ഏട്ടാമത് ശങ്കരന്‍കുട്ടി സ്മാരകപുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്

0
626

ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന എട്ടാമത് ശങ്കരന്‍കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്. 10001 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മേതില്‍ രാധാകൃഷ്ണന്റെ നോവല്‍ ‘ബ്രാ’ യുടെ കവര്‍ രൂപകല്‍പ്പനയാണ് രാജേഷ് ചാലോടിന് അവാര്‍ഡ് നേടിക്കൊടുത്തത്.

മുതിര്‍ന്ന ചിത്രകാരന്‍മാരായ എം എസ് മോഹനചന്ദ്രന്‍, തോമസ് ആന്റണി, ഗോപീദാസ് എന്നിവര്‍ ലഭ്യമായ എന്‍ട്രികള്‍ പരിശോധിച്ച് മികച്ച 12 പുസ്തക കവറുകള്‍ തിരഞ്ഞെടുത്തു. പ്രാഥമികമായിതിരഞ്ഞെടുക്കപ്പെട്ട 12 പുസ്തക കവറുകളില്‍ നിന്ന് പ്രശസ്തകവി പ്രൊഫ. കെ. സച്ചിദാനന്ദന്‍, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ദേശീയ തലത്തില്‍ പ്രശസ്തനായ ആര്‍ട്ട് എഡിറ്ററും ചിത്രകാരനുമായ അനൂപ് കമ്മത്ത് എന്നിവര്‍ അടങ്ങിയ ജൂറിയാണ് 2016, 2017ലെ മികച്ച പുസ്തക കവര്‍ തിരഞ്ഞെടുത്തത്. ചിത്രകാരന്മാര്‍ നേരിട്ടും, വ്യക്തികളും, പ്രസിദ്ധീകരണ സ്ഥാപനങ്ങളും അയച്ചുതന്ന നൂറോളം എന്‍ട്രികളില്‍ നിന്നാണ് ഈ വര്‍ഷത്തെ അവാര്‍ഡ് തിരഞ്ഞെടുത്തത്.

മെയ് മാസം കോട്ടയത്തുവച്ചുനടക്കുന്ന ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി അനുസ്മരണത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രശസ്ത ആര്‍ട്ടിസ്റ്റും പുസ്തക കവര്‍ ഡിസൈനറുമായ ശങ്കരന്‍ കുട്ടിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് ശങ്കരന്‍കുട്ടി കുട്ടി സ്മാരക ട്രസ്റ്റ് പുസ്തക കവര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. സി.ആര്‍. ഓമനകുട്ടന്‍ അറിയിച്ചു.

രാജേഷ് ചാലോട്:
കണ്ണൂര്‍ ജില്ലയിലെ ചാലോട് സ്വദേശി. ഇപ്പോള്‍ തൃശ്ശൂരില്‍ താമസം. മൂവായിരത്തിലേറെ പുസ്തകങ്ങള്‍ക്ക് കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ചു. ഇപ്പോള്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് കവര്‍ രൂപകല്‍പ്പന ചെയ്യുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആര്‍ട്ടിസ്റ്റ്ശങ്കരന്‍കുട്ടി അവാര്‍ഡ് (2012), 2014, 2015, 2016, 2017, 2018 ലെ കേരളസാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തില്‍ മികച്ച പുസ്തക കവര്‍ രൂപകല്‍പ്പനയ്ക്കുള്ള അവാര്‍ഡ്, ദര്‍ശന കള്‍ച്ചറല്‍ സെന്ററിന്റെ കവര്‍ ഡിസൈന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here