രാധാകൃഷ്ണൻ പെരുമ്പള
കുട്ടിക്കാലത്ത് വീട്ടിൽ
അച്ഛമ്മ ചക്ക മുറിക്കുമ്പോൾ
ഞങ്ങൾ ചെറു മക്കളൊക്കെ
ചുറ്റും കൂടും.
ചക്ക വലിയൊരു സംഭവമാണെന്ന്
ആർക്കാണറിയാത്തത് !
വാറാക്കി മുറിച്ചു തൊല്ലാനുള്ള
വരിക്കയിലല്ല
പഴഞ്ചക്കയിലാണ്
അതിന്റെ സമഗ്രത
ദർശിക്കാനാവുക:
മൂക്കു മാറ്റി നിവർത്തിയാൽ
എണ്ണമില്ലാത്തത്രയും കുട്ടിച്ചൂളകൾ
സ്കൂളിൽ അസംബ്ലിക്ക്
ജനഗണമന പാടാൻ
അണിനിരന്നതുപോലെ തോന്നും.
എന്റെ എട്ടു ബി യും
അനിയത്തിയുടെ അഞ്ചു എ യും
അതിനും ഇളയവളുടെ ഒന്ന് സി യും
പ്രത്യേകം കാണാനാവും.
ഓരോ ക്‌ളാസ്സിനെയും അച്ഛമ്മ
കുറുക്കുട്ടിയുടെ വട്ടയിലകളിലാക്കി
ഞങ്ങളുടെ കൂടെ കളിക്കാൻ വിടും.
ഞങ്ങൾ അതുമായി
വരാന്തയുടെ ഓരോ മൂലയിലിരുന്നു
വിഴുങ്ങിക്കളിക്കും.
പഴഞ്ചക്കയിൽ വിശ്വസിക്കാത്ത ഏട്ടൻ
കോളേജിൽ നിന്ന് കൊണ്ടു വന്ന
ഖസ്സാക്കിന്റെ ഇതിഹാസവും വായിച്ചു
ചാഞ്ഞിരിക്കുന്നുണ്ടാവും.
അച്ഛൻ പട്ടച്ചാരായമടിച്ച്
ഒരു കൊട്ട മീനും തൂക്കി
ആടിയാടി വരുന്നതും കാത്ത്,
അമ്മ അകത്തു മുളകരക്കുന്നുണ്ടാകും.
ബേനൂരിൽ ഞങ്ങളുടെ പറമ്പിൽ
ചക്ക തീർന്നാൽ
വാരിക്കാട്ടു നിന്നു കൊണ്ടു വരണം
അവിടെ അമ്മമ്മയുണ്ട്.
അമ്മമ്മയുടെ വീട്ടുവളപ്പിൽ
ഒട്ടേറെ പ്ലാവുകളുണ്ട്,
പലതരം സ്വാദുള്ള
വലുതും ചെറുതുമായ ചക്കകൾ.
അമ്മവീട്ടിൽ നിന്ന് ചക്കയെടുക്കാൻ
ആദ്യമൊക്കെ ഞാനും ഏട്ടനും
ഒന്നിച്ചു പോയി.
ഏട്ടൻ കോളേജിൽ ചേർന്നതോടെ
അത് എന്റെ മാത്രം പണിയായി.
അമ്മമ്മ തോട്ടിക്കു കത്തി കെട്ടി
ചക്ക പറിച്ചിടും.
അത് പിന്നെ കവുങ്ങിൻ പാളയിൽ കെട്ടി
തലയിൽ വച്ച് തരും.
വലിയ ചക്കയാണെങ്കിൽ ഒന്ന്
ചെറിയതാണെങ്കിൽ
രണ്ടോ മൂന്നോ
ഒന്നിലധികമുണ്ടെങ്കിൽ
പാളയിൽവച്ച്
മുറിയാത്ത വള്ളി കൊണ്ട്
മുറുക്കി കെട്ടിത്തരും.

അതും തലയിൽ വെച്ച്
വയൽ വരമ്പിലൂടെ
തോട്ടിൻ കരയിലൂടെ
കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ
പിന്നെ മൺ റോഡിലൂടെ
നടക്കാനുള്ളതാണ്.
കവുങ്ങിൻ പാള വെച്ചില്ലെങ്കിൽ
ചക്കയുടെ കരുൾ കൊണ്ട്
തല വേദനിക്കും.
കെട്ടു ശരിയായില്ലെങ്കിൽ
ചക്ക തോട്ടിലോ റോട്ടിലോ
വീണു പോവും.
ചക്ക തലയിൽ വെച്ച്
യാത്രയാക്കുന്നതിനു മുമ്പായി
അമ്മമ്മ അരിച്ചട്ടിണി, ഉണ്ട
അവിൽ എന്നിങ്ങനെ
അതീവ രുചികരമായ
ഏതെങ്കിലും പലഹാരം
എന്നെക്കൊണ്ട്
വയറു നിറയെ കഴിപ്പിക്കും.
എനിക്ക് ചക്കയും പൊറുത്ത്
കുറെ നടക്കാനുള്ളതാണല്ലോ
വിശന്നു ക്ഷീണമുണ്ടാകാൻ പാടില്ലല്ലോ .
അങ്ങനെ പാളയിൽ കെട്ടിയ
ചക്കയും പൊറുത്ത് ഞാൻ
പെരുമ്പള വയൽ വരമ്പിലൂടെ
തോട്ടിൻ കരയിലൂടെ
കവുങ്ങിൻ തോട്ടത്തിനിടയിലൂടെ
നടന്നു നീങ്ങും.
തോട്ടിൻ കരയിലൂടെ നടക്കുമ്പോൾ
കിഴക്കേക്കരയിലും
പടിഞ്ഞാറേക്കരയിലുമുള്ള
വീടുകളിലെ മുറ്റത്തോ പറമ്പിലോ
എന്റെ സ്‌കൂളിൽ പഠിക്കുന്ന
ആൺകുട്ടികളോ പെൺകുട്ടികളോ കളിക്കുന്നുണ്ടാകും.
അവരിൽ ചിലരൊക്കെ
എന്നെ നോക്കി ചിരി തൂകും,
കൈവീശും .
ഞാനും തിരികെ ചിരിച്ചു കാണിക്കും.
പക്ഷെ തലയിലെ
ചക്കയെ പിടിച്ചിരിക്കുന്ന
എനിക്കു തിരിച്ചു കൈ വീശാനാവില്ല.
വീടുകളിൽ നിന്ന് ഓരോ സ്ത്രീകൾ
ഇറങ്ങി വന്ന് അമ്മയ്ക്ക് സുഖമല്ലേ
അച്ഛമ്മയ്ക്കു സുഖമല്ലേ
എന്നൊക്കെ ചോദിക്കാൻ തുടങ്ങും
അവരോടൊക്കെ അതെ അതെ എന്ന്
മറുപടി പറഞ്ഞു കൊണ്ട്
ഞാൻ ചക്കയുടെ ഭാരം മറന്നു നടക്കും.

…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.