വിജയകുമാർ ബ്ലാത്തൂർ
ഈച്ചക്കോപ്പി എന്ന പ്രയോഗത്തിന് വള്ളിപുള്ളി വ്യത്യാസമില്ലാത്ത തനിപ്പകർപ്പ് എന്നാണല്ലോ മലയാളത്തിൽ അർത്ഥം. പണ്ടാരോ ഒരു ബുക്ക് പകർത്തിയെഴുതുമ്പോൾ മുമ്പ് എങ്ങിനെയോ പേജിനിടയിൽ കുടുങ്ങി, ചത്ത് പരന്ന് പടമായിക്കിടന്ന ഒരു ഈച്ചയേയും ബുക്കിലെ ഭാഗമാണെന്ന് കരുതി അതുപോലെ വരച്ച് വെച്ചു എന്നാണ് കഥ. സ്വന്തം ഫോട്ടോക്കോപ്പി പോലുള്ള പകർപ്പ് കുഞ്ഞുങ്ങളെ ചില മാർഗങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിക്കാൻ ക്ലോണിങ്ങ് സാങ്കേതിക വിദ്യയുടെ വളർച്ചയോടെ നമുക്ക് സാധ്യമായി. എന്നാൽ പ്രകൃത്യാ തന്നെ പല ജീവികളിലും ഇത്തരം തനിപ്പകർപ്പ് തലമുറകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ആണുമായി ഇണചേരാതെ തന്നെ പെണ്ണ് നേരിട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന പ്രതിഭാസമാണത്. പാർത്തനോജെനിസിസ് (Parthenogenesis) എന്നാണ് അതിനു പറയുക. ‘കന്യക’ എന്നും ‘ സൃഷ്ടിക്കുക‘ – ജനിപ്പിക്കുക എന്നും അർത്ഥം വരുന്ന parthénos, génesis എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നുണ്ടായതാണ് ഈ പദം. . പല ജീവികളിലും ഇത്തരം പ്രത്യുത്പാദനം സ്ഥിരമായോ അപൂർവ്വമോ നടക്കാറുണ്ട്. അച്ഛനില്ലാതെ പിറക്കുന്ന അമ്മയീച്ചക്കോപ്പി മക്കൾ!. അകശേരുകികളായ ( invertebrates ) ചിലയിനം പരാദവിരകൾ, തേളുകൾ, മുഞ്ഞകൾ (ആഫിഡ്), ചെള്ളുകൾ, ഈച്ചകൾ, ചുള്ളിപ്രാണികൾ, പരാദക്കടന്നലുകൾ എന്നിവയിലൊക്കെ ഇത്തരം പ്രത്യുത്പാദനം നടക്കുന്നുണ്ട്. കശേരുകികളായ (vertebrate) ചിലയിനം മത്സ്യങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ അപൂർവ്വം പക്ഷികൾ എന്നിവയിലും ഒക്കെയായി ലോകത്തെങ്ങുമായി രണ്ടായിരത്തിലധികം സ്പീഷിസുകളിൽ ഇത്തരം പാർത്തനോജെനിസിസ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതായി മനസിലാക്കീട്ടുണ്ട്.
തേനീച്ചകൾക്കും ഈച്ചക്കോപ്പിയുണ്ടാക്കാനുള്ള കഴിവുണ്ട്. സാമൂഹ്യജീവികളായി കോളനി നിർമിച്ച് ജീവിക്കുന്ന തേനീച്ചകളിൽ – സാധാരണയായി ലൈംഗീക പ്രത്യുത്പാദന രീതി അനുസരിച്ച്, ആണുമായി ഇണചേരലിലൂടെ അണ്ഡവും ബീജവും ചേർന്ന് സിക്താണ്ഡമായി മുട്ടയും ലാർവയും പ്യൂപ്പയും ഒക്കെ ആയി വിവിധ സ്വഭാവമുള്ള തേനീച്ചകളെ ഉണ്ടാക്കാൻ കൂട്ടത്തിലെ രാജ്ഞിക്ക് മാത്രമേ കഴിയു. രാജ്ഞിയുടെ ഉള്ളിലെ കുറേ അണ്ഡങ്ങൾ ബീജ സങ്കലനം നടക്കാതെ തന്നെ പാർത്തനോജെനിസിസ് വഴി മുട്ടയായി വിരിഞ്ഞ് ഒരേപോലുള്ള ആൺ തേനീച്ചകുഞ്ഞുങ്ങളായി മാറും. ഇതാണ് ഈച്ചക്കോപ്പി.
ആൺ – പെൺ ഗാമറ്റുകളിലെ രണ്ട് പകുതി സെറ്റ് ക്രോമോസോമുകൾ യോജിച്ചാണല്ലോ സാധാരണയായി സിക്താണ്ഡം വഴി കുഞ്ഞ് ഉണ്ടാവുക. അവയാണ് പെൺ ഈച്ചകൾ. രാജ്ഞി തേനീച്ചയുടെ ഉള്ളിലെ അണ്ഡകോശങ്ങളുടെ രൂപീകരണസമയത്ത് 32 ക്രോമോസോമുകളുള്ള (ഡിപ്ലോയിഡ് ) കോശം 16 എണ്ണമുള്ള (ഹാപ്ലോയിഡ് ) ഗാമറ്റുകൾ ആയി മാറും. അങ്ങിനെ ഹാപ്ലോയിഡ് അണ്ഡം ഉണ്ടാകുന്നു. ആ അണ്ഡം സ്വയം തന്നെ സിക്താണ്ഡമായി, മുട്ടയായി പരിണമിച്ച്, വിരിഞ്ഞ് ഉണ്ടാകുന്നതാണ് ആൺ ഈച്ചകൾ എന്ന മടിയന്മാർ. ഇവരെ ഡ്രോണുകൾ എന്നും വിളിക്കാറുണ്ട്. സാങ്കേതികമായി പറഞ്ഞാൽ ഈ ഡ്രോണീച്ചകൾക്ക് അമ്മ മാത്രമേ ഉള്ളു. ആണായി കണക്കാക്കുന്ന ഇവന്റെ ജനിതക വൃക്ഷത്തിൽ പിറകിലോട്ട് പോയാൽ , ഒരു അമ്മ (പെൺ) മാത്രമേ ഉള്ളു. പിറകിലോട്ട് ഒന്നുകൂടി പോയാൽ അവിടെ അമ്മ (പെൺ) അമ്മയുടെ അച്ഛൻ (ആൺ) എന്ന് രണ്ടു ജനിതക വ്യക്തി സാനിധ്യം കാണാം. മൂന്നു തലമുറ പിറകിലോട്ട് പോയാൽ മൂന്നു അംഗങ്ങൾ ഉള്ളതായി കാണാം. നാലു തലമുറ പിറകിലോട്ട് പോയാൽ അവിടെ അഞ്ച് അംഗങ്ങൾ കാണാം. 1,1,2,3,5,8 … ഇങ്ങനെ ഫിബിനാച്ചി സീക്വൻസിൽ നമുക്ക് പിറകോട്ട് സഞ്ചരിക്കാം. ഈ ആണീച്ചകൾക്ക് ആകെ ഒരു ജോലി മാത്രമേ ഉള്ളു . ഇണചേരുക എന്നത് മാത്രം ! കൂടിന്റെ നിർമ്മാണത്തിലോ, തേനും പൂമ്പൊടിയും ശേഖരിക്കലോ ഒന്നും ഇവരുടെ വിഷയമേ അല്ല. തീറ്റത്തേൻപോലും വേലക്കാരി ഈച്ചകൾ കൊണ്ടു കൊടുക്കണം. ഇവർക്കാണെങ്കിൽ ശത്രുക്കളേയും ശല്യക്കാരേയും ഓടിക്കാൻ കുത്താനുള്ള മുള്ളും വിഷവും ഇല്ലതാനും. (എങ്കിലും, ചിലപ്പോൾ ശല്യപ്പെടുത്തിയാൽ ഇല്ലാത്ത മുള്ളുകൊണ്ട് – ഞാനിപ്പം കുത്തുമേ എന്ന ഭാവത്തിൽ അടുത്തേക്ക് വന്ന് പേടിപ്പിക്കൽ മിമിക്രി ഒക്കെ ചെയ്യാനും ഇവർക്ക് അറിയാം) സ്വന്തം കൂട്ടിലെ പുതുതായി വിരിഞ്ഞ് വളർന്ന കന്യാകുമാരികളായ ഭാവി രാജ്ഞി ഈച്ചകളോട് ഇവർ ഇണചേരില്ല. അതിന് അവസരം കിട്ടാതിരിക്കാൻ ആ ഈച്ചയും ശ്രദ്ധിക്കും. ഇണ ചേരൽ ഒരിക്കലും കൂട്ടിൽ വെച്ചല്ല താനും. തുറസായ ആകാശത്ത് വെച്ചാണ് ഇണചേരൽ മഹാമഹം നടക്കുക. അതിനാണ് ഡ്രോൺ രൂപം. ഓരോ ആണീച്ചയും ഒരേ ജനിതക ഘടനയുള്ള പത്ത് ദശലക്ഷം ബീജാണുക്കൾ നിർമ്മിക്കാൻ കഴിവുള്ളവയാണ്.കന്യാകുമാരികൾ ഇണ ചേരൽ പ്രായമെത്തുമ്പോൾ കൂട്ടിൽ നിന്നിറങ്ങി വിവാഹപൂർവയാത്ര നടത്തി നോക്കും. ഡ്രോൺ പയ്യന്മാർ സമ്മേളിച്ച സ്ഥലവും സൗകര്യവും പരിശോധിച്ച് അറിയാനാണിത്. അതിന് ശേഷം ഇണ ചേരാനായി പ്രമാദമായ നുപ്റ്റിയൽ ഫ്ലൈറ്റ് നടത്തുന്നു. നേരത്തെ നോട്ട് ചെയ്ത ആണുങ്ങളുടെ സമ്മേളന ഗ്രൗണ്ടിന് മുകളിലൂടെ ഫിറമോൺ സ്രവിപ്പിച്ച് കൊണ്ട് വശീകരണ പറക്കൽ. ക്വീൻസ് സബ്സ്റ്റൻസ് എന്ന മാദക ദ്രവ്യമാണ് അത്. അതിലെ ഓക്സി ഡിക്കിനോയിക് ആസിഡ് ഡ്രോണീച്ചകളെ ആകർഷിക്കും. വലിയ കണ്ണുകളും നല്ല കാഴ്ചയും ഉള്ള ഡ്രോൺ പയ്യന്മാർ കന്യകളെ വേഗം തിരിച്ചറിയും. പറന്ന് പോകുന്ന കന്യകയ്ക്ക് പിറകെ എല്ലാവരും വെച്ച് പിടിക്കും. ഏറ്റവും കരുത്തോടെ വേഗത്തിൽ തുരത്തി എത്തുന്ന ബലവാനുള്ളതാണ് ഇണ ചേരൽ അവസരം. പത്ത് മുതൽ നാൽപ്പത് മീറ്റർ വരെ ഉയരത്തിൽ വെച്ചാണ് ഇണചേരൽ നടക്കുക. ഇണയെ കിട്ടിയാൽ ഉടൻ ആണീച്ച മുകളിൽ നിന്ന് അതിനേ ആറുകാലുകളും ചേർത്ത് ഇറുക്കിപ്പിടിക്കും. വലിയ അളവിൽ ബീജാണുക്കളും മറ്റുസഹായക ദ്രവങ്ങളും ശേഖരിക്കാനും കൈമാറാനും പറ്റും വിധമുള്ള രൂപസംവിധാനമുള്ളതാണ് ഇവരുടെ ലൈംഗീകാവയവമായ എൻഡോഫാലസ്. ഇത് ശരീരത്തിനുള്ളിൽ ആണ് സാധാരണ ഉണ്ടാകുക എങ്കിലും ഇണ ചേരുന്ന സമയത്ത് ആണീച്ചയുടെ ശരീരത്തിനുള്ളിൽ നിറഞ്ഞിരിക്കുന്ന രക്തസമാനമായ എൻഡോലിംഫ് വലിയ അളവിൽ ഈ അവയവത്തിലേക്ക് അതി ശക്തമായി കുതിച്ച് നിറയുകയും, ഇത് അകം പുറം മറിഞ്ഞ് ശക്തിയോടെ പെണ്ണീച്ചയുടെ വിഷമുള്ളിന്റെ അടിയിലെ തുറന്ന ദ്വാരത്തിലൂടെ അകത്തേക്ക് തള്ളിക്കയറുകയും ചെയ്യും. ഇത്തരത്തിലുള്ള എൻഡോഫാലസടക്കമായുള്ള സ്ഖലന പമ്പിങ് പൊട്ടൽ ശബ്ദം നമുക്ക് ശ്രദ്ധിച്ചാൽ കേൾക്കാൻ കഴിയും. ഈ അവയവത്തിന്റെ അടി ഭാഗത്തുള്ള കൊളുത്തുകൾ ഈ സമയം പെണ്ണീച്ചയുമായി ഇറുക്കി നിർത്താൻ സഹായിക്കുകയും ചെയ്യും. എന്നാൽ അതി ശക്തവും പൂർണ്ണവുമായ സ്ഖലന വിസ്ഫോടനം ഡ്രോണിന് സ്വനിയന്ത്രണം നഷ്ടമാക്കുകയും ലിംഗാവയവഭാഗം മുറിഞ്ഞ് അറ്റ് മാറി ബോധം മറിഞ്ഞ് അത് തെറിച്ച് വീഴുകയും ചെയ്യും. അതോടെ ഡ്രോണന്റെ മരണവും സംഭവിക്കും. മൂന്നു നാല് സെക്കന്റ് മാത്രം നീളുന്ന ഹ്രസ്വഭീകര ഇണചേരലാണ് നടക്കുക. ജീവിതത്തിൽ ഒരേയൊരു ഇണചേരൽ മാത്രമേ സാധ്യമാകൂ എന്നർത്ഥം. ഇതോടെ നവരാജ്ഞിയാകേണ്ടവൾ പിന്തിരിയും എന്ന് കരുതേണ്ട. അഞ്ചു മുതൽ പത്തൊൻപത് ആണീച്ചകളുമായി വരെ ഇത്തരത്തിൽ ഇണചേർന്ന് തന്റെ ജീവിതകാലം മുഴുവനും ഇട്ടുകൂട്ടേണ്ട ആയിരക്കണക്കിന് മുട്ടകൾക്ക് വേണ്ടത്ര ബീജം തന്റെ ഉള്ളിലുള്ള സ്പെർമാത്തിക്ക എന്ന ബീജ ശേഖരണിയിൽ നിറച്ച് വെക്കലാണ് പെണ്ണീച്ചയുടെ ലക്ഷ്യം. ചിലപ്പോൾ കാലാവസ്ഥ മോശമാണെങ്കിൽ പല ദിവസങ്ങൾ വീണ്ടും വന്ന് ഇണചേർന്ന് ആവശ്യമായത്ര ബീജം ശേഖരിച്ച് അവൾ നിറയ്ക്കും. ആറു ദശലക്ഷം ബീജാണുക്കളെ ഇത്തരത്തിൽ പല ആണീച്ചകളിൽ നിന്നായി ഇത് ശേഖരിക്കുമത്രെ. പിന്നീട് വർഷങ്ങളോളം മുട്ടയിടൽ മാത്രമാണ് രാജ്ഞിയുടെ പ്രധാന തൊഴിൽ. നിരവധി ആൺ ഈച്ചകൾക്ക് ഒരു പെണ്ണീച്ചയുമായി ഇണചേർന്ന് ചാവാൻ അവസരം ലഭിക്കുന്നുണ്ടെങ്കിലും പ്രത്യുത്പാദന ശേഷിയുള്ള കന്യകയീച്ചകളുടെ എണ്ണവുമായി തട്ടിക്കുമ്പോൾ ആണുങ്ങളുടെ എണ്ണം വളരെ ഏറെയാണ്. അതിനാൽ ആയിരത്തിൽ ഒന്നിനുപോലും ജീവിതത്തിൽ ഇണചേർന്ന് ഒന്നു മരിക്കാനുള്ള ഭാഗ്യം കിട്ടണം എന്നില്ല.
ഇണചേർന്ന് ബീജസങ്കലനം വഴി മുഴുവൻ സെറ്റ് ക്രോമോസോമും അടങ്ങിയ ഇനങ്ങളാണല്ലോ പെൺ വേലക്കാരി ഈച്ചകളായി മാറുക. നേരത്തെ പറഞ്ഞ ക്വീൻസ് സബ്സ്റ്റന്റ് തന്നെയാണ് ഇവരെ അണ്ഡാശയമില്ലാത്ത, ലൈംഗീക ആഗ്രഹങ്ങളില്ലാത്ത നിർഗുണ മേലക്കാരികൾ മാത്രമായി പരിവർത്തിപ്പിക്കുന്നത്. ഷഡ്പദങ്ങളിലെ പെണ്ണുങ്ങളിൽ അണ്ഡം നിക്ഷേപിക്കാനുള്ള സംവിധാനമായ ഓവി പൊസിറ്ററുകൾ എന്ന സംവിധാനമാണ് കോളനിയെ രക്ഷിക്കാനുള്ള ആക്രമ വിഷ സഞ്ചിയുള്ള മുള്ളായി മാറിയതും രാജ്ഞിയിൽ നിന്ന് ലഭിക്കുന്ന ഈ മായിക വസ്തു കൊണ്ട് തന്നെ. അവരാണ് ഒരു തേനീച്ചക്കോളനിയിലെ ഭൂരിപക്ഷ അംഗങ്ങൾ. മുട്ടവിരിഞ്ഞ് ഇറങ്ങുന്ന കുഞ്ഞ് വെളുത്ത് മിനുത്ത നെല്ലരിരൂപികളായ ലാർവ്വക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണമാണ് അവ വെറും വേലക്കാരി ആകണോ , പ്രത്യുത്പാദന ശേഷിയുള്ള ഭാവി രാജ്ഞിമാരാകണോ എന്നത് തീരുമാനിക്കുന്നത്. വേലക്കാരി ഈച്ചകളുടെ തലയുടെ ഭാഗത്തെ ഗ്രന്ഥിയിൽ നിന്നും ഉണ്ടാകുന്ന റോയൽ ജെല്ലി എന്ന വസ്തു മാത്രം ഭക്ഷണം ആയി നൽകി വളർത്തുന്ന ലാർവ മാത്രമാണ് റാണിഈച്ചയാവുക. മറ്റുള്ളവർക്ക് കുറച്ച് ദിവസം മാത്രം റോയൽ ജെല്ലി നൽകും, പിന്നീട് പൂമ്പൊടിയും തേനും ആണ് തിന്നാൻ കൊടുക്കുക.
സീസൺ നോക്കി , സ്വാമിങ്ങ് എന്ന കൂട്ടപറക്കൽ നടത്തി, കാത്തിരിപ്പ് സമ്മേളനം നടത്തി, ഭാഗ്യം കൊണ്ട് ഒരു ഇണചേരൽ നടത്തൽ മാത്രമാണ് അച്ഛനില്ലാത്ത ഈച്ചക്കോപ്പി ആണീച്ച ഡ്രോണുകളുടെ ഏക ധർമ്മം എന്നു പറഞ്ഞ് അവരെ വെറും മടിയന്മാർ എന്ന് വിളിച്ച് കൊച്ചാക്കുന്നതും ശരിയല്ല. കൂട്ടിൽ ഒരു പണിയും ഇല്ലാതെ ഉണ്ടുറങ്ങി കഴിയുന്ന ഇവർ ചില സഹായങ്ങൾ ഒക്കെ ചില സമയം ചെയ്യും. ഏതെങ്കിലും കാരണത്താൽ കൂട്ടിനുള്ളിലെ താപ നിയന്ത്രണം പാളുന്നു എന്നുകണ്ടാൽ. അടിയന്തിരമായി മറ്റ് ഈച്ചകൾക്കൊപ്പം ഇവരും ജാഗരൂകരാകും. കൂട്ടിലെ ചൂട് വല്ലാതെ കുറഞ്ഞ് തണുപ്പ് കൂടുന്നതായി കണ്ടാൽ സ്വന്തം ശരീരം ശക്തിയിൽ ഏറെ നേരം വിറപ്പിച്ച് കൂട്ടിലെ ചൂട് കൂട്ടാൻ ഇവരും സഹായിക്കും. കൂട്ടിലെ ചൂട് കൂടിയാൽ ചിറകുകൾ അടിച്ച് കാറ്റ് ഉണ്ടാക്കി തണുപ്പിക്കാനും ഇവരും വേലക്കാരി ഈച്ചകൾക്ക് ഒപ്പം കൂടും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.