട്ടിച്ചു കഴിഞ്ഞു. ഓരോ പ്രാവശ്യവും സ്ഫോടനം ഉണ്ടാകുന്ന സമയത്ത്, അതിന്റെ ആഘാതം ധാരാളം സ്ഥലങ്ങളിലേക്ക് വ്യാപിക്കും. മണ്ണിന്റെ കിടപ്പിനെ, ഭൂമിയുടെ സ്ഥിരതയെ ഇത് ബാധിച്ചുകൊണ്ടിരിക്കും. ഇത് നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. അങ്ങനെ നമ്മുടെ മലനിരകളെ കുലുക്കി കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി . മാത്രമല്ല, ഈ പാറമടകളെല്ലാം സ്വകാര്യ മേഖലയിലാണ്. അവയുടെ മേലുള്ള നിയന്ത്രണങ്ങൾ വളരെ ദുർബലവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഈ പാറമടകളെലാം പൊതുമേഖലയിൽ കൊണ്ടുവരും എന്നുള്ളതാണ്. പക്ഷെ അത് നടന്നിട്ടില്ല. പൊതുമേഖലയിൽ ആക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇപ്പോൾ നമുക്ക് അവിടെ നിന്നുള്ള ഡാറ്റ പോലുമില്ല. എത്ര പാറ പൊട്ടിച്ചു, എത്ര ലാഭം ഉണ്ടായി, ആർക്കൊക്കെ കിട്ടി എന്നൊന്നും നമുക്ക് അറിയില്ല. പാറമടകൾ സർക്കാരിന്റെ പൊതുസ്വത്തായി മാറേണ്ടതുണ്ട്, . അതിന്റെ പണം സർക്കാരിന് തന്നെ കിട്ടേണ്ടതുമുണ്ട്. അങ്ങനെയല്ല ഇപ്പോൾ സംഭവിക്കുന്നത്. പൊതുമേഖലയിലേക്ക് മാറേണ്ടത് എന്തു കൊണ്ട് എന്നതിന് ഒരു ഉദാഹരണം നോക്കാം. വർശങ്ങൾക്കു മുന്നേ വൈപ്പിനിൽ വിഷമദ്യദുരന്തം ഉണ്ടായി. ധാരാളം പേർ മരിച്ചു. ധാരാളം പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ധാരാളം കുടുംബങ്ങൾ അനാഥമായി. അതിൽ പിന്നെ നാം കാണുന്നത് കേരളത്തിൽ ബീവറേജസ് കോർപ്പറേഷൻ എന്ന സ്ഥാപനം ശക്തിപ്പെടുന്നതാണ്. മനുഷ്യൻ മദ്യപിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. പിന്നീട് വലിയ തോതിലുള്ള മദ്യദുരന്തം കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു സുരക്ഷാസംവിധാനമുണ്ടാക്കാൻ ഇവിടെ സാധ്യമായി. ഇതാണ് സ്വകാര്യ മേഖലയിൽ നിന്ന് പൊതു മേഖലയിലേക്ക് കൊണ്ടു വരുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു മാറ്റം. അത് മാറാത്തിടത്തോളം ഈ പാറമടകളെ നമുക്ക് നിയന്ത്രിക്കാനും പറ്റില്ല. അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ നേരിടാനാവുകയുമില്ല. നിലവിൽ നമുക്കവിടെ നിന്ന് ഒരു ഡാറ്റയും ലഭ്യമല്ലാത്ത അവസ്ഥയിലാണ് ഉള്ളത്.

ഈ പ്രശ്നങ്ങൾക്ക് പരിഹാരത്തെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലായ്‌പ്പോഴും പറയപ്പെടുന്നത് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചാണ്. ഗാഡ്ഗിൽ റിപ്പോർട്ട് എന്തുകൊണ്ടാണ് പ്രധാനമാകുന്നത്. എന്തു കൊണ്ടാണ് അത് വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്? പലരും പറയാറുണ്ട്, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടും നടപ്പിലാക്കാത്തതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം എന്ന്. അങ്ങനെയല്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടും രണ്ടും രണ്ടാണ്. രണ്ടു വ്യത്യസ്ത നിലപാടുകളുള്ള റിപ്പോർട്ടുകളാണ്. അതിനുശേഷം കേരളത്തിന് മാത്രമായി വന്ന ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ടും ഇവയിൽ നിന്നും വ്യത്യസ്തമാണ്. ഇതെന്താണെന്ന് നമുക്ക് പരിശോധിക്കേണ്ടതുണ്ട്. ഈ മൂന്നു റിപ്പോർട്ടുകളും എന്താണ് പറയാൻ ശ്രമിച്ചത്? സത്യത്തിൽ ഗാഡ്ഗിലിന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ ചെറിയൊരു പ്രശ്നമുണ്ട്. ഏകദേശം പതിനാലോളം പേര് ഉണ്ടായിരുന്ന ഒരു കമ്മിറ്റി തയ്യാറാക്കിയ ഒരു റിപ്പോർട്ടാണത്. അതിൽ പ്രൊഫസർ മാധവ് ഗാഡ്ഗിൽ, ശ്രീ ബി ജെ കൃഷ്ണൻ, ഡോക്ടർ കെ എൻ ഗണേശയ്യർ, ഡോക്ടർ വി എസ് വിജയൻ, പ്രൊഫസർ റെനെ ബോജസ്, പ്രൊഫസർ ആർ സുകുമാർ, ഡോക്ടർ നിജിയ നൊറോണ, മിസിസ് വിദ്യ എസ് നായിക്ക്, ഡോക്ടർ ഡി കെ സുബ്രഹ്മണ്യം, ഡോക്ടർ ആർ പി വർമ്മ, നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ ചെയർമാൻ, സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ ചെയർമാനായിരുന്ന ഡോക്ടർ എസ് പി ഗൗതം, സ്‌പെയ്‌സ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ ഡോക്ടർ ആർ ആർ നവഗുണ്ട്, മിനിസ്ട്രി ഓഫ് എൻവയോണ്മെന്റ് ആൻഡ് ഫോറസ്ട്രിയുടെ അഡ്‌വൈസർ ആയിരുന്ന ഡോക്ടർ ജി ഡി സുബ്രഹ്മണ്യം എന്നിങ്ങനെയുള്ള പല ആളുകൾ ചേർന്ന് തയ്യാറാക്കിയ ഒരു റിപ്പോർട്ട് ആണത്. ഇപ്പോൾ ആ റിപ്പോർട്ട് ഗാഡ്ഗിലിന്റെ പേരിൽ മാത്രമാണ് അറിയപ്പെടുന്നത്. ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിലൊന്ന്, ആ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കുറെ നാളുകൾ ആ റിപ്പോർട് വെളിച്ചം കാണാതെ ഇരുന്നു. ആ റിപ്പോർട്ട് തയ്യാറാക്കിയ രീതിശാസ്ത്രം വളരെ വ്യത്യസ്തമായിരുന്നു. ആദ്യമായി ഇന്ത്യയിൽ ഒരു മിനിസ്ട്രി ഏൽപ്പിച്ച കമ്മിറ്റി, ഒരു വെബ്സൈറ് തയ്യാറാക്കുകയും വിവരങ്ങൾ അതാത് സമയത്ത് അതിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ഒരു കമ്മിറ്റിയാണ് ഇത്. ആ തരത്തിൽ സുതാര്യമായി പ്രവർത്തനം തുടങ്ങി എന്നത് മാത്രമല്ല അവർ ഏതു രീതിയിലാണ്, എന്ത് രീതിശാസ്ത്രം ഉപയോഗിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കാൻ പോകുന്നത് എന്നുള്ളത് ഇന്ത്യയിലെ വളരെ പ്രശസ്തമായ ജേണലായ കറന്റ് സയൻസിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആളുകളുടെ കമന്റ്സ് സ്വീകരിച്ചിരുന്നു. അതിനുശേഷമാണ് അവരുടെ പ്രവർത്തനം തുടങ്ങുന്നത്. അവർ ചെയ്ത ഒരു കാര്യം പശ്ചിമഘട്ട മലനിരകളുടെ അതിർത്തി നിർണ്ണയിക്കുകയും, ആ പ്രദേശത്തെ ഒമ്പത് കിലോമീറ്റർ x ഒമ്പത് കിലോമീറ്റർ ഗ്രിഡുകളായി തിരിക്കുകയും ഓരോ പ്രദേശത്തെയും ഏകദേശം പതിനെട്ടോളം പാരാമീറ്ററുകൾ ഉപയോഗിച്ച് അതിനെ റാങ്ക് ചെയ്യുകയും ചെയ്യുക എന്നതാണ്. അതിനു ശേഷം സ്വാഭാവിക വനത്തിനു തുല്യമായതോ അതിനേക്കാൾ ഏറെയോ പാരിസ്ഥിതിക മൂല്യമുള്ള സ്ഥലങ്ങളെ ഇക്കോളജിക്കലി സെന്സിറ്റിവ് സോൺ വൺ ആയി ക്ളാസിഫൈ ചെയ്തു. അതിനുശേഷം ഇക്കോളജികലി സെന്സിറ്റിവ് സോൺ റ്റൂവും ത്രീയും വന്നു. ഈ മൂന്ന് സോണുകളും ഒരുമിച്ചെടുത്താൽ, നമുക്കവിടെ ഏത് പ്രവർത്തിയും ചെയ്യാം, പക്ഷെ എവിടെ ചെയ്യാം എന്നത് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. ഓരോ സോണുകളിലും എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല, എന്നത് കൃത്യമായി നിർണ്ണയിക്കുന്ന ഒരു പ്രക്രിയ ആ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അത് വളരെ ശാസ്ത്രീയമായ ഒരു റിപ്പോർട്ട് ആണ് എന്നതു കൊണ്ടാണ് വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുനത്. ഈ തരത്തിലുള്ള ഒരു റിപ്പോർട്ട് അവർ തയ്യാറാക്കുകയും പശ്ചിമഘട്ട മലനിരകളിലെ ഓരോ സോണിന്റെയും അതിർത്തികൾ നിർണ്ണയിക്കുകയും ആ അതിർത്തികൾ അവസാന വാക്കല്ല എന്ന് കൃത്യമായി പറയുകയും ചെയ്ത ഒരു റിപ്പോർട്ട് ആണത്. ഓരോ സോണിന്റെയും അതിർത്തികൾ നിര്ണയിക്കേണ്ട ഉത്തരവാദിത്തം പ്രാദേശിക ഗ്രാമസഭകൾക്കാണ് എന്ന് കൂടി റിപ്പോർട്ട് പറഞ്ഞു. പ്രാദേശിക ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളെ അവരുടെ ധാരണകളെ നിലപാടുകളെ പരിഗണിച്ചു കൊണ്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ട് ആണത്. എങ്കിലും അവതരിപ്പിക്കപ്പെട്ട ഉടനെത്തന്നെ രണ്ടു പ്രധാനപ്പെട്ട വിഭാഗം ആളുകൾക്ക് ആ റിപ്പോർട്ട് വലിയ അലോസരം ഉണ്ടാക്കി. ഖനനം നടത്തുന്ന ആളുകളും റിസോർട്ടുകൾ ഉണ്ടാക്കുന്ന ആളുകളും ആയിരുന്നു അത്. ഇവരെ സംബന്ധിച്ച് ഇത് വലിയ ഭീഷണി ആണെന്ന് തിരിച്ചറിയുകയും ഈ റിപ്പോട്ടിനെതിരെ വലിയ തോതിൽ ബഹുജന അഭിപ്രായം രൂപീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനവർ പല സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മതസ്ഥാപനങ്ങളെയും ഉപയോഗിക്കുകയുണ്ടായി. രണ്ടു ഇടയലേഖനങ്ങൾ ആ റിപ്പോർട്ടിനെതിരെ ഇറക്കുകയും പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള പള്ളികളിൽ വായിക്കുകയും ചെയ്തു. ശുദ്ധനുണകളായിരുന്നു ആ ഇടയലേഖനങ്ങളിൽ എഴുതിയിരുന്നത്. ദൈവീകമായ കാര്യമാണ് ഇടയലേഖനങ്ങൾ എന്ന നിലയ്ക്ക് ധാരാളം ആളുകൾ അത് വിശ്വസിച്ചിട്ടുണ്ട്. ധാരാളം നുണകൾ അതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലൊക്കെ പ്രചരിച്ച ഒരു കാര്യം ഇടുക്കി ജില്ലാ സഹകരണ ബാങ്കൊക്കെ പൂട്ടിപ്പോകും എന്നായിരുന്നു. എന്താണ് റിപ്പോർട്ട് പറയാൻ ശ്രമിച്ചത് എന്ന് ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ റിപ്പോർട്ടിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉണ്ടായി. അതുകൊണ്ടു തന്നെ അത് രാഷ്ട്രീയമായി ശക്തിയുള്ള എല്ലാ പ്രസ്ഥാനങ്ങളും ഇടതു പക്ഷവും വലതുപക്ഷവും എല്ലാവരും ചേർന്നുകൊണ്ട് റിപ്പോർട്ടിനെ എതിർത്ത സമയത്താണ് ഈ റിപ്പോർട്ട് എങ്ങനെ നടപ്പിലാക്കണം എന്ന് അന്വേഷിക്കാനായി കസ്തൂരിരംഗൻ കമ്മിറ്റിയെ നിയോഗിക്കുന്നത്. പക്ഷെ കസ്തുരിരംഗൻ കമ്മിറ്റി ചെയ്തത്, ഈ റിപ്പോർട്ടിന് സമാന്തരമായി മറ്റൊരു റിപ്പോർട്ട് ഉണ്ടാക്കുക എന്നതാണ്. ആ റിപ്പോർട്ട് ഞങ്ങൾ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഒരു ശാസ്ത്രീയ രേഖയേ അല്ല. കാരണം ഒരു ശാസ്ത്രീയ രേഖയ്ക്ക് വേണ്ട ചില അടിസ്ഥാന സ്വഭാവങ്ങൾ ഉണ്ട്. അതിന് ഒരു നിലപാട് ഉണ്ടാകണം. അതിന് ഒരു ആമുഖം ഉണ്ടാകണം. ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ഒബ്ജക്റ്റീവ്സ് പറയണം. ഒരു മെത്തഡോളജി ഉണ്ടാകണം. ആ മെത്തഡോളജിയെ ബേസ് ചെയ്ത കളക്ട് ചെയ്ത ഡാറ്റയെ സംബന്ധിച്ച് റിസൾട്സ് അവതരിപ്പിക്കണം. ഒരു കൺക്ലൂഷൻ ഉണ്ടാകണം. ഡിസ്കസ് ചെയ്യപ്പെടുകയും വേണം. ഇതൊരു ശാസ്ത്രീയ രേഖയുടെ അടിസ്ഥാന ഘടനയാണ്. ഇത് കസ്തുരിരംഗൻ റിപ്പോർട്ടിൽ കാണാൻ പറ്റില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടു വെച്ചതു പോലെ പ്രാദേശിക ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുക്കണം എന്നുള്ള ഒരു നിലപാടിന് എതിരായിട്ട് കസ്‌തൂരിരംഗൻ ചോദിച്ച ചോദ്യം എങ്ങനെയാണു ഇത്ര പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനമെടുക്കാൻ പ്രാദേശിക ജനതയെയും നിരക്ഷരരായ ആദിവാസികളെയും ആശ്രയിക്കുക എന്നായിരുന്നു. ഇതു കൊണ്ടു തന്നെ ഈ റിപ്പോർട്ടുകൾ രണ്ടും വ്യത്യസ്തമാണ്. ഈ റിപ്പോർട്ടുകൾ രണ്ടും വായിക്കാതെ അഭിപ്രായം പറയുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യം ഈ റിപ്പോർട്ടുകൾ തമ്മിൽ കാതലായ വ്യത്യാസമുണ്ട്. ഒന്ന് ശാസ്ത്രീയമായ രേഖയാണ്, രണ്ടാമത്തേത് അശാസ്ത്രീയമായ രേഖയാണ്. മറ്റൊരു കാര്യം ഒരു റിപ്പോർട്ട് സാധാരണക്കാരായ പ്രാദേശിക ജനതയുടെ അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുക്കുമ്പോൾ രണ്ടാമത്തെ റിപ്പോർട്ട് ആ അഭിപ്രായങ്ങളെയെല്ലാം തിരസ്കരിക്കുന്നു എന്നതാണ്. കേരളത്തെ സംബന്ധിച്ച മറ്റൊരു കാര്യം ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് ആണ്. ആ കമ്മിറ്റിയുടെ ഉദ്ദേശം തന്നെ എങ്ങനെയാണു പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളെ ഒഴിവാക്കിയെടുക്കുക എന്നതാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ വനം എന്ന നിലയ്ക്ക് സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ മാത്രമാണ് പരിസ്ഥിതി ലോലപ്രദേശങ്ങൾ എന്ന് ആ റിപ്പോർട്ട് പറയുകയും ചെയ്തു. ഇന്ന് നമുക്ക് അതിന്റെ ഫലം കൃത്യമായി കാണാം. മനുഷ്യർ മണ്ണിനടിയിൽപ്പെട്ടു മരിക്കുന്ന സാഹചര്യത്തിൽ ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് നമ്മൾ വായിച്ചു നോക്കേണ്ടതുണ്ട്. ഈ മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്ന അവസ്ഥയിലേക്ക്, പരിസ്ഥിതി ലോലമായ പ്രദേശങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളെ തുരങ്കം വെച്ചു കൊണ്ട് തയ്യാറാക്കിയ ഒരു രേഖയായിരുന്നു അത്. പിന്നീട് സംഭവിച്ച ഒരു കാര്യം ആദ്യത്തെ രണ്ടു റിപ്പോർട്ടുകളും നടപ്പിലാക്കപ്പെടാതെ പിറകിലേക്ക് തള്ളി കൊണ്ട് കേരളം മുന്നോട്ട് പോകുന്ന സമയത്താണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന അവസ്ഥയിൽ നിന്ന് അതിഭീകരമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ചുഴിയിൽ പെട്ട ഒരു സ്ഥലമായി നമ്മുടെ നാട് മാറിയത്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കർഷകർക്ക് എതിരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പറഞ്ഞല്ലോ. അതവിടെ അവസാനിച്ചില്ല, പിന്നെയും മുന്നോട്ട് പോയിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്ത ഒരു കാഴ്ചപ്പാടായിരുന്നു. വളരെ പ്രശസ്തരായ ആളുകളടക്കം ആ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞു കൊണ്ടു സാധാരണ മനുഷ്യർക്ക് ആ റിപ്പോർട്ടിനെക്കുറിച്ചു ഭീതിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഒന്ന് കേരളത്തിലെ അക്കാദമിക സമൂഹം ഈയൊരു ശാസ്ത്രീയ രേഖയെ എങ്ങനെ സമീപിച്ചു എന്നതാണ്. കേരളത്തിലെ കോളേജുകളും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഈ റിപ്പോർട്ടിനോട് കാണിച്ച ഒരു മൗനമുണ്ട്. പേടിച്ചിട്ടാണ്. പല അക്കാദമിക് വിദഗ്ദ്ധരെ സംബന്ധിച്ചും ഈ റിപ്പോർട്ടിനെ കുറ്റം പറയുന്നത്തിലൂടെ പല കമ്മിറ്റികളിലും കടന്നുകൂടാൻ പറ്റുന്ന അവസരമായി അവർക്കിത് മാറുകയും ചെയ്തു. പല തരത്തിലും ഗാഡ്ഗിൽ എന്ന വ്യക്തി ആക്രമിക്കപ്പെട്ടു. അദ്ദേഹം ആർ എസ് എസ് കാരനാണ് ബീ ജെ പി കാരനാണ് എന്നൊക്കെ പറയുന്നത് മുതൽ അദ്ദേഹം ഒരു ബ്രാഹ്മണനാണ് ഇതൊരു ബ്രാഹ്മണിക്കൽ റിപ്പോർട്ടാണ് എന്നൊക്കെ പറയുന്ന അവസ്ഥയിലേക്ക് വരെ എത്തി. ഏറ്റവും അവസാനം അത് എത്തി നിൽക്കുന്നത് ഗാഡ്ഗിൽ കാടടച്ചു വെടിവെച്ചു എന്ന് പറയുന്ന അവസ്ഥയിലേക്കാണ്. അദ്ദേഹം തയ്യാറാക്കിയ മാപ്പുകൾ 1:50000 ആയിരുന്നു, അത് അങ്ങനെയല്ല വേണ്ടിയിരുന്നത് 1:10000 ആയിരുന്നു വേണ്ടിയിരുന്നത് അതാണ് തെറ്റു പറ്റി പോയത് എന്നൊക്കെ പറയുന്ന നിലയിലേക്ക് അക്കാദമിക് വിദഗ്ദ്ധരെ എത്തിക്കുകയും, അവരൊക്കെ പ്രശസ്തരായ ആളുകളെന്ന നിലയ്ക്ക് അക്കാദമിക് കമ്മിറ്റികളിൽ കയറിക്കൂടുന്ന കാഴ്ചയിലുമാണ് എത്തി നിൽക്കുന്നത്. പക്ഷെ ശാസ്ത്രത്തിന്റെ രീതി വളരെ വ്യത്യസ്തമാണ്. ശാസ്ത്രം അറിവുത്പാദിപ്പിക്കുന്ന ആളുകളുടെ സ്വഭാവവുമായി ബന്ധപ്പെട്ട കാര്യമല്ല. അത് നിലനിൽക്കുന്നത് തെളിവുകളുടെ മുകളിലാണ്. ആ തെളിവുകൾ ശാസ്ത്രീയമായ തെളിവുകൾ ആണ്. ആ തെളിവുകളുടെ ശക്തമായ പാറയുടെ മുകളിൽ കെട്ടിപ്പടുക്കുന്ന നിലപാടുകൾ മാത്രമേ നിലനിൽക്കുകയുള്ളൂ. ആ തരത്തിലുള്ള ഒരു ബോധം ഇല്ലാതെ ആ റിപ്പോർട്ടിനെ കണ്ണടച്ച് ഇല്ലാതാക്കി കളഞ്ഞു എന്ന വിശ്വാസം ശരിയല്ല. കാരണം ഇന്ന് കേരളം മറ്റൊരു അർത്ഥത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിര്ബന്ധിതരായിരിക്കുകയാണ്. സർക്കാരിന്റെ വിവിധ വകുപ്പുകൾ ശ്രദ്ധിക്കുന്നത് എങ്ങനെയാണു ആ മെത്തഡോളജി നടപ്പിലാക്കാൻ പറ്റുക എന്നാണ്. ഗാഡ്ഗിൽ എന്ന പേര് ഉപയോഗിക്കാനോ, ആ കമ്മറ്റിയുടെ പേര് പരാമര്ശിക്കാനോ ആളുകൾക്ക് വിമുഖതയുണ്ടാകും. പക്ഷെ അതാണ് മെത്തഡോളജി. അതാണ് രീതിശാസ്ത്രം. ആ രീതിശാസ്ത്രത്തിലൂടെ മാത്രമേ കേരളത്തെ രക്ഷിക്കാൻ പറ്റുകയുള്ളൂ എന്നുള്ള നിലപാടിലേക്ക് എല്ലാവരും മാറി കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലുള്ള വ്യത്യാസങ്ങളെ, താപനിലയിലുള്ള വ്യത്യാസം, അതുണ്ടാക്കുന്ന പുതിയ ദുരന്തങ്ങൾ കേരളത്തെ സംബന്ധിച്ച് ഒട്ടും പരിചയമില്ലാത്ത ഓഖി പോലുള്ള കൊടുങ്കാറ്റുകൾ, ബംഗാൾ ഉൾക്കടലിൽ ഉരുവമെടുത്ത് തമിഴ്‌നാട്ടിൽ എത്തി പശ്ചിമഘട്ടത്തിനു കുറുകെ കടന്നു പോയ ഗജ പോലുള്ള കൊടുങ്കാറ്റുകൾ.. നമ്മൾ ഒരുക്കലും പരിചയിച്ചിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത്, ഇനി വരാൻ പോകുന്ന കാലത്ത് ഇത് കൂടുകയും ചെയ്യും എന്ന് നമ്മൾ അറിയേണ്ടതുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ആണ് ഇന്ത്യ ഗവണ്മെന്റ് പാനൽ ഫോർ ക്ളൈമറ്റ് ചെയ്ഞ്ചിന്റെ ഫിസിക്കൽ ബേസിസ് ഓഫ് ക്ളൈമറ്റ് ചേഞ്ച് എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആ റിപ്പോർട്ടിൽ കേരളമടങ്ങുന്ന തെക്കൻ ഏഷ്യൻ പ്രദേശത്തെക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങൾ ഇവയാണ്. ഒന്ന്, സമുദ്രനിരപ്പ് ഉയരാൻ പോകുകയാണ്. രണ്ട് അതിവൃഷ്ടി തുടരാൻ പോകുകയാണ്. ഈ രണ്ടു കാര്യങ്ങളോടും നമ്മൾ സെൻസിറ്റീവ് ആകേണ്ട, പ്രതികരിക്കേണ്ട സമയമായി കഴിഞ്ഞു. ഇതിനെ കണക്കാക്കാതെ ഈ പ്രദേശങ്ങളിൽ ഭരണം പോലും നടക്കില്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇനിയങ്ങോട്ട് കേരളം ഭരിക്കണം എന്നുണ്ടെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തെ മുഖവിലയ്‌ക്കെടുക്കണം എന്ന് ഭരണാധികാരികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കടലിലെ ജലനിരപ്പ് ഉയരുക എന്നു പറഞ്ഞാൽ അതിവൃഷ്ടി മൂലം ഉണ്ടാകുന്ന വെള്ളത്തെ ഏറ്റെടുക്കാൻ കടൽ തയ്യാറാവില്ല എന്നുകൂടിയാണ്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങാൻ സാധ്യതയുണ്ട്. ഇതെല്ലം തമസ്കരിച്ചുകൊണ്ടു പഴയ തരത്തിലുള്ള ഒരു വികസന മാതൃകയുമായി മുന്നോട്ടു പോകാം എന്നത് മൂഢവിശ്വാസമാണ്.

സാങ്കേതിക വിദ്യ വളർന്നെങ്കിൽ പോലും ധാരാളം ഗവേഷകർ പഠനം നടത്തുന്നുണ്ടെങ്കിൽ പോലും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ പ്രവചിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞുവരികയാണ്. അത്ര പെട്ടെന്നാണ് കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് കേരളം മുഴുവൻ നിറഞ്ഞു പെയ്തിരുന്ന കാലവർഷം കഴിഞ്ഞു. ഇന്ന് ഓരോ പ്രദേശത്തു മാത്രമായി പെയ്യുന്ന മഴയായി മാറി കഴിഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു വാർഡിൽ മാത്രമായി മഴ പെയ്യാറുണ്ട്. ഇതിനോട് ഒരു ഭരണസംവിധാനത്തിന് എങ്ങനെയാണു പ്രതികരിക്കാൻ കഴിയുക എന്നതാണ് നമ്മുടെ മുന്നിലുള്ള കാതലായ ചോദ്യം. അതിനു സാധ്യമാവണമെങ്കിൽ കേരളത്തിലെ ശാസ്ത്ര സമൂഹവുമായി കേരളത്തിലെ ഭരണവ്യവസ്ഥ അതിഗാഢമായ ഒരു ബന്ധത്തിലേക്ക് എത്തേണ്ടതുണ്ട്. ശാസ്ത്രീയമായ അറിവുകളെ മനസ്സിലാക്കാനും അതിനെ ഏറ്റെടുക്കാനും അതനുസരിച്ചു നമുക്ക് പ്രാദേശികമായ ഇടപെടലുകൾ നടത്താനും പറ്റും എന്ന തലത്തിലേക്ക് നമ്മുടെ ഭരണസംവിധാനം മാറേണ്ടതായിട്ടുണ്ട്. ശാസ്ത്രം എന്ന് പറയുന്നത് ഒരു പ്രതിഭാസം സംഭവിച്ചതിനുശേഷം അതിന്റെ കാരണങ്ങൾ കണ്ടെത്തുന്ന പ്രക്രിയ മാത്രമല്ല. ഇനി വരാനിരിക്കുന്ന കാര്യങ്ങളെ പ്രവചിക്കുകയും അതനുസരിച്ചു നിലപാടെടുക്കാനായി ഭരണസംവിധാനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംവിധാനമായി മാറേണ്ടതുണ്ട്. അല്ലെങ്കിൽ ശാസ്ത്രസമൂഹം അടിയന്തിരമായി ഒരു പുതിയ തലത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ പറയുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പണി നിർത്തി കൃത്യമായി സത്യം പറയുകയും നിലപാടുകൾ പറയുകയും മാറ്റങ്ങൾ ആവശ്യപ്പെടാൻ തയ്യാറാവുകയും ചെയ്യുന്ന ഒരു സമൂഹമായി കേരളത്തിലെ ശാസ്ത്ര സമൂഹം മാറേണ്ടതുണ്ട്. അത് സാധ്യമായില്ലെങ്കിൽ ആഗോള തലത്തിൽ നടക്കുന്ന പല മുന്നറിയിപ്പുകളും കേരളം നഷ്ടപ്പെടുത്തുന്നതിനു കാരണമായി മാറും. അത് ബാധിക്കുക, കേരളത്തിലെ ഏറ്റവും പാവപ്പെട്ട മനുഷ്യരെ ആയിരിക്കും. ഒരു പ്രധാനപ്പെട്ട കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ ആവാസ വ്യവസ്ഥ മാറരുത്, അതിങ്ങനെ നിലനിൽക്കണം എന്ന് ആർക്കാണ് താല്പര്യമുള്ളത്? ഒരേയൊരു വിഭാഗത്തിനേയുള്ളൂ. അവരെ നമ്മൾ വിളിക്കുന്നത് ആവാസവ്യവസ്ഥാ മനുഷ്യർ എന്നാണ്. ഇംഗ്ലീഷിൽ ഇക്കോസിസ്റ്റം പീപ്പിൾ എന്ന് പറയും. കേരളത്തിൽ ഇക്കോസിസ്റ്റം പീപ്പിൾ രണ്ടു തരത്തിലാണ്. ഒന്ന്, തീരദേശത്തും, പുഴയോട് ചേർന്ന് പുഴയെ ആശ്രയിച്ചും ജീവിക്കുന്ന മനുഷ്യർ, മീൻപിടിച്ചു ജീവിക്കുന്ന മനുഷ്യർ. മറ്റൊന്ന് വനവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ആദിമനിവാസികൾ. ഈ രണ്ടു വിഭാഗങ്ങളെയും പരിഗണനയിലെടുക്കാതെ കേരളത്തിന് ഇനി മുന്നോട്ടു പോകാൻ ആവുകയില്ല. നോം ചോംസ്കി പറഞ്ഞതു പോലെ ആദിമനിവാസികളുടെ ജീവിതദർശനത്തെ മുൻനിർത്തിയല്ലാതെ മനുഷ്യവംശത്തിന് ഇനി മുന്നോട്ട് പോകാൻ ആവുകയില്ല. കാരണം അവർക്കാണ് ഈ ആവാസ വ്യവസ്ഥ പരിക്കില്ലാതെ നിൽക്കണം എന്ന ആവശ്യമുള്ളത്. അവരെക്കാളും ധാരാളമായിട്ടുള്ള, തീരുമാനമെടുക്കുന്നതിൽ നിർണ്ണായകമായ വലിയൊരു സമൂഹത്തിന് ആവാസവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളെ ശ്രദ്ധിക്കേണ്ട ആവശ്യമേയില്ല. കേരളത്തിൽ ജീവിക്കുന്ന ആദിമനിവാസികളെയും മുക്കുവരെയും പുഴയോരത്തു ജീവിക്കുന്നവരെയും ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ജീവിക്കുന്ന മനുഷ്യരെയും പൂർണ്ണമായും തിരസ്കരിച്ചുകൊണ്ടു തീരുമാനം എടുക്കുന്ന ഒരു പൊതുസമൂഹമായി കേരളം മാറിയത് വലിയ ഭീഷണിയാണ്. അത് നമുക്ക് തിരിച്ചു പിടിക്കാൻ പറ്റണം. അവർ ചർച്ചകളിൽ പങ്കെടുക്കേണ്ടതുണ്ട്. അവരുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കേണ്ടതുണ്ട്. അവരോട് സംസാരിക്കാനുള്ള ഒരു ഭാഷ നമ്മൾ കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്റെ അതിജീവനത്തിന് ആകെ സഹായകമാകുന്നത് അവരാണ്. അവരെ നമുക്ക് മുഖവിലയ്‌ക്കെടുക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.


ഡോ. ടി. വി. സജീവ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. ഈ വിഷയത്തിൽ ഇന്നേ വരെ വായിച്ചതിൽ ഏറ്റവും സമഗ്രമായ ലേഖനം.ഇതിൽ കേരളം മുഴുവനുമുണ്ട്. ശാസ്ത്രീയമായ കാര്യങ്ങൾ വളരെ കൃത്യമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here