HomeTHE ARTERIASEQUEL 03അടിമത്തം പഠിക്കപ്പെടുമ്പോൾ

അടിമത്തം പഠിക്കപ്പെടുമ്പോൾ

Published on

spot_imgspot_img

ലേഖനം

വിനിൽ പോൾ

കേരളത്തിന്റെ ഭൂതകാല യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ മനുഷ്യനെ വിറ്റിരുന്ന ഈ ഹീനമായ പ്രവർത്തനത്തെ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ കേരളത്തിൽ ലഭ്യമാണ്. അനേകം മലയാളി അടിമകളെ കേരളത്തിനകത്തും അതേപോലെ വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. ആധികാരിക തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്ര രചന സാധ്യമായ ഈ സാമൂഹ്യ അനുഭവത്തെ കേരളത്തിന്റെ സാമൂഹ്യ ശാസ്ത്ര- ചരിത്ര പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണെമെന്ന ആവശ്യമാണ് ഈ കുറിപ്പിലൂടെ ഉന്നയിക്കുന്നത്. അടിമത്തം എന്ന സാമൂഹ്യ അനുഭവത്തിന്റെ വിശകലനത്തിലൂടെ കേരളത്തിലെ കീഴാള- ദളിത് ജാതികളുടെ ഭൂതകാലത്തിനെ കൂടുതൽ തെളിമയോടെ മനസിലാക്കുവാൻ സാധിക്കുമെന്ന കാരണത്താലാണ് ഇങ്ങനെ ഒരു വാദം മുൻപോട്ട് വെയ്ക്കുന്നത്. അടിമക്കച്ചവട ചരിത്രമെന്നത് നിലവിലെ കേരളചരിത്ര രചനകളുടെ അതിർവരമ്പുകൾ വെളിപ്പെടുത്തുന്ന ഒന്നാണ്. അധിനിവേശ കാലത്തു യൂറോപ്യൻ മേൽനോട്ടത്തിൽ രൂപം കൊണ്ട അടിമക്കച്ചവട സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തവും, പഴക്കവും ഉള്ളതായിരുന്നു കേരളത്തിൽ നിലവിലുണ്ടായിരുന്ന അടിമക്കച്ചവടം. ആളുകളെ വിൽക്കുകയും, വാങ്ങുകയും ചെയ്യുന്നതിനെ തെളിയിക്കുന്ന ധാരാളം ദേശ്യമായ തെളിവുകൾ നമ്മൾക്ക് ലഭ്യമാണ്. കേരളത്തിലെ അടിമജാതികളുടെ ചരിത്രം കേവലം ആചാര അനുഷ്ടാനങ്ങളുടെയും, സ്വയം കീഴടങ്ങലിന്റെയും, പശ്ചാത്തലത്തിൽ വിവരിച്ചിരുന്നു സാമ്പ്രദായിക ചരിത്രകാരന്മാർ ദളിത് ഭൂതകാലങ്ങൾക്കു നൽകിയ സംഭാവനകളെ യുക്തിപരമായി ന്യായികരിക്കാൻ സാധിക്കാത്ത അവസ്ഥ നിർമ്മിക്കുന്ന ഒന്നാണ് ഈ അടിമ ഭൂതകാലം. അതായത് ചരിത്ര രചനകളിൽ ജാതിയാൽ കല്പിച്ചു നൽകിയ ഭൂതകാലത്തിനും, അടിയായിമയെന്ന ജാതീയാചാരത്തിനും ഉൾകൊള്ളാൻ സാധിക്കുന്നതല്ല അടിമക്കച്ചവടവും, അടിമകളുടെ ഒളിച്ചോട്ടവും. തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ രണ്ടുതരം ഭൂതകാലങ്ങളെയും ഒരുമിച്ചു നോക്കുമ്പോൾ ദളിതരുടെ വർത്തമാനകാലത്തെ രൂപീകരിക്കുന്നതും, ചരിത്രത്തിന്റെ കുഴഞ്ഞുമറിഞ്ഞ സ്വഭാവത്തിനെ തുറന്നുകാട്ടുന്നതുമായ അടിമത്തമാണ് കേരള ചരിത്രത്തിലെ ദളിതരുടെ ഭൂതകാല ധർമ്മം കൂടുതലായി നിർവ്വഹിക്കുന്നത്. അതുകൊണ്ടു അടിമ ജാതികളുടെ വില്പനയുടെയും, ഒളിച്ചോട്ടത്തിന്റെയും ചരിത്രം പറയുന്നതിലൂടെ കേരളത്തിന്റെ ബഹുമുഖങ്ങളായ ചരിത്രങ്ങളാണ് ഉണ്ടാക്കപ്പെടുന്നത്.

കേരള ചരിത്രരചനയുടെ പുതുവായനയ്ക്ക് വേണ്ടിയാണ് നാം അടിമജാതികൾ നേരിട്ട ക്രൂരതകൾ, അടിമത്തം, അടിമക്കച്ചവടം, തുടങ്ങിയ സാമൂഹ്യ അനുഭവങ്ങൾ സൂക്ഷ്മ വിശകലനം നടത്തുന്നത്. മാത്രമല്ല അതിലൂടെ മലയാളി സമൂഹത്തിന്റെ ഘടനാരൂപവും ജാതിയുടെ അധികാരമുറപ്പിക്കലും എങ്ങനെയെല്ലാമാണ് ക്രൂരതകളിലൂടെ സാധ്യമാക്കിയത് എന്നുള്ളതിനെ കൂടുതൽ തെളിമയോടുകൂടി മനസിലാക്കാനും സാധിക്കും. പീഡനങ്ങളും ചൂഷണങ്ങളും ഒരിക്കലും കോളനികാല എഴുത്തു രീതിയുടെ മായാസൃഷിടി അല്ലായിരുന്നു, തദ്ദേശീയ സ്രോതസുകളിലും വാമൊഴികളിലും ഈ സാമൂഹ്യ അനുഭവത്തെ വളരെ സമ്പന്നമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ നിലവിലെ അക്കാദമിക ചരിത്ര ധാരകൾ മുൻകാല അടിമജാതികളുടെ ചരിത്രത്തിനു അല്പമായ സംഭാവന മാത്രമാണ് നല്കിയിരിക്കുന്നത്. മുൻകാല അടിമജാതികളുടെ സാമൂഹ്യപരിവർത്തന ചരിത്രത്തെ ചർച്ച ചെയ്യുമ്പോൾ ജാതിയും അത് നിർമ്മിച്ച സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകളെയും അപഗ്രഥിക്കേണ്ടതാണ്. നിലവിലെ ചരിത്ര രചനകളാകട്ടെ ഈ അപഗ്രഥനത്തിന് തുനിയാറില്ല. ഈ കാരണത്താൽ അടിമക്കച്ചവടവും അതിന്‍റെ നിരോധനത്തിന്‍റെ ചരിത്രവും കേരളചരിത്ര ചർച്ചകൾക്ക് ഊർജ്ജം പകരുന്ന ഒന്നാണ്. മാത്രമല്ല അടിമത്തമെന്ന സംജ്ഞ ചരിത്ര വിജ്ഞാനശാഖയെ കൂടുതൽ ജനാധിപത്യവത്ക്കരിക്കുകയും ചെയ്യുന്നു. മനുഷ്യാന്തസ്സ്, ആഗ്രഹം, മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള സ്വപ്‍നം, ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങൾ തുടങ്ങിയ സാമൂഹ്യ അവസ്ഥകളിലൂന്നിയ ചോദ്യങ്ങളാണ് ഈ അടിമത്ത ഭൂതകാലം പ്രധാനമായും ഉന്നയിക്കുന്നത്. ഈ സാമൂഹ്യ അവസ്ഥകളെ കുറിച്ചുള്ള ആലോചനകൾ നിലവിലെ കേരളാ ചരിത്രരചനാ ശാസ്ത്ര പരിധിയിൽ വരുന്നതേയല്ല എന്നകാരണത്താലാണ് ഇത്തരം ചോദ്യങ്ങൾ പ്രസക്തവും മൗലികവുമായി മാറുന്നത്. മാത്രമല്ല ഈ അടിമത്ത ആഖ്യാനങ്ങൾ പുതിയ തരത്തിലുള്ള സാമൂഹ്യ അവബോധം നൽകുന്നതിനും നിലവിലെ ചരിത്ര രചനാ രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്നതിനും, മുൻകാല അടിമജാതികളെ കുറിച്ചുള്ള കൂടുതൽ കൂടുതൽ പുരാശേഖരങ്ങൾ വെളിയിൽ കൊണ്ടുവരുന്നതിനുമുള്ള സാഹചര്യവും ഇത് സൃഷ്ടിക്കുന്നു.

https://youtu.be/xHadf03Uhjo

പോർച്ചുഗീസ്, ഡച്ച് കാലത്താണ് ഏറ്റവും കൂടുതൽ അടിമകളെ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടത്. ഈ കച്ചവടത്തെ തെളിയിക്കുന്ന നിരവധി തെളിവുകൾ ചരിത്ര ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ആ ഗവേഷണങ്ങളിൽ അടിമക്കച്ചവടത്തിന്റെ നേർ വിവരണങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ വെച്ച് തന്നെ അടിമകൾക്ക്‌ പുതിയ പേര് ഇട്ടാണ് അവരെ കപ്പലിൽ കയറ്റിയിരുന്നത്. ചില ഉദാഹരണങ്ങൾ നോക്കാം, 1753ൽ മിഖായേൽ കിരാഷ് എന്ന ഡച്ച് ഉദ്യോഗസ്ഥൻ മൂന്ന് അടിമകളെ കൊച്ചിയിൽ നിന്നും വാങ്ങി, വേട്ടുവ ജാതിയിൽപ്പെട്ട 28 വയസുള്ള അഞ്ചിപെണ്ണിന് ഡയാന എന്ന് പേര് കൊടുത്തു, എട്ട് വയസുകാരി ചക്കിയിക്കു റോസിൻഡ എന്ന പേരും, പറയ ജാതിയിൽ ഉള്ള അഞ്ചു വയസുകാരൻ കോരന് ഫെബ്രുവരി എന്ന പേരും കൊടുത്തു രജിസ്റ്റർ ചെയ്താണ് കച്ചവടം നടത്തിയത്. ചോഗൻ ജാതിയിൽപ്പെട്ട പതിനാറുകാരൻ കൊമരനു ജനുവരി എന്ന് പേരും, കണ്ടനു ആരോൺ എന്ന പേരും, കൊച്ചിക്കാരൻ അന്തോണി മത്തായി വിറ്റ ഇട്ടി എന്ന പുലയ ബാലന് ജൂപീറ്റർ എന്ന പേരും, പറയ ജാതിയിൽപ്പെട്ട ഇരുപതു വയസുകാരി കൊലഞ്ഞിക്കു ദോറേതേയ എന്ന പേരും കൊടുത്തു. ആൺകുട്ടികൾക്ക് ഇംഗ്ലീഷ് മാസങ്ങളുടെ പേരുകളായിരുന്നു പൊതുവെ നൽകിയിരുന്നത്. ഇങ്ങനെ പുതിയ പേരുകൾ നൽകിയാണ് അവരെ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റിയയച്ചിരുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ അടിമജാതികളുടെ ജീവിതത്തിന്‍റെയും, സാമൂഹിക അനുഭവത്തിന്‍റെയും ദൈനംദിന ലോകം സാധ്യമാവുന്നത്ര വിശദമായി സൂക്ഷ്മപഠനം നടത്തുന്ന കാര്യത്തിൽ കേരളത്തിലെ ചരിത്രകാരന്മാർ നിഷ്കർഷതപാലിക്കാതെ ഇരുന്നത് എന്നുള്ള ചോദ്യം വളരെ പ്രധാനപ്പെട്ടതായിമാറുകയാണ് ഇത്തരം പ്രമാണശേഖരങ്ങളുടെ മുൻപിൽ. ഈ സാമൂഹ്യ അനുഭവത്തിനെയാണ് നാം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടത്.

സമീപ കാലത്ത് സാമൂഹ്യശാസ്ത്രത്തിൽ ചർച്ച ചെയ്യുന്ന സംജ്ഞകളാണ് മനുഷ്യാന്തസ്സ്‌, അസമത്വം, നീതി, അംഗീകാരം തുടങ്ങിയ കാര്യങ്ങൾ. ഈ അടിമ ഭൂതകാല ചർച്ചയിലൂടെ നിലവിലിരിക്കുന്ന ചരിത്ര അന്വേഷണ വിഷയങ്ങളിൽ, പ്രത്യേകിച്ച് കൊളോണിയലിസവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ മനുഷ്യന്‍റെ അന്തസ്സ്, തുല്യത, എല്ലാവരും മനുഷ്യരാണെന്ന തിരിച്ചറിവ് തുടങ്ങിയ ആശയങ്ങൾ പ്രബലമാക്കപ്പെടുന്നു. ഇവിടെ അടിമത്തം എന്ന സാമൂഹ്യ അനുഭവത്തിന്റെ ചർച്ച എന്നത് ഒരേസമയം ചരിത്രപരമായ അനീതിയുടെ കൂടി ചർച്ചയാണ്. ഈ അനീതിയെ കുറിച്ച് ചർച്ച ചെയ്യുന്നത്, ഇന്ന് ആരാണോ അനീതിക്കെതിരായ നിൽക്കുന്നത് അവര് സാമൂഹ്യ- രാഷ്ട്രീയ അധികാരം കയ്യടക്കിയിട്ട് ഭരണാധികാരികളാകുകയും പഴയ അനീതി സൃഷ്ടിച്ചവരുടെ മേൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന പ്രതികാര നടപടിയ്ക്കുവേണ്ടിയല്ല. മറിച്ച്, ഇവിടെ നാം അടിമത്തം, ക്രൂരത, തുടങ്ങിയ ഭൂതകാല അനുഭവങ്ങൾ ചർച്ച ചെയ്യുന്നത് മൊത്തത്തിൽ അനീതി കാണിച്ചവന്‍റെയും അനീതിക്ക് ഇരയായവന്‍റെയും മനുഷ്യൻ എന്ന നിലയിലുള്ള വിമോചനം സാധ്യമാകുന്നതിന് വേണ്ടിയാണ്. വിമോചനത്തെയും മനുഷ്യാന്തസ്സിനേയും വീണ്ടെടുക്കുന്ന പ്രക്രിയയായി മാറുകയാണ് ഇത്തരമൊരു ചർച്ച. തുല്യ പൗരന്മാരായി മാറുന്നതിന് ഇത്തരമൊരു ചർച്ച അടിയന്തരമായി മാറുകയാണ് ഇവിടെ.

athmaoline-vinil-paul
വിനിൽ പോൾ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...