സജിത എ വി
ഫ്രോക്കിന്റെ പിറകിൽ
ഒളിപ്പിച്ചു വച്ച കൈയിലേക്ക്
അവരെനിക്ക് രണ്ടുറുപ്പിക വച്ചു തന്നു.
അമ്മമ്മയുടെ മുഖത്തേക്ക്
സന്ദേഹത്തോടെ നോക്കി നിന്ന
എന്റെ കൈ മുറുകെ പിടിച്ചു.
‘പോയി മുട്ടായി വാങ്ങിക്കോ’
ഉള്ളം കൈ തുറന്നപ്പോൾ
വാടിയ വെറ്റിലയുടെ മണം.
ചൂണ്ടു വിരൽ കൊണ്ട് നൂറു വാരി
കുറച്ച് അടക്കാ കഷ്ണവുമിട്ട്
വെറ്റിലയുടെ ഒരറ്റം പൊട്ടിച്ച്
കോണോടു മടക്കി
അച്ഛാഛൻ അവർക്കു കൊടുക്കും.
ഒന്ന് വായിലിട്ട് മിച്ചം വന്നവ
മടിക്കുത്തിൽ കെട്ടിവെക്കും.
അന്നുതൊട്ടേ
ചുണ്ടു മുറുക്കിചോപ്പിച്ച
പെണ്ണുങ്ങളോടെനിക്ക്
ആരാധനയായിരുന്നു.
കല്യാണേട്ടിയോടും.
ഒരുമധ്യ വേനലവധിക്ക്
കാഞ്ഞങ്ങാട്ടേക്ക് വണ്ടി കയറി.
വീടിന്റെ ഒവ്വടത്തു നിന്നും
നോക്കിയാൽ കാണേണ്ട വീടാണ്
മനുഷ്യർ മനുഷ്യരെ മറച്ചിരുന്നു.
അവരെ കണ്ടില്ല
പഴേ എന്നെയും.
തറുത്തു വച്ച വെറ്റില മുറുക്കി
ചുണ്ടു ചോപ്പിക്കണമെന്നു തോന്നി.
മനുഷ്യരെ പറ്റി ഓർക്കുമ്പോ,
ഓർക്കും അവരെയും.
…
നൂറ്- ചുണ്ണാമ്പ്
ഒവ്വടം – ഇറയം
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.