വേദി ഒഴിഞ്ഞുപോകുന്നവർ

1
558

ഇന്നലെ അന്തരിച്ച ചേമഞ്ചേരിയിലെ മുതിർന്ന നാടക-സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയ ദാമു കാഞ്ഞിലശ്ശേരിയെ നാടകപ്രവർത്തകനും എഴുത്തുകാരനുമായ സോമൻ പൂക്കാട് അനുസ്മരിക്കുന്നു.

കൊഴിഞ്ഞുപോയ വർഷങ്ങളിലൂടെ മനസ്സ് തപ്പിത്തടഞ്ഞു പോയാൽ എന്റെ നാടക ഓർമ്മ ചെന്ന് മുട്ടിനിൽക്കുക പൂക്കാട് മൗന ഗുരു സ്വാമി മഠത്തിന്റെ മുൻവശത്തെ വിശാലമായ പാടത്ത് അരങ്ങേറിയ സി എൽ ജോസിന്റെ ‘ജ്വലന’ത്തിലായിരിക്കും.അത് സംവിധാനം ചെയ്തിരുന്നത് ദാമു കാഞ്ഞിലശ്ശേരിയായിരുന്നു.അന്നാണ് ആ പേര് ഞാൻ ആദ്യമായി കേൾക്കുന്നത്.ഏകലവ്യന്റെ ഗുരുനാഥൻ എന്നപോലെ ഞാൻ ആദ്യമായി കണ്ട നാടകത്തിന്റെ സംവിധായകൻ.എന്നെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് ചേമഞ്ചേരി യു പി സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാള അധ്യാപകനായിരുന്നു നാലേരി പദ്‌മ നാഭൻ മാസ്റ്റർ ആയിരുന്നെങ്കിലും ‘ജ്വലനം’ അതിനും എത്രയോ മുമ്പേ കണ്ടിരുന്ന നാടകമായിരുന്നു. അതിലൂടെ ഒരു നാടകാസ്വാദകനായി ഞാൻ മാറിയിരിക്കണം.അത് എത്ര വർഷങ്ങൾക്ക് മുമ്പാണ് എന്നോർമ്മയില്ല .ഏതായാലും ഓർമ്മയിൽ തുടിച്ചു നിന്ന ഒരാളാണ് ഇന്ന് കൊഴിഞ്ഞുവീണു മറ്റൊരുലോകത്തേക്ക് യാത്രയായിരിക്കുന്നത്.പിന്നീട് എത്രയോ അരങ്ങുകൾ വേഷങ്ങൾ സംവിധാന ചുമതലകൾ അദ്ദേഹത്തിന്റെ മകൻ തന്നെ എത്രയോ അരങ്ങുകളിൽ എന്റെ നാടകത്തിൽ വേഷമണിഞ്ഞിരിക്കുന്നു.എന്നാലും എന്റെ കണ്ണിൽ ആദ്യമായി തറച്ച, കാതിൽ ആദ്യമായി പതിഞ്ഞ ആ നാടകവും ആ പേരും എനിക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല.അദ്ദേഹത്തിന്റെ തന്നെ എത്രയെത്ര നാടകങ്ങൾ, മുഴങ്ങുന്ന ശബ്ദത്തിലുള്ള അനൗസിമെന്റുകൾ,റേഡിയോ നാടകങ്ങൾ, നാടക കൂട്ടായ്മയായ ‘നന്മ’യിലൂടെയുള്ള ജീവകാരുണ്യ പ്രവർത്തങ്ങൾ ദീർഘ നേരത്തോളമുള്ള സംഭാഷണങ്ങൾ എല്ലാം ഓർമ്മയിൽ ബാക്കിവെച്ചു അങ്ങ് മറ്റൊരങ്ങുതേടി പോയ വർത്തകേട്ടപ്പോൾ ഒരു നിമിഷം വല്ലാതങ്ങു ഉലഞ്ഞുപോയി എന്നതാണ് നേര്

രാമായണം നാടകത്തിൽ ഗോവിന്ദൻ മാഷുടെ രാവണൻ തകർപ്പൻ തന്ന്യാ’ എന്ന് അച്ഛനെക്കുറിച്ചു പഴമാർ പറയുന്നത് കേട്ടുവളർന്ന മകനാണ് ദാമു കഞ്ഞിലിശ്ശേരി എന്ന് പിൽക്കാലത്ത് പ്രസിദ്ധനായി തീർന്ന ദാമോദരൻ മാസ്റ്റർ.ഒപ്പം ‘എന്താ ദാമോ നിനക്കും അച്ഛന്റെ പാരമ്പര്യം തുടരേണ്ടേ?.’ എന്ന സ്നേഹത്തോടെയുള്ള അനുഭസ്ഥരുടെ ചോദ്യവും യുവാവായ ദാമോദരൻ മാസ്റ്ററെ സ്വാധിനിച്ചിട്ടുണ്ടായിരുന്നു എന്ന് അദ്ദേഹം അനുഭവക്കുറിപ്പായി രേഖെപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ഗവൺമെന്റ് ട്രെയിനിംഗ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ‘ദാമോദരൻ എന്തെങ്കിലുമൊരു കലാമത്സരത്തിൽ പങ്കെടുക്കണമെന്ന്’ ഗുരുനാഥന്റെ കല്പനമാനിച്ചു അദ്ദേഹം ഒരു മീൻ വില്പനക്കാരന്റെ വേഷം കെട്ടുകയും അത് അരങ്ങിൽ തകർത്താടിയതിന്റെ ഫലമായി അദ്ദേഹത്തിന് പ്രഴ്ചന്ന വേഷമത്സരത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. അതൊരു തുടക്കമായിരുന്നു. അധ്യാപകനായതിനുശേഷമാണ് അദ്ദേഹം പിന്നീട് അരങ്ങിൽ സജീവമായത്. കാഞ്ഞിലശ്ശേരി കെ എൻ കെ സമിതിയും ചേലിയ സുഭാഷ് സ്മാരക വായനശാലയുമാണ് അദ്ദേഹത്തിന്റെ ആദ്യകാല നാടക പ്രവർത്തങ്ങളുടെ കേളി അരങ്ങു ഒരുക്കിയിരുന്നത്. തുടർന്ന് കൊയിലാണ്ടി താലൂക്കിലെ വിവിധപ്രദേശങ്ങളിലെ നിരവധി നാടക സംഘങ്ങൾ അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് വേദി ഒരുക്കുകയുണ്ടായി പിന്നീട് പൂക്കാട് കലാലയത്തിന്റെ താങ്ങും തണലുമായി മാറിയ അദ്ദേഹം നടനെന്നതിലുപരിയായി അതിന്റെ ജീവസ്പന്ദനമായി മാറുകയായിരുന്നു. മലബാർ സുകുമാരൻ ഭാഗവതർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ശിവദാസ് ചേമഞ്ചേരി, യു കെ രാഘവൻ, ദാമോദരൻ മാസ്റ്റർ ബാലൻ കുനിയിൽ തുടങ്ങിയവരോടപ്പം പൂക്കാട് കലാലയത്തിന്റെ സാരഥിയായി വളരെക്കാലം പ്രവർത്തിച്ചു. അമ്പാടിക്കണ്ണൻ, ഭക്ത പ്രഹ്ളാദൻ, നാഗപഞ്ചമി, വിശറിക്കു കാറ്റുവേണ്ട, ദിവാ സ്വപ്നം, പുതിയ തെറ്റ്, കറക്കുകമ്പനി തുടങ്ങി 35 ഓളം നാടകങ്ങൾ അദ്ദേഹം അരങ്ങിലെത്തിച്ചു.1975 മുതൽ കോഴിക്കോട് ആകാശവാണിയിലെ റേഡിയോ നാടക കലാകാരനായും പ്രവൃത്തിച്ചുവരികയായിരുന്നു.

ഏതാണ്ട് ഇതേ അനുഭവം തന്നെയാകും അദ്ദേഹത്തെക്കുറിച്ചു ഓർക്കുമ്പോൾ പലർക്കും പറയാനുണ്ടാക്കുക. ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ അടുത്തറിയുന്നവർക്കു അദ്ദേഹത്തെ ഓർക്കാനാകില്ല. പ്രിയപ്പെട്ടവരായ ഓരോരുത്തരും വിട്ടുപോകുകയാണ്. നാട്ടിൽ വന്നാൽ സ്നേഹത്തോടെ കുശലം പറയുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. മരണം ജീവിതത്തിന്റെ അനിവാര്യതയാണ് എങ്കിലും ഹൃദയം പറിച്ചെടുത്താണ് പലരും എങ്ങോട്ടോ പറന്നുപോകുന്നത്.

ആദരാഞ്ജലികൾ മാഷെ…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here