രഗില സജി
വേരുകളായിരുന്നവ മുറിഞ്ഞ്,
വിരലുകളായി കുറുകിയതിനാൽ മാത്രം
ചലിക്കാനാവുന്ന വൃക്ഷങ്ങളാണു നാം.
*
ചെടി
എന്നെപ്പറ്റി
ഒരു കവിതയെഴുതുകയാണ്.
കവിതയുടെ ഒടുക്കം
ഞാൻ പൂവിട്ടുനിന്നു.
ചെടി എന്റെ ചെരിപ്പിനകത്ത്
വലിപ്പക്കൂടുതലുള്ള കാല്
ഇറുക്കിപ്പിടിച്ചിരിക്കുന്നുണ്ട്.
*
വിത്ത് മുളക്കുന്നതിന്റെ,
പ്രാവ് അടയിരിക്കുന്നതിന്റെ,
ചെടി പൂക്കന്നതിന്റെ,
ഒച്ചിഴച്ചിലിന്റെ,
മേഘസഞ്ചാരത്തിന്റെ,
മുയലിണക്കത്തിന്റെ,
പൂച്ച മെരുക്കത്തിന്റെ,
പക്ഷികൾ തൂവലിറുത്തിടുന്നതിന്റെ
നേർത്ത കൂർത്ത ഒച്ചകൾ കേട്ടിട്ടുണ്ടോ?
ഉടുപ്പുകളെല്ലാമഴിച്ച്
മണ്ണിൽ ചെവി ചേർത്ത്
പൊക്കിളമർത്തി കിടന്ന് നോക്കൂ
മഴവില്ല് വിരിയുന്നതിന്റെ വരെ കേൾക്കാം
ഇത്ര മേലാനന്ദിപ്പിക്കുന്ന ഒച്ചകൾ.
*
ഉണങ്ങിയ മരത്തിനകത്ത്
കടന്നു കൂടിയ ഒരു പ്രാണി
സകല വാതിലുകളുമടച്ച
വീടിനകത്തെ ബോധത്തെപ്പോലെ
ഈച്ചയാർക്കലാവുന്നു.
ഒഴുക്ക് വെള്ളത്തിന്റെ
ഒച്ചയെ മണ്ണിൽച്ചേർന്ന് കേൾക്കുന്നു
പച്ചയായിരുന്ന കാലത്തെ
മണത്തെടുക്കുന്നു.
കിളികളുടെ
ആവാസത്തിന്റെ തൂവലുകൊണ്ട്
വേരിളകിയ മണ്ണിൽ
കാടായിരുന്നതിന്റെ ഓർമ്മയിൽ
ചത്ത് വീഴുന്നു.
*
കവിതയിലൊന്നും
കണ്ടറിവില്ലാത്ത ഒരു വാക്കിനെ
തൊട്ടു നോക്കി.
ഒട്ടലുള്ള നാക്ക് ആരെയും തട്ടിമറിച്ചിടുന്ന ഒച്ച .
പിന്നിയ ചിറക്, ദ്രവിച്ച ഭാഷ.
അധികമാരും ഉച്ചരിച്ചിട്ടില്ലാത്ത
നീറ്റൽ കളപറിച്ച്
മുറ്റം നന്നാക്കുന്ന
എന്നെ വന്നുരുമ്മി .
സൂര്യവെളിച്ചം തട്ടുന്നിടത്ത്
മണ്ണിളക്കിയിട്ടു, വിത്ത് പാകി
ഒരു വാക്ക് കവിതയിലാവുമ്പോലെ തോന്നി.
*
ഇല മടക്കിൽ കുടുങ്ങിയ
ഉറുമ്പിന്റെ മുട്ടകളിലേക്ക്
ഇഴഞ്ഞും ഒളിഞ്ഞും
കടന്നുകയറാനായുന്ന
പച്ചിലപാമ്പിന്റെയോ പല്ലിയുടെയോ
ശ്രദ്ധയിൽ മാത്രം തോന്നുന്ന
ചില കവിതകളുണ്ട്.
ഒരു വലിയ മരത്തിന്റെ
ആയുർ വലയത്തിലെഴുതിയ
അതിന്റെ ചുറ്റ്
കണ്ടെടുക്കും പോലെ ദുസ്സഹമാണത്
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.