ആലുവ: പ്രളയത്തിലകപ്പെട്ടവരുൾപ്പടെയുള്ള കാർട്ടൂണിസ്റ്റുകൾ ചേർന്ന് തയാറാക്കിയ കാർട്ടൂണുകളുടെ പ്രദർശനം’ അതിജീവനം’ പ്രളയ ബാധിത മേഖലയായ ആലുവയിൽ സംഘടിപ്പിക്കുന്നു. തിൻമകളെ വിമർശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാർട്ടൂണുകളുടെ ലക്ഷ്യമെന്ന് കാർട്ടൂണിസ്റ്റുകൾ തെളിയിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി മനസ്സ് മരവിച്ചവർക്ക് ധൈര്യവും, ആത്മവിശ്വാസവും പകരാൻ കഴിയുന്ന കാർട്ടൂണുകളുടെ ആദ്യ പ്രദർശനം സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. എംഎല്‍എ അൻവർ സാദത്ത് പ്രദർശനം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ 100 ൽ പരം രചനകൾ പ്രദർശനത്തിനുണ്ടാവും. പ്രളയം മൂലമുള്ള ദുരിതങ്ങളുടെ അനുഭവ സാക്ഷികൾ കൂടിയാണ് കാർട്ടൂണിസ്റ്റുകൾ. പ്രളയദുരിതബാധിതർക്കുള്ള ധനസഹായത്തിനും ഇതോടൊപ്പം പദ്ധതിയുണ്ട്. പ്രളയബാധിതരെ സഹായിക്കാൻ തൽസമയ കാരിക്കേച്ചർ രചനയിലൂടെയാണ് ധനസമാഹരണം നടത്തുക. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള കാരിക്കേച്ചറിസ്റ്റുകൾ പരിപാടിയില്‍ പങ്കെടുക്കും. പ്രദർശനം കേരളത്തിന്റെ വിവിധ ജില്ലകളിൽ നടത്തുമെന്ന് പരിപാടിയുടെ ക്യൂറേറ്ററും കേരളാ കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ അറിയിച്ചു. ദസ്സേലേരിയ ഇവന്റ്സാണ് പ്രദർശനത്തിന്റെ സംഘാടകർ.