ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)

1
867
KS Krishnakumar 1200

വായന
ഡോ കെ എസ് കൃഷ്ണകുമാർ

എന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ  ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ കൂടുതൽ എല്ലായിടത്തും തൊടുകയും മുറുകെ പുണരുകയും ചെയ്യുന്നുണ്ട്. സമകാലിക മലയാളകവിതകളിൽ അത് കൂടുതലായി സംഭവിക്കുന്നതായി കാണാം.  പുതുമയാർന്ന പണിത്തരങ്ങൾ കൊണ്ട് ഇന്നത്തെ കവിതയെഴുത്ത് അത്തരം സമൃദ്ധികൾക്കും വിപുലതകൾക്കും ധാരാളം തെളിവുകൾ തരുന്നു. ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരം ജീവിതസമഗ്രതയുടെ പ്രതിനിധാനങ്ങളാണ്.  ആർദ്രമായ മനസ്സോടെ  അതിസങ്കീർണമായ ഈ ലോകത്തെ നിത്യവും ഉൾക്കൊള്ളുമ്പോൾ വ്യവഹാരഭാരത്തിന്  ഏക ആശ്വാസം  സർഗ്ഗാത്മകമായ ആവിഷ്കാരങ്ങളാകുന്നു. കവിതകൊണ്ട് ജീവിതത്തിൽ സാധ്യമാക്കുന്ന സന്തുലീകരണസാക്ഷ്യങ്ങളും ബാക്കിപത്രങ്ങളുമാണ് ബിന്ദു ജിജിയുടെ മഴത്താളമുറുകലുകൾ. ഇത്ര നാൾ ചെയ്തുതീർത്ത നടത്തങ്ങളും  അലച്ചിലുകളും കാഴ്ചകളും കണ്ടെത്തലുകളും കവിതകളായി വിവർത്തനം ചെയ്യാനുള്ള മനോഭാഷയുടെ സവിശേഷമായ ആവിഷ്കാരങ്ങളാണ് ഇതിലെ ഓരോ കവിതയും. കവി നിരന്തരമായ അനുഭവ പ്രയാണങ്ങളിലൂടെയും ആത്മസഞ്ചാരങ്ങളിലൂടെയും താൻ എത്തിച്ചേരുന്ന വിവിധതരം ആശയ തുരുത്തുകളെ അനുവാചകനുംകൂടെ കാണിച്ചു കൊടുക്കുന്ന ദിശാസൂചികളായി ഓരോ കവിതയും പരിണമിക്കുന്നു. പുസ്തകത്തിന്റെ മുഖമൊഴിയിൽ കവി പറയുന്നുണ്ട്; കവിതകളെല്ലാം തന്റെ ഹൃദയതാളങ്ങളാണ്, കാഴ്ചകളാണ്, അനുഭവങ്ങളാണ്, സ്വപ്നങ്ങളാണ്. ആരുടെ കാലിൽ തറയ്ക്കുന്ന നോവും തന്റെ തന്നെയുള്ളിലാണെന്ന തിരിച്ചറിവിൽ നിന്നാണ് കവിതകൾ എഴുതി തുടങ്ങുന്നതെന്ന് പ്രസ്താവിക്കുന്നതിലൂടെ ബിന്ദു ജിജിയെന്ന എഴുത്തുകാരി രുദിതാനുസാരിയെന്ന കവിലക്ഷണം തികയ്ക്കുകയാണ്. എഴുത്തിനെ പ്രണയിക്കുന്നവളുടെ ഗ്രീഷ്മമെന്ന് അവതാരികയിൽ  വിശേഷിപ്പിക്കുന്നതിലൂടെ  ബിന്ദു ജിജിയുടെ എഴുത്തിന്റെ സവിശേഷതകളുടെ സർവസത്തയെ പവിത്രൻ തീക്കുനി ഒപ്പിയെടുക്കുന്നു. എഴുത്ത് എന്ന കലയുടെ സത്യസന്ധതയുടെ അനാവരണമാണ് മഴത്താളം മുറുകുമ്പോൾ എന്ന സമാഹാരത്തിൽ കാണാനായതെന്ന് ജയകുമാർ ചെങ്ങമനാടും ബിന്ദു ജിജിയുടെ കവിതകളെ കൃത്യമായി വിലയിരുത്തുന്നുണ്ട്.

അടിത്തട്ടുകൾ അഴലിന്റെയും അനിശ്ചിതാവസ്ഥയുടെയുമാണെങ്കിലും, പ്രാർത്ഥനകളുടെയും ആശംസകളുടെയും സുഗന്ധം നിറയുന്ന ഭാഷയിലാണ് ബിന്ദു ജിജി കവിതകൾ എഴുതുന്നത്. കുഞ്ഞുനാളിലെ സന്മാർഗപാഠദിവസങ്ങളോളം ചെന്നെത്തുന്ന വേരുകൾ നിറഞ്ഞ സൃഷ്ടിയുടെ പടർപ്പാണ് കാൽവരിയിലേക്കുള്ള ദൂരം എന്ന കവിതയിൽ. വിശുദ്ധഗ്രന്ഥവരികളിലെ അധ്വാനിക്കുന്നവരും ചുങ്കക്കാരും പാപികളും ഭാരം ചുമക്കുന്നവരും നുകമേറ്റെടുത്തവരും നിരനിരയായി ഇമേജറികളായി നിറയുന്ന കവിത. എല്ലാവർക്കും വേണ്ടി ഉറക്കെ പ്രാർത്ഥിക്കുന്ന ഒരുവളാകുന്നു കവി.

ഭാഷ കവിതയിലേക്കെത്തുമ്പോൾ എത്രമാത്രം പരിണാമഘട്ടങ്ങൾ താണ്ടുന്നുവെന്ന് ബിന്ദു ജിജിയുടെ കവിതകൾ വിസ്മയപ്പെടുത്തും. കീറിമുറിക്കപ്പെട്ടവളുടെ ഭാഷ എന്ന കവിതയിൽ അത്തരം ഭാഷാപരിണാമങ്ങളെ  തീവ്രമായി അനുഭവപ്പെടുത്തുന്നു. ജീവിതാനുഭവങ്ങൾ ഒരുവളിൽ വരുത്തിതീർക്കുന്ന ഭാഷയുടെ പര്യായയങ്ങളും നാനാർത്ഥങ്ങളും രുചിഭേദങ്ങളും കൊണ്ട് പണിത ഒരു കവിതയാണ് കീറിമുറിക്കപ്പെട്ടവളുടെ ഭാഷ.

ജീവിതത്തിൽ പറയാൻ മറന്ന  വാക്കുകളെ ചേർത്തുവയ്ക്കുമ്പോൾ കവിതയുടെ കാതൽഭാഗമാകുമെന്ന രീതിശാസ്ത്രം നന്നായിയുൾകൊണ്ട രചനകളാണ് ബിന്ദു ജിജിയുടെത്. കവിതയുടെ പ്രദേശങ്ങളിൽ മാത്രം കാണുന്ന ആശയങ്ങളുടെ  ഒരു പ്രത്യേക തരം ആവാസവ്യവസ്ഥയുണ്ട്.  സമാനഹൃദയർക്കും സഹൃദയർക്കും മാത്രം വിനിമയം ചെയ്യുന്ന അനുഭൂതികളുടെ വെള്ളിനൂലുകളുടെ തിളക്കം അവയെ ആവരണം ചെയ്തിരിക്കും.  ഹൃദയക്കൂടിൽ ഇരുന്ന് അത്തരം വാക്കുകൾ വിങ്ങലായിതീരും.
പറയാൻ മറന്ന വാക്കുകൾക്കു വേണ്ടി തിരയുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ദൂരത്തിലേക്ക് അവ പറന്നു പോകുന്നു എന്ന ഗദ്ഗദമാണ് പറയാൻ മറന്ന വാക്ക് എന്ന കവിത.

മലയാളത്തിൽ ധാരാളം വീട്കവിതകൾ വായിച്ചിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്ഥമാണ് വീടുറങ്ങുമ്പോൾ എന്ന കവിത. വീടുറങ്ങുമ്പോൾ ഒരുപാട് നിഴലുകൾ ഉണരുകയാണ്. എത്രയെത്ര വികാരങ്ങളാണ് ഉറങ്ങുന്ന വീടെന്ന ഒരു ചിത്രത്തിലൂടെ ബിന്ദു ജിജി ഉണർത്തി വിടുന്നത്. വീട് ഉറങ്ങുകയല്ല, കവിതയാകുമ്പോൾ വീടിനു ഉറങ്ങാനാകുകയില്ല. ഉണരുകയാണ് അനുനിമിഷം.

ഒറ്റയ്ക്ക് നടക്കുന്നവൾ കവിയാകും. കവിയെഴുതുന്നതിനോളം ഒറ്റയ്ക്കുള്ള നടത്തം വേറെയില്ല. ഒറ്റയ്ക്കിറങ്ങി നടക്കലാണ് ഓരോ കവിതയും. ബിന്ദു ജിജിയുടെ ഒറ്റയ്ക്കു നടക്കുമ്പോൾ എന്ന കവിത അത്യാകർഷകമാണ്. സ്വപ്നങ്ങളുടെ തീരം ലക്ഷ്യമാക്കി നടന്നതിന്റെ ഓർമ്മയാകാം ഓരോ വരി കവിതയും.

മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരം വായിച്ചു തീരുമ്പോൾ ഒരായുസ്സിന്റെ പ്രദക്ഷിണം തീർന്ന പ്രതീതിയാണ്. കവിതകളുടെ ശീർഷകങ്ങളിലൂടെ കണ്ണിഴയുമ്പോൾ ജീവിതത്തിന്റെ പടവുകൾ തന്നെയാണ് വായിക്കുന്നത്. ഓർമ്മകളോടുള്ള നന്ദി പ്രകടനങ്ങൾ പോലെ അക്ഷരങ്ങൾ കൊണ്ട് കടപ്പാട് തീർക്കുകയാണ് കവി. 
നിലയ്ക്കുന്നില്ല, ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ.

Dr K S krishnakumar

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. ബിന്ദുവിന്റെ ഓരോ കവിതയും ഭംഗിയായി വിശകലനം ചെയ്ത് കവിയുടെ അന്ത:സത്ത തിരിച്ചറിഞ്ഞ് എഴുതിയ ആസ്വാദനം സമാഹാരത്തിന്റെ ആത്മാവ് തന്നെയാണ്.
    ബിന്ദുവിനും കൃഷ്ണകുമാർ സാറിനും അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here