സമകാലീന ക്വിയർ രാഷ്ടീയ ചിന്തകൾ

0
396

ലേഖനം

ചിഞ്ചു അശ്വതി

ഏറ്റവും ഭീകരമായ സാമൂഹ്യ തിരസ്കരണം നേരിട്ട ഒരു ജനവിഭാഗമാണ് ലിംഗ-ലൈംഗീക ന്യൂനപക്ഷം എന്ന പരികല്‍പനയില്‍ പെടുന്നവര്‍. സ്വവര്‍ഗ അനുരാഗികള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്ജെന്റർ വ്യക്തികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. തിരസ്കരണത്തില്‍ നിന്ന് അംഗീകാരത്തിലെക്കുള്ള യാത്രക്കിടയില്‍ ഒരുപാട് സഹയാത്രികരെ നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്കൊന്നും ഇത് വരെ നീതി ലഭിച്ചിട്ടില്ല. ഒരു ജനാധിപത്യ സമൂഹത്തില്‍ വ്യക്തി എന്ന നിലക്കുള്ള സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല. ഇത് തിരിച്ചറിഞ്ഞത് മുതല്‍ കേരളത്തിലെ ലിംഗ-ലൈംഗീക ന്യൂനപക്ഷങ്ങള്‍ ആക്കപ്പെട്ടവര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഇന്ന് നമ്മള്‍ കാണുന്ന സ്വീകാര്യതയും പൊതു ഇടത്തില്‍ ഉള്ള ദൃശ്യതയും. കൃത്യമായി പറഞ്ഞാല്‍ രണ്ട് ദശകങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടങ്ങളുടെയും ലൈംഗീക സ്വാഭിമാന യാത്രയുടെയുമെല്ലാം പിന്‍ബലത്തിലൂടെയാണ് ക്വിയര്‍ രാഷ്ട്രീയം നിലനില്‍ക്കുന്നതും ക്വിയര്‍ വ്യക്തികള്‍ അതിജീവിക്കുന്നതും. എന്നാല്‍ ഒരു പരിധി വരെ ലിംഗ സമത്വത്തെക്കുറിച്ചുള്ള ധാരണകള്‍ മലയാളികള്‍ തിരുത്തി തുടങ്ങിയിട്ടുണ്ട് . മറ്റൊരു കാലത്തും ചര്‍ച്ച ചെയ്യ്തിട്ടില്ലാത്തത് പോലെ ഈ വർഷത്തെ പ്രൈഡ് മാസം (June) നിരവധി ക്യാമ്പസുകൾ ആഘോഷിച്ചു. ക്വിയര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടു. കുറച്ചു നാള്‍ മുന്‍പ് വരെ ജെന്റർ വിഷയങ്ങളോ ലൈംഗീകതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല ഇതില്‍ നിന്നും നമ്മളിന്ന് വലിയ സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. ഞാന്‍ പഠിക്കുന്ന യൂണിവേഴ്സിറ്റി ആയ കാലടി സംസ്കൃത സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും പ്രൈഡ് മാസത്തോട് ഐക്യപ്പെട്ടുകൊണ്ട് നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നു. ഇത് ചെറിയൊരു കാര്യമല്ല.

എന്നാലും അന്തസാര്‍ന്ന ഒരു ജീവിതം നയിക്കാന്‍ ലിംഗ-ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ പെട്ടെന്ന് സാധ്യമല്ല. അതിനു ഉദാഹരണമാണ് ഇപ്പോഴും നിലനിൽക്കുന്ന മാട്രിമോണിയല്‍ വിവാഹങ്ങള്‍. ആണും പെണ്ണും മാത്രമാണ് നോര്‍മൽ എന്നും അവര്‍ തമ്മില്‍ ഉള്ള ബന്ധവും അതിലധിഷ്ഠിതമായ കുടുംബ സങ്കല്പവും മാത്രമാണ് നോര്‍മല്‍ എന്നുമാണ് ഈ നൂറ്റാണ്ടിലും മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഹെട്രോ നോർമേറ്റിവ് ആയ സമൂഹ്യ ഘടനയെ നില നിർത്തിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയിട്ടും ബഹുമാനപ്പെട്ട സുപ്രീം കോടതി ട്രാന്‍സ്ജെന്റർ ഒരു ജെന്റർ ആയി പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ട്രാന്‍സ്ജെന്റർ അവസ്ഥയും സ്വവര്‍ഗ അനുരാഗവും പാശ്ചാത്യ സങ്കല്പമാണെന്നു വാദിക്കുന്നവര്‍ ഉണ്ട്. ഇവര്‍ ശുദ്ധ നുണയാണ് പറയുന്നത്. ഹിന്ദു മിത്ത്കളിലും പുരാണങ്ങളിലും സ്മൃതികളിലും ക്ഷേത്രങ്ങളിലും മറ്റും ഇവയെല്ലാം നമുക്ക് കാണാന്‍ സാധിക്കും. പ്രമുഖ ദൈവ സങ്കല്പങ്ങളില്‍ പോലും സ്വവര്‍ഗ ലൈംഗീകതയും ട്രാന്‍സ്ജെന്റർ അവസ്ഥയും ദൃശ്യമാണ്.

സമൂഹത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമങ്ങള്‍ ഇന്നും ക്വിയര്‍ വ്യക്തികളോട് പുറം തിരിഞ്ഞ നില്‍ക്കുന്ന നിലപാടാണ് കാണിക്കുന്നത്. മേരിക്കുട്ടി പോലെയുള്ള സിനിമകള്‍ വന്നെങ്കിലും ചാന്ത്പൊട്ട് എന്ന സിനിമ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല. മൂത്തോന്‍ എന്ന സിനിമ ക്വിയര്‍ ജീവിതങ്ങളോട് ഐക്യപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും പേരില്‍ മുറവിളികൂട്ടി അതിനെ എതിര്‍ക്കുകയാണ് ഉണ്ടായത്. ഇതര ലൈംഗീകതയെ പ്രോത്സാഹിപ്പിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് എന്നാണ് സാധിക്കുക. സ്വവര്‍ഗ അനുരാഗവും മറ്റും ചികിത്സിച്ച് ഭേദമാക്കമെന്ന് പറയുന്ന സമൂഹത്തിനാണ് ചികിത്സ വേണ്ടത്. മറ്റാരെയും പോലെ വിദ്യാഭ്യാസം ചെയ്യാനും തൊഴില്‍ ചെയ്യാനും വിഹാഹം ചെയ്ത് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ക്വിയര്‍ മനുഷ്യര്‍ക്കുമുണ്ട്. ക്വിയര്‍ സ്വത്വം വ്യക്തിത്വത്തിന്റെ ഭാഗമായി കാണുകയും സ്വാഭാവിക പ്രകൃതമാണ് എന്ന് വിശ്വസിച്ച് അംഗീകരിക്കുകയും വേണം. വൈദ്യശാസ്ത്രം ഒരു അധികാര ഘടനയാണ്. ക്വിയര്‍ വ്യക്തികളെ അംഗീകരിക്കുന്ന തലത്തിലേക്ക് വൈദ്യശാസ്ത്രം വളരേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.

ക്വിയര്‍ വ്യക്തികള്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് സ്വന്തം സ്വത്വം തിരിച്ചറിയാന്‍ എടുക്കുന്ന സമയമാണ്. എന്നെ സംബന്ധിച്ച് ഇത് വരെ ജീവിച്ച ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും സ്വയം തിരിച്ചറിയാതെ കുഴഞ്ഞ് മറിഞ്ഞതായിരുന്നു. എന്നാല്‍ എന്റെ ചുറ്റുമുള്ള മനുഷ്യരും എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എന്നിലെ മാറ്റതെയും സ്വത്വത്തെയും അംഗീകരിക്കാന്‍ കഴിയുന്നവര്‍ ആയിരുന്നത് കൊണ്ട് എന്റെ അനുഭവങ്ങള്‍ക്ക് വേദന കുറവായിരുന്നു. എന്നെപോലെ അല്ല മറ്റുള്ളവര്‍ എന്നെനിക്ക് കൃത്യമായി അറിയാം. ഡിസ് ഏബിള്‍ഡായ ഒരു വ്യക്തിയെ സംബന്ധിച്ച് അയാളൊരു ക്വിയര്‍ ആണെങ്കിൽ അയാള്‍ക്കത് സന്തോഷത്തോടെ ആസ്വദിക്കാനോ പ്രകടമാക്കാനോ സാധിച്ചു എന്ന് വരില്ല. വിവാഹത്തോടെ അത് മാറിക്കോളും എന്ന് ചിന്തിക്കുന്ന ഒരുപാട് രക്ഷകർത്താക്കൾ ഉണ്ട്. സ്വാഭാവികമായ രീതിയില്‍ ഉള്ള ജീവിതം പോലും അവര്‍ക്ക് ദുസഹമായിരിക്കും. പരിമിതമായ അറിവില്‍ നിന്നുകൊണ്ട് ഇത്തരക്കാരെ സമീപിക്കുന്നത് ശെരിയല്ല. കൃത്യമായ ബോധവല്‍ക്കരണം ഈ സമൂഹം ആവശ്യപ്പെടുന്നുണ്ട്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹയാത്രിക, ക്വിയര്‍റിഥം, ക്വിയരള തുടങ്ങിയ നിരവധിയായ ക്വിയര്‍ സംഘടനകള്‍ ഇൻക്ലൂസിവ് ആയ ഒരു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാന്‍ ഗവൺമെന്റ് കൃത്യമായ ഇടപെടലുകള്‍ നടത്തണം. ഈ സമൂഹത്തിന്റെ ഇടയിലുള്ള ആത്മഹത്യകളും കൊലപാതകങ്ങള്‍ക്കും തടയിടേണ്ടത് അത്യാവശ്യമായി ചെയ്യേണ്ടൊരു മനുഷ്യവകാശ പ്രവര്‍ത്തനമാണ്. സവര്‍ണ്ണവും പുരുഷാധിപത്യ പരവുമായിട്ടുള്ള നീതി ബോധമാണ് ഭൂരിഭാഗത്തെ നയിക്കുന്നത്. അതില്‍ നിന്ന് വ്യതിചലിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം ആര്‍ജിച്ചെടുത്താലെ സമത്വ സുന്ദര ജനാധിപത്യ സമൂഹം എന്ന് മലയാളികള്‍ക്ക് ഊറ്റം കൊള്ളാന്‍ സാധ്യമാകു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here