മൗനസംഗീതം…

0
383
poovachal-khader-gireesh-varma

ഗിരീഷ് വർമ്മ ബാലുശ്ശേരി

1973 ൽ കാറ്റുവിതച്ചവൻ എന്ന ചലച്ചിത്രത്തിലൂടെ പാട്ടെഴുതി വന്ന എഴുത്തുകാരനാണ് ശ്രീ പൂവച്ചൽ ഖാദർ . വയലാർ യുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഇദ്ദേഹത്തിന്റെ വരവ്. കാറ്റുവിതച്ചവനിലെ നീയെന്റെ പ്രാർത്ഥന കേട്ടു എന്ന ഒരു വേറിട്ട ശബ്ദവും കേട്ടു . മേരി ഷൈല എന്ന ഗായിക. പിന്നീട് ചുഴിയിലെ ഹൃദയത്തിൽ നിറയുന്ന മിഴിനീരാലെൻ എന്ന ജാനകിയുടെ ശബ്ദത്തിലും കേട്ടു നമ്മൾ. എന്നാൽ പൂവച്ചൽ ഖാദർ എന്ന എഴുത്തുകാരനെ ശ്രോതാക്കൾ തേടി പോയത് ഉത്സവം എന്ന ഐ വി ശശി ചിത്രത്തിലെ ഗാനങ്ങളിലൂടെ ആണ്. 1975 ൽ സിനിമയിലെ ഒരു പുതുയുഗപ്പിറവിയായി വന്ന ഉത്സവത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. എ ടി ഉമ്മർ വരികൾക്ക് വശ്യതയാർന്നൊരു സംഗീതം നൽകി. ആദ്യസമാഗമഃ ലജ്ജയിലാതിരാ താരകം കണ്ണടക്കുമ്പോൾ എന്ന വരികൾക്ക് ചേർന്ന ശാന്തമായ സംഗീതം. സ്വയംവരത്തിനു പന്തലൊരുക്കി നമുക്ക് നീലാകാശം എന്ന ഗാനവും ഒരിളം തണുപ്പോടെ മനസ്സിലേക്ക് ഇടം നേടിയ ഗാനങ്ങളാണ്. അതിലെ തന്നെ കരിമ്പുകൊണ്ടൊരു നയമ്പുമായി എന്ന മാധുരിയുടെ സൂപ്പർഹിറ്റ് എന്ന് ഞാൻ വിശേഷിപ്പിക്കുന്ന ഗാനവും ഉണ്ട്.. അപ്പോഴേക്കും വയലാർ എന്ന സൂര്യൻ അസ്തമിച്ചിരുന്നു. ശരിക്കും മലയാള സിനിമയാകെ ഇരുണ്ടു. അതിന്റെ നഷ്ടം അന്ന് തൊട്ടിന്നുവരെ മലയാള സിനിമയെ വിട്ടുപോയിട്ടില്ല. ഗാനങ്ങളുടെ ആ സുവർണ്ണകാലം തീരുകയായിരുന്നു. എങ്കിലും ഇടയ്ക്കിടെ ചില പ്രതിഭകൾ നമ്മെ വിളിച്ചുണർത്താനെത്തും . അവയിൽ വല്ലപ്പോഴും ചില നല്ല ഗാനങ്ങളുമായി ശ്രീ പൂവച്ചലും..

മൗനത്തിന് ഒരു കവിതാഭാഷ്യം നിർമ്മിച്ച കവി. ദുഖത്തിലലിഞ്ഞു ചേരുന്ന മൗനത്തിന്റെ ഭാവങ്ങളെ എത്ര ഭംഗിയിൽ അദ്ദേഹം വരച്ചുവെച്ചു. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ഗാനശാഖ വീണ്ടും പൂവിടാനൊരുങ്ങിയ കാലം..മൗനമേ നിറയും മൗനമേ എന്ന തകരയിലെ ജാനകി പാടിയ ഗാനത്തിന് പുരസ്കാരങ്ങളും ശ്രീ ഖാദറിന് ലഭിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലങ്ങളോളം നിറയെ ഗാനങ്ങളുമായി പൂവച്ചൽ യുഗം തന്നെ ഉണ്ടായി. ശ്രദ്ധിക്കപ്പെട്ട കുറച്ചു ഗാനങ്ങൾ പറയാം.

ചൂളയിലെ സിന്ദൂരസന്ധ്യക്കു മൗനം…

കായലും കയറും എന്നതിലെ ശരറാന്തൽ തിരി താണു … ചിത്തിരത്തോണിയിൽ അക്കരെപോകാൻ…

തുറമുഖത്തിലെ ഒരു പ്രേമലേഖനമെഴുതി മായ്ക്കും…

പതിനാലാം രാവിലെ അഹദോന്റെ തിരുനാമം…

എന്നിവയിലൂടെ യാത്ര തുടരുമ്പോൾ വീണ്ടും ഒരു ബ്രേക്ക് വരുന്നു..

ചാമരം എന്ന ചലച്ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ … ജാനകിയുടെ കൊഞ്ചലിലൂടെ പ്രണയിനിയുടെ ദാഹങ്ങൾ അടങ്ങിയ മധുരഭാഷ്യങ്ങൾ അതീവഹൃദ്യമായിരുന്നു.. ഒരു സ്റ്റേറ്റ് അവാർഡ് കൂടി അദ്ദേഹം കൊണ്ടുവന്നു..

സത്യത്തിൽ പിന്നീട് സിനിമകൾ അനവധി കിട്ടിയിട്ടുണ്ടെങ്കിലും ഇതേ പോലെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല. സിനിമകളിൽ പാട്ടിന്റെ ആവശ്യം തന്നെ ഇല്ലാതായ കാലങ്ങൾ. സിനിമയിൽ പാട്ടു വന്നാൽ ബാത്‌റൂമിൽ പോകാൻ പുറത്തിറങ്ങുന്ന പ്രേക്ഷകരുടെ കാലം. അതിന്റെ കാരണം മികച്ച ഗാനങ്ങൾ ഇല്ലാതിരുന്ന എന്നത് തന്നെയായിരുന്നു. സംഗീതത്തിലും മികവ് പുലരാത്ത കുറെയേറെ ഗാനങ്ങൾ. എങ്കിലും ഇതിനിടയിലും പൂവച്ചൽ ഖാദറിന്റെ സംഭാവന എന്ന നിലയിൽ ചിലവ ഇന്നും ശ്രോതാക്കളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്…

ഇതാ ഒരു ധിക്കാരിയിലെ എന്റെ ജന്മം നീയെടുത്തു…

കരിമ്പൂച്ചയിലെ നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ് ..

ആ രാത്രിയിലെ കിളിയെ കിളിയെ …

കയം എന്നതിലെ കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ…

പിന്നെയും ഒരു നാഴികക്കല്ല് . പാളങ്ങൾ സിനിമയിലെ ഏതോ ജൻമകല്പനയിൽ എന്ന വാണിജയറാം ഗാനം വീണ്ടും നമ്മുടെ മനസ്സിനെ തരളിതമാക്കി . ജോൺസൺ എന്ന സംഗീത സംവിധായകന്റെ പിറവി ആയിരുന്നു അത് ..

മൊഴിമാറ്റ സിനിമയായ പ്രേമാഭിഷേകത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

വന്ദനം എൻ വന്ദനം …

വാഴ്‌വേമായം …

ദേവീ ശ്രീദേവി …

നീലവാന ചോലയിൽ എന്നതൊക്കെ എൺപത്തിന്റെ തുടക്കത്തിലേ ഹിറ്റുകളായിരുന്നു..

രഘുകുമാർ , ജോൺസൺ, രവീന്ദ്രൻ ശ്യാം തുടങ്ങിയവരൊക്കെ ഉദയം ചെയ്യുമ്പോൾ വ്യത്യസ്ത രീതിയിലുള്ള പാട്ടുകളും ജനിക്കുന്നു.

ധീരയിലെ മെല്ലെ നീ മെല്ലെ വരൂ…

പൊൻതൂവലിലെ കണ്ണാ ഗുരുവായൂരപ്പാ ..

താളവട്ടത്തിലെ കൂട്ടിൽ നിന്നും..കളഭം ചാർത്തും..പൊൻവീണേ …

എന്നിവ രഘുകുമാറിന്റെ സംഭാവനകളാണ്…

ബെൽറ്റ്‌മത്തായിലെ രാജീവം വിടരും നിൻ മിഴികൾ …

മഴനിലാവിലെ ഋതുമതിയായ് തെളിവാനം..

ആട്ടകലാശത്തിലെ മലരും കിളിയും ഒരു കുടുംബം … നാണമാവുന്നു..

തമ്മിൽ തമ്മിലിലെ ഇത്തിരി നാണം പെണ്ണിൻ കവിളില്…

എന്ന രവീന്ദ്രൻ സംഗീതവും നമ്മൾ കേട്ടു .

ഒരു കുടക്കീഴില് അനുരാഗിണീ ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ ..

ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ …

എന്ന ജോൺസൻ ഈണവും പൂവച്ചൽ ഖാദറിന്റെ വരികൾക്ക് നിറച്ചാർത്ത് നൽകി…

ശരിക്കും പാട്ടിന്റെ നിലവാരം കുറഞ്ഞ കാലഘട്ടത്തിൽ ഇത്രയും മികച്ചതെങ്കിലും നമുക്ക് തരാൻ ശ്രീ പൂവച്ചൽ ഖാദറിന് കഴിഞ്ഞു…

അദ്ദേഹത്തെ നന്ദിയോടെ എന്നുമോർമ്മിക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here