ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്

0
236
Kavitha 02 sequal 87

കവിത

ഡോ. അരുൺ ജേക്കബ്


‘ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു’..
ഗുരുത്വാകർഷണം തീരെയില്ലാതെ,
ഒരു ബഹിരാകാശത്തെന്നോണം,
ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..

ഒരു ചില്ലയിൽ നിന്ന്
മറ്റൊന്നിലേക്ക് തെന്നിമാറി,
ഭാരമില്ലാതെ കുതിച്ചുചാടി..

ജലമായി,കാറ്റായി,
മഴയായി, പക്ഷിയായി
ദൂരങ്ങൾ താണ്ടി..
ഇരുണ്ട ദേഹത്തു നിന്ന്-
പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്,
അനുവാദം
നിഷേധിക്കപ്പെട്ട
അരമനകളിലേക്ക്,
അകത്തളങ്ങളിലേക്ക്‌,
അടുക്കളകളിലേക്ക്..

ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്-
പകൽ വെളിച്ചത്തിൽ-
മൂർദ്ധാവിലൊരു
ചുടുചുംബനം നൽകി..
അത് ചോദ്യം ചെയ്യാൻ
‘മനുഷ്യർ’ ഉണ്ടായിരുന്നില്ല,
ചുംബനത്തിന് കയ്യടി നൽകി
‘ദേഹത്തു’ നിന്ന് വിടുതൽ ലഭിച്ച
കുറെ ആത്മാക്കൾ!!.

ചേരിയിൽ നിന്ന് പറന്നു വന്നൊരു
കോടീശ്വരന്റെ വീട്ടിൽ ശയ്യുറങ്ങി..
പട്ടുമെത്തയിൽ ശ്വാസംമുട്ടി തിരിച്ചിറങ്ങി..
ചോരതുപ്പുന്ന ക്ഷയരോഗിയിൽ നിന്ന്,
ശ്വാസം കിട്ടാതെ ഇറങ്ങിയോടി..
വിശപ്പ് സഹിക്ക വയ്യാതെ,
കുടിലിൽ നിന്നും
കാറ്റായി പറന്നു..

പട്ടിണി പേറുന്ന ഒരു ഗർഭിണിയിൽ നിന്നും,
ഖദറിട്ട ഒരു രാഷ്ട്രീയക്കാരനിലേക്ക്..
പൊള്ളയായ ചിരികൾ നൽകി മടുത്ത് ,
ആരാധനാലയത്തിൽ ഒരു വിഗ്രഹമായിരുന്നു..
‘ദൈവത്തിന്റെ ജോലി’
ഏറ്റവും വല്യ ചതിയായി തോന്നി..

വൃക്ഷമായി മാറി,
അവരെന്റെ ശിഖരങ്ങൾ അറുത്തു..
പുഴയായി മാറി,
ജലം വറ്റി മൃതപ്രായനായി..
വിപ്ലവകാരിയായി,
നെറ്റിയിൽ വെടിയേറ്റു വീണു..
അന്ധവിശ്വാസം പറഞ്ഞു ,
അവരെന്നെ പൂവിട്ടു പൂജിച്ചു..
ലോകത്തിന്റെ താളം പിടികിട്ടാതെ
എന്റെ ആത്മാവ്
രണ്ടാമത് ആത്മഹത്യ ചെയ്തു!!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here