പിതൃപർവതത്തിന്റെ പല പല ഉയരങ്ങൾ

0
505
k s krishnakumar

വായന
ഡോ. കെ.എസ്. കൃഷ്ണകുമാർ

എന്റെ അച്ഛൻ
(അച്ഛനോർമ്മകളുടെ പുസ്തകം)
എഡിറ്റർ: അനൂപ് ചാലിശ്ശേരി)

എന്റെ അമ്മ. എന്റെ അച്ഛൻ. ജീവിതത്തിൽ ഏറ്റവും വൈകാരികമായി ഉച്ചരിച്ചത് ഈ രണ്ട് വാക്യങ്ങളാകും. ഏറ്റവും ഉദാത്തമായ ത്രികാലങ്ങളുള്ളതും അമ്മ, അച്ഛൻ എന്നീ രണ്ടനുഭൂതികൾക്കാകും. ഖലീൽ ജിബ്രാൻ  ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ. പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ വാക്കാകുന്നു അത്. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് കടന്നുവരുന്ന അതിമധുരമായ ഒരു വാക്കാണ് അമ്മ’. വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയായിരുന്നുവെങ്കിലും,  വായിക്കാൻ വെളിച്ചം പകർന്നു തന്നത് അച്ഛനായിരുന്നുവെന്നും ഒരു സരസവാക്യം പറയാറുണ്ട്. അങ്ങനെ  അമ്മപക്ഷവും അച്ഛൻപക്ഷവും ചേർന്ന് സ്നേഹത്തിന്റെ വാദഗതികൾ ചേർത്ത് പുരാണകാലം തൊട്ട് ഇന്നുവരെ സംസാരങ്ങൾ സമൃദ്ധമാണ്.

ഒരിക്കലും മതിവരാത്ത ഓർമകളിൽ അച്ഛനെക്കുറിച്ച് മുപ്പത്തിരണ്ട് പേർ അവരുടെ  അച്ഛനോർമകൾ പങ്കു വയ്ക്കുന്ന ഒരു പുസ്തകമാണ് ‘എൻ്റെ അച്ഛൻ’.
പത്രപ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്രകലാസംവിധായകനും ബുക്കർ മീഡിയ പബ്ലിക്കേഷൻസ് മുഖ്യപത്രാധിപരുമായ അനൂപ് ചാലിശ്ശേരിയാണ് എന്റെ അച്ഛൻ എന്ന ഓർമപുസ്തകത്തിന്റെ എഡിറ്റർ. ഇതുപോലെ മലയാളത്തിലെ അമ്മയോർമ്മക്കുറിപ്പുകളെ ടെൻസി ജേക്കബ് സമാഹരിച്ച് ‘അമ്മയ്ക്കായ്’ എന്ന പേരിൽ ഡി സി ബുക്സ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ഞുണ്ണി, സുകുമാർ അഴീക്കോട്,  എം.ടി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ടി. പത്മനാഭൻ , വി.എസ് അച്യുതാനന്ദൻ , മോഹൻലാൽ തുടങ്ങി വിവിധ മേഖലകളിൽ പ്രസിദ്ധരായ അമ്പത്തിമൂന്നുപേരുടെ അമ്മയോർമ്മകൾ അമ്മയ്ക്കായ് എന്ന ആ ഗ്രന്ഥത്തിലുണ്ട്. പി. സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന കുറിപ്പ് ഹൈസ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കുമ്പോൾ കുട്ടികളോട് അവരുടെ അമ്മയനുഭവങ്ങൾ എഴുതാൻ പ്രേരണ നൽകാറുണ്ട്. അവ ചേർത്തുവച്ച് അമ്മപ്പതിപ്പുകളിറക്കാനും സാധ്യതകൾ നിർദ്ദേശിക്കും. അമ്മയെക്കുറിച്ച് അനുബന്ധപാഠങ്ങളും എഴുത്തുകളും  മാതൃകകളും പരിചയപ്പെടുത്തുമ്പോൾ പ്രത്യേകം പറയുന്ന ഒരു പുസ്തകമാണ് ‘അമ്മയ്ക്കായ്’.

മലയാളത്തിലെ അച്ഛനോർമ്മകളുടെ ഒരു സമാഹാരം സാക്ഷാത്കരിക്കുകയാണ് അനൂപ് ചാലിശ്ശേരി ‘എൻ്റെ അച്ഛൻ ‘എന്ന ഓർമ്മപുസ്തകത്തിലൂടെ. ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും പുസ്തകം സമർപിക്കുന്നു. മുഖക്കുറിയിൽ അനൂപ് ചാലിശ്ശേരി എഴുതുന്നുണ്ട്, പ്രതീക്ഷകളുടെ അനന്തമായ ആകാശങ്ങളാണ് ഓരോ അച്ഛനും. ഒന്ന് കണ്ണടച്ചാൽ ഉള്ളിൽ ഉറഞ്ഞുകൂടുന്ന ആത്മവിശ്വാസത്തിൻ്റെ ആൾക്കരുത്താണ് അച്ഛൻ. കരുണയുടെയും കാവലിൻ്റെയും കനൽ വെളിച്ചമാണത്.  മക്കളെ ജീവിതാവസാനം വരെ ഹൃത്തിലേറ്റുന്ന പേറ്റു നോവാണ് അച്ഛൻ്റെ ജീവതാളം എന്ന് കുറിക്കുന്നതിലൂടെ പുസ്തകത്തിൻ്റെ സമഗ്രഭാവം ആമുഖവരികളിൽ ഊറിക്കൂടുന്നു.

സുഭാഷ് ചന്ദ്രൻ, തനൂജ ഭട്ടതിരി, പ്രിയ. എസ്, ഇ. കെ ഷാഹിന, കബനി സിവിക്, നളിൻ ബാബു തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രസിദ്ധരായവർ അവരുടെ അച്ഛനോർമ്മകളെ ‘എൻ്റെ അച്ഛൻ ‘എന്ന  പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. ഇതിലെ ഓരോ ഓർമ്മക്കുറിപ്പും വായനയിലൂടെ വേറിട്ട അനുഭവങ്ങളെയും അനുഭൂതികളെയും വിനിമയം ചെയ്യുന്നു. അച്ഛൻ എന്നത് ഓരോ താളിലും ഓരോ എഴുത്തിലും സാമാന്യവത്കരണത്തിന് ഒതുങ്ങുന്നില്ല. കാരണം, ഓരോ വ്യക്തിക്കും ഭിന്നമായ, തനതായ കുറെ വികാരങ്ങളായി അച്ഛൻ എന്ന നനവ് ആഴങ്ങളിൽ വിഭിന്നമായി, വ്യക്തിപരമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. വാഗതീതമായ രണ്ട് സാന്ദ്രതകളാണ്  അമ്മയും അച്ഛനുമെന്ന് ഇത്തരം ഓർമ്മപ്പുസ്തകങ്ങൾ കൂടുതൽ അടിവരയിട്ട് ഓർമ്മപ്പെടുത്തുന്നു.

‘മനുഷന് ഒരാമുഖം’ എന്ന നോവലിൻ്റെ മുൻകുറിപ്പിൽ നിന്ന് ഒരു ഭാഗമാണ് സുഭാഷ് ചന്ദ്രൻ്റെ ‘അച്ഛൻ അറിയാൻ’. വാക്കുകൾ ഒന്നുമില്ലെങ്കിലും തൻ്റെ മൂർദ്ധാവിൽ കൈവെച്ച് ചേർത്തുപിടിക്കുന്ന അച്ഛൻ്റെ ചിത്രമാണ് സുഭാഷ് ചന്ദ്രൻ പ്രാർത്ഥനാരൂപേണ ഓർത്തെടുക്കുന്നത്. തൊഴിലെടുത്തിരുന്ന അലുമിനിയം കമ്പനിയിലേക്ക്  അച്ഛൻ നടന്നു തീർത്ത ദൂരമത്രയും തൻ്റെ കാറിൽ ഒന്നിച്ചിരുന്നു പോകണമെന്ന നടക്കാതെ പോയ ഒരു സ്വപ്നത്തിൻ്റെ തോരാമഴയാണ് ‘അച്ഛൻ അറിയാൻ’ എന്ന് ശീർഷകമിട്ട സുഭാഷ് ചന്ദ്രൻ്റെ ആ ചെറുകുറിപ്പ്. അച്ഛനോളം ആവണേ എന്നതാണ് തനൂജ ഭട്ടതിരി പ്രാർത്ഥിക്കുന്നത്. അച്ഛനായി മുഴുവനായും മാറുക എന്നത് മാത്രമാണ് തനൂജയെ സംബന്ധിച്ചിടത്തോളം ജീവിതമെന്ന വാക്കിന് പകരം വയ്ക്കാവുന്ന ഏക വാക്യം. ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് ഏതാണ്ട് തീർച്ചപ്പെടുത്തി പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവന്ന അച്ഛൻ,അങ്ങനെ അനുഭവങ്ങളിലൂടെ പഠിപ്പിച്ചു തന്നതിനു സമമാകില്ല പുസ്തകങ്ങളിൽ വായിച്ചു തീർത്ത ഒരദ്ധ്യായവും. തനൂജ ഭട്ടതിരി തൻ്റെ അച്ഛനോർമക്കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.’മരണം എത്ര സുന്ദരമാണെന്ന് ഞാനറിഞ്ഞത് അച്ഛൻ പറഞ്ഞാണ്’.

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ സീനിയർ ഇൻസ്ട്രക്ടറും കലാനിരൂപകനും എഴുത്തുകാരനുമായ എം. നളിൻ ബാബു തൻ്റെ പിതാവും പഴയകാല പൊന്നാനി  കളരിയിലെ സാഹിത്യകാരനും കവിയുമായ കെ.ബി. മേനോനെക്കുറിച്ച് എഴുതിയ കുറിപ്പാണ് ‘അച്ഛൻ കൊളുത്തിയ അക്ഷരദീപം’. തൻ്റെ വ്യക്തിത്വത്തിൻ്റെ സർഗപരതകൾക്ക്  കാര്യകാരണങ്ങളെന്തെന്ന്  സസൂക്ഷ്മം അപഥിക്കുക കൂടി ചെയ്യുന്നുണ്ട് നളിൻ ബാബു തൻ്റെ അച്ഛൻക്കുറിപ്പിലൂടെ. എഴുത്തായാലും ചുമർചിത്രമായാലും തൻ്റെയുള്ളിലെ നാനാതരം കലാപരമായ പ്രകാശങ്ങളുടെ നിദാനമായി അച്ഛനെയാണ് കണ്ടെത്തുന്നത്. നളിൻ ബാബു നടത്തുന്ന എല്ലാ ആത്മാന്വേഷണത്തിൻ്റെയും ഒടുക്കം ചെന്നെത്തുന്നത് അച്ഛനായ കെ.ബി. മേനോനിലേക്കാണ്. രാവും പകലുമൊക്കെ തിരുത്തി തിരുത്തി അച്ഛൻ നടത്തിയിരുന്ന കവിശിക്ഷാരീതികൾ കണ്ടുപഠിച്ചാണ് നളിൻ ബാബു എന്ന ബാലൻ തൻ്റെയുളളിലെ ചുമർചിത്രകലാചാര്യനിലേക്ക് സ്വയം വളർന്നുവരുന്നത്. കവിയച്ഛൻ കൊളുത്തിയ അക്ഷരദീപമാണ് പിന്നെ തൻ്റെ കലാസപര്യയിലെ കെടാവിളക്കായി മാറിയതെന്ന് നളിൻ ബാബു ഗുരുത്വപൂർവം അച്ഛനോർമകളെ എഴുതിവെയ്ക്കുന്നു.

ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ്റെ മകളും പ്രസിദ്ധ വിവർത്തകയും ഡെപ്യൂട്ടി കളക്ടറുമായ കബനി സിവിക് എഴുതിയ കുറിപ്പാണ് ‘കൂടെ നടന്നൊരാൾ’. വായനയുടെയും എഴുത്തിൻ്റെയും യാത്രയുടെയുമൊക്കെ സമ്മിശ്രിതമായ ജീവിതത്തിൽ  കൂടെയുണ്ടായിരുന്ന അച്ഛനെന്ന ഒരു സമാന്തരരേഖയെ  കബനി വിവരിക്കുകയാണ് ഓർമക്കുറിപ്പിലൂടെ. അക്ഷരങ്ങളോടും വായനയോടും ബന്ധപ്പെട്ടതാണ് അച്ഛനെക്കുറിച്ചുള്ള തൻ്റെ എല്ലാ ഓർമകളുമെന്ന് കബനി എഴുതുന്നു. കലാപരമായും സാംസ്കാരികമായും പ്രാവർത്തികമായും സദാ പുതുക്കിക്കൊണ്ടിരുന്ന ഒരു അച്ഛൻ്റെ മകളുടെ ഓർമവരികളാണ് ആ നാലഞ്ചു താളുകൾ നിറയെ.

അച്ഛനെന്നാൽ ട്രെയിനിൻ്റെ ശബ്ദമാണ് സ്മിത കോടനാട്ടിന്. ബഹളത്തോടെ ശക്തമായി  കുതിച്ച് വരുന്ന ട്രെയിനുകളെ രാവും പകലും വെള്ള യൂണിഫോമിട്ട്  പച്ചയും ചുമപ്പും കൊടികൾ പിടിച്ച്  നിയന്ത്രിക്കുന്ന ഒരു ഹീറോയാണ് സ്മിതയ്ക്ക് എന്നും തൻ്റെ അച്ഛൻ. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് സ്മിതയുടെ അച്ഛൻ ഗുരുവായൂർ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് തിരിച്ചെത്തിയത് , രാംചന്ദ് – ദേവിമാ എന്ന് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന  പരവശയായ പരദേശിയായ ഒരമ്മൂമ്മയെയും കൊണ്ടായിരുന്നു. ടെയിനുള്ളിൽ അശ്രദ്ധമായി അപകടത്തിൽ  ഇല്ലാതായി പോകേണ്ട ഒരു ജീവിതമായിരുന്നുവത്രേ ആ അമ്മമ്മ. ജീവിതത്തിൽ എക്കാലവും ഇത്തരം നിഷ്കാമസേവനങ്ങളാൽ തൻ്റെ അച്ഛൻ ഒരു നിരന്തരമാതൃകയായിരുന്നു സ്മിത കോടനാട്ടിന്. അച്ഛനെന്ന ആ വലിയ സേവനപ്രചോദനം  പിന്നീട് ലേണിങ് ഡിസബിലിറ്റി മാനേജ്മെന്റ്, ബയോ സൈക്കോ സോഷ്യൽ ഇഷ്യൂ മാനേജ്മെന്റ് തുടങ്ങിയ ആതുര – മന:ശാസ്ത്രസേവനമേഖലകളിൽ തിളങ്ങാൻ സ്മിത കോടനാട്ടിനു  കാരണമായെന്ന് ‘എന്നിലെ അച്ഛൻ’ എന്ന കുറിപ്പിൽ നിന്ന് വായിച്ചെടുക്കാനാകും.

‘ഗ്രന്ഥയക്ഷി’ എന്ന നോവൽ എഴുതിയ അഖിലേഷ് പരമേശ്വരൻ അച്ഛനെക്കുറിച്ച് എഴുതുന്നിടത്ത്  ഒരു പിടി കൗതുകങ്ങളാണ് പൂത്തുലയുന്നത്. അച്ഛൻ എന്നത് അഖിലേഷിന് ഒരു തീരാ അത്ഭുതമാണ്. മാന്ത്രിക സാഹിത്യകാരൻ സുനിൽ പരമേശ്വരൻ്റെ നോവൽ മലയാള മനോരമയിൽ വന്നിരുന്നത് കട്ടിൽ ക്രാസിയിലേക്ക് തലയുയർത്തി വച്ച്  വായിക്കുന്ന അച്ഛനോട് പറ്റി ചേർന്ന് കിടന്ന് കേട്ടിരുന്ന വ്യാഴാഴ്ച ദിവസങ്ങളാണ്  എഴുത്തിൻ്റെ വഴിയിലേക്ക് തന്നെ എത്തിച്ചത്. മദ്യത്തിൻ്റെ രൂക്ഷഗന്ധങ്ങൾക്കുമീതെ അച്ഛൻ പറഞ്ഞിരുന്നതിൽ അധികവും വീരസ്യങ്ങൾ നിറഞ്ഞ കുടുംബത്തിൻ്റെ പഴയ കാല പ്രതാപകഥകളായിരുന്നു. ആ ഉഗ്രവചനങ്ങൾക്കിടയിൽ നിന്നാണ് തൻ്റെ പല ആഖ്യാനങ്ങൾക്ക് പാകമാകുന്ന കഥാതന്തുക്കളെ അഖിലേഷ് കണ്ടെത്തുന്നത്. എഴുത്തുവഴിരഹസ്യങ്ങളാണ് അഖിലേഷ് പരമേശ്വരൻ്റെ അച്ഛനോർമ്മക്കുറിപ്പിലൂടെ ചുരുളഴിയുന്നത്.

ചെറിയ ചെറിയ കുറിപ്പുകളാണ് മുപ്പത്തിരണ്ടു പേർ അവരുടെ അച്ഛനോർമകൾ  പങ്കുവയ്ക്കുന്ന ഈ  പുസ്തകത്തിലുള്ളത്. സ്മരണ, പ്രചോദനം, സാധ്യത, ഊർജ്ജം തുടങ്ങിയ പല മാനവികഗുണവർണങ്ങൾ ഉപയോഗിച്ചാണ് ഓരോ കുറിപ്പും എഴുതിയിരിക്കുന്നത്. എഴുതിയവരെ ഓരോരുത്തരെയും അടുത്തറിഞ്ഞ് ആത്മബന്ധത്തിൻ്റെ പടവുകൾ പാകുവാൻ പാകമായവയാണ്. ‘എൻ്റെ അച്ഛനിലെ’ ഓരോ വരിയും. ”അമ്മയ്ക്കായ്’ എന്ന അമ്മയോർമപ്പുസ്തകത്തിനോട് ചേർത്തു വയ്ക്കാവുന്ന ഒരു അച്ഛനോർമ്മപ്പുസ്തകമാണ് ‘ എൻ്റെ അച്ഛൻ’. ആത്മാംശങ്ങളും ആത്മകഥാഖ്യാനങ്ങളുമാണ് എഴുത്തിലേക്കുള്ള ആദ്യചുവടുകൾ. അത്തരം ഒരാശയത്തിലൂന്നി  സ്കൂളുകളിലും ശില്പശാലകളിലും എഴുത്തുവേളകളിൽ നല്ല മാതൃകകളായി എൻ്റെ അച്ഛൻ എന്ന ഓർമപ്പുസ്തകത്തിലെ കുറിപ്പുകൾ ഉദ്ധരിക്കാനാകും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here