വിവർത്തനം : സനൽ ഹരിദാസ്
ഏറ്റവും ഇരുണ്ട ഒരു ഏപ്രിൽ രാത്രി
ഓരോ മനുഷ്യനുമൊടുവിൽ കുരുങ്ങുകയും
തകരുകയും ചെയ്യുന്നു
ഓരോ കുഴിമാടങ്ങളും തയ്യാറാകുന്നു
ഓരോ കഴുകനും കൊല്ലപ്പെടുന്നു
ഒപ്പം സ്നേഹവും സൗഭാഗ്യവും
കവിതകൾ ഒടുങ്ങിക്കഴിഞ്ഞു,
തൊണ്ട വരണ്ടിരിക്കുന്നു.
ഇതിന് അന്ത്യകൂദാശകൾ ഉണ്ടായിരിക്കുമെന്ന്
ഞാൻ കരുതുന്നില്ല
കാരണങ്ങളും കണ്ണീരുമുണ്ടാകുമെന്നും
വേദനയാണ് യജമാനൻ
നിശബ്ദമായ വേദന
എന്റെ കവിതകളുടെ തൊണ്ടക്കുഴികൾ
വരണ്ടിരിക്കുന്നു
ഒരിക്കലും നിറവുണ്ടാകാത്ത ഒരു പ്രദേശമുണ്ട് ഹൃദയത്തിൽ
ഒരു ഒഴിവ്
ഏറ്റവും നല്ല നിമിഷങ്ങളിലും
മഹത്തരമായ നേരങ്ങളിലും പോലും
നമ്മളത് തിരിച്ചറിയും.
എന്നത്തേക്കാളും നന്നായി നാമതറിയും
ഒരിക്കലും നിറവുണ്ടാകാത്ത ഒരു പ്രദേശമുണ്ട് ഹൃദയത്തിൽ
പിന്നെയും പിന്നെയും നമ്മൾ കാത്തിരിക്കും
ആ ഒഴിവിടത്തിൽ
ഇനി ഒരിക്കലും നിന്നെ ഞാൻ കാണുകയില്ലെങ്കിൽ
എക്കാലത്തേക്കുമായി നിന്നെ ഞാൻ കാത്തു വക്കും
അകമേയും
പുറമേയും
എന്റെ വിരൽത്തുമ്പുകളിലും
മസ്തിഷ്ക്കത്തിന്റെ മുനമ്പുകളിലും
പിന്നെ ഒത്തനടുവിലും
എന്തായി ഞാനവശേഷിക്കുന്നുവോ
അതിന്റെ ഒത്തനടുവിൽ