കഥ
രണ്‍ജു
“പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ എന്ന പേരില്‍ അയാള്‍ അറിയപ്പെട്ടു. ദൈവം അയാളിലൂടെ പല അത്ഭുതങ്ങളും പ്രദര്‍ശിപ്പിക്കുന്നതായി ജനങ്ങള്‍ വിശ്വസിച്ചു.”
– (ബൊക്കാച്ചിയോ, ‘ഒന്നാമത്തെ കഥ’, ഡകാമറണ്‍ കഥകള്‍)
(1)
ജീവിതം വേറെ കഥ വേറെ
നിത്യവും അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം, ആത്മാവില്‍ നിന്നുതിര്‍ന്നുവീണ പ്രകാശബിന്ദുക്കള്‍ പെറുക്കിയെടുത്ത് കൊരുത്തുണ്ടാക്കിയ പ്രാര്‍ത്ഥനയെന്നോണം അവര്‍ ഓരോരോ കഥകള്‍ പറയാന്‍ തുടങ്ങി. കോവിഡാനന്തര ലോകത്തിലെ കടുത്ത വിരസത അകറ്റാനും കഥ പറയാനും കേള്‍ക്കാനുമുള്ള കൊതി തീര്‍ക്കാനുമായിട്ടാണ് അവര്‍ അങ്ങനെ ചെയ്തത്.
പണ്ട് നാട്ടില്‍ ജീവിച്ചിരുന്ന ചെകുത്താന്‍ ജോസ് എന്നൊരു ദൈവനിഷേധിയെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് അവര്‍ പരസ്പരം പറഞ്ഞു രസിച്ചത്.
“ഇത് ചെകുത്താന്‍ ജോസിന്‍റെ ജീവിതകഥയാണോ?” വെളുത്ത മാസ്ക്കിനകത്തെ മാളത്തിലൊളിച്ചൊരുന്ന് ഒരാള്‍ ചോദിച്ചു.
“ആയിരിക്കാം, അല്ലായിരിക്കാം…”
“അതെങ്ങനെ?”
“കഥ വേറെ ജീവിതം വേറെ. കഥയിലെ ജീവിതം വെറും കഥയാണല്ലോ… ജീവിതത്തിനും മേലെ നിക്കണ കഥ!”
അതിനുശേഷം അവര്‍ കഥ പറഞ്ഞു തുടങ്ങി. അവരുടെ കഥ പറച്ചില്‍ തന്നെയൊരു കഥയായി, കല്‍പ്പനയായി മാറി.
(2)
പരീക്ഷണങ്ങളെ ഭയക്കരുത്
സത്യം പറഞ്ഞാ ഈ സത്യം എന്നു പറയുന്നതിന് വലിയ വിലയൊന്നുമില്ല ഇക്കാലത്ത്. പക്ഷേ ചെകുത്താന്‍ ജോസിന്‍റെ ചെറുപ്പകാലത്ത് അങ്ങനെയൊന്നുമായിരുന്നില്ല സ്ഥിതി.
ഒരു ദിവസം കടാമ്പുഴ പാടത്ത് ഊത്തുളി കൊണ്ട് മീന്‍ പിടിയ്ക്കുന്നവര്‍ക്കൊപ്പം അതും നോക്കി നില്‍ക്കുകയായിരുന്നു ജോസ്. ചെകുത്താന്‍ എന്നാണ് ജോസിന്‍റെ കുറ്റപ്പേര്. അവന്‍ ദൈവനിഷേധിയാണ്. ദൈവം ഇല്ല എന്ന് അന്തോണീസ് പുണ്യാളന്‍റെ വലിയ പള്ളിയിലെ മുതുക്കനച്ചനോട് കടുപ്പിച്ചു പറഞ്ഞ നിഷേധി. അവന്‍റെ മുഖത്തുനോക്കിയാണ് മുതുക്കനച്ചന്‍ ആദ്യമായി കര്‍ത്താവിനു നിരക്കാത്ത പച്ചത്തെറി വിളിച്ചത്. അതുപോലൊരു തെറി ആ ഇടവകയിലെ തല്ലുകൊള്ളികളായ അന്തോണിയും ജോണപ്പനും പോലും കേട്ടിട്ടുണ്ടായിരുന്നില്ല. അച്ചനോട് അവര്‍ക്ക് ഇത്തിരി ബഹുമാനം തോന്നാനും ആ സംഭവം കാരണമായി. ഇടവകയിലെ മഗ്ദലനമറിയങ്ങളായ ശോശക്കുട്ടിയും ലില്ലിമോളും അന്നയുമൊക്കെ അച്ചന്‍റെ കടുത്ത ആരാധകരായി മാറി. പക്ഷെ അതിന് വേറൊരു കാരണവും ഉണ്ടായിരുന്നു. അത് മറ്റൊരു കല്‍പ്പനയാണ്.
കടാമ്പുഴയുടെ ഉച്ചക്കനവുകളില്‍ വെയിലിറങ്ങാന്‍ തുടങ്ങിയിരുന്നു. അന്നേരം ആ വഴി കാക്കവെടിക്കാരന്‍ പ്രാഞ്ചി മാപ്ല വന്നു. ജോസിനെ കണ്ട പ്രാഞ്ചി മാപ്ലയ്ക്ക് കലി കയറി.
“ടാ ഇങ്ങട്ട് വാടാ ചെക്കാ… നീയാ ലാസറിന്‍റെ മോന്‍ ജോസല്ലേടാ? ദൈവല്ല്യാന്നു പറഞ്ഞു നടക്കണ പരമനാറി… ഇബ്ടെ വാടാ…,” പ്രാഞ്ചി മാപ്ല കരയ്ക്കു നിന്നു കാറിത്തുപ്പി.
ഇരുന്നിടത്തു നിന്ന് അനങ്ങാതെ ജോസ് പറഞ്ഞു: “സാത്താനേ, നീ സത്യം പറ. നീ ഉണ്ടോ ഇല്ലയോ? ഉണ്ടേല് മനുഷ്യനെ വെല്ലുന്ന അത്ഭുതം കാണിക്ക്… ദാ ഇപ്പോ ഈ കാക്കവെടി പ്രാഞ്ചി മാപ്ളേന്‍റെ തലേല് കാക്കകള്‍ തൂറട്ടെ!”
ചെക്കനാണേലും ദൈവനിഷേധിയാണേലും ജോസ് പറഞ്ഞത് ദൈവവും സാത്താനും ഒരുമിച്ച് കേട്ടതുപോലെ തോന്നി. ആകാശത്ത് എവിടെ നിന്നൊക്കെയോ കാക്കകളുടെ ഒരു കാര്‍മേഘക്കൂട്ടം നിറഞ്ഞു. അവ താഴെ കടാമ്പുഴ പാടത്തേയ്ക്ക് പ്രപഞ്ചസത്യം വെളിവായതു പോലെ കൂട്ടംകൂട്ടമായി പറന്നു ചെന്നു.
കള്ളുമൂത്ത് തലയ്ക്കു പിടിച്ച് കാലുറയ്ക്കാതെ ആടി നിന്ന പ്രാഞ്ചി മാപ്ലയുടെ തലയ്ക്കു മുകളില്‍, കോള്‍പാടത്തിന്‍റെ നെഞ്ചിന്‍തുമ്പത്ത് അവ ഒരു കറുത്ത മേല്‍ക്കൂര പണിതീര്‍ത്തു. ഒറ്റക്കണ്ണില്‍ ഉന്നംപിടിച്ച് ഒറ്റവെടിയ്ക്ക് കാക്കകളെ വെടിവെച്ചിടുന്നതില്‍ ഖ്യാതിയുള്ള പ്രാഞ്ചി മാപ്ലയുടെ തലയില്‍, ഇടിവെട്ടി പെയ്യുന്ന തുലാവര്‍ഷമായി കാക്കക്കാഷ്ഠങ്ങള്‍ ആഞ്ഞുപതിച്ചു.
നിരീശ്വരവാദിയായ ചെകുത്താന്‍ ജോസിന്‍റെ ആദ്യപരീക്ഷണത്തില്‍ സാത്താന്‍ അന്ന് വിജയിച്ചു.
(3)
അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്
സാത്താന്‍ കയറിക്കൂടിയ മനസ്സാണെങ്കിലും ചെകുത്താന്‍ ജോസ് ഒരിക്കലും നുണ പറഞ്ഞില്ല; അന്യന്‍റെ മുതല്‍ ആഗ്രഹിച്ചില്ല. അതിനെ കുറിച്ച് ഇടവകയില്‍ ഒരു കഥ പ്രചാരത്തിലുണ്ടായിരുന്നു.
ഒരിക്കല്‍ വേദേശം ക്ലാസ്സില്‍ തലചൊറിഞ്ഞ് ശ്രദ്ധിക്കാതെ കുത്തിയിരുന്ന ജോസിനോട് മുതുക്കനച്ചന്‍ ഒരു ചോദ്യമെറിഞ്ഞു പരീക്ഷിച്ചു.
“എട സാത്താന്‍റെ സന്തതിയേ, എണീറ്റു നിക്ക്… വേദേശപുസ്തകം മറിച്ചെങ്കിലും നോക്കോന്ന് നോക്കട്ടെ… പറ ഉത്തരം പറ. തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരം എന്താണ്?”
ജോസ് തലചൊറിഞ്ഞുകൊണ്ടു നിന്നു. എന്നിട്ട് തലകുനിച്ചു കൊണ്ട് ഒരു മറുചോദ്യം ചോദിച്ചു: “ഒരു പ്രത്യുത്തരം തരുമെങ്കില്‍ ഒരു ചോദ്യം ചോദിച്ചോട്ടേ?”
അതുകേട്ട് മുതുക്കനച്ചന്‍റെ മൂക്കത്ത് ശുണ്ഠി ചുവന്നു വന്നു.
“നീ വെറും ജോസല്ലെടാ, ചെകുത്താന്‍ ജോസു തന്നെ. പിള്ളേരു വിളിക്കണത് ശരിയാ…,” അച്ചന്‍ പൊട്ടിത്തെറിച്ചു.
അന്നു മുതലാണ് ചെകുത്താന്‍ എന്ന പേര് ജോസിനു സ്ഥിരമായത്.
ജോസ് പള്ളിയില്‍ അപൂര്‍വ്വമായേ പോകാറുള്ളൂ. ചെല്ലുന്ന ദിവസം എന്തെങ്കിലുമൊക്കെ അവിടെ സംഭവിച്ചിരിക്കും. അന്നത്തെ ആ ദിവസം, കുര്‍ബാന നടക്കുമ്പോള്‍ അരമനയില്‍ നിന്ന് എന്തെല്ലാമോ തട്ടലും മുട്ടലും കേട്ടു. എന്താണെന്ന് എത്തിനോക്കാന്‍ ചെന്ന ജോസിനെ ആരൊക്കെയോ ചേര്‍ന്ന് കെട്ടിയിട്ടു. കപ്യാര് ഉലഹന്നാനും അയാളുടെ കയ്യാളായ ലോനയും മകന്‍ സേവ്യറും ആയിരുന്നു അത്.
കുര്‍ബാന സമയം നോക്കി പട്ടാപ്പകല്‍ അരമനയില്‍ മോഷണം നടത്തുകയായിരുന്നു അവര്‍. ജോസ് തങ്ങളെ കണ്ടു എന്നു തോന്നിയ അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. അവര്‍ ജോസിനെ കെട്ടിയിട്ട് കൂവിയാര്‍ത്തു.
ശബ്ദം കേട്ട് കുറേപ്പേര്‍ ഓടിവന്നു. കുര്‍ബാന കഴിയും വരെ അവര്‍ ജോസിനെ ഒരു തൂണില്‍ കെട്ടിയിട്ട് ഓരോന്നും ചോദിച്ച് പീഡിപ്പിച്ചുകൊണ്ടിരുന്നു. കപ്യാരോടും കൂടി അവിടെ നില്‍ക്കാന്‍ പറഞ്ഞ് ഇടവക പ്രമാണിയായ ഫ്രാന്‍സിസ് പോലീസിനെ വിളിയ്ക്കാനൊരുങ്ങി. അന്നേരം ദൈവകൃപയാല്‍ മുതുക്കനച്ചന്‍ അവിടെ ഏന്തിവലിഞ്ഞ് നടന്നെത്തി.
“നീയെന്താടാ കട്ടേ?” അച്ചന്‍ മുരടനക്കിക്കൊണ്ട് ചോദിച്ചു.
തൊണ്ടയ്ക്ക് കനപ്പ് കാരണം അച്ചന്‍റെ ശബ്ദം ആറിത്തണുത്ത കാപ്പിയിലെ പാല്‍പ്പാട പോലെ പൊന്തിയിരുന്നു. അതില്‍ നിന്നും ‘ബ്ബ് ബ്ബ്’ എന്ന ഒരു ശബ്ദം ഇടയ്ക്കിടെ മുക്കിമൂളി വന്ന് അച്ചന്‍റെ വര്‍ത്തമാനത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു.
അന്നേരം ചെകുത്താന്‍ ജോസിനു വെളിപാടുണ്ടായി. അവനിലൂടെ സാത്താന്‍ അരുളിച്ചെയ്തു: “ഒരു കുപ്പി മുന്തിരി വൈനും വെള്ളിക്കുരിശും, നേര്‍ച്ചപ്പണത്തിന്‍റെ പങ്കും ദാ കപ്യാരുടെ കുപ്പായത്തിലും മുണ്ടിനുള്ളിലും സഞ്ചിയിലും കാണുന്നുണ്ടേ…!”
“നൊണ പറഞ്ഞാണ്ടല്ലടാ നിന്‍റെ മണ്ടത്തല പൊട്ടിത്തെറിക്കും ട്റാ…,” മുതുക്കനച്ചന്‍ കെറുവിച്ച് ഏതോ ബൈബിള്‍ വാക്യം ഓര്‍ത്തെടുക്കാന്‍ നോക്കി.
ജോസ് തിരിച്ചടിച്ചു: “എന്തൂട്ടാ അച്ചാ… ജോസ് നൊണ പറയില്ലാട്ടാ…”
പള്ളിമുറ്റത്തു കൂടിയ വിശ്വാസികളുടെ കൂട്ടം കപ്യാരെ പിടികൂടി തലകീഴായി പൊക്കി. മുണ്ടിന്‍ തലയ്ക്കല്‍ നിന്നൊരു മുന്തിരിവൈന്‍ കുപ്പി നിലത്തു വീണുപൊട്ടി. പള്ളിയങ്കണത്തില്‍ നേര്‍ച്ചപ്പണം കിലുങ്ങിത്തെറിച്ചു. അവിടമാകെ കര്‍ത്താവിന്‍റെ ചുടുരക്തം പരന്നൊഴുകി. കുറുമ്പനുറുമ്പുകള്‍ അതു നക്കി കുടിയ്ക്കാന്‍ വരി കൂടും മുമ്പ് അച്ചന്‍ കപ്യാരുടെ മുണ്ടൂരി. അടിവസ്ത്രത്തില്‍ നിന്നും ഉടുമുണ്ടില്ലാത്ത മദാമ്മമാരുടെ പടമുള്ള മാഗസിനും, സഞ്ചിയില്‍ ചുരുണ്ടുകൂടിക്കിടന്ന പത്തിന്‍റേയും ഇരുപതിന്‍റേയും നോട്ടുകളും, പൊങ്ങി നിന്ന വെള്ളിക്കുരിശും കണ്ട് അവിടെ കൂടി നിന്ന സകലമാന വിശ്വാസികളും കുരിശുവരച്ചു.
അന്നേരം ആകാശത്തു നിന്നും അശരീരിയുണ്ടായി: “കള്ളോളം വിളഞ്ഞാലും കള്ളം പറയരുത്, അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്!”
(4)
നീതിമാന് നീതി ലഭിക്കണം
ഇടവകയില്‍ കത്രീന എന്നു പേരായ സുന്ദരിയായ ഒരു യുവതി താമസിച്ചിരുന്നു. അവളുടെ കെട്ട്യോന് പള്ളിയില്‍ ഗിറ്റാര്‍ വായിക്കാന്‍ പഠിപ്പിക്കലായിരുന്നു ജോലി. അതല്ലാത്ത സമയത്ത് അയാള്‍ വീട്ടില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങി. വീട്ടില്‍ അരിയും പച്ചക്കറിയും തീര്‍ന്നപ്പോള്‍, ഒരു ദിവസം കത്രീന കെട്ട്യോനെ നല്ല ചീത്ത പറഞ്ഞു. കാതു പൊട്ടുന്ന പച്ചത്തെറി കൊണ്ട് അഭിഷേകം ചെയ്തു. കര്‍ത്താവില്‍ വിലയം പ്രാപിച്ച അയാളുടെ അമ്മയെ പോലും അവരുടെ ജനനേന്ദ്രിയത്തിന്‍റെ അശ്ലീലപ്പേര് കൂട്ടി തെറിവിളിച്ചു. ഒരു സ്ത്രീയാണെന്നോ, കെട്ട്യോന്‍ മാലാഖയെപ്പോലെ കണക്കാക്കുന്ന മാതാവ് ആണെന്നോ ഒന്നും കത്രീന കൂട്ടാക്കിയില്ല. അതില്‍ മനം നൊന്ത് അയാള്‍ നാടുംവീടും വിട്ട് എങ്ങോട്ടോ ഓടിപ്പോയി. പിന്നീട് ഒരിക്കലും അയാള്‍ ആ നാട്ടിലേക്ക് തിരികെ വന്നില്ല.
കത്രീന തന്‍റെ സാരിയൊന്നു കേറ്റിക്കുത്തി, അടിവയറിന്‍റെ സ്നിഗ്ദ്ധതയും പൊക്കിള്‍ച്ചുഴിയും പ്രദര്‍ശിപ്പിച്ച് പഞ്ചായത്ത് പൈപ്പിനരികില്‍ വെള്ളം പിടിച്ചോണ്ട് നില്‍ക്കാന്‍ തുടങ്ങി. അതിലൂടെ വെള്ളമിറക്കി പോയ പല സന്മാര്‍ഗികളും സദാചാരവാദികളും രാത്രിയാകുമ്പോള്‍ കത്രീനയുടെ വീടിന്‍റെ പിന്നാമ്പുറം നിരങ്ങി.
ചെകുത്താന്‍ ജോസ് കല്യാണപ്രായവും കഴിഞ്ഞ് മൂത്തുപൂത്ത് നില്‍ക്കണ കാലം. കത്രീനയ്ക്ക് ചെകുത്താന്‍ ജോസിനോട് ഒരു പൂതി തോന്നി. എന്നാല്‍ ജോസ് എടുപിടീന്ന് അടുക്കുന്നില്ല. കത്രീന പഠിച്ചപണി പതിനെട്ടും നോക്കി. കുശുമ്പ് മൂത്ത കത്രീന ജോസിനെ പറ്റി അപവാദങ്ങള്‍ പറഞ്ഞുപരത്താന്‍ തുടങ്ങി. ജോസ് സ്വഭാവദൂഷ്യമുള്ള ആളാണെന്നും അയാള്‍ ആരുമില്ലാത്തപ്പോള്‍ കത്രീനയെ കടന്നുപിടിയ്ക്കാന്‍ വന്നെന്നുമൊക്കെ അവള്‍ പറഞ്ഞുപരത്തി.
കേട്ടവര്‍ കേട്ടവര്‍ അതുകേട്ട് ശ്ശോന്നും പറഞ്ഞ് മൂക്കത്ത് വിരല്‍ വെച്ചു. കര്‍ത്താവിന്‍റെ കല്‍പ്പനകള്‍ തെറ്റിയ്ക്കാന്‍ നടക്കുന്ന ജോസിനെപ്പോലുള്ളവരാണ് ആണ്‍വര്‍ഗ്ഗം മുഴുവനുമെന്ന് ആയിടെ വെളിപാടുണ്ടായ പ്ലമേന വിളിച്ചു പറഞ്ഞു. അവള് ഫെമിനിസ്റ്റാണെന്ന് അയല്‍പക്കത്തെ പെണ്ണുങ്ങളുടെ ഏഷണിക്കൂട്ടം ആദ്യമേ വിധിയെഴുതി. എന്നാലും ചെകുത്താന്‍ ജോസ് എന്ന ദൈവനിഷേധിക്ക് എതിരായുള്ള പ്ലമേനയുടെ നിലപാടില്‍ അവര്‍ക്ക് അതിയായ ഉള്‍പ്പുളകമുണ്ടായി.
കത്രീനയുടെ മുലയ്ക്കു പിടിച്ച് ഞെരടിക്കൊണ്ട്, അവളുടെ ചന്തിച്ചൂടില്‍ പമ്മിക്കിടന്ന കൃഷ്ണന്‍ പോലീസിന് ചെകുത്താന്‍ ജോസിനോട് പണ്ടേ കുശുമ്പും പകയും ഉണ്ടായിരുന്നു. അയാള്‍ ജോസിനൊപ്പം ഒരേ ക്ലാസ്സില്‍ ഒരുമിച്ച് പഠിച്ചിരുന്നു. രണ്ടാം ക്ലാസ്സില്‍ വെച്ച് മായ്ക്കണ റബ്ബറ് ചോദിച്ചപ്പോ ജോസ് കൊടുത്തില്ലായിരുന്നത്രേ. മാത്രവുമല്ല, കുഞ്ഞിലേ മുതല്‍ ദൈവനിഷേധിയായിരുന്നെങ്കിലും ജോസ് ഒരൊറ്റ ക്ലാസ്സിലും തോല്‍ക്കാതെയാണ് പഠിച്ചത്. ഏഴില്‍ തോറ്റ് ജോസിനു പിന്നിലായിപ്പോയ കൃഷ്ണന്, ജോസിനെ തോല്‍പ്പിക്കാന്‍ കിട്ടിയ ഒരു അവസരം ആയിരുന്നു അത്.
“നീയ്യ് ഒരു പരാതിയങ്ങട് എഴുതി താ… കൂട്ടിയാകൂടോന്ന് ഞാനൊന്ന് നോക്കട്ടെ!” കൃഷ്ണന്‍ പോലീസിന്‍റെ കുണ്ഡലിനീനാളിയിലൂടെ പകയുടെ പുകച്ചുരുള്‍ പാഞ്ഞു.
പരാതി കിട്ടിയതും ജോസിന്‍റെ വീട്ടിലേക്ക് സംഘം ചേര്‍ന്ന് പോലീസ് പാഞ്ഞെത്തി. അന്ന് കൂര്‍ത്ത തൊപ്പിയും മുട്ടിനു മുകളില് നില്‍ക്കണ ട്രൌസറുമാണ് പോലീസുകാരുടെ വേഷം.
വെളുപ്പിന് ഇടിച്ചുപൊടിച്ച് കള്ളന്മാരെ പൊക്കാനെന്നോണം പോലീസ് എത്തിയപ്പോള്‍ ജോസ് എണീറ്റിട്ട് പുറത്തുള്ള കക്കൂസില്‍ തൂറാനിരിക്കുകയായിരുന്നു.
തട്ടുംമുട്ടും കേട്ട് വാതില്‍ തുറന്ന ജോസിന്‍റെ അമ്മ മേരിയോട് കൃഷ്ണന്‍ പോലീസ് തട്ടിക്കയറി: “എവിട്ഡ്രീ നെന്‍റെ മോന്‍ ജോസ്?”
പോലീസിനെ കണ്ട പരിഭവത്തില്‍ ഒന്നു ഞെട്ടിയെങ്കിലും, അതു പുറത്തുകാണിക്കാതെ അവര്‍ ജോസിനെ വിളിച്ചു. വെട്ടുകല്ലില്‍ തീര്‍ത്ത കക്കൂസില്‍ ധ്യാനനിരതനായി എന്തോ ചിന്തയിലാണ്ട് ഇരിക്കുകയായിരുന്നു ജോസ്. അമ്മയുടെ വിളിയില്‍ അയാള്‍ ഉണര്‍ന്നു.
“എന്തൂട്ട്ണ്?” അയാള്‍ വിളി കേട്ടു.
“അവന്‍ ദാണ്ടെ കക്കൂസില്ണ്.. എന്തൂട്ടാ കാര്യം…?” മേരി ആരാഞ്ഞു.
“അവന്‍റൊരു കക്കൂസ്… വെളിപ്പിനാണോടാ തൂറുന്നേ?!” എന്നും ചോദിച്ച് പുറംവശത്തേയ്ക്ക് പാഞ്ഞു ചെന്ന് കക്കൂസിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ചതേ കൃഷ്ണന്‍ പോലീസിന് ഓര്‍മ്മയുള്ളൂ. അകത്ത് കര്‍ത്താവിനെപ്പോലെ കുന്തിച്ചിരുന്ന സാത്താനെ കണ്ട് ബോധംകെട്ടു വീണ കൃഷ്ണന്‍ പോലീസിന് പത്തുനാള്‍ കഴിഞ്ഞാണ് ‘ബോധോദയ’മുണ്ടായത്.
അന്നു വെളുപ്പിനു തന്നെ, കത്രീനയുടെ സ്വപ്നത്തിലും സാത്താന്‍ കര്‍ത്താവായി പ്രത്യക്ഷപ്പെട്ടു. കള്ളപ്പരാതി പിന്‍വലിച്ച കത്രീനയ്ക്ക് പിന്നീട് ജ്ഞാനോദയപ്രാപ്തിയുണ്ടായി.
സാത്താന്‍ അരുളിച്ചെയ്തു: “ശത്രുവിനെ കെണിയിലാക്കാനായി പോലും നുണ പറഞ്ഞു പരത്തുന്നതാണ് വ്യഭിചാരം. നീതിമാന് നീതി ലഭിക്കാത്ത ലോകം വ്യഭിചാരികളാല്‍ നിറഞ്ഞിരിക്കുന്നു!”
അതിനുശേഷം കത്രീന ധ്യാനംകൂടുകയും ജീവിക്കാനായി വ്യഭിചരിച്ചു പോന്നത് നിര്‍ത്തുകയും ചെയ്തു. ശരീരം കൊണ്ടുള്ള വ്യഭിചാരത്തേക്കാള്‍ എത്രയോ ഹീനമാണ് മനസ്സുകൊണ്ടുള്ള വ്യഭിചാരം എന്ന് അവള്‍ ഇടവകയിലെ കുഞ്ഞാടുകളെ പിന്നീട് ഉദ്ബോധിപ്പിക്കുകയും ചെയ്തു പോന്നു.
(5)
കാരുണ്യപ്രവൃത്തിയാണ് നന്മ
ആദ്യമായാണ് ഇടവകയില്‍ ഒരാള്‍ എയിഡ്സ് ബാധിച്ച് മരിക്കുന്നത്. ലോറിക്കാരന്‍ ജേക്കബ്ബ്. കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച്, ആ ദൈവീകപാതയില്‍ ചരിച്ച ജേക്കബ്ബിന് എങ്ങിനെയാണ് എയിഡ്സ് രോഗം പിടിപെട്ടതെന്ന് ആളുകള്‍ അമ്പരന്നു.
അയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. ജേക്കബ്ബിന്‍റെ മരണത്തിനു ശേഷം ഇടവകക്കാര്‍ അവരെ വല്ലാതെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു. ത്രേസ്യ എന്നായിരുന്നു അയാളുടെ ഭാര്യയുടെ പേര്. അവളും എയിഡ്സ് ബാധിച്ച് ഉടന്‍ മരിയ്ക്കും എന്ന് എല്ലാവരും കരുതി. ആരും അവരെ അടുപ്പിച്ചില്ല. അവര് പട്ടിണി കിടന്ന് മരിയ്ക്കും എന്ന അവസ്ഥ വന്നു. എന്നിട്ടും കര്‍ത്താവിനെ വെഞ്ചെരിച്ച് പ്രാര്‍ത്ഥിക്കുന്ന ഇടവകക്കാര്‍ തിരിഞ്ഞു നോക്കിയില്ല.
ഒരു ദിവസം, മുട്ടുകേട്ട് ത്രേസ്യ വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഒരു സഞ്ചി നിറയെ വീട്ടിലേക്കുള്ള സാധനങ്ങളുമായി ചെകുത്താന്‍ ജോസ് നില്‍ക്കുന്നു. അതു വാങ്ങി അകത്തു വെയ്ക്കുമ്പോള്‍ ചെകുത്താനില്‍ അവര്‍ സാക്ഷാല്‍ കര്‍ത്താവിനെ ദര്‍ശിച്ചു.
അന്നു വൈകീട്ട് ‘സ്വര്‍ഗസ്ഥനായ പിതാവേ’ ചൊല്ലി ഉള്ളുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ചെകുത്താന്‍ ജോസ് നിറഞ്ഞു നിന്നു.
(6)
പാപം ചെയ്യാത്തവരും കല്ലെറിയരുത്
ഇടവകയില്‍ സുന്ദരനും സുമുഖനും പരിഷ്ക്കാരിയുമായ പുതിയ ഒരച്ചന്‍ വന്നു. അച്ചനെ കണ്ട് ഇടവകയിലെ ചില തരുണീമണികള്‍ തരളിതരായി.
“കര്‍ത്താവിന്‍റെ കല്‍പ്പന തെറ്റിക്കരുത്. നിങ്ങളാരും വ്യഭിചരിക്കരുത്… ആമേന്‍!”
കുര്‍ബാന വെളിപാടായി അച്ചന്‍ അതുപറഞ്ഞപ്പോള്‍ പെണ്ണുങ്ങളുടെ കൂട്ടത്തിലെ മൂന്നുതലകള്‍ വല്ലാതെ ഇളകി. അവര്‍ ശോശക്കുട്ടിയും ലില്ലിയും അന്നയുമായിരുന്നു. ഇടവകയില്‍ അവറ്റകള്‍ മൂന്നിനുമാണ് ഇളക്കം കൂടുതല്‍. കുര്‍ബാന സമയത്ത് കണ്ണിറുക്കി കാണിച്ചും ചുണ്ടിറുക്കി കടിച്ചും, കുമ്പസാരക്കൂടില്‍ ഇല്ലാത്ത ഇക്കിളികഥകള്‍ ഉണ്ടാക്കി പറഞ്ഞും അവര്‍ യുവാവായ അച്ചനെ പരീക്ഷിച്ചുകൊണ്ടിരുന്നു.
“അച്ചോ, പാപം ചെയ്യാത്തവര്‍ക്ക് കല്ലെറിയാന്‍ ആരാണ് അധികാരം കൊടുത്തത്? അത് തെറ്റല്ലേ? കല്ലെറിയുന്നതേ തെറ്റല്ലേ?” വേദേശ ക്ലാസ്സ് കഴിഞ്ഞ് അരമനയിലേക്ക് നടക്കുന്നതിനിടെ ശോശക്കുട്ടി അച്ചനു പിന്നാലെ ഓടിച്ചെന്നു ചോദിച്ചു.
അച്ചന്‍ അവളെ ശാസനാഭാവത്തില്‍ തറപ്പിച്ചു നോക്കി.
“അല്ലച്ചോ ഇത് ഞങ്ങള് മൂന്നാള്‍ടേം സംശയാ…,” ശോശക്കുട്ടി അതു പറഞ്ഞൊന്നു തിരിഞ്ഞപ്പോള്‍ വിരിഞ്ഞു വിടര്‍ന്നു നിറഞ്ഞു നിന്ന ബോഗേന്‍വില്ല പൂക്കളുടെ മറവില്‍ അന്നയും ലില്ലിയും നിന്നു തിരിഞ്ഞു കളിച്ചു.
അടിതൊട്ടു മുടിവരെ അവരെയൊന്നു നോക്കി, ശോശക്കുട്ടിയെ അടുത്തു വിളിച്ചു അച്ചന്‍ പറഞ്ഞു: “നിങ്ങള് മൂന്നാള്‍ടേം കുര്‍ബാന സമയത്തുള്ള കുശുകുശുക്കലും നോട്ടോം കാണണുണ്ട്. തിരുസഭയുടെ പ്രമാണങ്ങള്‍ മറക്കരുത്!”
ബോഗേന്‍വില്ലയില്‍ നിന്നും പൂക്കള്‍ പറിച്ച് ഒരു ഉപഹാരമാക്കി പിടിച്ച് അവര്‍ അച്ചനെ വളഞ്ഞു. പ്രണയാതുരമായ ഒരു മന്ദഹാസം ആ കവിളുകളില്‍ വിരിഞ്ഞു.
“അച്ചോ, അച്ചന് അതറിയാന്‍ മേലാഞ്ഞിട്ടാ… അച്ചന്‍റെ ഗ്ലാമറ് ഈ ഇടവകയില് ആര്‍ക്കാ ഇള്ളേ!”
ഒരു ദിവസം അച്ചന്‍ ഇല്ലാത്ത സമയം നോക്കി, മുവരും അരമനയില്‍ നൂണ്ടുകയറി. എന്നിട്ട് അച്ചനെ പരീക്ഷിക്കാനായി ഉടുതുണിയെല്ലാം പറിച്ചെറിഞ്ഞ് പുതപ്പു മൂടി കാത്തിരുന്നു. അച്ചന്‍ വന്നു കയറിയതും, അവര്‍ പൂര്‍ണ്ണനഗ്നരായി പുതപ്പില്‍ നിന്നും പുറത്തു വന്നു. അവരുടെ കൈനിറയെ ചുവന്ന റോസാപ്പൂക്കളുണ്ടായിരുന്നു.
അതിനുശേഷം രാത്രികളിലൊന്നും അച്ചന് ഉറക്കം വന്നില്ല. അച്ചന്‍റെ മനസ്സു നിറയെ ആ മൂന്നു പേരും നഗ്നരായി ഉഴറി നടന്നു. പാപബോധത്തില്‍ നീറിപ്പുകഞ്ഞ്, ഒരു കത്തെഴുതി വെച്ച് അച്ചന്‍ ആ ഇടവകയും നാടും വിട്ടുപോയി.
കത്തുവായിച്ച് ഇടവകക്കാര്‍ മൂന്നുപെണ്ണുങ്ങളേയും വിളിച്ചു ശാസിച്ചു. അവര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് മുതുക്കനച്ചനെ വിളിച്ച് പറയാന്‍ തീരുമാനിച്ചു. അവര്‍ക്ക് എന്തു ശിക്ഷ കൊടുക്കണമെന്ന് അപ്പോള്‍ അവിടെ ഒരു തര്‍ക്കം നടന്നു.
ഒരാള്‍ പറഞ്ഞു: “പാപം ചെയ്യാത്ത നമുക്ക് ഇവരെ കല്ലെറിഞ്ഞു കൊല്ലാം!”
വേറൊരാള്‍ പറഞ്ഞു: “നമുക്കിവരെ തല മുണ്ഡനം ചെയ്ത് നാടുകടത്താം.”
അവരങ്ങനെ തര്‍ക്കിച്ചു നില്‍ക്കവെ, ചെകുത്താന്‍ ജോസ് അതുവഴി വന്നു. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അയാള്‍ അവരോട് പറഞ്ഞു: “കര്‍ത്താവിന്‍റെ നഗ്നശരീരവും രക്തവും അപ്പവും വീഞ്ഞുമായി കഴിക്കണ അച്ചന്‍ പെണ്‍ശരീരത്തെ എന്തിന് ഭയക്കണം? ദൈവദാസനായ അച്ചനു മുന്നിലെത്തുന്ന എല്ലാവരും പിറന്നുവീണ വെറും കുഞ്ഞുങ്ങളല്ലേ! സാത്താനില്ലാത്ത പേടി ശരീരത്തോട് കര്‍ത്താവിനുണ്ടാകുമോ?”
“ദൈവനിഷേധിയായ നീയാണ്ടാ ഞങ്ങളെ വേദം പഠിപ്പിക്കണേ?” ഇടവകക്കാര്‍ ചെകുത്താനെയെന്നോണം ജോസിനെ നോക്കി.
“പാപം ചെയ്യാത്തവരും കല്ലെറിയരുത്. വെറുതെ കല്ലെറിഞ്ഞു രസിക്കാനുള്ള കല്‍ശരീരങ്ങളല്ല മനുഷ്യര്‍!”
ദൈവനിഷേധിയെങ്കിലും ചെകുത്താന്‍ ജോസില്‍ ദൈവീകമായ ഒരു ചൈതന്യം നിറഞ്ഞു നില്‍ക്കുന്നതായി ഇടവകക്കാര്‍ക്ക് തോന്നി.
ജോസ് അരുളിചെയ്തതു കേട്ട്, യുവതികള്‍ മൂവരും നിലത്ത് മുട്ടുകുത്തി നിന്ന് അലറിക്കരഞ്ഞു. ഒടുവില്‍, ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യം ഒത്തുതീര്‍ക്കാന്‍ മുതുക്കനച്ചന്‍ കല്‍പ്പിച്ച് പറഞ്ഞയച്ചതനുസരിച്ച് പ്രശ്നം പരിഹരിച്ചു.
അതിനുശേഷം, ഇടവകയിലേക്ക് മടങ്ങിവന്ന അച്ചന്‍ അവിടെ കുറേക്കാലം സേവനമനുഷ്ടിച്ചു.
(7)
ധീരരെ സാത്താനും പരീക്ഷിക്കും
വലുതായപ്പോള്‍ ചെകുത്താന്‍ ജോസ് ഒരു കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായിത്തീര്‍ന്നു. അതില്‍ അസ്കിത പൂണ്ട ചിലരാണ് ഒരിക്കല്‍ കള്ളക്കേസില്‍ പെടുത്തി കുടുക്കാന്‍ നോക്കിയത്. സാത്താന്‍റെ കൃപയാല്‍ ജോസ് അതില്‍ നിന്നും രക്ഷപ്പെട്ടു. എങ്കിലും നാട്ടിലെ പ്രമാണിയായ ഡേവിഡ് മുതലാളിയുടെ കണ്ണിലെ കരടായി മാറി ചെകുത്താന്‍ ജോസ്. ജോസിനെ പൂട്ടാന്‍ തന്നെ ഡേവിഡ് മുതലാളി തീരുമാനിച്ചുറച്ചു. ജോസിന്‍റെ ദൈവനിഷേധസ്വഭാവവും കമ്യൂണിസ്റ്റ് ഹുങ്കുമാണ് അതിനു കാരണമായി പറഞ്ഞത്. മുതലാളിയുടെ ശിങ്കിടികള്‍ക്കും അത് ബോധിച്ചു.
ദൈവത്തെ നിഷേധിച്ചാലും നാട്ടിലെ മുതലാളിമാരെ മാനിക്കണം എന്നത് ഒരു പ്രാപഞ്ചികസത്യം ആണെന്നും അക്കാര്യം ജോസ് മറന്നുവെന്നും ഡേവിഡ് മുതലാളി തറപ്പിച്ചു പറഞ്ഞു. നാട്ടില്‍ ബെന്‍സ് കാറും കപ്പലു പോലത്തെ വീടുമുള്ള ഏക മുതലാളിയാണ് ഡേവിഡ്. ചെകുത്താന്‍ ജോസിനെ പൂട്ടാന്‍ മുതലാളി മലപ്പുറത്തു നിന്നും ഗുണ്ടകളെയിറക്കി. ഹിക്മത്ത് സുയിപ്പാക്കണ സുജായികള് ജിന്നുകളായി ജിമ്മും കാട്ടി നാട്ടിലെത്തി. അതില്‍ നാനാജാതിമതസ്ഥരുണ്ടായിരുന്നു.
കാസിനോ ഹോട്ടലീന്ന് കോഴി ബിരിയാണിയും കഴിച്ചു വന്ന് മുറ്റിച്ചൂക്കാരന്‍റെ ഡേവീസണ്‍ ടാക്കീസില്‍ മാറ്റിനി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജോസ്. വെള്ളിത്തിരയില്‍ കോളിളക്കം സിനിമ. ജയന്‍ ഹെലികോപ്ടറില്‍ തൂങ്ങി നില്‍ക്കുന്ന ഉദ്വേകജനകമായ അവസാനരംഗത്തില്‍ മുഴുകി ഇരിക്കുമ്പോഴാണ് കഴുത്തില്‍ തണുത്ത ഒരു സ്പര്‍ശം ജോസ് തിരിച്ചറിഞ്ഞത്. അപകടം മണത്ത ജോസ്, തിരിഞ്ഞുപോലും നോക്കാതെ തന്‍റെ കഴുത്തില്‍ പതിഞ്ഞ കൈകളില്‍ കത്തിരപൂട്ടിട്ടു പൂട്ടി. മങ്ങിയ വെള്ളത്തിരശീലയില്‍ പതിഞ്ഞ ബൈക്ക് റേസും ഹെലികോപ്ടര്‍ സ്റ്റണ്ടും കാണണോ, അതോ ടാക്കീസില്‍ പൊട്ടിയ അടി കാണണോ എന്ന സംശയത്തിലായി കാണികള്‍.
അടിയുടെ ഇടയില്‍ പെട്ടെന്ന് സിനിമ നിന്നു. ബാല്‍ക്കണിയ്ക്കു മുകളില്‍ സിനിമായന്ത്രം തിരിയ്ക്കുന്ന മുറിയില്‍ നിന്നും പുറത്തേക്ക് തലയിട്ട് മുറ്റിച്ചൂക്കാരന്‍ അന്തോണി മാപ്ല വിളിച്ചു പറഞ്ഞു: “ഡാ ശവ്യോളേ, ഒന്നുങ്കി അടി, ഇല്ലേങ്കി സിനിമ. ഹെലികോപ്ടറീന്ന് വീണ് ജയന്‍ ചത്തു. സിനിമേം തീര്‍ന്ന്‍… പോയേരെടാ എണീറ്റ്…”
ഇന്നേവരെ മുറ്റിച്ചൂക്കാരന്‍ അന്തോണിയോട് ആരും മുട്ടാന്‍ ധൈര്യം കാണിച്ചിട്ടില്ല. അയാള്‍ പറഞ്ഞ സിനിമാക്കഥ കേട്ട് തരിച്ച് ആളുകള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. ആ തക്കത്തില് ജോസ് പുറത്തേക്കോടി. ചന്തയിലേക്ക് ഓടിക്കയറിയ ജോസിനു പിന്നാലെ മലപ്പുറം കത്തിയുമായി മൂന്നാല് സുജായികളും കുതിച്ചു.
ചന്തയിലെ ചുവന്ന ചരല്‍ക്കല്ലുകളില്‍ വീണ് ജോസിന്‍റെ കാലും കയ്യും പൊട്ടി ചോരയൊലിച്ചു. പിടഞ്ഞെണീക്കാന്‍ നോക്കിയ ജോസിന്‍റെ നെഞ്ചിന്‍കൂടിനരികിലൂടെ മൂര്‍ച്ചയുള്ളൊരു മുരള്‍ച്ചയായി മലപ്പുറം കത്തി പാളിപ്പോയി. ജോസിന്‍റെ കാതില്‍ മരണത്തിന്‍റെ മൂളക്കം കേട്ടു. അതയാളെ സ്തംബ്ധനാക്കി. ആ നിമിഷത്തില്‍ അയാള്‍ തളര്‍ന്നു പോയേനെ. എന്നാല്‍ അപ്പോള്‍, ദൂരെയേതോ സൂഫീലോകത്തു നിന്നെന്ന പോലെ ഡേവീസണ്‍ ടാക്കീസില്‍ നിന്നും ഫസ്റ്റ് ഷോയ്ക്കുള്ള പാട്ടുയര്‍ന്നു.
“രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍…”
അതുകേട്ട് അവിടെയുള്ളവരെല്ലാം വല്ലാത്തൊരു അനുഭൂതിയില്‍ ലയിച്ചു. രതികാമനകള്‍ക്കും മരണത്തിനും ഇടയിലുള്ള വല്ലാത്തൊരു ചന്തപ്പോരായി ജീവിതം ഒരു ഇറച്ചിക്കടയ്ക്കരികില്‍ തൂങ്ങി നിന്നു.
ചാടിയെണീറ്റ് മണ്ണുപറ്റിയ ദേഹത്തു നിന്നും വിയര്‍പ്പ് തുടച്ച്, അടിയും വെട്ടും തടുക്കാന്‍ ഒരുങ്ങി ചെകുത്താന്‍ ജോസ് സജ്ജനായി.
അന്നേരം, മഴമേഘങ്ങളില്‍ നിന്നും വേര്‍പെട്ട് ഭൂമിയിലേക്ക് മഴയായി ജീവന്‍ ഒലിച്ചിറങ്ങുന്നതു പോലെ അനേകം വാങ്കു വിളികള്‍ ചുറ്റിലെമ്പാടുമുയര്‍ന്നു. രതിയുടെ മോഹക്കനവില്‍ നിന്നും പ്രാര്‍ത്ഥനയുടെ ആത്മീയനിറവിലേക്ക് അവിടെക്കൂടിയവരെല്ലാം ഉണര്‍ന്നെണീറ്റു. സിനിമാപാട്ടില്‍ നിന്നും പിടഞ്ഞെണീറ്റ് കത്തിയെല്ലാം താഴെയിട്ട് സുജായികള്‍ മനുഷ്യമജ്ജയില്‍ തീര്‍ത്ത പള്ളിമിനാരങ്ങളായി. അവര്‍ ജോസിനെ നമസ്കരിച്ചു.
“അസ്ലാമു അലൈക്കും!” അവരിലൊരാള്‍ ജോസിനോട് പറഞ്ഞു.
“വലൈക്കും അസലാം!” ജോസ് തിരിച്ചും പറഞ്ഞു.
“ഇന്നിനി പോരില്ല. മരണം ഒഴിഞ്ഞു പോയിരിക്കുന്നു!” അയാളതു പറഞ്ഞപ്പോള്‍, ജോസ് ഒരു ദീര്‍ഘശ്വാസമെടുത്തു.
ഗുണ്ടകളായിരുന്നെങ്കിലും അവര്‍ നെറിയുള്ളവരായിരുന്നു. ചന്തയില്‍ നിന്നും ഓരോ കിലോ പോത്തിറച്ചിയും വാങ്ങി തിരിച്ചു പോണപോക്കില്‍ അവര്‍ ഡേവിഡ് മുതലാളിയെ കണ്ട്, വാങ്ങിയ പണം തിരികെ കൊടുത്തു.
“ഡാ ജോസേ, ഇതെന്തൂട്ടാ മറിമായം,” എന്നു ചോദിച്ചവരോടെല്ലാം ജോസ് ഒരു കാര്യം മാത്രം പറഞ്ഞു.
“ഈ സിനിമാപാട്ടെന്നു പറഞ്ഞാ അത് വെട്ടുപോത്തിന്‍റെ കാതിലോതിയ വേദമാണ്ടാ. അതിന്‍റെ ശക്തി അതിനന്നെ അറിഞ്ഞൂടാ…”
“അപ്പോ വാങ്കോ?”
ആദിയായ ഒരു മൌനം ആധുനികവും ആധുനികോത്തരവുമായി ചെകുത്താന്‍ ജോസില്‍ നിറഞ്ഞു. എട്ടുംപൊട്ടും തിരിയാത്ത മനുഷ്യനായി, ആകാശത്തേക്കൊന്ന് പാളിനോക്കി, വെറുമൊരു നിരീശ്വരവാദിയായി അയാള്‍ മിണ്ടാട്ടംമുട്ടി നിന്നു.
(8)
പ്രതീക്ഷയില്‍ പ്രതീക്ഷയര്‍പ്പിക്കുക
ഇടവകയില്‍ സ്ത്രൈണത മുറ്റിയ ഒരു സുന്ദരന്‍ ആണ്‍കുട്ടി ജനിച്ചു വീണു. അവന് യേശുദാസന്‍ എന്ന് വീട്ടുകാര്‍ പേരിട്ടു. കടുത്ത ദൈവഭക്തനായിരുന്നെങ്കിലും അവന്‍റെ ബാല്യവും കൌമാരവും ക്ലേശം നിറഞ്ഞതായിരുന്നു. കുട്ടികളെല്ലാം അവനെ കളിയാക്കി, പുച്ഛിച്ചു. വീട്ടുകാരും നാട്ടുകാരും അവനെ ഓര്‍ത്ത് ദു:ഖിച്ചു. ഇവനൊരു ആണായി എങ്ങനെ ജീവിയ്ക്കും എന്നവര്‍ ആശങ്കപ്പെട്ടു.
ഒരു ദിവസം അവന്‍ വീട്ടുകാര്‍ക്കു മുന്നില്‍ ഒരു വലിയ പ്രഖ്യാപനം നടത്തി: “ആണായി ജനിച്ചെങ്കിലും ഞാന്‍ ശരിക്കും ഒരു പെണ്ണാണ്. എനിക്കെന്നെത്തന്നെ വീണ്ടെടുക്കണം!”
അവന്‍ തന്‍റെ അമ്മയുടെ പഴയ സാരിയെടുത്തണിയാനും പൊട്ടുകുത്തി കമ്മലണിഞ്ഞ് ചമഞ്ഞൊരുങ്ങി നടക്കാനും തുടങ്ങി. അതൊക്കെ കണ്ടും കേട്ടും ഇടവകയിലുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചു. നാണക്കേടു കൊണ്ട് തലയുയര്‍ത്തി നടക്കാന്‍ പറ്റാതായ വീട്ടുകാര്‍ അവനെ കൊന്നുകളയാന്‍ തീരുമാനിച്ചു. അതനുസരിച്ച്, ഒരുദിവസം ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ അവനെ ശ്വാസം മുട്ടിച്ച് കൊന്നു. മരിച്ചെന്നു കരുതി അടുത്തുള്ള ശ്മശാനത്തില്‍ അവര്‍ ആ ശരീരം കൊണ്ടിട്ടു.
കുറുനരികളും വിഷസര്‍പ്പങ്ങളും രാത്രിസഞ്ചാരം നടത്തുന്ന അവിടം ചെകുത്താന്‍ ജോസിന്‍റെ സാഹസിക ശാസ്ത്രപരീക്ഷണങ്ങളുടേയും അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജന യുക്തിവാദപ്രവര്‍ത്തനങ്ങളുടേയും പരീക്ഷണശാല കൂടിയായിരുന്നു. ഭൂതപ്രേതാദികളൊന്നും ഇല്ല എന്നു തെളിയിക്കാനായി പ്രേതസഞ്ചാരമുണ്ടെന്ന് നാട്ടുകാര്‍ പറയുന്ന ആ ശ്മശാനത്തില്‍ ഒരു രാത്രി മുഴുവന്‍ കിടന്നുറങ്ങി, എല്ലും മുടിയും മജ്ജയും മാംസവുമടക്കം ജീവനോടെ തിരികെ വന്ന മഹാനാണ് ചെകുത്താന്‍ ജോസ്.
രാത്രിയില്‍ എല്ലു കത്തിയുണ്ടാകുന്ന വെളിച്ചത്തില്‍ കരിനാഗങ്ങള്‍ നൃത്തം വയ്ക്കാറുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്ന ആ ശ്മശാനഭൂമിയില്‍ എന്തോ അജ്ഞാതയുക്തിയിലെന്നോണം അന്നു രാത്രി വന്നെത്തിയ ജോസ് ആദ്യമൊന്നു ശരിക്കും ഞെട്ടിവിറച്ചു. കല്ലറയ്ക്കു മുകളില്‍ പടം പൊഴിച്ചു കിടന്ന സര്‍പ്പമായി യേശുദാസന്‍ ഞരങ്ങി. അവനെ കയ്യില്‍ കോരിയെടുത്ത്, ഉള്ളിലേക്ക് ശക്തിയായി ശ്വാസം വലിച്ചെടുത്ത് അതവന്‍റെ പാതി തുറന്ന വായിലൂടെ ജോസ് ഊതിക്കയറ്റി. ശ്വാസം ഉള്ളില്‍ ചെന്നപ്പോള്‍ യേശുദാസന്‍ കണ്ണുതുറന്നു.
കടംവാങ്ങിയ കാശുമായി ബെങ്കളൂരുവിലേക്ക് നാടുവിട്ടുപോയ യേശുദാസന്‍ പിന്നീട് മാരിയ എന്ന പേര് സ്വീകരിച്ച് അറിയപ്പെടുന്ന നര്‍ത്തകിയായി. സിനിമയിലും തലകാണിച്ച് പേരായപ്പോള്‍ വീട്ടുകാര്‍ക്ക് വല്ലാത്ത പശ്ചാത്താപം തോന്നി. വിവരമെല്ലാമറിഞ്ഞ് ചെകുത്താന്‍ ജോസ് അവര്‍ക്കൊരു ഐഡിയ പറഞ്ഞു കൊടുത്തു.
അപ്രാവശ്യം ക്രിസ്മസിന് നാട്ടില്‍ മാരിയയുടെ സിനിമാറ്റിക് നൃത്തം അരങ്ങേറി. പരിപാടി കഴിഞ്ഞപ്പോള്‍ അവള്‍ ഒരു കാര്യം ചെകുത്താന്‍ ജോസിനോട് ആവശ്യപ്പെട്ടു. അതനുസരിച്ച്, സ്വന്തം ജീവിതം തിരിച്ചു പിടിച്ച ആ പഴയ ശ്മശാനത്തിലേക്ക് അവളെ ജോസ് കൂട്ടിക്കൊണ്ടുപോയി.
ശ്മശാനത്തിനു മുന്നില്‍ അവള്‍ തലകുനിച്ചു പ്രാര്‍ത്ഥനാനിര്‍ഭരയായി നിന്നപ്പോള്‍, ഇരുട്ടില്‍ നാഗങ്ങള്‍ ഫണം വിടര്‍ത്തി നൃത്തം വെച്ചു. കടുത്ത നിരീശ്വരവാദിയും സര്‍വ്വോപരി യുക്തിവാദിയുമായ ചെകുത്താന്‍ ജോസ് പോലും അതുകണ്ട് അത്ഭുതപരതന്ത്രനായി നിന്നുപോയി.
(9)
മണമുള്ള പൂവിന്‍റെ മധുവാണ് ജീവിതം
ഉച്ചകഴിഞ്ഞാല്‍ കടാമ്പുഴ പാലത്തിനരികില്‍ പാടവരമ്പത്ത് ഒരു ബീഡിയും കത്തിച്ച് ജോസ് കുത്തിയിരിക്കും. ഇടയ്ക്കൊന്നു മയങ്ങും. ഉച്ചമയക്കത്തില്‍ അയാളെന്നും ജീവിയെ സ്വപ്നം കണ്ടു. ജീവി എന്നാണ് ചെകുത്താന്‍ ജോസ് തന്‍റെ പ്രിയതമയായ ലളിതയെ വിളിച്ചിരുന്നത്. ജന്തുവേ എന്നു സ്നേഹപൂര്‍വ്വം ലളിതയും തിരിച്ചു വിളിച്ചു.
മഹാത്മാ മൈതാനിയ്ക്കടുത്ത്, പാര്‍ട്ടി ഓഫീസില്‍ നിന്നുമിറങ്ങി വായനശാലയിലേക്ക് തിരിയുന്നിടത്തു വച്ചാണ് ചെകുത്താന്‍ ജോസ് ലളിതയെ ആദ്യമായി കാണുന്നത്. കറുകറുത്ത് കൊലുന്നനെയുള്ളൊരു സുന്ദരിക്കോത. ഒറ്റനോട്ടത്തില്‍ തന്നെ പെണ്ണും പിടക്കോഴിയും വേണ്ടെന്ന് വാശിപിടിച്ചു നടന്നിരുന്ന ജോസിന്‍റെ മനം ആ സൌന്ദര്യത്തിനു മുന്നില്‍ അടിയറവ് പറഞ്ഞു.
മാംസനിബദ്ധമല്ലാത്തൊരു ആദ്യാനുരാഗം ഈ ഭൂലോകത്ത് ഇതുവരെ പൊട്ടിമുളച്ചിട്ടില്ല. മനുഷ്യന്‍ ആത്മാവു കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് ഉപദേശികളെപ്പോലെ കവലയില്‍ നിരീശ്വരവാദം പ്രസംഗിച്ചു നടന്ന ജോസിന്‍റെ മനസ്സില്‍ ഒരു പ്രണയത്തേന്‍കനി പൊട്ടിവിരിഞ്ഞു. ലളിതയോടുള്ള പ്രണയം തുറന്നു പറയാന്‍ ജോസിനു മടിയും പേടിയുമൊന്നും തോന്നിയില്ല. നാട്ടാരെന്തു പറയുമെന്ന്‍ അയാളൊരിക്കലും ചിന്തിച്ചു ഖേദിച്ചില്ല.
ആണ്ടവര്‍ തിയ്യറ്ററിന്‍റെ ഇറക്കത്ത്, ആരുമില്ലാത്ത നേരത്ത് ജോസ് അവള്‍ക്കൊരു പ്രണയലേഖനം കൈമാറി. ദൈവം സഹായിച്ച് ലളിതയും ഒരു കടുത്ത നിരീശ്വരവാദിയായിരുന്നു. നാട്ടിലെ പാരമ്പര്യവൈദ്യനായ കറുപ്പന്‍ വൈദ്യരുടെ മൂത്തമകള്‍. ജോസിനെ പരിചയപ്പെട്ടതിനു ശേഷം നാട്ടുകാര്‍ പറഞ്ഞുനടക്കുന്ന പോലെയല്ല, ഒരു നല്ല മനുഷ്യനും കറകളഞ്ഞ കമ്യൂണിസ്റ്റുമാണ് അയാളെന്ന് ലളിതയ്ക്ക് മനസ്സിലായി.
“ജാതിയാണോ മതമാണോ മുഖ്യം? നിരീശ്വരവാദിയുടെ ജാതിയെന്താണ്?” ജോസിനെ പരീക്ഷിക്കാനായി ലളിത ചോദിച്ചു.
“ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്…,” സഹോദരന്‍ അയ്യപ്പനെ അനുസ്മരിച്ച് ജോസ് ഈണത്തില്‍ ചൊല്ലിയപ്പോള്‍, ആ നിമിഷം ലളിത അയാളുടെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു.
വീട്ടുകാരെ ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് അവര്‍ സന്തോഷത്തോടെ ജീവിച്ചു.
“അപ്പോള്‍ മിശ്രവിവാഹിതരുടെ കുഞ്ഞുങ്ങളോ? അവര്‍ക്ക് ജാതിയും മതവും ഉണ്ടാകുമോ?” ലളിതയുടെ ചോദ്യങ്ങള്‍ അവസാനിച്ചില്ല.
ജോസ് പറഞ്ഞു: “ഇല്ല!”
ലളിത തിരുത്തി: “ഉണ്ടാകും. ജാതിയും മതവുമുള്ള ലോകത്ത് ആരും അതില്‍ നിന്നും മുക്തരാകില്ല. ഇല്ലെന്നു നടിച്ചാലും ജോസിനും ലളിതയ്ക്കും ഇടയിലും അതുണ്ടല്ലോ. അതറിഞ്ഞു കൊണ്ടു വേണം ജീവിക്കാനും അതിനെ ചെറുക്കാനും!”
അവര്‍ തമ്മിലുള്ള ആ തര്‍ക്കം അവരിലും, പിന്നീട് അവര്‍ക്കുണ്ടായ മക്കളിലുമൊക്കെയായി തുടര്‍ന്നു പോന്നു.
വഴക്കു കൂടി പിണങ്ങി ഇരിക്കുമ്പോള്‍ ജോസ് സ്നേഹത്തോടെ വിളിക്കും: “ജീവീ…”
“എന്താ ജന്തൂ…,” ലളിത വിളികേള്‍ക്കും.
“ജന്തുവേ, ജീവിതം ഒരു പൂ പോലെയാണ്…,” ലളിത ഒരു ചിന്ത പങ്കു വച്ചു.
“ന്‍റെ ജീവീ, മണമുള്ള പൂവിന്‍റെ മധുവാണ് ജീവിതം!” ജോസ് അതൊന്നു പൊലിപ്പിച്ചു.
അവരങ്ങനെ ജീവിയും ജന്തുവുമായി പിണങ്ങിയും ഇണങ്ങിയും തര്‍ക്കിച്ചും കുറേക്കാലം ജീവിച്ചു.
(10)
ആമയോളം താഴുക, ആനയോളം വളരുക
മരണക്കിടക്കയില്‍ ചെകുത്താന്‍ ജോസ് ഒരു ആമയെ സ്വപ്നം കണ്ടു. വീടിനടുത്തുള്ള അങ്ങാടിക്കുളത്തിലാണ് ആ ആമ വസിച്ചിരുന്നത്. ജോസിനോളം തന്നെയോ അതിലേറെയോ പ്രായമുണ്ടായിരുന്നു ആമയ്ക്ക്. ശരിയ്ക്കും പറഞ്ഞാല്‍ ഒരു കുഞ്ഞ് ആമയായിരുന്ന കാലത്ത്, ജോസ് ജനിച്ചു വീഴുന്നതു കണ്ട ഒരു സഹജീവി കൂടിയാണത്.
കോനിക്കര ഇറക്കത്തുള്ള അങ്ങാടിക്കുളത്തിലാണ് നാട്ടിലെ നാനാജാതിമതസ്ഥര്‍ തുണി അലക്കാനായി പോയിരുന്നത്. ജോസിനെ ഗര്‍ഭത്തില്‍ പേറിയാണ് മേരി അലക്കാനിറങ്ങിയത്. രണ്ടാമത്തെ തുണി പിഴിഞ്ഞെടുത്തപ്പോള്‍ അടിവയറ്റില്‍ നിന്നും ഒരു അള്ളിപ്പിടിയ്ക്കുന്ന വേദന ഹൃദയത്തിലേക്ക് പിടച്ചു കയറി. അതില്‍ നനഞ്ഞ് പായലു പിടിച്ച കുളക്കടവില്‍ മേരി ചന്തിക്കുത്തിയിരുന്നു.
അടുത്ത് അലക്കിക്കൊണ്ടിരുന്ന വയറ്റാട്ടി എച്ചമ്മുവിന്‍റെ കയ്യിലേക്ക് പിറന്നു വീഴുമ്പോള്‍ ചെകുത്താന്‍ ജോസിന്‍റെ കുഞ്ഞിക്കണ്ണുകള്‍ ജലപ്പരപ്പില്‍ നിന്നും പാതിയുയര്‍ന്നു പൊന്തിവന്ന് തന്നെ നോക്കിക്കൊണ്ടിരുന്ന ഒരു കുഞ്ഞാമയില്‍ പതിഞ്ഞു. വളര്‍ന്നിട്ടും അങ്ങാടിക്കുളത്തിലേക്ക് ആ ആമയെത്തേടി ചെകുത്താന്‍ ജോസ് എന്നും പോകുമായിരുന്നു.
ചെകുത്താന്‍ ജോസും ആമയും തമ്മിലുള്ള ആത്മബന്ധം ആര്‍ക്കും മനസ്സിലായില്ല. ലളിത പോലും അതുപറഞ്ഞ് ജോസിനെ കളിയാക്കുമായിരുന്നു.
അന്ത്യകാലത്ത്, “ചെയ്ത പാപങ്ങളും ദൈവനിഷേധവും എറ്റുപറഞ്ഞ് കുമ്പസരിക്കാന്‍ അവസാനമായി ആഗ്രഹമുണ്ടോ?” എന്ന്, ദൈവഭക്തനായ അയല്‍ക്കാരന്‍ കുഞ്ഞവറാച്ചന്‍ ചെകുത്താന്‍ ജോസിന്‍റെ മരണക്കിടക്കയ്ക്കരികില്‍ കുനിഞ്ഞിരുന്ന് മന:പൂര്‍വ്വം ചെവിയില്‍ കുത്തിക്കുത്തി ചോദിച്ചു. ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ചെകുത്താന്‍ ജോസ് തന്‍റെ അന്ത്യാഭിലാഷം തുറന്നു പറഞ്ഞു.
“അങ്ങാടിക്കുളത്തിലെ ആമയെ ഒരു നോക്കു കാണണം!”
ആമയ്ക്കും ദൈവീകമായ ഉള്‍വിളി കിട്ടിയിരുന്നു. അങ്ങാടിക്കുളത്തില്‍ നിന്നും മന്ദംമന്ദം നടന്നു കയറി, അന്നു രാത്രി തന്നെ ചെകുത്താന്‍ ജോസിന്‍റെ ജനാലക്കല് ആമ വന്നെത്തി നോക്കി. ഉറക്കത്തില്‍ ജോസ് അതറിഞ്ഞു, ഒരു നോക്കു കണ്ട് നിര്‍വൃതിയടഞ്ഞു. ഒരു തുള്ളി കണ്ണുനീര്‍ അയാളുടെ കണ്‍കോണില്‍ പൊടിഞ്ഞു. അടുത്തദിവസത്തെ പ്രഭാതം കാണാനായി അയാള്‍ ജീവിച്ചിരുന്നില്ല. അതിനടുത്ത ദിവസം ഹൃദയംപൊട്ടി ലളിതയും ജീവന്‍ വെടിഞ്ഞു.
ഒരു വലിയ ആനപ്പുറത്താണ് അവരുടെ ആത്മാക്കള്‍ മനുഷ്യാഹന്തകളൊട്ടുമില്ലാത്ത പരലോകത്തേക്ക് സഞ്ചരിച്ചത്. ജീവിച്ചിരുന്നെങ്കില്‍ ചെകുത്താന്‍ ജോസ് ഇതുകേട്ട് പൊട്ടിപ്പൊട്ടി ചിരിച്ചേനെ. എന്നിട്ട് പറയും: “ഡ്റാ, ഈ സ്വര്‍ഗ്ഗം നരകം എന്നൊക്കെ പറേണത് മനുഷന്മാര് നെയ്തുകൂട്ടണ ഓരോരോ സ്വപ്നങ്ങളാ… യുക്തിപൂര്‍വ്വം ചിന്തിച്ചാ ആ സ്വപ്നം ജീവിക്കാനുള്ള മണ്ണാണ്ട്റാ ഭൂമി. സഹജീവ്യോളെ വണങ്ങി നല്ല പോല്യങ്ങ്ട് ജീവിച്ച് മരിക്ക്യാ… അതാണ്ട്റക്യാ ജീവന്‍റെ സത്യം!”
ചെകുത്താന്‍ ജോസിന്‍റെ മനസ്സറിവ് ഇന്നേവരേയ്ക്കും ഇടവകക്കാര്‍ക്ക് ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. എന്നാല്‍, കോനിക്കര ഇറക്കത്തെ അങ്ങാടിക്കുളത്തിലെ ആമ മാത്രം അത് തിരിച്ചറിഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയില്‍ ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ ആ ആമ പിന്നെയും വര്‍ഷങ്ങളോളം ജീവിച്ചു. മരിക്കുന്നതു വരെ ആമ തന്‍റെ പിന്‍തലമുറകളോട് ചെകുത്താന്‍ ജോസ് എന്ന ദൈവനിഷേധിയായ കമ്യൂണിസ്റ്റുകാരന്‍റെ കഥ ആവര്‍ത്തിച്ച് പറഞ്ഞുകൊടുത്തു.
…
തൃശ്ശൂര്‍ സ്വദേശിയായ രണ്‍ജു മലയാളത്തിലും ഇംഗ്ലീഷിലും കഥകള്‍ എഴുതുന്നു.
‘ലെനിന്‍’ (ട്രൂകോപ്പി വെബ്സീന്‍)
‘പാകിസ്താന്‍’, ‘പച്ചക്കുതിര’ (മാധ്യമം),
‘ഒരു അപസര്‍പ്പക കഥ’ (മൂല്യശ്രുതി),
‘കാഫ്ക’ (IEമലയാളം),
‘അര്‍ദ്ധനാരീശ്വരന്‍’, ‘റോസ് മേരീ ഞാന്‍ നിന്നെ പ്രണയിക്കുന്നു’ (ആത്മ ഓണ്‍ലൈന്‍),
‘Two Spectators’ (Lothlorein Poetry Journal),
‘Taj Mahal’, ‘A Muddy Night’s Dream’ (Literary Vibes),
‘The Separation’ (Friday Flash Fiction),
‘Stories of Death and Desire’ (Delhi Sketches)
എന്നിവ അടുത്തിടെ പ്രസിദ്ധീകരിച്ച ചില കഥകളാണ്.
തിരക്കഥ കണ്‍സല്‍ട്ടന്‍റും രചയിതാവുമാണ്.
2018-ല്‍ ചാള്‍സ് വാലസ് ഫെല്ലോഷിപ്പ് ലഭിച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.